യേശു കുരിശ് ചുമക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളൊന്നും സുവിശേഷത്തിലില്ല. അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയെന്നും അവശനായ അവന്റെ കുരിശ് ചുമക്കാന്‍ കിറനേക്കാരന് ശിമയോന് സഹായിച്ചുവെന്നും സുവിശേഷം സാക്ഷ്യം നല്‍കുന്നുണ്ട് (മര്‍ക്കോ. 15:20; ലൂക്കാ 23:26). എങ്കിലും കുരിശിന്റെ വഴിയിലെ രണ്ടാം സ്ഥലം യേശു കുരിശ് ചുമക്കുന്നതാണ്. പരിത്യജിക്കപ്പെട്ടവന്റെ വേദനയാണ് രണ്ടാം സ്ഥലത്ത് ആബേലച്ചന്റെ കുരിശിന്റെ വഴിയിലെ, പ്രാര്‍ഥനയില്‍ നിഴലിക്കുന്നത്.
കുരിശെടുക്കുക എന്നത് ഒരു ഭാരപ്പെടലാണ്. ഉല്പത്തി പുസ്തകം മുതല്‍ തന്നെ മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ഭാരപ്പെടല്‍ ആരംഭിക്കുന്നുണ്ട്. പാപത്തിന്റെ പിന്നാലെ പായുന്ന മനുഷ്യനെക്കുറിച്ചായിരുന്നു ദൈവത്തിന്റെ ഭാരപ്പെടല്‍. ആ ഭാരപ്പെടലില് നിന്നാണ് ഇസ്രായേലിനു വേണ്ടി നേതാക്കന്മാരായി ന്യായാധിപന്മാരും പ്രവാചകന്മാരുമൊക്കെ അയയ്ക്കപ്പെടുന്നത്. ഈ ഭാരപ്പെടലില് നിന്ന് പിറവിയെടുക്കുന്ന കരുണ തന്നെയാണ് യേശുവിന്റെ മനുഷ്യാവതാരവും കുരിശുമരണവും ഉത്ഥാനവുമെല്ലാം.
കുരിശുയാത്ര അര്ഥമില്ലാത്തതല്ല. കര്‍ത്താവിന്റെ കുരിശുയാത്ര രക്ഷാകരമായിരുന്നു. നിഷ്കളങ്കനും നിരപരാധിയുമായിരുന്നിട്ടും കള്ളന്മാര്ക്കും രാജ്യദ്രോഹികള്‍ക്കും കൊടുക്കുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു. എല്ലാറ്റിനും കാരണമായത് മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ ഭാരപ്പെടല്‍ തന്നെയാണ്. മനുഷ്യരക്ഷയ്ക്കു വേണ്ടിയായിരുന്നു ആ കുരിശെടുക്കല്‍.
സാധാരണജീവിതത്തില്‍ കുടുംബത്തിനു വേണ്ടി, സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഭാരപ്പെടുന്ന എത്രയോ പേരുണ്ട്. പകലന്തിയോളം പൊരിവെയിലത്ത് കുടുംബത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്ത് ചോര നീരാക്കുന്ന കുടുംബനാഥനും, മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഒരുപാട് ആകുലപ്പെട്ട് ഇടതടവില്ലാതെ അവര്‍ക്കു വേണ്ടി ജപമണികള്‍ ഉരുട്ടുന്ന വൃദ്ധമാതാവും പിതാവും, പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വ്യാധിയോടെ വീടിന്റെ ഉമ്മറപ്പടിയില്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന കുടുംബിനിയും, ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി ഭാരപ്പെടുന്ന കുരിശ് ചുമക്കുന്ന വ്യക്തികളാണ്. ഇങ്ങനെ എത്രയോപേര്‍.
എന്നാല്‍, പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയെടുക്കുന്ന ത്യാഗങ്ങളും വേദനകളുമൊന്നും അവരെ നൊമ്പരപ്പെടുത്തുകയോ ഭാരപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. പ്രിയപ്പെട്ടവരോടുള്ള സ്നേഹത്തില്‍ കുരിശിന്റെ ഭാരമെല്ലാം അലിഞ്ഞില്ലാതാകുന്നു. കുരിശിന് ഭാരം അനുഭവപ്പെടുന്നേയില്ല അവര്‍ക്ക്.
ഒരിക്കല്‍ തളര്‍ന്നുപോയ തന്റെ സഹോദരനെ ചുമലിലേറ്റി വേച്ചുവേച്ചു നടന്നുപോകുന്ന ഒരുവനോട് ആരോ ഒരാള്‍ ചോദിച്ചു. ”ഓ, വലിയ ഭാരമാണല്ലേ?”
”ഭാരമല്ല. എന്റെ ജ്യേഷ്ഠനാണ്” എന്നായിരുന്നു അവന്റെ മറുപടി.
ഇതേ മനോഭാവമാണ് ഡോ. ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകത്തിലെ ആ അമ്മയ്ക്കും. അവളുടെ മകന് കേരളത്തിനു പുറത്ത് എഞ്ചിനീയറിംഗിന് പഠിക്കുന്നു. അവന്റെ പരീക്ഷാനാളുകളാണ്. അമ്മ ക്യാന്‍സര്‍ ബാധിച്ച് ഡോക്ടറുടെ ചികിത്സയിലും. രോഗവിവരം അമ്മ മകനെ അറിയിച്ചില്ല. ഡോക്ടറുടെ മുറിയിലിരിക്കുമ്പോള്‍ കണ്ണീരോടെ അവളുടെ ആകുലത, തന്റെ രോഗാവസ്ഥയെക്കാള്‍ ഭാരപ്പെടല്‍ മകനെക്കുറിച്ചു മാത്രമാണ്. അതുകൊണ്ടാണ് അവള് ഡോക്ടറോട് പറയുന്നത് ”മകന്റെ പരീക്ഷ തീരുവോളം ജീവന് നീട്ടിത്തരണം” എന്ന്.
അതുകൊണ്ട്, സ്നേഹിക്കുക എന്നതിന്റെ അര്‍ത്ഥം തന്നെ സ്നേഹിക്കുന്നവനു വേണ്ടി ഭാരപ്പെടുക, വ്യാകുലപ്പെടുക എന്നുതന്നെയല്ലേ? സ്നേഹത്തില്‍ നിന്ന് ഉയിര്കൊള്ളുന്നതു കൊണ്ടുതന്നെ ആ ഭാരപ്പെടല്‍ സുഖദായകമായി മാറുന്നുണ്ട്.
ജീവിതകുരിശും പേറി യാത്രചെയ്യാത്ത മനുഷ്യരില്ല. ചില മുഖങ്ങളും സാന്നിധ്യങ്ങളും കുരിശുയാത്രയില്‍ ആശ്വാസമാകുമെന്നത് തീര്‍ച്ച. The Passion of Christ എന്ന സിനിമയില്‍ കുരിശോടുകൂടെ തളര്‍ന്ന് നിലത്തുവീഴുന്ന മകനെ താങ്ങിയെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച് മറ്റാരും കേള്‍ക്കാത്ത ശബ്ദത്തില്‍ പരിശുദ്ധ മറിയം മകനോട് പറയുന്നു: My son I am with you.
സ്നേഹിക്കുന്നവരുടെ സാന്നിധ്യം കുരിശുയാത്രയ്ക്ക് കുളിര്‍മ നല്‍കും.
സഹനങ്ങളുടെ കുരിശുയാത്രയില്‍ പരിശുദ്ധ അമ്മയുടേതു പോലെ, ശിമയോനെപ്പോലെ ഒരു സാന്നിധ്യം ആരാണ് ആഗ്രഹിക്കാതിരിക്കുക. അങ്ങനെയൊരു സ്നേഹസാന്നിധ്യം ഉണ്ടായിരുന്നെങ്കിലെന്ന് ചില സഹനവേളകളില്‍ നീയും കൊതിച്ചിട്ടില്ലേ? ഒരു വാക്കുപോലും ഉരിയാടിയില്ലെങ്കിലും ഒരു കൈകൊണ്ട് താങ്ങിയില്ലെങ്കിലും നൊമ്പരവേളകളിലെ സ്നേഹസാന്നിധ്യം പോലും സുഖമുണര്ത്തുന്നതാണെന്നറിയുക. കുരിശ് പേറുന്നവന് ആശ്വാസത്തണല്‍ തീര്‍ക്കാനുള്ള നിയോഗം നിങ്ങള്‍ക്കുമുണ്ട്.
ഫാ. റോക്കി റോബി, കളത്തില്‍