“ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു. അവര്‍ അവന്റെ അടുക്കല്‍ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് കൈകൊണ്ട് അവനെ പ്രഹരിച്ചു.” (യോഹ. 19: 2-3)
എന്തിനാണ് യേശുവിനെ ചെമന്ന മേലങ്കി ധരിപ്പിച്ചത്? ചെമന്ന മേലങ്കി രാജാവിന്റെ വസ്ത്രമാണ്. താൻ രാജാവാണ് എന്നവൻ പറഞ്ഞതിനോടുള്ള അവരുടെ ഈർഷ്യയാണ് ചെമന്ന മേലങ്കി ധരിപ്പിച്ച് പ്രഹരിക്കാനും അപമാനിക്കാനും ഇടയായത്. സത്യത്തിൽ യേശു പറഞ്ഞതിൽ തെറ്റുണ്ടായിരുന്നോ? ഇല്ല. പിന്നെയെന്താണ്? യഹൂദരുടെ മത-രാഷ്ട്രീയ-അധികാരശ്രേണിക്ക് അത് അംഗീകരിക്കാനായില്ല, എന്നതാണ് കാരണം.
സംഭവിക്കുന്നുണ്ട്, ഈ ചുറ്റുവട്ടങ്ങളിലും. എന്തെന്നോ? ഒരാൾ പറയുന്നത് കേൾക്കുന്നവർക്ക് മനസിലാകാതെ പോവുന്നു, എന്നത്. മാത്രമല്ല, പറഞ്ഞത് തെറ്റിദ്ധരിക്കപ്പടുകയുമാണ്. വീട്ടിൽ, കുടുംബബന്ധങ്ങളിൽ, സൗഹൃദ വലയങ്ങളിൽ ഒക്കെ ഇത് സംഭവിക്കുന്നില്ലേ? ചിലപ്പോഴെങ്കിലും നമുക്കിടയിൽ ആരോക്കെയോ നിന്ദിക്കപ്പെടുന്നുമുണ്ട്.
സുഹൃത്തേ, പറഞ്ഞതും കേട്ടതും, കേട്ടതും മനസിലാക്കിയതും രണ്ടാവുന്ന ദുരവസ്ഥ നിന്റെ ജീവിതത്തിലുണ്ടോ? ആരെങ്കിലും ചെമന്ന മേലങ്കി അണിയിച്ചിട്ടുണ്ടോ? അപരനെ ക്ഷമയോടെ കേൾക്കാനും അറിയാനും ആദരിക്കാനുമുള്ള കരുത്ത് നേടാനാണീ നോമ്പുകാലം.
ഫാ. അജോ രാമച്ചനാട്ട്