കൊറോണക്കാലത്ത് ഇസ്രായേല്‍ ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ ഒരു മലയാളിയുണ്ട്. തൊടുപുഴക്കാരിയായ ആശാ ജെൻസൺ. ആരാണ് ആശ എന്ന അന്വേഷണം ചെന്നുനിൽക്കുന്നത് ഇസ്രായേലിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ‘ശാലോം അലേഹം’ എന്ന ഹീബ്രു പാട്ടിന്റെ വൈറൽ വീഡിയോയിലാണ്. ഹീബ്രു അറിയാത്ത ഈ തൊടുപുഴക്കാരി ആലപിച്ച ഹീബ്രു പാട്ടിന് ഇസ്രായേൽക്കാർ നൽകുന്ന വിശേഷണം പാട്ടിന്റെ വികാരം ഒട്ടും ചോർന്നുപോകാതെ അതിമനോഹരമായി ആലപിച്ച ഒരു പാട്ട് എന്നാണ്. അതുവരെ അനുദിന ജീവിതത്തിൽ ഇസ്രായേൽക്കാർ ആലപിച്ചുപോന്നിരുന്ന ഈ ഗാനത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച ആശയെ ഇന്ന് നെഞ്ചോട് ചേർത്തുനിർത്തുകയാണ് ഇവർ. ഈ കൊറോണ കാലത്ത് അനേകം ഇസ്രായേല്യരുടെ ഹൃദയങ്ങളെ തൊട്ട ആ വൈറൽ വീഡിയോയുടെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ആശ ജെൻസൺ.
ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു
തൊടുപുഴയിലെ കൊടുവേലി എന്ന സ്ഥലത്തു നിന്നും നാലര വർഷം മുമ്പാണ് ഇസ്രായേലിൽ ആശ ജെൻസൺ ജോലിയ്ക്കായി എത്തുന്നത്. പ്രായമായ ഒരമ്മച്ചിയെ ശുശ്രൂഷിക്കുകയാണ്. ആ അമ്മച്ചിക്ക് മൂന്നു മക്കളാണ്. അവരില്‍ മൂത്ത മകനായ ഷ്മൂളിക്ക് കഹാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആശയുടെ ഹീബ്രു പാട്ട് വൈറല്‍ ആകാന്‍ കാരണം.
പ്രചോദനമായി മാറിയ ആദ്യ പരിശ്രമം
പ്രധാനമായും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്. അതിനാൽ തന്നെ അധികമായി ഹീബ്രു ഭാഷ ഉപയോഗിക്കേണ്ടി വന്നിട്ടുമില്ല. ഈയൊരു കാരണത്താൽ തന്നെ ഹീബ്രു ഭാഷയിൽ കാര്യമായ പരിജ്ഞാനമില്ല. എങ്കിലും ഇടയ്ക്കിടെ ആളുകൾ ചോദിക്കും, ‘ഇത്ര നാളായില്ലേ വന്നിട്ട് പിന്നെന്തേ ഹീബ്രു പഠിച്ചില്ല’ എന്ന്. അങ്ങനെയിരിക്കെയാണ് ആശ, കെയർ ടേക്കറായിരിക്കുന്ന മുത്തശിയുടെ വീട്ടിൽ ഒരു പരിപാടി നടക്കുന്നത്. ബത്മിറ്റ്സ്വാ എന്നറിയപ്പെടുന്ന ഈ ചടങ്ങ് യഹൂദാഭവനങ്ങളിൽ പതിമൂന്നു വയസ് പൂർത്തിയാകുന്ന പെൺകുട്ടികൾക്കായി നടത്തപ്പെടുന്നതാണ്. അതായത്, ഇനി അവർ മുതിർന്നവരെപ്പോലെ യഹൂദാ മതപ്രകാരമുള്ള എല്ലാ ആചാരങ്ങളും അനുഷ്ഠിക്കേണ്ടതാണെന്ന് ഓർമ്മപ്പെടുത്തുന്ന ചടങ്ങ്. യഹൂദ മതസ്ഥരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നതിനാൽ തന്നെ ഈ ചടങ്ങിൽ പങ്കെടുക്കാൻ ആ ഗ്രാമത്തിലെ മുഴുവൻ ആളുകളും എത്തിയിട്ടുണ്ടായിരുന്നു. അന്ന് ആ പെൺകുട്ടിക്ക് ഒരു സർപ്രൈസ് ആയിട്ടാണ് ‘ശാലോം അലേഹം’ എന്ന പാട്ട് പാടുന്ന കാര്യം തീരുമാനിക്കുന്നത്.
കട്ടിയായ ഹീബ്രു ഭാഷയിലുള്ള ഈ പാട്ട് ഇവരുടെ ഒരു പ്രാർത്ഥനാഗാനമാണ്. ഷബ്ബാത്ത് ദിനത്തിൽ അതായത് സാബത്ത് ദിനത്തിൽ സിനഗോഗിൽ പോയി തിരിച്ചെത്തിയ ശേഷം ഭക്ഷണത്തിനു മുമ്പ് വീടുകളിൽ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയാണിത്. ഇത് എല്ലാവർക്കും പരിചിതമായ പാട്ട് തന്നെയാണ്. ഈ പാട്ട് പഠിക്കുക എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അൽപം പ്രയാസം തന്നെയായിരുന്നു. എങ്കിലും അത് പഠിച്ച് ആ പരിപാടിയിൽ പാടിയപ്പോൾ കണ്ട കാഴ്ച തന്നെ അത്ഭുതപ്പെടുത്തി എന്ന് ആശ വെളിപ്പെടുത്തുന്നു. ചെറിയവരും വലിയവരും ഒക്കെ കരയുന്നു! ആദ്യം കളിയാക്കുകയാണ് എന്നു കരുതിയ ആശയ്ക്ക് വൈകാതെ തന്നെ മനസിലായി, ആ പാട്ട് അവരുടെ ഹൃദയങ്ങളെ തൊട്ടു എന്ന്. ആ ദിവസം നിരവധി ആളുകൾ അഭിനന്ദനങ്ങളുമായി എത്തി. ഭാഷയറിയാത്ത ഇസ്രായേൽക്കാരിയല്ലാത്ത ഞാൻ ഇത്ര മനോഹരമായി പാടിയത് അവർക്കൊക്കെ അത്ഭുതമായിരുന്നു. ഈ സംഭവം ഒരു വർഷത്തിനു മുന്നെയാണ് സംഭവിച്ചത് – ആശ പറഞ്ഞുനിർത്തി.
വൈറൽ വീഡിയോയിലേയ്ക്ക്
ആ പാട്ടിനുശേഷം താൻ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന മുത്തശ്ശി ഇടയ്ക്കിടെ പറയുമായിരുന്നു ഇനിയും അനേകം ആളുകൾ കേൾക്കാനുണ്ട്, അവർക്കായി ഒന്നുകൂടെ പാടണം എന്ന്. എന്തുകൊണ്ടോ, പിന്നീട് അവസരം വന്നത് ഇപ്പോഴാണെന്നു മാത്രം. കൊറോണ കാലത്ത് ഇസ്രായേലിൽ കഷ്ടതയനുഭവിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ട്. അവർക്ക് ഒരു സമർപ്പണമായിട്ടാണ് ഈ പാട്ട് ചെയ്യുന്നത്. ഒരിക്കലും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല പാട്ടിന്റെ വീഡിയോ എടുത്തത്. അടുത്തുള്ള സുഹൃത്തുക്കൾക്ക് മനസിലാകുന്ന, മനസിന് ആശ്വാസം പകരുന്ന ഒരു പാട്ട്. അപ്പോഴാണ് പണ്ട് പാടി മറന്ന ‘ശാലോം അലേഹം’ പാട്ട് ഓർമ്മയിൽ വന്നത്. വരികളെല്ലാം ഇതിനോടകം മറന്നുകഴിഞ്ഞിരുന്നു. എങ്കിലും കൂട്ടുകാർക്കായി അവ ഒന്നുകൂടെ പഠിക്കുവാൻ തീരുമാനിച്ചു. അങ്ങനെ പഠിച്ചു പാടി. വീഡിയോ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചു. അതിലൊരാളാണ് ഈ വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും പിന്നീട് അത് വൈറലായി മാറിയതും.
ഞാൻ ആശ. ഇസ്രായലിനെ എനിക്ക് വളരെ ഇഷ്ടമാണ്. കൊറോണ ഭീതിയിൽ ലോകം മുഴുവൻ വലയുമ്പോൾ ഇസ്രായേലിലുള്ള എന്റെ പ്രിയ സുഹൃത്തുക്കൾക്കായി സമർപ്പിക്കുകയാണ് ഈ ഗാനം എന്ന മുഖവുരയോടെയാണ് ആശ ഗാനം ആരംഭിക്കുന്നത്. ഫേസ് ബുക്കിലൂടെ അനേകം ആളുകളിലേയ്ക്ക് എത്തിയ ഈ പാട്ടിലൂടെ അനേകം അഭിനന്ദനങ്ങളും ആശംസകളുമാണ് ഇപ്പോൾ എന്നെ തേടിയെത്തുന്നത്. ഒരുപാട് ആളുകൾ പ്രത്യേകിച്ച്, മലയാളികൾ ഈ പാട്ട് മലയാളത്തിൽ അയച്ചുതരാമോ, പഠിപ്പിക്കാമോ എന്ന ആവശ്യവുമായി എത്തുന്നു. നിരവധി ഇസ്രായേൽക്കാരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. എല്ലാവർക്കും നന്ദി മാത്രം – ആശ പറഞ്ഞുനിർത്തി.
ഇസ്രായേൽക്കാർ വളരെ സ്നേഹമുള്ളവരാണ്. ഇന്ത്യക്കാരോട് ഒരു പ്രത്യേക ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നവർ.സ്വന്തം ഭവനത്തിലുള്ള ഒരാളെപ്പോലെയാണ് ഇവർ ഞങ്ങളെ കണക്കാക്കുന്നത്. ഒപ്പം പാട്ടു പാടുന്നതിനും എഴുതുന്നതിനുമൊക്കെ എന്നെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നാലര വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആശ പറയുന്നു. ഇവരെ കൂടാതെ, എല്ലാ കാര്യങ്ങളിലും ഭർത്താവ് ജെൻസന്റെ പിന്തുണയും വലിയ സഹായമാണ്.
സംഗീതലോകത്തേയ്ക്ക് തന്റെ സഞ്ചാരപഥം ഒരുക്കുന്ന ഒരു യുവഗായികയാണ് ആശ ജെൻസൺ. ഇതുവരെ മൂന്ന് പാട്ടുകളാണ് ആശ ചെയ്തിരിക്കുന്നത്. നെഞ്ചുരുകും വേദനകൾ എന്റെ നാഥൻ തന്നിടുമ്പോൾ…, എല്ലാം നന്മയ്ക്കായ് മാറ്റുന്ന ദൈവം… എന്നീ രണ്ടു ഗാനങ്ങൾ നേരത്തെ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ഗാനം മാത്യൂസ് പയ്യപ്പള്ളി അച്ചന്റെ ഒപ്പം ചെയ്ത തകർന്നുപോയൊരെൻ ജീവിതനാളുകളിൽ… എന്ന ഗാനമാണ്. കലാരംഗത്ത് മാത്യൂസ് പയ്യപ്പള്ളി അച്ചന്റെ പ്രോത്സാഹനം ആശ നന്ദിയോടെ ഓര്‍ക്കുന്നു. സംഗീതവഴികളിൽ ഇനിയും മുന്നേറാൻ ഈ യുവഗായികയ്ക്കു കഴിയട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.
മരിയ ജോസ്