സുവര്‍ണ്ണ ശോഭയുള്ള മാതാവിന് എന്തിനാ സ്വര്‍ണ്ണം? അച്ചന്റെ വാക്കുകളെ ഇടവക സമിതി കയ്യടികളോടെ ആണ് സ്വീകരിച്ചത്. ഒരു നാടിന്റെ വേദന നിറഞ്ഞ നിലവിളിയേക്കാള്‍ വലുതല്ല തങ്ങളുടെ ഇടവകയിലെ മാതാവിന്റെ സ്വര്‍ണ്ണം എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് വ്യത്യസ്ത പാതയില്‍ സഞ്ചരിച്ച ഒരു ഇടവക. മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ ആശ്രമ ദേവാലയത്തിലെ അധികൃതര്‍ എടുത്ത ആ വ്യത്യസ്ത തീരുമാനം ഇന്നു ഒരു നാടിനു തന്നെ മാതൃകയായിരിക്കുകയാണ്.
എന്താ സംഭവം എന്നല്ലേ? പറയാം. മഞ്ഞുമ്മല്‍ അമലോത്ഭവ മാതാവിന്റെ നാമത്തില്‍ ഉള്ള ആശ്രമ ദേവാലയമാണ് വ്യത്യസ്തമായ ആ തീരുമാനത്തിന് ആമ്മേന്‍ പറഞ്ഞത്. കേരളം ദുരിതത്തിന്റെ പടുകുഴിയിലേയ്ക്ക് ആഴ്ന്നിറങ്ങുമ്പോള് സര്‍വ ആഭരണ വിഭൂഷിതയായി ഇരിക്കുവാന് പരിശുദ്ധ അമ്മയ്ക്ക് എങ്ങനെ കഴിയും? വേദനയോടെ തന്റെ പുത്രന്റെ മുന്നില്‍ എന്നും തന്റെ മക്കള്‍ക്കായി യാചിച്ച അമ്മയുടെ സ്വര്‍ണ്ണ ആഭരണങ്ങള്‍ ദുരിത ബധിതര്ക്കായി കൊടുത്താലോ എന്ന ആശയം പള്ളി കമ്മിറ്റി മുന്നോട്ടു വെച്ചു. അച്ചനും ഇടവകയിലെ മറ്റുള്ളവരും പൂര്‍ണ്ണ സമ്മതം അറിയിച്ചതോടെ തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി പെരുനാളിനോട് അനുബന്ധിച്ചും അല്ലതെയും ഒക്കെയായി ആളുകള്‍ നേര്‍ച്ചയായി നിക്ഷേപിച്ച സ്വര്‍ണ്ണം എടുത്താണ് മാതാവിനും ഉണ്ണീശോയ്ക്കും ആഭരണങ്ങള്‍ പണിതത്. ഇരുപത്തഞ്ചു പവന് തൂകം വരുന്ന ഈ ആഭരണങ്ങള്‍ പെരുന്നാളിന് മാതാവിന്റെ രൂപം എഴുന്നള്ളിക്കുമ്പോള്‍ മാത്രമാണ് അണിയിക്കുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രളയം കേരളത്തെ തൂത്തെടുത്തു കടന്നുപോകുന്നത്. ആ അവസ്ഥയില്‍ ഈ ആഭരണങ്ങള്‍ അത് വേദനിക്കുന്ന ജനത്തിനു അര്‍ഹതപ്പെട്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുവാന്‍ ഇവര്‍ തീരുമാനിച്ചത്.
“കേരളത്തില്‍ ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട്. അവിടെ ഒകെ ഇതുപോലെ നേര്‍ച്ചകളും കാഴ്ചകളും ഒക്കെ എത്തുന്നുണ്ട്. ഈ അവസ്ഥയില്‍ ഞങ്ങള്‍ ചെയ്ത ഈ ഒരു പ്രവര്‍ത്തിയിലൂടെ മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാന്‍ പ്രചോദനം തോന്നുകയാണെങ്കില്‍ അത് നല്ലതല്ലേ” എന്ന് ഫാ. വര്‍ഗ്ഗീസ് പനച്ചിക്കാട് ചോദിക്കുന്നു. ഈ വര്‍ഷം മാതാവിനെ തിരുനാള്‍ ദിവസം പ്രദക്ഷിണത്തിനു എത്തിക്കുക ആഭരണങ്ങള്‍ ഇല്ലാതെയായിരിക്കും. എങ്കിലും ജനത്തിനു പരാതിയോ പരിഭവമോ ഇല്ല. കാരണം അവര്‍ക്കറിയാം അതിലും വലിയൊരു സമ്മാനം തങ്ങള്‍ മാതാവിന് നല്കി കഴിഞ്ഞു എന്ന്.