പീലാത്തോസിന്റെ കൊട്ടാരത്തിലെ ഔദ്യോഗിക സമ്മേളനസ്ഥലമാണ് പ്രത്തോറിയം. എല്ലാമുണ്ട് അവിടെ – ഔദ്യോഗിക കൂടിക്കാഴ്ചകളും, ചർച്ചയും, ഉല്ലാസവും ന്യായം വിധിക്കലും. എല്ലാം…
എന്നാൽ, ക്രിസ്തുവിനോ? അവൻ നഗ്നനാക്കപ്പെട്ടയിടമാണ്. അപമാനത്തിന്റെ മേലങ്കി ധരിപ്പിക്കപ്പെട്ടയിടമാണ്. മുൾക്കിരീടം അവന്റെ ശിരസ്സിലാഴ്ത്തിയ ഇടമാണ്. ചുറ്റുള്ളവർ പരിഹസിച്ചാർത്തയിടമാണ്. പടയാളികൾ മുഖത്തു തുപ്പിയ ഇടമാണ്. ഞാങ്ങണ കൊണ്ട് ശിരസ്സിലടിയേറ്റയിടമാണ്.
പ്രത്തോറിയം – നിഷ്കളങ്കൻ അപമാനിക്കപ്പെട്ട ഇടത്തിന്റെ പേര്! ഒരാൾക്കത് സ്വന്തം വീടാകാം, സ്കൂളോ, പള്ളിയോ, ഓഫീസോ, പൊതുനിരത്തോ, ബെഡ് റൂമോ, ഊട്ടുമേശയോ ഒക്കെ ആകാം.
പ്രത്തോറിയങ്ങൾ ആർക്കാണില്ലാത്തത്? ആക്ഷേപത്തിന്റെ, പ്രതികാരത്തിന്റെ, നഗ്നതയുടെ, കുത്തുവാക്കുകളുടെ, അപഖ്യാതികളുടെ, ആന്തരികമുറിവുകളുടെ വടുക്കൾ ഇപ്പോഴും നീരൊലിപ്പിച്ച് ചങ്കിലെവിടെയോ. എന്നിട്ടും, നോട്ടം കൊണ്ട് പോലും ആരോടും പ്രതികരിക്കാത്തവൻ, എന്റെ നസറായൻ ! ചങ്ങാതീ, നോമ്പ് ഓർമകളുടെ സൗഖ്യം കൂടിയാണ്.
ഫാ. അജോ രാമച്ചനാട്ട്