കൊച്ചി: മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചരണം അസംബന്ധമാണെന്നും സംസ്ഥാനസർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അയൽസംസ്ഥാനങ്ങളിൽ സർക്കാരുകൾ നടപ്പിലാക്കി തുടരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വകുപ്പിൻറെ പ്രവർത്തനങ്ങളും പഠനവിഷയമാക്കണമെന്നും സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കർണാടക സർക്കാരിന്റെ ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ ക്രിസ്ത്യൻ വികസന ഫണ്ട് എന്ന പേരിൽ പള്ളികൾ പണിയാനും പുനരുദ്ധാരണത്തിനും വികസനത്തിനും ധനസഹായം, ഹാളുകൾ അനാഥ മന്ദിരങ്ങൾ വൃദ്ധസദനങ്ങൾ എന്നിവ പണിയാൻ സാന്പത്തിക സഹായം, നൈപുണ്യ വികസന പരിപാടികൾ, ജിഎൻഎം ആൻഡ് ബിഎസ്സി നഴ്സിംഗ് ട്രെയിനിംഗ്, ക്രിസ്ത്യൻ വിദ്യാർഥികൾക്കായി മറ്റു പ്രോത്സാഹന പദ്ധതികളും വിവിധ കോച്ചിംഗ് സെൻററുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. കർണാടക സർക്കാർ 250 കോടി രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ ക്രിസ്ത്യൻ ഡെവലപ്മെൻറ് കോർപ്പറേഷന് അനുവദിച്ചത്. ഇതുപോലെ തമിഴ്നാട് സർക്കാരും മേൽപ്പറഞ്ഞ പല പദ്ധതികളോടുമൊപ്പം പള്ളികളുടെ പുനരുദ്ധാരണത്തിനും വിശുദ്ധനാട് (ജറുസലേം) തീർഥാടനത്തിനു പ്രത്യേക സഹായങ്ങളും ക്രിസ്ത്യൻ സമൂഹത്തിനായി നൽകുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷക്ഷേമ പദ്ധതികളൊന്നും പിന്നോക്കാവസ്ഥയുടെ പേരിലല്ല. ജനസംഖ്യ ആനുപാതികമാണ്. ജനസംഖ്യ കുറയുന്ന വിഭാഗങ്ങൾക്കാണ് സർക്കാരുകൾ കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പിലാക്കേണ്ടത്. ഇതിനുദാഹരണമാണ് പാഴ്സികൾക്കായുള്ള ജിയോ പാഴ്സി പദ്ധതി. മേൽസൂചിപ്പിച്ച വ്യക്തമായ പഠനങ്ങളുടെയും, 80:20 കോടതി വിധിയുടെയും പശ്ചാത്തലത്തിൽ സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അനുകൂല നിലപാടുകൾ സ്വീകരിക്കണമെന്ന് വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.