ആൽഫി എന്നാൽ അതിജീവനമാണ്; പ്രചോദനമാണ്: ആത്മവിശ്വാസക്കുറവുള്ളവർ വായിച്ചിരിക്കേണ്ട ജീവിതം

സുനീഷ വി.എഫ്.

‘എനിക്കിത് ചെയ്യാൻ സാധിക്കില്ല, എന്നെ കാണാൻ ഭംഗിയില്ല, എനിക്കിത് പറ്റില്ല, മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും’ എന്നൊക്കെ ചിന്തിക്കുന്നവർ തീർച്ചയായും ഇത് വായിച്ചിരിക്കണം. ആൽഫി എന്ന പെൺകുട്ടിയുടെ കഥയാണ് ഇത്. ആത്മവിശ്വാസത്തിന്റെ ഐക്കണാണ് ആൽഫി.

വൈദ്യശാസ്ത്രത്തിന് ഇന്നുവരെ കണ്ടുപിടിക്കാൻ സാധിക്കാത്ത ത്വക്ക്-രോഗത്തിനു മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലായെന്ന് മനസ്സിലുറപ്പിച്ച് മുമ്പോട്ടു നീങ്ങിയ ഈ 32 -കാരിയുടെ ധീരത അധികമാർക്കും അവകാശപ്പെടാനാവില്ല.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണവിദ്യാർത്ഥിയാകാൻ തയാറായിരിക്കുന്ന ആൽഫി ലാൽ വി -യുടെ പ്രചോദനാത്മകമായ ജീവിതത്തിലൂടെ ലൈഫ് ഡേ കടന്നുപോകുന്നു.

ആദ്യകാഴ്ചയിൽ ഇതാണ് ആൽഫി

ആദ്യകാഴ്ചയിൽ ഒരു സാധാരണ പെൺകുട്ടി. എന്നാൽ ഒന്നു കൂടെ നോക്കിയാലാണ് യഥാർത്ഥ ആൽഫി എന്താണെന്നു മനസ്സിലാകുക. ശരീരത്തിന്റെ എല്ലാ ഭാഗവും വരണ്ടു കീറി, ചില സമയം വ്രണങ്ങളായി, മറ്റു ചിലപ്പോൾ കറുത്ത പാടുകൾ കൊണ്ട് നിറഞ്ഞ ഒരു പെൺകുട്ടി. തലയോട്ടിയിൽ വരെ ഇങ്ങനെയാണ് അവസ്ഥയെങ്കിലും മുഖത്തു മാത്രം ഇവയൊന്നും തന്നെ ഇല്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികളിൽ ചികിത്സിച്ചിട്ടും വൈദ്യശാസ്ത്രത്തിന് ഇന്നുവരെ ആൽഫിയുടെ ഈ രോഗാവസ്ഥയുടെ പേര് പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചികിത്സയും ഇല്ല. ബയോപ്സി ഫലത്തിൽ പോലും വളരെ ‘നോർമൽ’ ആയ ത്വക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാഴ്ചയിൽ ഇതാണ് ആൽഫിയെങ്കിലും ഇതല്ല യഥാർത്ഥ ആൽഫി. നിറഞ്ഞ പുഞ്ചിരിയോടെ മറ്റുള്ളവരോട് ഇടപെടുന്ന, അപാരമായ പോസിറ്റീവ് എനർജി മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്ന, ആത്മവിശ്വാസമുള്ള, ധൈര്യമുള്ള, ഒന്നിനെയും ഭയമില്ലാത്ത, എല്ലാവർക്കും പ്രിയപ്പെട്ടവളായ, നന്നായി പഠിക്കുന്ന, നന്നായി ചിത്രം വരയ്ക്കുന്ന, നിറഞ്ഞ സദസ്സിൽ കഥാപ്രസംഗം അവതരിപ്പിക്കുന്ന, കഥകളും കവിതകളും എഴുതുന്ന, മികച്ച അദ്ധ്യാപികയായ, മോട്ടിവേഷണൽ സ്പീക്കർ ആയ, അതിലുപരി ദൈവത്തെ അതിയായി സ്നേഹിക്കുന്ന ഒരു പെൺകുട്ടി.

‘ആൽഫിയോ, അവൾ മിടുക്കിയല്ലേ’ എന്നാണ് ആൽഫിയെ അറിയുന്ന എല്ലാവർക്കും പറയാനുള്ളത്. എന്നാൽ ഇന്നുള്ള ഈ ആൽഫിയിലേക്ക് എത്തിച്ചേരാൻ ഈ പെൺകുട്ടിക്ക് താണ്ടേണ്ടിയിരുന്ന വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. അതൊരു പോരാട്ടമായിരുന്നു. വിജയം എന്ന വാക്ക് മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള, ആത്മവിശ്വാസത്തോടെയും പ്രാർത്ഥനയോടെയുമുള്ള ഒരു അതിജീവനത്തിന്റെ വലിയ പോരാട്ടം.

ജനിച്ച് ഒന്നര മാസം ആയപ്പോൾ കണ്ടെത്തിയ ‘അസുഖം’

ഏതൊരു കുഞ്ഞിനേയും പോലെ തന്നെയായിരുന്നു വയനാട്ടിലെ നടവയൽ ഇടവകയിലെ ഇഞ്ചിക്കാലായിൽ വർഗീസ് – ബ്രിജിത്ത ദമ്പതികളുടെ രണ്ടാമത്തെ മകളായ ആൽഫിയുടെ ജനനവും. എന്നാൽ ജനിച്ച് ഒന്നര മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം കുളിപ്പിക്കാനായി കുഞ്ഞിന്റെ ശരീരത്തിൽ എണ്ണ തേക്കാൻ നോക്കുമ്പോഴാണ് ശരീരത്തിൽ അവിടവിടെയായി തൊലി പൊളിയുന്നതു പോലെ കാണപ്പെട്ടത്. ഉടനെ ഡോക്ടറെ കാണിച്ചെങ്കിലും കുഞ്ഞുകുട്ടികൾ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു വരുന്നതിന്റെയാണെന്നു പറഞ്ഞായിരുന്നു ഡോക്ടർ ആൽഫിയുടെ മാതാപിതാക്കളെ പറഞ്ഞയച്ചത്. എന്നാൽ ആൽഫി തികച്ചും ഒരു ‘അസാധാരണ’ പെൺകുട്ടിയാണെന്ന് പിന്നീടുള്ള വർഷങ്ങളിൽ തെളിഞ്ഞു. മൂന്നു മാസമായപ്പോഴേക്കും കുഞ്ഞിനെ നേരെ പിടിച്ചാൽ പോലും കഴുത്ത് നേരെ ഇരിക്കില്ലായിരുന്നു. അതോടൊപ്പം തലയുടെ പിൻഭാഗം വളരാനും തുടങ്ങി.

തന്റെ കുഞ്ഞിന്റെ ഈ പ്രത്യേകതകളെ അതിജീവിക്കാൻ ആൽഫിയുടെ മമ്മി വളരെയധികം പ്രയത്നിച്ചു. തന്റെ ഉറക്കത്തിൽ പോലും കുഞ്ഞിന്റെ തല ഉഴിഞ്ഞും പ്രാർത്ഥിച്ചും ഒക്കെ അത് ഏകദേശം നേരെ ആയി. അപ്പോഴേക്കും ആൽഫിക്ക് മൂന്നു വയസായിരുന്നു. നടക്കാനും സംസാരിക്കാനുമുള്ള പ്രായം അതിക്രമിച്ചിരുന്നെങ്കിലും ആൽഫി നടന്നില്ല, സംസാരിക്കാനും തുടങ്ങിയില്ല. ഒടുവിൽ പ്രാർത്ഥനയോടെ ആൽഫിക്കു വേണ്ടി മമ്മി വി. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചു. വിശുദ്ധയുടെ കബറിടത്തിൽ തന്റെ കുഞ്ഞിനെ കൊണ്ടുവയ്‌ക്കാം എന്ന് നേർച്ച നേർന്നു. ആ അമ്മയുടെ വിശ്വാസത്തിനു തെളിവായി ആൽഫി സംസാരിച്ചുതുടങ്ങി; ചെറിയ രീതിയിൽ നടക്കാനും.

ശരീരത്തിലെ പാടുകൾ അപ്പോഴും കുഞ്ഞാൽഫിയിൽ ഉണ്ടായിരുന്നെങ്കിലും അവൾ ചേച്ചി ബ്രില്ലയോടൊപ്പം ഒരു സാധാരണ കുട്ടിയായി തന്നെ വളർന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതു കൊണ്ട് ഒരു ‘ഹോം ഫിസിയോ തെറാപ്പി’ ചെയ്യാൻ ആൽഫിയുടെ മമ്മി തീരുമാനിച്ചു. മുറ്റമടിക്കുമ്പോൾ ആൽഫിയെ തന്റെ നൈറ്റിയിൽ പിടിപ്പിച്ചതിനു ശേഷം പതിയെ കൂടെ നടത്തും. അത് ഫലം കണ്ടു. അങ്ങനെ ആൽഫി ജീവിതത്തിലേക്ക് നടന്നുകയറി.

“അയ്യേ കഴുത്തിൽ എന്തോ ഇരിക്കുന്നു” – നാലു വയസ്സിലെ ആദ്യത്തെ ‘വിവേചനം’

വീട്ടിൽ യാതൊരു വ്യത്യസ്‌തതകളുമില്ലാതെയാണ് ആൽഫി വളർന്നുവന്നത്. ഓരോ വർഷം കൂടുമ്പോഴും ആൽഫിയുടെ ശരീരത്തിലെ പാടുകളും അതിനെ തുടർന്നുണ്ടാകുന്ന അസ്വസ്ഥതകളും കൂടിവന്നു. ചികിത്സകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. അങ്ങനെ നാലു വയസുള്ളപ്പോൾ ആൽഫി ആദ്യമായി നേഴ്സറിയിൽ പോയി. സത്യത്തിൽ ആൽഫിയുടെ ജീവിതത്തിലെ വിവേചനവും വിവേകവും അവിടെ വച്ചായിരുന്നു ആരംഭിച്ചത്.

കുട്ടികൾക്ക് എല്ലാം കൗതുകമാണല്ലോ. ആൽഫിയുടെ അടുത്തിരുന്ന ആൺകുട്ടി, കഴുത്ത് മറച്ചുവച്ച ഉടുപ്പ് വലിച്ചുമാറ്റി ‘അയ്യേ, കഴുത്തിൽ എന്തോ ഇരിക്കുന്നു’ എന്നു പറഞ്ഞു. സത്യത്തിൽ ആൽഫിക്കും അന്നായിരുന്നു തന്റെ കഴുത്തിൽ എന്തോ പ്രത്യേകതയുണ്ടെന്നു മനസ്സിലായത്. അന്ന് വൈകുന്നേരം നേഴ്സറിയിലെ ഈ സംഭവം അന്നത്തെ വിശേഷങ്ങൾക്കൊപ്പം ആൽഫി തന്റെ മമ്മിയോട് പറഞ്ഞു.

“അതു കേട്ട മാത്രയിൽ മമ്മി എന്റെ മുന്നിൽ നിന്ന് കരയാൻ തുടങ്ങി. അന്നെനിക്ക് മനസ്സിലായി ഇനി ഞാൻ ഇതുപോലുള്ള ഒരു കാര്യവും ആരോടും പറയരുതെന്ന്. തലയിലും ചെവിയിലും കഴുത്ത് മുതൽ താഴേക്കും കാലിലും ഒക്കെ ഈ അവസ്ഥ ആയിരിക്കുന്ന എനിക്ക്. ഇനിയും ഇതുപോലുള്ള നിരവധി സന്ദർഭങ്ങൾ നേരിടേണ്ടി വരാനുണ്ടെന്നു ബോധ്യമായി. പിന്നീട് ഞാൻ അനുഭവിക്കേണ്ടതായി വന്ന ഒരു വിവേചനത്തെയും ആരോടും പറയില്ലെന്നു തീരുമാനിച്ചു. നേഴ്സറിയിൽ ഒരു ബെഞ്ചിന്റെ അരികിൽ ഇരിക്കും. ഉച്ചഭക്ഷണത്തിനിരുത്തുമ്പോഴും അതിനു ശേഷമുള്ള ഉറക്കത്തിലുമെല്ലാം എല്ലാവരിൽ നിന്നും ഒരു കൈയ്യകലത്തിൽ മാറിക്കിടക്കുമായിരുന്നു ഞാൻ. പതിയെ ഞാൻ ഒരു അന്തർമുഖയായി മാറി.”

ആൽഫിയുടെ ജീവിതത്തിൽ മാറ്റം വരുത്തിയ സംഭവമായിരുന്നു അത്. കുഞ്ഞുമനസ്സിനേറ്റ ആദ്യത്തെ മുറിവാണെങ്കിലും ആ സംഭവത്തെ ആൽഫി തന്റെ തിരിച്ചറിവിന്റെ ആദ്യ ദിനം എന്നാണ് വിശേഷിപ്പിക്കുന്നത്. ആരോടും സംസാരിക്കാതെ, അധികം കൂട്ടുകാരില്ലാതെ ആൽഫി സ്‌കൂളിലെത്തി.

വേദനയുടെ ബാല്യകാലം 

സ്‌കൂൾ ഓർമ്മകൾ വളരെ കുറവായിരുന്നു ആൽഫിക്ക്. എങ്കിലും ജീവിതത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വശങ്ങളെക്കുറിച്ചും അറിവ് നൽകിയതും ആൽഫിയുടെ ആത്മബലത്തിന് അടിത്തറയിട്ടതുമെല്ലാം സ്‌കൂൾ ജീവിതമായിരുന്നു. ഒൻപതാം ക്‌ളാസ് വരെ ആൽഫി ഓരോ മാസം ഇടവിട്ടായിരുന്നു സ്‌കൂളിൽ പോയിരുന്നത്. ഓരോ മാസം ഇടവിട്ട് ചിക്കൻ പോക്സ് പോലെ ശരീരം മുഴുവൻ വ്രണങ്ങൾ വന്നുനിറഞ്ഞു. അവ പഴുത്തു പൊട്ടി വേദനയുമായി കട്ടിലിൽ ചിലവഴിക്കാനായിരുന്നു ആൽഫിയുടെ വിധി.

“ആ സമയത്ത് എന്റെ ശരീരത്തിൽ മുഴുവനും വ്രണങ്ങളായിരുന്നു. ഒന്ന് അനങ്ങാനോ, തിരിഞ്ഞുകിടക്കാനോ പോലും ആകാത്ത അവസ്ഥ. വേദന കൊണ്ട് പുളയുമായിരുന്നെങ്കിലും ഞാൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. വീട്ടിലെ നടുമുറിയിലെ കട്ടിലിൽ ഒരു പഞ്ഞിപ്പുതപ്പും പുതച്ച് ഞാൻ അങ്ങനെ കിടക്കും. വേദന കൂടുമ്പോൾ ഒരു അർദ്ധബോധാവസ്ഥയിലായിരിക്കും. അപ്പോൾ എന്റെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകും. ബാക്കി ശരീരഭാഗങ്ങളൊന്നും അനങ്ങില്ല. ആ സമയത്തെ എന്റെ പ്രാർത്ഥന, എന്റെ മുറിവുകൾ ഞാൻ ഇട്ടിരിക്കുന്ന പെറ്റിക്കോട്ടിൽ പറ്റിപ്പിടിക്കരുതേ എന്നു മാത്രമായിരുന്നു. കാരണം, പിന്നീട് എന്റെ ഉടുപ്പ് മാറ്റുമ്പോൾ തൊലിയടക്കം പറിഞ്ഞുപോരുമായിരുന്നു. ആ വേദന കൂടി സഹിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല.”

ഒരു പൂമ്പാറ്റയെപ്പോലെ പാറിനടക്കേണ്ട കുട്ടിക്കാലത്തെ വേദനകളുടെ ദിനങ്ങൾ ആൽഫി ഓർമ്മിക്കുകയാണ്.

ഓരോ ക്ലാസും പിന്നിടുമ്പോഴും ആൽഫി ഏകാന്തതയെ ആയിരുന്നു ഇഷ്ട്ടപ്പെട്ടത്. കാരണം ആൽഫിയോട് കൂട്ടു കൂടാൻ ആരും തന്നെ തയ്യാറായിരുന്നില്ല. ഉണ്ടായിരുന്ന ചുരുക്കം ചില കൂട്ടുകാർക്ക് വീട്ടുകാരുടെ കർശന നിർദ്ദേശവും ഉണ്ടായിരുന്നു, ഇത്തരം അസുഖമുള്ള ഒരു കുട്ടിയുടെ കൂടെ ഇരുന്നാലോ, കളിച്ചാലോ, ഒരുമിച്ച് ഭക്ഷണം കഴിച്ചാലോ ഒക്കെ തങ്ങളുടെ മക്കൾക്കും ഈ അസുഖം പകരും എന്ന അവരുടെ ഭയമായിരുന്നു ഇതിനു പിന്നിൽ.

“അതേ, എനിക്ക് ആൽഫിയെ ഒരുപാട് ഇഷ്ടാ. പക്ഷേ, എന്റെ ഉടുപ്പിൽ ആൽഫീടെ മേത്തുള്ള പൊടി മമ്മി കണ്ടു. അതുകൊണ്ട് ഇനി ആൽഫീടെ കൂടെ നടന്നാൽ എന്നെ മമ്മി തല്ലും. ഞാൻ കൂട്ടുവെട്ടീതൊന്നുമല്ല, ട്ടോ. എനിക്ക് ആൽഫിയോട് ഒരുപാട് സ്നേഹമാണ്. എങ്കിലും ഞാനിനി ആൽഫിയോട് മിണ്ടൂല.” വലതു കൈയ്യിൽ പിടിച്ച് തോളോടു തോൾ ചേർന്ന് അത്രയും ദിവസം കളിക്കൂട്ടുകാരിയായി നിന്ന സഹപാഠി, ഒരു ദിവസം ഉച്ചക്ക് സ്‌കൂൾ മുറ്റത്തെ മാവിൻചുവടിന്റെ മറവിൽ വച്ച് ആൽഫിയോട് പറഞ്ഞതാണിത്.

“സത്യത്തിൽ അതൊക്കെ ഞാൻ എപ്പോഴും പ്രതീക്ഷിച്ച കാര്യം തന്നെയായിരുന്നു. സ്വാഭാവികമായും എനിക്ക് അന്ന് വിഷമം തോന്നി. പക്ഷേ എന്റെ വിഷമത്തേക്കാളുപരി ആ കൂട്ടുകാരിയുടെ നിസ്സഹായാവസ്ഥയായിരുന്നു എന്നെ കൂടുതൽ വിഷമിപ്പിച്ചത്. അന്നു മുതൽ എങ്ങനെ ഒറ്റയ്ക്ക് ആയിരിക്കാം എന്നായിരുന്നു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.

എനിക്ക് സ്‌കൂളിനെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലായിരുന്നു. കാരണം ഞാൻ തിരിച്ചറിയുകയായിരുന്നു, എന്നെ അവിടെ കാത്തിരിക്കാൻ ആരുമില്ല എന്ന്. അതോടൊപ്പം മറ്റു ചില കാര്യങ്ങളും എനിക്ക് ബോധ്യപ്പെട്ടു. എന്നെ ആരും കാത്തിരിക്കുന്നില്ലെങ്കിലും തനിയെ ഞാൻ മുന്നോട്ട് പോകേണ്ടിയിരിക്കുന്നുവെന്നും.”

ഒരു നാലാം ക്ലാസ്സുകാരിയുടെ ജീവിതത്തെക്കുറിച്ച് അവൾക്കു തന്നെ തീരുമാനമെടുക്കാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു. എങ്കിലും ഒരു കൊച്ചുകുഞ്ഞിന് ഏൽക്കേണ്ടി വരുന്ന പിന്തള്ളപ്പെടലിന്റെ വേദനയും നീറ്റലും മായ്ക്കാൻ ആർക്കു കഴിയും.

അന്ന് ആ അധ്യാപിക ഇല്ലായിരുന്നെങ്കിൽ…

ഒരു ദിവസം ക്ലാസ്സിലെ കുട്ടികളെല്ലാം ആൽഫിയെ ഒറ്റപ്പെടുത്തുന്നു എന്നു മനസ്സിലാക്കിയ അദ്ധ്യാപിക ആൽഫിയെ കളിയാക്കിയ ഒരു കുട്ടിയെ എല്ലാവരുടെയും മുന്നിൽ വച്ച് ശിക്ഷിച്ചു. എല്ലാ കുട്ടികളുടെയും മുന്നിൽ വച്ച് അന്ന് ടീച്ചർ എന്നെ ചേർത്തുപിടിച്ച് ‘ഇനി ഇവളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു ഞാൻ അറിഞ്ഞാൽ ഇതായിരിക്കും അതിനുള്ള മറുപടി’ എന്നു പറഞ്ഞു.

ആ ഒരു ചേർത്തുനിർത്തൽ എനിക്ക് വളരെ വലുതായിരുന്നു. കാരണം മറ്റു കുട്ടികൾക്കൊക്കെ കൂട്ടുകാരുണ്ട്, അവർക്കൊക്കെ എല്ലാവരുടെയും സ്നേഹവും ലാളനയും ലഭിക്കുന്നുണ്ട്. ഒരു ചേർത്തുപിടിക്കലിന് ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഏറ്റവും കൂടുതൽ അറിയുന്ന ഒരാൾ ഞാനായിരിക്കും. കാരണം ഹൃദയം തുറന്നുള്ള ഒരു സ്പർശനത്തിലൂടെ ലഭിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും വില വളരെ വലുതാണ്. അത് കിട്ടാത്തവർക്കു മാത്രമേ അത് മനസ്സിലാകുകയുള്ളൂ. ഇന്ന് ഒരു അദ്ധ്യാപിക ആയതുകൊണ്ട് ഞാൻ പറയും, അന്ന് ആ ടീച്ചർ ചെയ്തത് ശരിയായില്ല, ആ പെൺകുട്ടിയെ വിളിച്ചുപറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നു എന്ന്. എന്നാൽ ആ അദ്ധ്യാപിക അവിടെ ഒരു മോഡൽ സെറ്റ് ചെയ്യുകയായിരുന്നു. അന്നു മുതൽ സ്‌കൂൾ ജീവിതത്തിൽ ആരും എന്നെ പരസ്യമായി കളിയാക്കിയിട്ടില്ല” – ആൽഫി ഓർമ്മിക്കുകയാണ്.

അദ്ധ്യാപകരായിരുന്നു ആൽഫിയുടെ ശക്തി. അവർ ആൽഫിക്ക് വേദികൾ നൽകിത്തുടങ്ങി. കഥ പറയാനും, ചിത്രം വരയ്ക്കാനും മിടുക്കിയായ ആൽഫി കവിതകളും എഴുതിത്തുടങ്ങി. ഒരു ദിവസം അദ്ധ്യാപകർ ട്രെയ്‌നിങ്ങിനു പോയ സമയത്ത് ആൽഫി ഒരു കവിതയെഴുതി. അത് മറ്റൊരു കുട്ടി എടുത്ത് അദ്ധ്യാപികക്കു കൊടുത്തു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. പിറ്റേ ദിവസം സ്‌കൂൾ അസ്സംബ്ലിയിൽ ഹെഡ് മാസ്റ്റർ ആൽഫിയുടെ കവിത മറ്റുള്ളവർക്കായി വായിച്ചു.

“അദ്ധ്യാപകർ ഇല്ലാതിരുന്നപ്പോൾ നിങ്ങളുടെ ഒരു സഹപാഠി എഴുതിയതാണിത് എന്നുപറഞ്ഞു അദ്ദേഹം എന്നെ സ്റ്റേജിലേക്കു വിളിച്ചു. തീരെ കുഞ്ഞായിരുന്ന എന്നെ പുറകിലുള്ളവർക്ക് കാണാൻ സാധിക്കില്ലായിരുന്നു. പുറകിൽ നിന്ന് എന്നെ കാണാൻ മറ്റു കുട്ടികൾ ഏന്തിവലിഞ്ഞു നോക്കുന്നതു കണ്ടപ്പോൾ ‘ഇതാണ് ആ കൊച്ചുമിടുക്കി’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ എടുത്തുയർത്തി.” സ്‌കൂൾ ജീവിതത്തിലെ മധുരമുള്ള ഓർമ്മകൾ ആൽഫി പങ്കുവയ്ക്കുകയാണ്.

ജീവിതത്തിൽ പിന്നീട്, ആൽഫി തിരിഞ്ഞുനോക്കിയില്ല. ആത്മാഭിമാനവും ആത്മവിശ്വാസവും മറ്റുള്ളവരേക്കാൾ ഇരട്ടി തനിക്ക് ആവശ്യമാണെന്ന് ആൽഫി മനസ്സിലാക്കിത്തുടങ്ങിയിരുന്നു. “മറ്റുള്ളവർ എന്റെ വീക്ക് പോയിന്റ് ഇതാണെന്നു വിലയിരുത്തുമ്പോൾ അതിനെ ഞാൻ എന്റെ സ്ട്രോങ്ങ് പോയിന്റാക്കി മാറ്റുകയായിരുന്നു ചെയ്തത്. എന്നോട് ആരെങ്കിലും വിവേചനം കാണിച്ചാലും എനിക്ക് കുഴപ്പമില്ലെന്ന് ഞാൻ ചിന്തിച്ചു. ആരെങ്കിലും രണ്ട് സ്റ്റെപ്പ് പിന്നോട്ട് വയ്ക്കാൻ പറഞ്ഞാൽ ഞാൻ നാല് സ്റ്റെപ്പ് മുന്നോട്ടു വയ്ക്കുമായിരുന്നു” – ആൽഫി ചിരിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ മാസം ഇടവിട്ടുള്ള ശരീരത്തിലെ കുമിള പോലുള്ള ആ അസുഖം ആൽഫിയെ വല്ലാതെ അലട്ടിയിരുന്നു.

നഷ്ടപ്പെട്ടു പോയ ബാല്യകാലത്തിൽ ആൽഫിയിലെ ഭാവനയ്ക്ക് ചിറകു മുളപ്പിച്ചത് ഹോം സയൻസ് പഠിച്ച മമ്മിയുടെ റെക്കോർഡ് ബുക്കായിരുന്നു. അതിലെ ചിത്രങ്ങളും കഥകളുമെല്ലാം ആൽഫിയിലെ കലാകാരിയെ ഉണർത്തി. അതുപോലെ തന്നെ അതിലൂടെയായിരുന്നു ആൽഫി തനിക്ക് നഷ്ടപ്പെട്ടുപോയ പലതിനെയും തിരിച്ചുപിടിക്കാൻ ശ്രമിച്ചതും. ബാല്യത്തിന്റെ നിറങ്ങളെല്ലാം ആ ഒരു പുസ്തകത്തിൽ ഒതുക്കുകയായിരുന്നില്ല അവൾ. മറിച്ച് ഒരു പുസ്തകത്തിലൂടെ അറിവിന്റെയും വായനയുടെയും വിശാലമായ ലോകത്തിലേക്ക് പറക്കാനുള്ള ചിറകുകൾക്കായി കാത്തിരുന്ന ഒരു പ്യൂപ്പയുടെ സമാധിയായിരുന്നു ആ കാലഘട്ടം.

ഒൻപതാം ക്ലാസിൽ വച്ച് മകളുടെ ഈ കഷ്ടപ്പാടും വേദനയും കണ്ട്‌ ആൽഫിയുടെ മമ്മി കരഞ്ഞുകൊണ്ട് മാതാവിന്റെ അടുക്കൽ പ്രാർത്ഥിച്ചു. “നീ തന്നതല്ലേ എനിക്ക് എന്റെ കുഞ്ഞിനെ, പിന്നെ എന്തിനാ അതിനെ ഇങ്ങനെ കഷ്ടപ്പെടാൻ വിടുന്നെ? ഇനി ഈ അസുഖം വന്നാൽ പിന്നെ ഞാൻ ഉണ്ടാകില്ല” എന്നായിരുന്നു ആൽഫിയുടെ മമ്മി ബ്രിജിത്ത പ്രാർത്ഥിച്ചത്. തന്റെ വിഷമം ഒരു അമ്മ മറ്റൊരമ്മയോട് പറഞ്ഞപ്പോൾ അത് സ്വർഗ്ഗത്തിന് കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ സംഭവത്തിനു ശേഷം അത്ഭുതകരമായി ആ അസുഖം പിന്നീടുണ്ടായിട്ടില്ലെന്ന് ആൽഫി പറയുന്നു.

എങ്കിലും കാലാവസ്ഥാമാറ്റത്തിനനുസരിച്ച് മറ്റു വിഷമതകൾ കൂടിവന്നു കൊണ്ടിരുന്നു. ഉയർന്ന മാർക്ക് വാങ്ങി പാത്താം ക്ലാസ് പാസ്സായ ആൽഫി സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് ടു പൂർത്തിയാക്കി. മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് എഴുതി പാസായെങ്കിലും വീട്ടിലെ സാമ്പത്തിക പരാധീനതകളാൽ ആൽഫിക്ക് ഇഷ്ടപ്പെട്ട പഠനമേഖല തിരഞ്ഞെടുക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ഫീസ് കുറവുള്ള ഡിഗ്രി കോഴ്സിന് ചേരാമെന്ന് ആൽഫി തീരുമാനിക്കുന്നത്. അവിടെയും ആൽഫിയുടെ വീക്ക് പോയിന്റായ ഇംഗ്ലീഷിൽ തന്നെയായിരുന്നു ബിരുദപഠനം. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് ആൽഫിക്ക് എന്നും നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു കാലഘട്ടമാണ്. അതിനു ശേഷം ബിഎഡ് പൂർത്തിയാക്കി ഈ മിടുക്കി. പക്ഷേ അവിടെ ആൽഫിയെ കാത്തിരുന്നത് വലിയ വെല്ലുവിളികൾ തന്നെയായിരുന്നു.

ശ് ശ് ശ്… കുഞ്ഞിക്കണ്ണുകളിലെ കൗതുകം ഇഷ്ടത്തിലേക്ക് വഴിമാറിയപ്പോൾ

അദ്ധ്യാപന പരിശീലനസമയത്ത് ആൽഫി തന്റെ ഈ അസുഖം ഒരു വെല്ലുവിളി ആകുമെന്ന് ഒരിക്കൽപ്പോലും ചിന്തിച്ചില്ല. ആദ്യമായി എട്ടാം ക്ലാസ്സിലെ കുട്ടികളെ ആയിരുന്നു ആൽഫി പഠിപ്പിക്കാൻ പോയത്. ക്ലാസ്സിലെത്തിയ അദ്ധ്യാപികയെ കണ്ട കുട്ടികൾ ഒന്ന് പകച്ചു. അവർ അത് പ്രകടമാക്കി. പതിവിനു വിപരീതമായി ഗുഡ് മോർണിംഗിനു പകരം ‘ശ് ശ് ശ്….’ എന്ന ശബ്ദമുണ്ടാക്കിയാണ് ആൽഫി ടീച്ചറെ കുട്ടികൾ സ്വീകരിച്ചത്. ഒന്നു പകച്ചെങ്കിലും അഞ്ചാം ക്ലാസ്സു മുതൽ ചികിത്സയ്ക്കായി താൻ നടത്തിയ യാത്രകളിലെ കാഴ്ചകൾ ക്ലാസിൽ വിവരിച്ച് കൈയ്യടി നേടി കൂട്ടുകാരുടെ മുമ്പിൽ ഹീറോയിനായ ആൽഫി അതേ ടെക്‌നിക്ക് ഉപയോഗിച്ചു തന്നെ താനൊരു മികച്ച അദ്ധ്യാപികയാണെന്നു തെളിയിച്ചു.

പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നാലാം റാങ്കോടെയാണ് പൂർത്തിയാക്കിയത്. പിന്നീട് ആൽഫി ഗവണ്മെന്റിന്റെ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ട്രെയിനർ ആയി നാലു വർഷത്തോളം ജോലി ചെയ്തു.

തന്റെ മുന്നിലിരിക്കുന്ന കുട്ടികൾക്ക് ട്രെയ്നിങ് കൊടുക്കാൻ ആൽഫിക്ക് തന്റെ ജീവിതം മാത്രം മതിയായിരുന്നു. കാരണം എല്ലാവർക്കും പുസ്തകങ്ങളിലെ ഉദാഹരണങ്ങളേക്കാൾ മുന്നിൽ നിൽക്കുന്ന, ജീവിക്കുന്ന ഉദാഹരണത്തെ കാണാനാണല്ലോ ഇഷ്ടം. ഇപ്പോൾ ആൽഫിയെ ‘അമ്മ’ എന്നു വിളിക്കുന്ന മൂന്നു കുട്ടികളുണ്ട്. ജീവിതവഴികളിൽ തനിക്ക് സംരക്ഷിക്കാൻ ദൈവം ഭരമേല്പിച്ച ഈ കുട്ടികൾക്ക് ആൽഫി അവരുടെയൊക്കെ വളർത്തമ്മയാണ്.

ഈശോ എനിക്കെല്ലാം

ജീവിതത്തിലെ എല്ലാ ഇരുണ്ട മണിക്കൂറുകളിലും പരിഹാസങ്ങളിലും ചവിട്ടിത്താഴ്ത്തലുകൾക്കിടയിലും വൈകാരിക സമ്മർദ്ദങ്ങൾക്കിടയിലും ആൽഫിക്ക് എന്നും കൂട്ടായിരുന്നത് ഈശോ ആയിരുന്നു. “എനിക്ക് അനിയനാണ് ഉള്ളത്. ക്ലിന്റ് എന്നാണ് അവന്റെ പേര്. ഞങ്ങൾ തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യാസമുള്ളതുകൊണ്ട് എനിക്ക് ഒരു ചേച്ചിയായിട്ടേ അവനോട് പെരുമാറാൻ പറ്റൂ. പലപ്പോഴും എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. കാരണം എന്റെ ഏതു പ്രശ്‌നത്തിലും ചേട്ടൻ ഒരു വഴികാട്ടിയായി കൂടെ നിൽക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു സ്ഥാനത്താണ് ഞാൻ ഈശോയെ കാണുന്നത്.

ജീൻസിട്ട, താടിയുള്ള, മുടി നീട്ടിവളർത്തി പോണി ടെയിൽ കെട്ടിയ എന്റെ സ്വന്തം ചേട്ടൻ. ഞാൻ ഈശോയോട് പറയാത്ത ഒരു കാര്യവുമില്ല. എന്നെ ഇത്രയധികം മനസ്സിലാക്കിയ മറ്റൊരാൾ ഉണ്ടാകില്ല. എന്റെ കണ്ണുനീരിന്റെ ആഴം അവിടുന്നല്ലാതെ മറ്റാരും കണ്ടിട്ടില്ല. കൊച്ചുനാൾ മുതൽ രോഗസൗഖ്യത്തിനായി എല്ലാ ധ്യാനകേന്ദ്രങ്ങളിലൂടെയും പ്രാർത്ഥനാഗ്രൂപ്പുകളിലൂടെയും എന്റെ മാതാപിതാക്കൾ എന്നെ കൊണ്ടുനടന്നിരുന്നു. എന്റെ ആത്മീയതക്ക് അടിത്തറയിട്ടത് ഇതൊക്കെയാണ്. വിശുദ്ധ കുർബാന എന്നുപറയുന്നത് ഈശോയുമായുള്ള എന്റെ വൈകാരികമായ ഒരു അടുപ്പമാണ്. ആൽഫിയുടെ ‘എ’ റ്റു ‘ഇസെഡ്’ അറിയുന്ന ഈശോയാണ് വരുന്നത്. ആ ഒരു വിശ്വാസമാണ് എന്നെ വഴിനടത്തുന്നത്” – ആൽഫി വാചാലയായി.

ഇതിനിടയിൽ ആൽഫി ഇംഗ്ലീഷിൽ ജൂനിയർ റിസേർച് ഫെല്ലോഷിപ്പോടെ (JRF) നെറ്റ് (NET) പാസ്സായി. ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഗവേഷണവിദ്യാർത്ഥിയാകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആൽഫി തന്റെ ജീവിതത്തിൽ സംതൃപ്തയാണ്. ദൈവം തനിക്കായി നൽകിയിരിക്കുന്ന എല്ലാ അവസ്ഥകളെയും ആൽഫി വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

“എന്റെ ദേഹത്ത് ദൈവം എഴുതിച്ചേർത്തിരിക്കുന്നത് അവിടുത്തെ സ്നേഹത്തിന്റെ എഴുത്തുഭാഷയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം അതിലൂടെയാണ് ഞാൻ ആളുകളെ നേടിയത്. അതിലൂടെയാണ് ഞാൻ വളർന്നത്. അതുകൊണ്ടു തന്നെ തമ്പുരാനോട് എനിക്കൊരു പരാതിയുമില്ല. എങ്കിലും നീ എന്തിന് എന്നോടിത് ചെയ്തു എന്ന് ഞാൻ ദൈവത്തോട് ചോദിക്കില്ല. പക്ഷേ എനിക്കുറപ്പുണ്ട്. അവിടുത്തെ പ്രവർത്തികൾ എന്നിലൂടെ പ്രകടമാകാനാണ് എന്ന്” – ആൽഫി വിശ്വാസത്തോടെ പറയുന്നു.

മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും അദ്ധ്യാപകരും നൽകിയ വലിയ ഉറപ്പും പരിഗണനയും സ്നേഹവും കരുതലുമെല്ലാം ആൽഫിയുടെ ജീവിതത്തെ താങ്ങിനിർത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

“തിരിഞ്ഞുനോക്കുമ്പോൾ എനിക്കൊരു വിഷമവുമില്ല. ഇതിലും നല്ല ഒരു ജീവിതം ദൈവത്തിനു താരാമായിരുന്നല്ലോ എന്ന് ദൈവത്തോട് പരാതിയുമില്ല. പക്ഷേ ഞാൻ ആളുകളോട് പറയാറുണ്ട്, ഞാൻ ഈ ലോകമെല്ലാം വിട്ട് തമ്പുരാന്റെ അടുത്തുചെല്ലുമ്പോൾ ആ കട്ടത്താടിയിൽ പിടിച്ചിട്ട് ഞാൻ ചോദിക്കും ‘ഞാനായതു കൊണ്ടല്ലേ നീ എന്നെ ഇങ്ങനെ ചെയ്തേ’ എന്ന്. എങ്കിലും എനിക്ക് നല്ലിടയനായ യേശുവിന്റെ തോളത്തിരിക്കുന്ന കുഞ്ഞാട് ആകാനാണിഷ്ടം. അതിനൊരു കഥയുണ്ട്. ആ ആട്ടിൻകുഞ്ഞിന് നടക്കാൻ പറ്റില്ല. അവൻ ജന്മനാ മുടന്തനാണ്. നേരെ നടന്നുപോയാലും ബാക്കിയുള്ളവരുടെ ഒപ്പമെത്താൻ പറ്റാത്തതു കൊണ്ടാണ് തമ്പുരാൻ അതിനെ എടുത്ത് തന്റെ തോളത്തു വച്ചിരിക്കുന്നത്.

എനിക്കിതേ പറയാനുള്ളൂ. ചില മുടന്തുകൾ വലിയ ഭാഗ്യമാണ്. അത് തമ്പുരാന്റെ ഒക്കത്തിരിക്കാനുള്ള ഭാഗ്യമാണ്. അതിന് ആ മുടന്ത് കൂടിയേ പറ്റൂ. എല്ലാവരെയും പോലെ ഓടിനടക്കേണ്ടി വന്നിരുന്നെങ്കിൽ ചിലപ്പോൾ എനിക്ക് മറ്റ് ആടുകളുടെ കൂടെ ഓടിപ്പോകേണ്ടി വരുമായിരുന്നു. ഒരുപക്ഷേ, മറ്റുള്ളവർ എന്റെ ഈ മുടന്തിലേക്കായിരിക്കും നോക്കുന്നത്. എന്നാൽ ഞാൻ കാണുന്നത് തമ്പുരാന്റെ തോളിലിരുന്നുകൊണ്ടുള്ള ഒരു ലോകമാണ്. അവിടെ ഞാൻ നൂറു ശതമാനം സന്തോഷവതിയാണ്. അവിടുത്തേക്ക് എന്നിലൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഇതെന്നെ ഏൽപ്പിച്ചത്. ഞാൻ തമ്പുരാനെ നാണം കെടുത്തില്ല എന്നുള്ള വിശ്വാസം. അത് കളയാൻ പാടില്ല. എന്റെ മനോഹരമായ ജീവിതം ഏറ്റവും മനോഹരമാക്കി തീർക്കേണ്ടതാണ് എന്റെ ഉത്തരവാദിത്വം” – ആത്മവിശ്വാസത്തോടെ ആൽഫി പറഞ്ഞുനിർത്തുകയാണ്.

ജീവിതത്തിലെ ചെറിയ ചെറിയ തളർച്ചകളിൽ ദൈവത്തെ തള്ളിപ്പറയുന്നവർക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്നവർക്കും ആൽഫി ഒരു പാഠപുസ്തകമാണ്. തനിക്കുള്ളതിനെ ലോകം മുഴുവൻ കുറവുകൾ എന്നു വിളിച്ചാലും അതാണ്‌ തന്റെ ഏറ്റവും വലിയ ബലം എന്ന് ഉറപ്പിച്ചു മുന്നേറുന്ന ആൽഫിമാർ ഇനിയും ഒരുപാട് ഉണ്ടാകേണ്ടിയിരിക്കുന്നു. അപകർഷതാബോധം വരിഞ്ഞുമുറുക്കി ഒരു മുറിക്കുള്ളിൽ ഒതുങ്ങിപ്പോകാമായിരുന്ന ആൽഫി ഈ ലോകത്തിനു മുൻപിൽ ഒരു വിജയവാക്യമാണ്. പുതുതലമുറയ്ക്ക് മോട്ടിവേഷൻ ഐക്കണായി മാറിയ ആൽഫി എന്ന പ്രചോദനത്തിന് ലൈഫ് ഡേയുടെ ആശംസകൾ!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.