ആധ്യാത്മികജീവിതത്തില്‍ അഭിവൃദ്ധിപ്പെടാന്‍ ഏതൊരു മതവിശ്വാസിയും ജീവിതത്തില്‍ അനുഷ്ഠിക്കുന്ന ചില കാര്യങ്ങളാണ് നോമ്പ്, ഉപവാസം, പ്രാര്‍ഥന, തീർഥാടനം, ദാനധര്‍മ്മം, പാപപരിഹാരം, മതഗ്രന്ഥപാരായണം എന്നിവ. ക്രൈസ്തവസമൂഹം ഈ ആധ്യാത്മികസാധനകള്‍ ഈശോയോടു ചേര്‍ന്ന് അനുഷ്ഠിക്കുന്ന കാലഘട്ടമാണ് നോമ്പുകാലം. ക്രൈസ്തവര്‍ക്ക് നോമ്പുകാലം ക്രിസ്തുകേന്ദ്രീകൃതമാണ്.
നോമ്പുകാലം വ്യക്തിസഭകളില്‍
ഓരോ വ്യക്തിസഭയിലും നോമ്പുകാലഘട്ടം ആചരിക്കുന്നതില്‍ വ്യത്യാസമുണ്ട്. ഈ വ്യത്യാസങ്ങള്‍ സഭ അംഗീകരിക്കുകയും ഓരോ വ്യക്തിസഭയും അത് പരിരക്ഷിക്കാന്‍ തിരുസഭ ആഹ്വാനംചെയ്യുകയും ചെയ്യുന്നു. ഓരോ വ്യക്തിസഭയുടെയും ദൈവശാസ്ത്ര-ആധ്യാത്മിക-ആരാധനക്രമ പ്രത്യേകതകളാണ് ഈ വ്യത്യാസങ്ങള്‍ക്കു കാരണം. ഈ വ്യത്യാസങ്ങള്‍ പരസ്പരവിരുദ്ധങ്ങള്‍ എന്നതിനേക്കാള്‍ പരസ്പരപൂരകങ്ങളാണ്.
ലത്തീന്‍ സഭയിലെ നോമ്പുകാലഘട്ടം
സീറോമലങ്കര, സീറോമലബാര്‍ സഭകളില്‍ നോമ്പാരംഭിക്കുന്ന തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ലത്തീന്‍ സഭയിലെ ‘നോമ്പുകാലം’ ആരംഭിക്കുന്നത്. എന്നാല്‍ അവര്‍ തലേബുധനാഴ്ച തന്നെ നോമ്പ് ആരംഭിക്കും. വിഭൂതി ബുധനാഴ്ച എന്നാണ് ഈ ദിനത്തെ അവര്‍ വിളിക്കുന്നത്.
തലേബുധനാഴ്ച തന്നെ അവര്‍ നോമ്പ് ആരംഭിക്കുന്നതിനു കാരണം ഇപ്രകാരം വിശദീകരിക്കാം: ‘നോമ്പുകാലഘട്ട’ത്തില്‍ അവര്‍ക്ക് ആറ് ആഴ്ചകളേ ഉള്ളൂ. ഞായറാഴ്ചദിനങ്ങളില്‍ അവര്‍ക്ക് മാംസവര്‍ജനം നിര്‍ബന്ധമില്ല (എന്നാല്‍ കേരളത്തിലെ ലത്തീന്‍ സഭാംഗങ്ങള്‍ ഞായറാഴ്ചയും നോമ്പ് അനുഷ്ഠിക്കുന്നവരാണ്). അങ്ങനെ നോക്കുമ്പോള്‍ ആറ് ആഴ്ചകളില്‍ ആറുദിവസം അനുഷ്ഠിക്കുമ്പോള്‍ മുപ്പത്തിയാറു ദിവസമേ ആകുന്നുള്ളൂ. എന്നാല്‍ ഈശോയുടെ മരുഭൂമിയിലെ ഉപവാസ പ്രാര്‍ഥനാദിനങ്ങളുമായി താദാത്മ്യപ്പെടാന്‍തക്കവിധം നാല്‍പതുദിനങ്ങള്‍ തികയ്ക്കുന്നതിനായി നാലുദിവസംമുമ്പേ നോമ്പ് ആരംഭിക്കുന്നു. അങ്ങനെ വിഭൂതിബുധനാഴ്ച അവര്‍ നോമ്പാരംഭത്തിന്റെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടത്തുകയും ഉപവാസദിനമായി ആചരിക്കുകയും ചെയ്യുന്നു.
സീറോമലങ്കര സഭയില്‍
നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയിര്‍പ്പുപെരുനാളിന് ഒരുക്കമായുള്ള തപസ്സുകാലമാണിത്. ‘കൊത്തിനെ’ ഞായറാഴ്ച മുതല്‍ ദുഃഖശനിയാഴ്ച വരെയുള്ള ഏഴ് ആഴ്ചക്കാലമാണിത്. കര്‍ത്താവിന്റെ നാല്പതുദിവസത്തെ ഉപവാസവും പരസ്യജീവിതവുമാണ് ഇക്കാലത്ത് അവരുടെ ധ്യാനവിഷയങ്ങള്‍.
നോമ്പുകാലത്തുള്ള ഏഴ് ഞായറാഴ്ചകളില്‍ ഓരോ ഞായറാഴ്ചയും കര്‍ത്താവിന്റെ പരസ്യജീവിതകാലത്തെ ഓരോ അത്ഭുതം ധ്യാനവിഷയമാക്കുന്നു. അവ യഥാക്രമം കാനായിലെ അത്ഭുതം, കുഷ്ഠരോഗിയുടെ സൗഖ്യം, തളര്‍വാതരോഗിയുടെ സൗഖ്യം, ക്‌നായക്കാരിയുടെ മകളുടെ സൗഖ്യം, കൂനിയായ സ്ത്രീയുടെ സൗഖ്യം, കുരുടന്റെ സൗഖ്യം എന്നിവയാണ്. ഓശാനയോടെ വലിയ ആഴ്ചയിലേക്കു പ്രവേശിക്കുന്നു. നോമ്പിന്റെ നാലാം ഞായര്‍ കഴിഞ്ഞുവരുന്ന ബുധനാഴ്ച പകുതിനോമ്പാണ്. അന്ന് ദൈവാലയമധ്യത്തില്‍ ഗോഗുല്‍ത്താ സ്ഥാപിക്കും. നാല്‍പതാം വെള്ളിയാഴ്ചയുടെ അടുത്തദിവസം ലാസറിന്റെ ശനിയും ഞായര്‍ ഓശാനഞായറുമാണ്.
ഓശാനഞായര്‍ മുതല്‍ ഉയിര്‍പ്പുവരെയുള്ള ഒരാഴ്ച ‘ഹാശാ ആഴ്ച’ (പീഡാനുഭവവാരം) എന്നാണ് അവര്‍ വിളിക്കുക. കഷ്ടാനുഭവ ആഴ്ചയിലെ വ്യാഴാഴ്ച കര്‍ത്താവ് പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയും വെള്ളിയാഴ്ച പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മയും ദുഃഖശനിയാഴ്ച അവിടുന്ന് മരിച്ചവരോട് സുവിശേഷം അറിയിച്ചതിന്റെയും സ്മരണദിനങ്ങളാണ്. ഈ നോമ്പുകാലഘട്ടത്തില്‍ മാര്‍ച്ച് 25 വന്നാല്‍ അത് ദുഃഖവെള്ളിയാഴ്ചയാണെങ്കില്‍പോലും മംഗളവാര്‍ത്ത തിരുനാള്‍ പരിശുദ്ധ കുര്‍ബാനയോടുകൂടി ആഘോഷിക്കാം. അതിനുശേഷം ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍. ദനഹക്കാലത്തിന്റെ അന്ത്യത്തില്‍ പരേതരായ വൈദികരെയും മരിച്ചുപോയ സകല വിശ്വാസികളെയും ഓര്‍ക്കുന്നത് മരിച്ചുപോയവരെക്കുറിച്ചും മരണത്തെക്കുറിച്ചും ഓര്‍ത്തുകൊണ്ട് നോമ്പിലേക്കു പ്രവേശിക്കണമെന്ന സന്ദേശം നല്‍കുന്നു.
സീറോമലബാര്‍ സഭയില്‍
സീറോമലബാര്‍ സഭയില്‍ നോമ്പിന്റെ കാഹളം മൂന്നുനോമ്പില്‍ തന്നെ മുഴങ്ങുന്നു. നിനിവേക്കാരുടെ ഉപവാസത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ‘ഇതാ നോമ്പുകാലം ആരംഭിക്കാറായി ഒരുങ്ങുക’ എന്ന സന്ദേശമാണ് പതിനെട്ടാമിടം എന്നറിയപ്പെടുന്ന സമാപനദിവസത്തില്‍ ദൈവവചന വായനകള്‍ വിശ്വാസികള്‍ക്കു നല്‍കുക. പിന്നീട് ആരാധനാശുശ്രൂഷകളിലെ ദൈവവചന വായനകളില്‍ ഉപവാസം, പ്രാര്‍ഥന, നോമ്പ്, ദാനധര്‍മ്മം, ജീവിതനവീകരണം എന്നിവയിലേക്കുള്ള സൂചനകള്‍ നമുക്കു കാണാം.
നോമ്പിന്റെ ഒന്നാം ഞായറാഴ്ച അര്‍ധരാത്രിയില്‍ അവര്‍ നോമ്പാരംഭിക്കുന്നു. സൂക്ഷ്മപഠനത്തില്‍ അമ്പതുദിനങ്ങളിലെ നോമ്പും നാല്പതുദിവസത്തെ ഉപവാസവും അവസാനത്തെ രണ്ടുനാളുകളിലെ തീവ്രമായ തപസ്സും ആരാധനാശുശ്രൂഷകളും ചേര്‍ന്നതാണ് അവരുടെ വലിയ നോമ്പ് എന്നു മനസ്സിലാക്കാം. നോമ്പാചരണത്തില്‍ പടിപടിയായി പുരോഗമിച്ച് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഉയിര്‍പ്പുതിരുനാള്‍ (1 കൊറി 15/12-19) ഏറ്റവും സമുചിതമായി ആഘോഷിക്കുന്നു.
തപസ്സിന്റെ നാളുകളിലേക്ക് മൂന്നുനോമ്പില്‍ കാഹളം മുഴക്കുന്ന സീറോമലബാര്‍ സഭ നോമ്പിന്റെ ഒന്നാം ഞായറാഴ്ച അര്‍ധരാത്രിയില്‍ നോമ്പാരംഭിക്കുമ്പോള്‍ രാവിലെ ദൈവാലയത്തില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടത്തുകയും അന്നേദിവസം ഉപവാസദിനമായി ആചരിക്കുകയും ചെയ്യുന്നു. ഇരുപത്തിയഞ്ചു ദിനങ്ങള്‍ കഴിയുമ്പോള്‍ പാതിനോമ്പ് എന്ന ഒരു ആചരണമുണ്ട്. അതിന്റെ സന്ദേശം ഇങ്ങനെ സംഗ്രഹിക്കാം. ‘ഇതാ നോമ്പുകള്‍ പകുതി കഴിഞ്ഞിരിക്കുന്നു ആദ്യപകുതിയില്‍ ചില ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. പിന്നിലുള്ളവയെ വിസ്മരിച്ച് നോമ്പുകാലം തീവ്രമാക്കി ജീവിതനവീകരണം നമുക്ക് നേടിയെടുക്കാം.’
കുറച്ചുകൂടി തീവ്രമാക്കി മുന്നോട്ടുപോകുന്ന നോമ്പുനാളുകള്‍ നാല്പതുദിവസം പൂര്‍ത്തിയാകുമ്പോള്‍ 40-ാം വെള്ളിയാഴ്ചയായി ഇന്ത്യയിലെ രണ്ടു പൗരസ്ത്യ കത്തോലിക്കാ സഭകളും ആചരിക്കുന്നു. അതിലൂടെയും ഒരു സന്ദേശം സഭ നല്‍കുന്നു. ഇതിപ്രകാരമാണ്: ‘ഇതാ നോമ്പിന്റെ 40 നാളുകള്‍ പൂര്‍ത്തിയായി. ഇനി ഈശോയുടെ ജറുസലേം പ്രവേശനം മുതല്‍ ഉയിര്‍പ്പുനാള്‍ വരെയുള്ള രക്ഷാകര രഹസ്യങ്ങളാണ് ആരാധനക്രമത്തിലും ജീവിതത്തിലും ആചരിക്കാന്‍ പോകുന്നത്. വചനധ്യാനം താപസികത, പ്രാര്‍ഥന, മൗനം എന്നിവ തീവ്രമാക്കുക.’ ഉപവാസത്തിന്റെ നാല്പതു നാളുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സീറോമലബാര്‍ സഭ ആചരിക്കുന്ന ഏറ്റവും ഉദാത്തമായ ദിനമാണ് പെസഹാ. അന്ന് ഈ സഭയ്ക്ക് പരിശുദ്ധ കുര്‍ബാനയുടെ തിരുനാളാണ്. ഈ പരിശുദ്ധ കുര്‍ബാനയുടെ തിരുനാളില്‍ ഏറ്റവും ശ്രദ്ധേയമായത് പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനംതന്നെ. പിന്നെ അനുസ്മരിക്കുന്ന രഹസ്യം പുതിയനിയമ പൗരോഹിത്യമാണ്. മൂന്നാംസ്ഥാനത്ത് സ്‌നേഹത്തിന്റെ കല്പനയുടെ പ്രഖ്യാപനം. നാലാം സ്ഥാനത്തുമാത്രമേ കാലുകഴുകല്‍ ശുശ്രൂഷ വരുന്നുള്ളൂ.
ഈ ദിവസം പ്രത്യേക ആരാധനക്രമ ആധ്യാത്മിക ആഘോഷങ്ങളാണ് ഈ സഭയ്ക്കുള്ളത്. പരിശുദ്ധ കുര്‍ബാനയുടെ ഏറ്റവും ആഘോഷപൂര്‍വമായ അര്‍പ്പണം ദൈവാലയത്തിലും ഈശോയുടെ അന്ത്യഅത്താഴത്തെ അനുസ്മരിച്ചുകൊണ്ട് കുടുംബങ്ങളില്‍ പെസഹാഭക്ഷണവും നടത്തുന്നു. കുടുംബങ്ങളിലെ പെസഹാ ആചരണം കഴിഞ്ഞാല്‍ ഗദ്‌സമനിയില്‍വച്ചു പിടിക്കപ്പെട്ട ഈശോയുടെ സഹനങ്ങളോടുചേര്‍ന്ന് ജാഗരണവും മൗനവും ആചരിക്കുന്നു. ഈ മണിക്കൂറുകള്‍ തീവ്രമായ പ്രാര്‍ഥനയുടെയും ഈശോയുടെ പീഡാനുഭവ ധ്യാനത്തിന്റെയും സമയമാണ്. അന്നേദിവസം മൗനംപാലിക്കുക ഈ സഭയുടെ പ്രത്യേകതയാണ്. പെസഹാവ്യാഴം വലിയ നോമ്പിനെയും പെസഹാ ത്രിദിനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. പെസഹാ ത്രിദിനത്തില്‍ ഈശോയുടെ മരണം, കബറടക്കം, ഉത്ഥാനം എന്നിവയാണ് അനുസ്മരിക്കുന്നത്. വലിയനോമ്പിലെ അവസാനത്തെ ആഴ്ചയെ വലിയ ആഴ്ച എന്നാണ് വിളിക്കുക. വിശുദ്ധ കുര്‍ബാന, ഈശോയുടെ തിരുഹൃദയം, മാമ്മോദീസ, മിശിഹായുടെ ഉത്ഥാനം എന്നീ വിശ്വാസരഹസ്യങ്ങളെ തീവ്രമായി ആരാധനക്രമത്തില്‍ ആഘോഷിക്കുകയും ജീവിതത്തില്‍ പകര്‍ത്താന്‍ ത്യാഗപൂര്‍വം പരിശ്രമിക്കുകയും ചെയ്യുന്ന ദിനങ്ങളായതിനാല്‍ ഈ നാമം വളരെ ഉചിതംതന്നെ.
സഭകള്‍ക്ക് ആധ്യാത്മികമായി സമൂഹമെന്ന നിലയില്‍ അഭിവൃദ്ധിപ്പെടാന്‍ ഉചിതമായ സമയമാണ് നോമ്പുകാലം. ഓരോ സഭയ്ക്കും പ്രത്യേക ശൈലിയിലാണ് നോമ്പുകാലം അനുഗ്രഹപ്രദമാക്കുന്നത്. പൗരസ്ത്യ സഭകള്‍ മാംസം, മത്സ്യം, മുട്ട, പാല്, പാലുല്പന്നങ്ങള്‍, വിവാഹിതര്‍ ദാമ്പത്യധര്‍മ്മം എന്നിവ ഇക്കാലഘട്ടത്തില്‍ ഈശോയോടു ചേര്‍ന്നു ത്യജിക്കുന്നു. നോമ്പുകാലം ബാഹ്യാനുഷ്ഠാനങ്ങളില്‍മാത്രം ഒതുങ്ങിപ്പോകാതിരിക്കാന്‍ യാമപ്രാര്‍ഥനകളിലൂടെ നോമ്പിന്റെ ലക്ഷ്യങ്ങളും നോമ്പില്‍ വരുത്തേണ്ട ജീവിതനവീകരണവും വിശ്വാസികളെ നിരന്തരം അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നു. നോമ്പുകാലം ജീവിതനവീകരണത്തിലേക്കു നയിക്കാന്‍ ഏറ്റവും സഹായിക്കുന്നത് വ്യക്തിസഭകളുടെ യാമപ്രാര്‍ഥനകളാണ്.
ഇക്കാലത്തെ വിശുദ്ധ ഗ്രന്ഥവായനകളും, ആരാധനക്രമ ഗീതങ്ങളും പ്രാര്‍ഥനകളും നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ആധ്യാത്മികചിന്തകള്‍ വളരെയാണ്. നോമ്പിന്റെ രണ്ടുദിനം മുമ്പ് (ദനഹായുടെ അവസാന വെള്ളി) സീറോമലബാര്‍ സഭ ആചരിക്കുന്ന സകല മരിച്ചവരുടെയും ഓര്‍മ്മ നമ്മുടെ മരണം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. നോമ്പിലെ ത്യാഗപ്രവര്‍ത്തികളും സത്കൃത്യങ്ങളും മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് സ്വര്‍ഗത്തില്‍ ചേരാനുള്ള നിയോഗത്തോടെ അനുഷ്ഠിക്കണമെന്ന ഓര്‍മ്മിപ്പെടുത്തലും നടത്തുന്നു. സഹനം മഹത്വത്തിലേക്കുള്ള പാതയാണെന്ന (ലൂക്ക 24/27) സത്യം നോമ്പിലെ പ്രധാന ചിന്തയാണ്. നോമ്പില്‍ സാരം ഭോജ്യങ്ങള്‍ കൈവെടിയുന്നതില്‍ മാത്രമല്ല ദൈവികപുണ്യങ്ങള്‍ അഭ്യസിക്കുക എന്നതുകൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നതില്‍ സഭ ഉത്സുകയാണ്. നോമ്പിലൂടെ ഉടലും ആത്മാവും അലങ്കരിക്കപ്പെടണം. അതിനാല്‍ നോമ്പുനാളുകളില്‍ ദുഃഖിതരില്‍ നാം ആശ്വാസം പൊഴിക്കണം. ആത്മാവിന്റെ ഫലങ്ങള്‍ക്കനുസരിച്ചു വ്യാപരിക്കാന്‍ നോമ്പിന്‍നാളുകള്‍ നമ്മെ പരിശീലിപ്പിക്കും.
നോമ്പുകാലം ദൈവബന്ധവും സഹോദരബന്ധങ്ങളും പരിശോധിക്കാനും തിരുത്തലുകള്‍ വരുത്താനും കൂടുതല്‍ ദൃഢതരമാക്കാനുമുള്ള കാലഘട്ടമാണ്. ദൈവിക പ്രവര്‍ത്തനങ്ങള്‍ക്കായി ശരീരത്തെ ഒരുക്കാനും ആത്മാവിനെ ചൈതന്യമുള്ളതാക്കാനും നോമ്പുകാലം നമ്മെ സഹായിക്കുന്നു.
ഫാ. കുരിയാക്കോസ് മൂഞ്ഞേലി MCBS