
ലത്തീൻ സഭയിൽ ആഗമന കാലത്തുപയോഗിക്കുന്ന ആഗമനകാല റീത്തുകളുടെ (Advent wreaths) ഉത്ഭവം പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിലാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ഈ പാരമ്പര്യം വ്യാപിച്ചു. അവ ക്രിസ്തുമസ് ആഘോഷത്തിന്റെ അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു. ആഗമനറീത്തിനു വലിയ ആദ്ധ്യാത്മിക സൂചനകൾ ഉണ്ട്.
റീത്ത്
എവർഗ്രീൻ ചെടിയുടെ ശിഖരങ്ങൾ കൊണ്ടാണ് വൃത്താകൃതിയിലുള്ള റീത്ത് നിർമ്മിക്കുന്നത്. നിത്യതെയാണു അതു പ്രാഥമികമായി സൂചിപ്പിക്കുക. വൃത്തത്തിനു ആദിയും അന്തവും ഇല്ലാത്തതുപോലെ നമ്മോടുള്ള ദൈവസ്നേഹത്തിനും പരിധികളില്ല.
പ്രകാശം
റീത്തിലെ മെഴുകുതിരികൾ നിത്യ പ്രകാശമായ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു. ക്രിസ്തുമസിനോടു അടുക്കും തോറും ആ തിരികൾക്കു പ്രകാശം കൂടി വരുന്നു.
വയലറ്റ് റോസ് മെഴുകുതിരികൾ
നാലുതിരികളിലെ മൂന്നു തിരികളും പരമ്പരാഗതമായി വയലറ്റു തിരികളാണ്. ഇവ മൂന്നും പ്രാർത്ഥന, പ്രായശ്ചിത്വം, ബലി എന്നിവയെ സൂചിപ്പിക്കുന്നു. ക്രിസ്തുവിന്റെ രാജത്വത്തെയും ഈ തിരികൾ സൂചിപ്പിക്കാറുണ്ട്. റോസ് നിറത്തിലുള്ള തിരി ആഗമന കാലത്തിന്റെ സമാപ്തിയോടെ മനുഷ്യനു കൈവരുന്ന ആനന്ദത്തെയും സന്തോഷത്തെയും പ്രതിനിധാനം ചെയ്യുന്നു.
ചുവപ്പു തിരികൾ
ചില ആഗമനകാല റീത്തുകളിൽ ചുവപ്പു തിരികൾ മാത്രമേയുള്ളു. ക്രിസ്തുവിന്റെ കുരിശിലെ ബലിയേയും, മധ്യകാലഘട്ടങ്ങളിൽ ക്രൈസ്തവർ ക്രിസ്തുമസ് കളികൾക്കായി ഉപയോഗിച്ചിരുന്ന “ചുവന്ന ആപ്പിളിനെയും” സൂചിപ്പിക്കുന്നു. (ആദാമിനു പറുദീസാ നഷ്ടമായതു ആപ്പിളു വഴിയാണല്ലോ, മനുഷ്യരക്ഷക്കായി ക്രിസ്തു മനുഷ്യവതാരം ചെയ്തു.)
നാലുതിരികൾ
റീത്തിലെ നാലുതിരികൾ ആഗമനകാലത്തെ നാലു ഞായറാഴ്ചകളെ സൂചിപ്പിക്കുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഓരോ തിരിയും ആയിരം വർഷത്തെ സൂചിപ്പിക്കുന്നു. മൊത്തം നാലായിരം വർഷങ്ങളാണല്ലോ മനുഷ്യൻ രക്ഷകനു വേണ്ടി കാത്തിരുന്നത്.
പ്രത്യാശ, സമാധാനം, സന്തോഷം സ്നേഹം
ഒരു പാരമ്പര്യമനുസരിച്ചു ഓരോ തിരിയും ഓരോ ആത്മീയ പുണ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ ഗതിയിൽ പ്രത്യാശ, സമാധാനം, സന്തോഷം സ്നേഹം എന്നീ പുണ്യങ്ങളുമായി ഈ തിരികൾ ബന്ധപ്പെട്ടിരിക്കുന്നു.