“അവന് തീ കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്റെ കൂടെയായിരുന്നല്ലോ. അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല എന്നു നിഷേധിച്ചു പറഞ്ഞു.” (മര്‍ക്കോ.14:67-68a)
അസ്ഥി തുളയ്ക്കുന്ന തണുപ്പ്. ഇവിടെ ഹൈറേഞ്ചിൽ, ഞങ്ങൾക്കത് അത്ര പുത്തരിയല്ല. ശരീരമാകെ മരയ്ക്കുന്ന തണുപ്പിൽ, ആരാണ് ചൂട് കായാനൊരു അടുപ്പ് തേടിപ്പോകാത്തത്? പത്രോസും അത്രയുമേ ചെയ്തുള്ളൂ. ചൂടുകായാനൊരു തീ തേടിപ്പോയി. പിടിക്കപ്പെട്ട യേശുവിന്റെ കൂടെ നടന്നവനാണെന്ന് പറഞ്ഞാൽ, തീ കായുന്നിടം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് അവനെ അറിയില്ലെന്ന് പറഞ്ഞ് നൈസായിട്ടങ്ങ് സ്കൂട്ടായി. ഹാവൂ, എന്തൊരു തണുപ്പാണെന്റെ സഹോ. അൽപം കൂടി ചേർന്നിരുന്ന് ഒരു കഷണം വിറകു കൂടി അടുപ്പിലേയ്ക്ക്.
തണുത്തു ചാകുമ്പം പിന്നെന്തോ ചെയ്യാനാണെന്ന് പത്രോസ്. വിശന്നിരുന്നപ്പം കടിഞ്ഞൂൽ സ്ഥാനം കൊടുത്ത് പായസം വാങ്ങിയ നമ്മടെ ഒരു ബിഗ് ബ്രദർ ഉണ്ട്, പേര് ഏസാവ്. പെണ്ണിന്റെ ചൂടറിഞ്ഞുകഴിഞ്ഞപ്പം ദൈവം കൊടുത്ത അമാനുഷിക ശക്തിയുടെ രഹസ്യം കൈവിട്ടുപോയ മറ്റൊരു കഥാപാത്രം, സാംസൺ.
ഹൃദയത്തിൽ കരം ചേർത്ത് തമ്പുരാനെ നോക്കണം. ഏത് തീയുടെ ചൂടാണ് അവനെ തള്ളിപ്പറയാൻ പ്രേരിപ്പിച്ചതെന്ന്? ഏതു പാൽപ്പായസമാണ് നിന്നെ നീയല്ലാതാക്കിയതെന്ന്? ഏതു മേനിയഴകാണ് നിന്റെ ദൈവികശക്തി ചോർത്തിയതെന്ന്? സുഹൃത്തേ, ഇടർച്ചകളിൽ നിന്ന് ക്രിസ്തുവിലേയ്ക്ക് നടക്കാനാണീ നോമ്പുകാലം.
ഫാ. അജോ രാമച്ചനാട്ട്