ആവേശമായി മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്

താമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പതിനൊന്നാമത് മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന് ആവേശമായി മാറി. ശനിയാഴ്ച്ച രാവിലെ ഒൻപതുമണി മുതൽ ആരംഭിച്ച മത്സരങ്ങൾ രാത്രി പത്തുമണിയോടെയാണ് സമാപിച്ചത്. ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്‌തവ ദൈവാലയങ്ങളിൽ നിന്നായി മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ, കോളേജ്‌ വിഭാഗങ്ങളിലായി 15 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

അത്യന്ത്യം വാശിയേറിയ മത്സരത്തിൽ മിഡിൽ സ്‌കൂൾ വിഭാഗത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി ചാമ്പ്യാമാരാകുകയും ഹോളിവുഡ് സിയോൺ അസംബ്ലി ഓഫ് ഗോഡ് ചർച്ച് റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്‌തു. ഹൈസ്‌കൂൾ വിഭാഗത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയുടെ എ ടീം  ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി. കോളേജ്‌ വിഭാഗത്തിൽ കോറൽ സ്പ്രിങ്സ് ഔർ ലേഡി ഓഫ് ഹെൽത്ത് സീറോമലബാർ പള്ളി ഒന്നാം സ്ഥാനവും സെഫ്‌നിർ സെന്റ് ജോസഫ് സീറോമലബാർ പള്ളി രണ്ടാം സ്ഥാനവും നേടി.

താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി വികാരി ഫാ. ജോസ് ആദോപ്പിളിൽ, അസിസ്റ്റന്റ് വികാരി  ഫാ. ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ജസ്റ്റിൻ മറ്റത്തിൽപറമ്പിൽ, ജെഫ്രി ചെറുതാന്നിയിൽ, ഡസ്റ്റിൻ മുടീകുന്നേൽ, എബിൻ തടത്തിൽ, ഷോൺ മാക്കീൽ, സൈമൺ പൂഴിക്കുന്നേൽ, ജോസ്‌ലിൻ പുതുശ്ശേരിൽ, ജെറിൻ പഴേമ്പള്ളിൽ, സാബിൻ പൂവത്തിങ്കൽ, ആൽബി തെക്കേക്കുറ്റ്‌, ജോയ്‌സൺ പഴേമ്പള്ളിൽ, രാജീവ് കൂട്ടുങ്കൽ, ബേബി മാക്കീൽ, ജോസ്‌മോൻ തത്തംകുളം, റെനി പച്ചിലമാക്കിൽ, കിഷോർ വട്ടപ്പറമ്പിൽ, ജിമ്മി കളപ്പുരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടികൾ ക്രമീകരിച്ചു. ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെയും വിമൻസ് മിനിസ്ട്രിയുടെയും വൈവിധ്യമാർന്ന ഭക്ഷണശാലയും ഒരുക്കിയിരുന്നു.

കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് കത്തോലിക്കാ സഭയിൽ ദൈവദാസനുമായി ഉയർത്തപ്പെട്ട ബിഷപ്പ് മാർ മാത്യു മാക്കീലിന്റെ സ്മരണാർഥമാണ് കഴിഞ്ഞ പതിനൊന്നു വർഷമായി ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സിജോയ് പറപ്പള്ളിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.