“അയൽക്കാരോടുള്ള സ്നേഹത്തിന്റെ പ്രാധാന്യം ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്തരുത്” – അമ്മ ഉൾപ്പെടെ മൂന്ന് കുടുംബാംഗങ്ങളുടെ ജീവൻ അപഹരിച്ച തീവ്രവാദ ആക്രമണത്തെ അതിജീവിച്ച കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യൻ, കിറോ ഖലീലിന്റെ വാക്കുകളാണിത്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിലാണ് ഖലീൽ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
ഇരുപതാമത്തെ വയസ്സിൽ ഈജിപ്തിൽ താമസിക്കുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മുസ്ലീങ്ങൾ നടത്തിയ തീവ്രവാദ ആക്രമണത്തിന് താൻ ഇരയായെന്നും കഴിഞ്ഞ 2010 ദിവസങ്ങൾ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും ഖലീൽ പറയുന്നു. മറ്റുള്ളവർക്ക് കഷ്ടപ്പാടുകളും വേദനകളും ഉണ്ടാകുമ്പോൾ അവരെ സ്നേഹിക്കാൻ നാം മറന്നുപോകരുതെന്നും അദ്ദേഹം തന്റെ അനുഭവത്തിൽ നിന്നും പറയുന്നു.
“പുതുവത്സരാഘോഷത്തിൽ എന്റെ ജന്മനാടായ അലക്സാണ്ട്രിയയിലെ അൽ-ക്വിഡിസിൻ പള്ളിയിൽ നടന്ന ആക്രമണത്തിൽ എനിക്ക് എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെ നഷ്ടപ്പെട്ടു. ഒരു കാർ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു ആക്രമണം. 2010 ഡിസംബർ 31-ന് താനും കുടുംബവും പള്ളിയിൽ ഉണ്ടായിരുന്നു. ആ ആക്രമണത്തിൽ 24 പേർ മരിച്ചു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ എന്റെ അമ്മയും സഹോദരിയും എന്റെ അമ്മായിമാരും ഉൾപ്പെടുന്നു. എന്റെ മറ്റൊരു സഹോദരി മറീനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവൾക്ക് 33 തവണ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. അന്ന് നാലായിരത്തോളം ആളുകൾ പള്ളിയിൽ ഉണ്ടായിരുന്നു” – ഖലീൽ വെളിപ്പെടുത്തുന്നു.
വളരെ വേദനാജനകമായ ഈ സംഭവത്തിൽ നിരാശയിലാകുന്നതിനോ ദൈവത്തെ കുറ്റപ്പെടുത്തുന്നതിനോ പകരം ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പായിട്ടാണ് ഖലീൽ ഈ സംഭവങ്ങളെ കാണുന്നത്. മറ്റ് മതവിശ്വാസികൾക്കെതിരായ അതിക്രമങ്ങൾ മൂലം ദൈവത്തെ പ്രസാദിപ്പിക്കുന്നു എന്നു വിശ്വസിക്കുന്ന ആക്രമണകാരികളോട് തനിക്ക് സഹതാപമാണ് ഉള്ളതെന്നും ഖലീൽ പറയുന്നു. “ഈ ആളുകളുടെ കൈകളിൽ രക്തമുണ്ട്. ഒരു വ്യക്തിക്ക് ഇത്രയും തെറ്റുകൾ ചെയ്ത കുറ്റബോധത്തോടെ എങ്ങനെ ജീവിക്കാൻ കഴിയും? ഈ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ ഞാൻ അനുഭവിക്കുന്നത്തിൽ കൂടുതൽ ഇത് ചെയ്തവർ അനുഭവിക്കുമെന്ന് ഞാൻ കരുതുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിക്കാലം മുതലേ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ വളരെയേറെ തരംതാഴ്ത്തലുകൾ ഖലീൽ അനുഭവിച്ചിട്ടുണ്ട്. ക്രിസ്ത്യാനിയായതിന്റെ പേരിൽ സഹപാഠികൾ അദ്ദേഹത്തെ അപമാനിച്ചു. അയൽക്കാരനെ തങ്ങളെപ്പോലെ സ്നേഹിക്കാൻ അദ്ദേഹത്തെയും സഹോദരന്മാരെയും പഠിപ്പിച്ചത് അമ്മയാണ്. യേശുവിന്റെ ഈ കൽപന അമ്മ ഞങ്ങളിൽ പകർന്നു. ആക്രമണത്തിന്റെ വേദനയെ നേരിടാൻ എന്നെ വളരെയധികം സഹായിച്ച ഒരു കാര്യമാണിത് – ഖലീൽ പറയുന്നു.
ആക്രമണത്തിനുശേഷം ഖലീലിന് സ്വന്തം രാജ്യം വിടേണ്ടിവന്നു. ഇപ്പോൾ അദ്ദേഹം ജർമ്മനിയിലാണ് താമസിക്കുന്നത്. എന്നാൽ പീഡനങ്ങൾ നടക്കുന്നിടത്താണ് സഭ കൃത്യമായി വളരുന്നതെന്നാണ് ഖലീൽ പറയുന്നത്. ഈജിപ്തിൽ, ക്രിസ്ത്യാനികൾ മരിക്കുന്നത് അവരുടെ വിശ്വാസം ജീവിച്ചതിനാലാണ്. എന്നാൽ, ജർമ്മനിയിൽ പള്ളികൾ അടയ്ക്കുകയോ മ്യൂസിയങ്ങളാക്കുകയോ ചെയ്യുന്നു. ഇത് എനിക്ക് വളരെ സങ്കടകരമായി തോന്നുന്നു – അദ്ദേഹം വേദനയോടെ പറയുന്നു.
ഇസ്ലാമിക തീവ്രവാദികൾ മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളിൽ ഒന്നാണ് കോപ്റ്റിക് ക്രിസ്ത്യാനികൾ. ഈജിപ്തിൽ ഭൂരിപക്ഷമതം ഇസ്ലാം ആണ്. ഓപ്പൺ ഡോർസ് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ 100 ദശലക്ഷം നിവാസികളിൽ 16 % -മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളത്.