
ജ്ഞാനപീഠ പുരസ്‌കാരജേതാവും മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനുമായ എം. ടി. വാസുദേവൻ നായർ (91) അന്തരിച്ചു. ഇന്നലെ രാത്രി പത്തോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം.
സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം. ടി. യുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കികൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക. ശ്വാസതടസത്തെ തുടർന്ന് എം. ടി. യെ ഇക്കഴിഞ്ഞ 15 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കുപുറമെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായിരുന്നു.
നോവലിസ്റ്റ്, ചലച്ചിത്രകാരൻ, കഥാകൃത്ത്, പത്രാധിപർ, അധ്യാപകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചലച്ചിത്രഗാന രചയിതാവ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു എം. ടി. സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കെ സാഹിത്യരചനയിൽ താൽപര്യം കാണിച്ചിരുന്നു. 1954 ൽ മാതൃഭൂമിയിൽ സബ്-എഡിറ്ററായി ജോലിയിൽ പ്രവേശിച്ചതോടെയാണ് സാഹിത്യലോകത്തേക്കുള്ള വാതിൽ അദ്ദേഹം കടന്നത്. ആദ്യം പുസ്തകരൂപത്തിൽ പുറത്തുവന്ന അദ്ദേഹത്തിന്റെ നോവലാണ് നാലുകെട്ട്. 1959 ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരത്തിന് നാലുകെട്ട് അർഹമായി.
കാലം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എൻ. പി. മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് തുടങ്ങിയ നോവലുകൾ അദ്ദേഹം തയ്യാറാക്കി. പിന്നീട് ഒട്ടനവധി ചെറുകഥകളും മറ്റും അദ്ദേഹം എഴുതി. ശേഷം അൽപം നാൾ എഴുത്തുകളിലേക്കു കടക്കാതിരുന്ന അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത് ‘രണ്ടാമൂഴം’ പുറത്തെത്തിച്ചുകൊണ്ടായിരുന്നു.
1995 ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം പുരസ്കാരത്തിന് അദ്ദേഹം അർഹനായി. 2005 ൽ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013 ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്, 1986 ൽ കേരളസാഹിത്യ അക്കാദമി അവാർഡ്, 1973 ൽ നിർമാല്യം സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, ജെ. സി. ദാനിയേൽ പുരസ്കാരം, മലയാളസാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്രസംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് എന്നിവയ്ക്കും അദ്ദേഹം അർഹനായി. ഇതുകൂടാതെ, ഒട്ടനവധി പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായിരുന്നു.