
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ലൂര്‍ദ്ദിലെത്തിയ മാക്രോണ്‍ ഒന്നര മണിക്കൂര്‍ ബസിലിക്കയുടെയും വിശുദ്ധ ബര്ണദീഞ്ഞയ്ക്ക് 1858 -ല്‍ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട ഗുഹയുടെ സമീപത്തായും വിശ്വാസികളോട് ഒപ്പം ചെലവഴിച്ചു.
വെള്ളിയാഴ്ച ലോകമെമ്പാടും ലൂര്‍ദ്സ് യുണൈറ്റഡിന് ഇന്‍ പ്രെയര്‍ എന്ന പേരില്‍ 24 മണിക്കൂര്‍ 12 ഭാഷകളിലായി ഒരു ഡിജിറ്റല്‍ തീര്‍ത്ഥാടനവും സംഘാടകര്‍ ഒരുക്കിയിരുന്നു. ലൂര്‍ദ്ദ് മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഫ്രഞ്ച് പ്രസിഡന്റു കൂടിയാണ് ഇദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റ് തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചത് ലൂര്‍ദ്ദിന്റെ പ്രാധാന്യത്തിന്റെ തെളിവാണെന്ന് ലൂര്‍ദ്ദിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് അന്റ്റോയിന് ഹീറോആര്ഡ് പറഞ്ഞു.
ഫ്രാന്‍സിലെ ഏറ്റവും വലിയ കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദ്, കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളാല്‍ ഏറെ നാള് അടച്ചിട്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴും തീര്‍ത്ഥാടകരുടെ കുറവും അനുഭവപ്പെടുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് വി. ബര്‍ണദീത്തയ്ക്ക് പരിശുദ്ധ കന്യാമറിയം പതിനെട്ടാമത്തെയും അവസാനത്തേതുമായ പ്രത്യക്ഷീകരണം നല്‍കിയതിന്റെ വാര്‍ഷികദിനത്തില്‍ തന്നെയാണ് ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശനം നടത്തിയതെന്ന പ്രത്യേകതയുമുണ്ട്.