വിശുദ്ധ മദര്‍ തെരേസ ദിവ്യകാരുണ്യത്തിന്റെ സംവേദകയും രോഗീ പരിചരണത്തിന്റെ ഉദാത്തമാതൃകയും ആയിരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. ലൂര്‍ദ്ദ് നാഥയുടെ തിരുനാള്‍ ദിനത്തില്‍ ഫെബ്രുവരി 11-ന് ആചരിക്കപ്പെടുന്ന ലോക രോഗീ ദിനത്തിന് മുന്‍പായി ഇക്കൊല്ലം നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ മദര്‍ തെരേസയെ അനുസ്മരിച്ചത്.
ഇക്കൊല്ലത്തെ ലോകരോഗീദിനാചാരണത്തിന്റെ മുഖ്യവേദി കല്‍ക്കട്ടയാണെന്ന് തന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്ന പാപ്പാ, പാവപ്പെട്ടവരോടും രോഗികളോടും ദൈവത്തിനുള്ള സ്‌നേഹത്തെ ദൃശ്യമാക്കിത്തീര്‍ത്ത ഉപവിയുടെ മാതൃകയായ വിശുദ്ധ മദര്‍ തെരേസയെ പ്രത്യേകം അനുസ്മരിച്ചു.
മനുഷ്യജീവനെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സകലര്‍ക്കും സംലഭ്യയായിത്തീര്‍ന്ന വിശുദ്ധ മദര്‍ തെരേസ ദൈവിക കാരുണ്യത്തിന്റെ ഉദാരയായ വിതരണക്കാരിയായി തീര്‍ന്നു. ഭാഷയുടെയോ, സംസ്‌ക്കാരത്തിന്റെയോ, വര്‍ഗ്ഗത്തിന്റെയോ മതത്തിന്റെയോ വ്യത്യാസം കൂടാതെ സകലര്‍ക്കുമുള്ള സൗജന്യ സ്‌നേഹമായിരിക്കണം പ്രവര്‍ത്തനത്തിന്റെ ഏക മാനദണ്ഡമെന്ന് മനസ്സിലാക്കാന്‍ വിശുദ്ധ മദര്‍ തെരേസ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെ അധികാര വിനിയോഗത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളെ ഭേദിക്കാന്‍ പര്യാപ്തമായ, മാനവപുരോഗതിയുടെയും വളര്‍ച്ചയുടെയും ബന്ധങ്ങള്‍ക്ക്, വാതില്‍ തുറന്നു കൊടുക്കുന്ന സംഭാഷണം ദാനത്തിന് മുന്‍വ്യവസ്ഥയാണെന്നും പാപ്പാ പറയുന്നു.