കോപ്പിയടിയും ആത്മഹത്യയും: ബിവിഎം കോളേജ് ചെയ്ത തെറ്റെന്ത്?

ഈ വർഷം രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് വയലിൽ മെമ്മോറിയൽ കോളേജ് എന്ന ബിവിഎം കോളേജിനെക്കുറിച്ച് കേരളത്തിൽ പലരും ആദ്യമായി കേൾക്കുന്നത് ഒരുപക്ഷേ, ഈ ദിവസങ്ങളിലായിരിക്കും. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലം കൊണ്ട് മോശമല്ലാത്ത സൽപ്പേര് ഉണ്ടാക്കിയ ആ കോളേജിനെക്കുറിച്ച് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ തീരെ ശുഭകരമല്ല. വലിയ രീതിയിൽ ആ കോളേജിനെതിരായ പ്രചാരണങ്ങൾ ഈ മണിക്കൂറുകളിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. നേരിട്ട് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു സ്ഥാപനത്തിനും ചില വ്യക്തികൾക്കുമെതിരെ ചിലർ വിദ്വേഷം പരത്തിക്കൊണ്ടിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു സംഭവത്തെത്തുടർന്ന് ജനകീയ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആ വിദ്യാലയത്തോട് ഈ സമൂഹത്തിന് ഇത്രമാത്രം ശത്രുതയെന്തിന് എന്ന് ന്യായമായും ചോദിക്കാം.

സ്വയം ജീവിതം അവസാനിപ്പിച്ചുപോയ ആ പെൺകുട്ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം, ഇനി ഒരു കുട്ടിയും ഇത്തരത്തിൽ ഒരു കടുത്ത തീരുമാനമെടുക്കാൻ ഇടയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

രണ്ടു കാര്യങ്ങളാണ് ഈ ദിവസങ്ങളിൽ അസ്വസ്ഥതാജനകമാംവിധം നമുക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഒന്ന്, ആ പെൺകുട്ടിയുടെ ആത്മഹത്യ; രണ്ട്, ബിവിഎം കോളേജിൽ നടന്ന കോപ്പിയടി. പെൺകുട്ടി ആത്മഹത്യ ചെയ്തത്, അവളുടെ കോപ്പിയടി പിടിച്ച ഇൻവിജിലേറ്ററും കോളേജ് പ്രിൻസിപ്പാളും ആ വിഷയം കൈകാര്യം ചെയ്തതിലെ അപാകത കൊണ്ടാണ് എന്നു സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നതിനാലാണ് ഈ വിഷയം വളരെ സങ്കീര്‍ണ്ണമായി മാറിയത്. പ്രത്യേകിച്ച്, പെൺകുട്ടിയുടെ പിതാവ് തന്നെ കോളേജ് പ്രിൻസിപ്പാളിനെയും മറ്റും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങൾക്കു മുന്നിൽ വരികയും പലപ്പോഴായി പ്രക്ഷോഭം നടത്താൻ തുനിയുകയും ചെയ്തിരുന്നു. എന്നാൽ, വ്യക്തമായ വിശദീകരണങ്ങളോടെ കോളേജ് അധികൃതർ പത്രസമ്മേളനം നടത്തുകയും പത്രക്കുറിപ്പ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവർ നിരത്തിയ തെളിവുകൾ വിശ്വസനീയമാംവിധം കോളേജിന്റെ വാദങ്ങളെ ശരിവയ്ക്കുകയും ചെയ്യുന്നു.

കോപ്പിയടിച്ച സംഭവം

ബികോം ആറാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് ഇൻവിജിലേറ്റർ പെൺകുട്ടിയുടെ ഹാൾടിക്കറ്റിന്റെ മറുവശത്ത് പാഠഭാഗങ്ങൾ എഴുതിയിരിക്കുന്നതായി ശ്രദ്ധിച്ചതും വിവരം പ്രിൻസിപ്പാളിനെ അറിയിച്ചതും. തുടർന്ന് പ്രിൻസിപ്പാൾ വന്ന് കാര്യം കണ്ട് ബോധ്യപ്പെടുകയും പരീക്ഷ എഴുതുന്നതിൽ നിന്ന് കുട്ടിയെ വിലക്കുകയും, തന്നെ ഓഫീസിൽ വന്നു കണ്ടതിനുശേഷമേ പോകാവൂ എന്ന് അറിയിക്കുകയും ചെയ്തു എന്നാണ് അധികൃതരുടെ വിശദീകരണം. ഇക്കാര്യങ്ങൾക്ക് സിസി ടിവി ദൃശ്യങ്ങൾ സാക്ഷ്യം നൽകുന്നുണ്ട്. കുട്ടിയോട് പ്രകോപനപരമായി സംസാരിക്കുകയോ, അവളെ എഴുന്നേൽപ്പിച്ചു നിർത്തുകയോ പോലും ചെയ്യുന്നില്ല എന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്.

ഇപ്രകാരമാണ് സംഭവിച്ചതെന്നതിൽ ആർക്കും തന്നെ കാര്യമായ സംശയങ്ങളില്ല. ഗുരുതരമായ രീതിയിലുള്ള (ഹാൾടിക്കറ്റ് കോപ്പിയടിക്കുള്ള ഉപാധിയാക്കി എന്നുള്ളത് നിസാരമായ തെറ്റല്ല) ഒരു കോപ്പിയടി ശ്രമം കണ്ടുപിടിച്ചാൽ ഉത്തരവാദിത്വപ്പെട്ടവർ ഇപ്രകാരമൊക്കെയാണ് കേരളത്തിലെ ഏത് കോളേജുകളിലും ചെയ്യുക എന്ന് മിക്കവാറും പേർക്ക് അറിയാം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ചട്ടങ്ങളിൽ പറയുന്നതനുസരിച്ച്, കോപ്പിയടിച്ച് ഒരാൾ പിടിക്കപ്പെട്ടാൽ പരീക്ഷയുടെ ബാക്കി എഴുതിക്കരുത് എന്നാണ്. എന്നാൽ, ചട്ടങ്ങൾ അനുസരിച്ചുപോയാൽ, പെൺകുട്ടിയുടെ ഭാവിജീവിതത്തിന് വലിയ ദോഷം വരുന്ന നടപടികളിലൂടെയും കോളേജ് അധികൃതർക്കു പോകാം. അതായത്, കോപ്പിയടി നടന്ന അതേ ഉത്തരക്കടലാസ് പ്രത്യേകം മാർക്ക് ചെയ്ത്, കോപ്പിയടിച്ച രീതി വ്യക്തമാക്കി, തെളിവ് ഉൾപ്പെടെ യൂണിവേഴ്‌സിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയും യൂണിവേഴ്‌സിറ്റി തീരുമാനമെടുക്കട്ടെ എന്നുവയ്ക്കുകയും ചെയ്യാം. അങ്ങനെ വന്നാൽ, ഇത്തരമുള്ള ഒരു കോപ്പിയടിയുടെ പേരിൽ യൂണിവേഴ്‌സിറ്റി കടുത്ത തീരുമാനം സ്വീകരിക്കാനാണ് സാധ്യത. അതായത്, ഡീബാർ ചെയ്യപ്പെട്ടാൽ ചില വർഷങ്ങൾ അവൾക്ക് ഒരു പരീക്ഷയും എഴുതാൻ കഴിഞ്ഞെന്നുവരില്ല. അങ്ങനെ വന്നാൽ ഈ കോപ്പിയടി ഉദ്യമം അവളുടെ ജീവിതത്തെ വളരെ ഗുരുതരമായി ബാധിച്ചേക്കും.

അതേ സ്ഥാനത്ത് ഈ ഒരു പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുക എന്ന താരതമ്യേന ചെറിയ ശിക്ഷ മാത്രമേ അവൾക്ക് നൽകിയിരുന്നുള്ളൂ എന്ന് പ്രിൻസിപ്പാൾ അവളോട് സംസാരിച്ചതിന് സാക്ഷിയായ ഒരു പെൺകുട്ടി പറയുന്നുണ്ട്. അത്തരമൊരു ശിക്ഷ മറ്റൊരു വിധത്തിലും കുട്ടിയെ ബാധിക്കില്ല. ആ വിഷയം ഒരിക്കൽക്കൂടി എഴുതേണ്ടിവരുമെന്നു മാത്രം. “സപ്ലി” എഴുതുക എന്നത് കോളേജ് പഠനകാലത്ത് വലിയ കാര്യമൊന്നുമല്ല എന്ന് പറയേണ്ടതില്ലല്ലോ. തനിക്ക് കിട്ടിയ ചെറിയ ശിക്ഷയോട് മാനസികമായി പൊരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ടുണ്ടായേക്കും എന്നുമാത്രം. ഉയർച്ചതാഴ്ചകൾ ജീവിതത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ള ഒരാൾക്ക് തന്റെ ജീവിതത്തിലെ ഇത്തരം അനുഭവങ്ങൾ തികച്ചും അസ്വാഭാവികം എന്ന് കരുതാനാവില്ല.

പരീക്ഷ തുടങ്ങിയശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ഒരു വിദ്യാർത്ഥിക്ക് പുറത്തുപോകാൻ കഴിയൂ എന്ന ഒരു ചട്ടം നിലവിലുള്ളതിനാൽ, ആ സമയത്തിനുശേഷം അവളോട്, തന്നെ വന്നുകാണാനാണ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടത് എന്ന് കോളേജ് അധികൃതർ വിശദീകരിക്കുന്നു. വൈകി പരീക്ഷയെഴുതാൻ വരുന്ന ആരെയെങ്കിലും കണ്ട് സംസാരിക്കാനുള്ള സാധ്യതയുള്ളതിനായിരിക്കണം അത്തരമൊരു നിയമം. ഈ സാഹചര്യത്തിൽ അതിൽ വലിയ പ്രസക്തിയില്ലെങ്കിലും നിയമങ്ങൾ പാലിക്കാൻ പ്രിൻസിപ്പാൾ ശ്രദ്ധിച്ചു എന്നുമാത്രം. ഈ നിർദ്ദേശത്തെയും ചിലർ ശക്തമായി വിമർശിച്ചിരിക്കുന്നത് ശ്രദ്ധിക്കാനിടയായി.

എന്നാൽ, സമയമായപ്പോൾ പുറത്തിറങ്ങിയ വിദ്യാർത്ഥിനി പ്രിൻസിപ്പാളിനെ കാണാൻ കൂട്ടാക്കാതെ കോളേജിൽ നിന്ന് പോവുകയാണുണ്ടായത്. ഒരു പാരലൽ കോളേജ് സ്റ്റുഡന്റ് ആയിരുന്ന ആ പെൺകുട്ടിയെ പരീക്ഷയെഴുതാൻ അവിടെ വരുന്ന ഒരു വിദ്യാർത്ഥിനി എന്ന നിലയിലല്ലാതെ കോളേജിൽ ആർക്കും പരിചയമുണ്ടായിരുന്നില്ല. അവൾ എവിടെ നിന്ന് വരുന്നെന്നോ, ആരുടെ മകളാണെന്നോ, കോണ്ടാക്ട് ഡീറ്റൈൽസോ ഒന്നും ബിവിഎം കോളേജ് അധികൃതർക്ക് അറിയുമായിരുന്നില്ല എന്ന വിശദീകരണത്തിൽ അസ്വാഭാവികതയില്ല. പാരലൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതനുസരിച്ച് അവർ സെന്ററായി ലഭിക്കാൻ ആഗ്രഹിക്കുന്ന കോളേജിൽ ഒരു ഇരിപ്പിടത്തിൽ അവർക്കുള്ള നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നു മാത്രം. പരീക്ഷ കൃത്യമായി എഴുതുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ക്രമക്കേടുകൾ കണ്ടാൽ നടപടിയെടുക്കാനുമുള്ള ചുമതല മാത്രമാണ് കോളേജിനുള്ളത്.

പെൺകുട്ടിയുടെ ആത്മഹത്യ

പരീക്ഷ എഴുതാനായി കോളേജിലേയ്ക്കു പോയ പെൺകുട്ടിയെ കാണാതായതു മുതലാണ് അവൾ വാർത്തകളിൽ നിറയുന്നത്. ശനിയാഴ്ച വൈകിയും ഞായറാഴ്ചയും ആളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ മീനച്ചിലാറിൽ ചാടിയതായുള്ള സംശയം ബലപ്പെടുകയും ഒടുവിൽ രണ്ടാം ദിവസം ശരീരം കണ്ടെത്തുകയും ചെയ്തു. അതിനു മുമ്പു തന്നെ കോപ്പിയടി പിടിക്കപ്പെട്ടതായുള്ള വാർത്ത വന്നതിനെ തുടർന്ന് കോളേജിനെയും പ്രിൻസിപ്പാളിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. തന്റെ മകൾ ഒരിക്കലും കോപ്പിയടിക്കില്ല എന്നാണ് പിതാവ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഹാൾടിക്കറ്റിന്റെ മറവിൽ കോപ്പിയടിക്കാനുള്ള ഭാഗങ്ങൾ എഴുതുക എന്ന ബുദ്ധിശൂന്യത ആരെങ്കിലും ചെയ്യുമോ എന്ന് മറ്റു ചിലർ ചോദിച്ചു. എന്നാൽ, അവൾ പെൻസിൽ ഉപയോഗിച്ച് ഹാൾടിക്കറ്റിന്റെ മറുവശത്ത് നിറയെ എഴുതിയിരുന്നതായി കോളേജ് അധികൃതർ മാധ്യമങ്ങളെ കാണിക്കുകയുണ്ടായി. അപ്പോഴും, അവളിൽ കുറ്റം ആരോപിക്കാനായി കോളേജധികൃതർ വ്യാജമായി എഴുതിയുണ്ടാക്കിയതാണ് അത് എന്ന് കുറേപ്പേർ വാദിച്ചിരുന്നു. ഇത്തരമൊരു വാദം വെറുതെ ഉയർത്തുന്നതിന്റെ യുക്തിയും അപ്രകാരം ചെയ്താൽ തന്നെ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കാതെയായിരുന്നു അത്തരം ആരോപണങ്ങൾ.

വാസ്തവത്തിൽ, കഴിഞ്ഞ ദിവസം കോളേജ് പ്രതിനിധികൾ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ വിവരങ്ങളും നൽകിയ തെളിവുകളും പ്രദർശിപ്പിച്ച സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ കോളേജ് അധികൃതർ ഈ വിഷയത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ല എന്നു വ്യക്തം. ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജുകളിൽ മാത്രമല്ല, ഇതര മാനേജ്മെന്റ് കോളേജുകളിലും സർക്കാർ കോളേജുകളിലും ഇതൊക്കെത്തന്നെയേ നടക്കൂ. സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ഈ കാര്യങ്ങൾ വ്യക്തമാകും എന്നിരിക്കെ, പൊതുജനമധ്യത്തിൽ ആശയക്കുഴപ്പം വർദ്ധിപ്പിക്കാനാണ് മിക്കവാറും എല്ലാ മാധ്യമങ്ങളും ശ്രമിച്ചത്. ഇത്തരം വിഷയങ്ങളിൽ പതിവായി ഇടപെടുകയും കാര്യങ്ങൾ വഷളാക്കുകയും ചെയ്തുവരുന്ന ഓൺലൈൻ മഞ്ഞപ്പത്രങ്ങളോട് മത്സരിച്ച് മനോരമ പോലുള്ള മാധ്യമങ്ങളും തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് ദൗർഭാഗ്യകരമാണ്. പൊതുസമൂഹത്തിനു മുന്നിൽ വ്യക്തത വരുത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യുന്നതിനു പകരം അനേകരെ കോളേജിനും പ്രിൻസിപ്പാളിനും സഭയ്ക്കും എതിരെ സംസാരിക്കാൻ പ്രചോദിപ്പിക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. കൂടുതൽ വലിയ വിവാദമായി ഈ വിഷയത്തെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് പലരും നടത്തിയത് എന്നു വ്യക്തം.

അതേസമയം, ഇത്തരമൊരു വിഷയത്തിൽ ഒരു യുവതി ആത്മഹത്യ ചെയ്യാൻ മുതിർന്നത് എന്തുകൊണ്ട് എന്ന് ആരും ചിന്തിച്ചുകണ്ടില്ല. എന്തുകൊണ്ടാണ് നമ്മുടെ യുവത്വം ഇത്രമാത്രം ദുർബ്ബലമായി മാറുന്നത് എന്ന് ആരും പരിതപിച്ചുകണ്ടില്ല. പകരം, അനാരോഗ്യകരമായ പരിവേദനങ്ങളും അനുശോചന പെരുമഴയുമാണ് ഇവിടെ നിറഞ്ഞത്. മറ്റൊരു വശത്ത് കൊലവിളികളും അട്ടഹാസങ്ങളുമാണ് മുഴങ്ങിനിന്നത്. ഒരു ക്രൈസ്തവ മാനേജ്മെന്റിന്റെ കോളേജിലാണ് സംഭവം എന്നുള്ളതും പ്രിൻസിപ്പാൾ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു എന്നുളളതുമായിരുന്നു ഭൂരിപക്ഷം പേർക്കും ആവേശം പകർന്നത് എന്ന് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നു വ്യക്തം.

ഇവിടെ നിയമം, നീതി, നിയമപാലകർ തുടങ്ങിയ ചിലതുണ്ടെന്ന് പതിവുപോലെ മലയാളികളിൽ പലരും മറന്ന ദിനങ്ങളായിരുന്നു ഇത്. വ്യക്തമായ തെളിവുകളും സാക്ഷികളും വിലയിരുത്തി സംഭവിച്ചതെന്തെന്നു കണ്ടെത്താനുള്ള സാവകാശം പൊലീസിന് നൽകാൻ പലരും മടിച്ചു. പകരം, ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അതിന്റെ അധികാരികളെയും ക്രൂശിക്കാൻ തിരക്കിട്ടു. എന്തിനാണ് ഈ ശത്രുത? ശത്രുക്കളോടുപോലും പാടില്ലാത്ത പ്രതികരവാഞ്ജയും പകയും അനേകായിരങ്ങൾക്ക് വിദ്യാഭ്യാസം പകർന്നുനൽകിയിട്ടുള്ള ഒരു വിദ്യാലയത്തോടും അദ്ധ്യാപകരോടും എന്തിനെന്ന് ചിന്തിക്കേണ്ടത് കേരളത്തിലെ പൊതുസമൂഹമാണ്.

കടപ്പാട്: The Vigilant Catholic

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.