മാതൃവിചാരങ്ങൾ 01: മറിയം നമ്മുടെ അമ്മയാണ്

സി. റെറ്റി എഫ്. സി. സി.

ദൈവപിതാവ് അപ്പനും ഈശോ സഹോദരനുമായ നമ്മുടെ ആത്മീയജീവിതയാത്രയിൽ മറിയം നമ്മുടെ അമ്മയാണ്. ശരീരികമായി അവിടുന്ന് നമ്മുടെ അമ്മയല്ലെങ്കിലും നമ്മുടെ രക്ഷയുടെയും ആത്മാക്കളുടെയും ആത്മീയ അമ്മയാണ് പരിശുദ്ധ മറിയം. കാരണം, ഈശോയെ നമുക്ക് നൽകുന്നതുവഴിയായി മറിയം നമുക്ക് യഥാർഥജീവൻ തന്നു. നമ്മുടെ രക്ഷയ്ക്കുവേണ്ടി ഈശോ തന്റെ ജീവിതം കാൽവരിയിൽ സമർപ്പിക്കുന്നതിനുമുമ്പ് അവൻ തന്റെ അമ്മയെ യോഹന്നാൻ ശ്ലീഹാ വഴി മനുഷ്യവംശത്തിനു ഭരമേല്പപിച്ചു. “അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ” (യോഹ. 19:27). അതുവഴി പരിശുദ്ധ മറിയം നമ്മളെ ദൈവകൃപയുടെ നീർച്ചാലിനരികിൽ കാത്തുസൂക്ഷിക്കുന്നു.

പരിശുദ്ധ കന്യകാമറിയം നിത്യമായ വചനത്തിന്റെ അമ്മയായിത്തീരാനുള്ള അനുവാദം മംഗളവാർത്താ സമയത്ത് കൊടുത്തപ്പോൾ മുതൽ അദമ്യമായ വാത്സല്യത്തോടെ നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവത്തോട് തീക്ഷ്‌ണമായി സഹകരിച്ചു. അത്രയധികമായ ഉത്സാഹത്തോടെ അവിടുന്ന് നമ്മുടെ രക്ഷ അന്വേഷിച്ചു. അപ്പോൾമുതൽ ഏറ്റവും സ്നേഹനിധിയായ അമ്മയെന്ന നിലയിൽ പരിശുദ്ധ മറിയം നമ്മെ തന്റെ ഉദരത്തിൽ വഹിച്ചു. രക്ഷകന്റെ ജനനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ വി. ലൂക്കാ പറയുന്നത് പരിശുദ്ധ മറിയം തന്റെ ആദ്യജാതന് ജന്മം (ലൂക്ക 2:6) നൽകിയെന്നാണ്. ഈശോയാണ് പരിശുദ്ധ മറിയത്തിന്റെ ആദ്യജാതൻ. ആത്മീയമായ രീതിയിൽ മനുഷ്യരെല്ലാവരും അവിടുത്തെ രണ്ടാമത്തെ സന്താനങ്ങളാണ്.

ഇത് വിശദീകരിക്കാനാണ് പരിശുദ്ധ മറിയത്തെക്കുറിച്ച് ഉത്തമഗീതത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “ലില്ലിപ്പൂക്കൾ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം” (ഉത്തമ. 7:2). ഈ ഭാഗം വിശദീകരിച്ചുകൊണ്ട് വി. അംബ്രോസ് പറയുന്നത് പരിശുദ്ധ മറിയത്തിന്റെ ഉദരം പരിശുദ്ധമായിരുന്നുവെങ്കിൽത്തന്നെയും അവിടെ ഈശോമിശിഹായാകുന്ന ഗോതമ്പുമണി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ്. എങ്കിലും ഇത് ഇപ്പോഴും വിളിക്കപ്പെടുന്നത് ‘ഗോതമ്പിന്റെ കൂന’ (Heap of wheat) എന്നാണ്. എന്തുകൊണ്ടെന്നാൽ ആ ഒരു ഗോതമ്പുമണിക്കുള്ളിൽ പരിശുദ്ധ മറിയം ആരുടെയൊക്കെ അമ്മയാകേണ്ടതുണ്ടോ, ആ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ആ ഗോതമ്പുമണിക്കുള്ളിൽ ഉൾച്ചേർത്തിരിക്കുന്നു.

പരിശുദ്ധ മറിയം നമ്മുടെ രക്ഷകനും ജീവനുമായ ഈശോയ്ക്ക് ജന്മം കൊടുത്തതുവഴിയായി നമ്മളെ എല്ലാവരെയും രക്ഷയിലേക്കും ജീവനിലേക്കും ജനിപ്പിച്ചു. ഈശോ ആത്മാക്കളുടെ നിയന്താവും പരിശുദ്ധ മറിയം അമ്മയുമാണ്. എന്തെന്നാൽ ഈശോയെ നമുക്ക് തരിക വഴിയായി അവിടുന്ന നമുക്ക് യഥാർഥ ജീവൻ തന്നു. പിന്നീട് കാൽവരി മലയിൽ നമ്മുടെ രക്ഷയ്ക്കായി തന്റെ പുത്രന്റെ ജീവിതം സമർപ്പിക്കുക വഴിയായി പരിശുദ്ധ കന്യക നമുക്ക് കൃപയുടെ ജീവനിൽ ജന്മം നൽകി.

ആ അമ്മയെ അകതാരിൽ നമുക്കു സൂക്ഷിക്കാം. ആ മാതൃസംരക്ഷണത്തിന്റെ ശീതളഛായയിൽ നമുക്ക് അഭയം തേടാം.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.