
‘മൈ നെയിം ഈസ് ഖാന്’ എന്ന ചിത്രത്തില്‍ കുഞ്ഞുഷാരൂഖ് മനുഷ്യരെക്കുറിച്ച് അമ്മയോട് ചോദിക്കുന്നുണ്ട്. ”ആരാണ്, എന്താണ് ഈ മനുഷ്യര്‍?” അതിനുള്ള അമ്മയുടെ ഉത്തരം ശ്രദ്ധേയമാണ്. ”മോനേ, ലോകത്തില്‍ രണ്ടുതരം ആളുകളേയുള്ളൂ. നന്മചെയ്യുന്ന നല്ലവരും തിന്മ ചെയ്യുന്ന ചീത്ത ആള്‍ക്കാരും.”
ഇങ്ങനയേ നമുക്ക് നമ്മളെ പരസ്പരം കാണാന്‍ കഴിയൂ. മനുഷ്യരെ എല്ലാത്തരത്തിലും തരംതിരിവ് നടത്തുന്ന കാലമാണ്. എന്നാല്‍, ഇന്ന് മനുഷ്യര്‍ക്കിടയില്‍ മറ്റ് രണ്ടുതരം തിരിവുകളാണ്; വിധിക്കുന്നവരും വിധിക്കപ്പെടുന്നവരും. വിധിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളുമുണ്ട്. എന്നാല്‍, വിധിക്കപ്പെടുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നു.
അങ്ങനെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പട്ട ഒരാളായിട്ടാണ് ഈശോ ഹേറോദേസിന്റെ അരമനയില്‍ നില്‍ക്കുന്നത്. നോക്കുക, മനുഷ്യന് എന്ന ആനുകൂല്യം വരെ നഷ്ടപ്പെട്ട്, കുറ്റവാളി എന്ന പേരിലാണ് അവന് വിധിയേല്ക്കുന്നത്. ഈശോ നിശബ്ദനായി നില്ക്കുന്നു. വിധി അവനെ പീഡനങ്ങളിലേയ്ക്കും കുരിശുമരണത്തിലേയ്ക്കും ക്ഷണിക്കുകയാണ്. അനീതിയുടെ മേഘപാളികള്‍ ആ വേളയില്‍ അവനെ പൊതിഞ്ഞിരിക്കണം. നസ്രായന് അതെല്ലാം നിശബ്ദനായി, ക്ഷമയോടെ, സ്നേഹത്തോടെ സ്വീകരിക്കുന്നു. മനുഷ്യന് എന്ന പരിഗണന നല്കാതെയുള്ള വിധിയില്‍ അവന് ക്ഷീണിതനാകുന്നു. ചമ്മട്ടിയടിയേറ്റ ശരീരവും രക്തത്തില്‍ കുതിര്‍ന്നുപോയ വസ്ത്രങ്ങളും മുള്‍മുടിയുടെ വേദനയും ഉറക്കമൊഴിഞ്ഞ കണ്ണുകളും ഉണങ്ങിയ ചുണ്ടുകളും വിധി കല്പ്പിച്ചവര് ഒരു മനുഷ്യനെന്നുള്ള പരിഗണന പോലും അവന് നല്‍കിയില്ല എന്ന സൂചനയിലേക്ക് നയിക്കുന്നു.
കാര്യങ്ങള്‍ മാറിപ്പോകുന്നത് മനുഷ്യന് എന്ന സങ്കല്‍പ്പം ഇല്ലാതാകുമ്പോഴാണ്. വിധി പറയുന്നവര്‍ അവന് മരണമാണ് നല്‍കുന്നത്. എന്നുവച്ചാല്‍ മനുഷ്യന് എന്ന അവന്റെ അസ്തിത്വത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന വിധി. അന്യായമായി നമ്മള് നടത്തുന്ന ഓരോ വിധിയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഓരോ വിധിയിലൂടെയും നമ്മള് മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. വ്യക്തികളെ കേവലം ഇരകളും ശിക്ഷ സ്വീകരിക്കുന്നതിനുള്ള ബലിയാടുകളുമാക്കുകയാണ് ഓരോ വിധിയിലൂടെയും നടത്തപ്പെടുന്നത്.
നമ്മളും ഇന്ന് പലരെയും അന്യായമായി വിധിച്ച് തലകുനിച്ചു നിര്‍ത്തിയിരിക്കുന്നു. തെരുവില്‍ നമുക്ക് ഇപ്പോഴും ക്രിസ്തുവിനെ കാണാം. കോര്‍പ്പറേറ്റ് മന്ദിരങ്ങളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ക്രിസ്തു, അസൂയാലുക്കളാല്‍ അസ്തിത്വം നഷ്ടമാക്കപ്പെട്ട ക്രിസ്തു. അവന് പ്രാര്‍ത്ഥന ഇപ്പോഴും തുടരുകയാണ്: ”ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ.” അന്യായമായി വിധിക്കപ്പെടുന്നവര്‍ എല്ലാക്കാലത്തും നിശബ്ദമായി ഉരുവിടേണ്ട പ്രാര്‍ത്ഥനയാണിത്.
ഇനി നമുക്ക് – അവന്റെ ശിഷ്യന്മാര്ക്ക് ഒരു കണ്ണാടി കയ്യില്‍ കരുതാം. അതില്‍ സ്വയം നോക്കുമ്പോള്‍ തെളിയുന്നത് വിധിയാളന്റെ മുഖമാണോ? അതോ വിധിക്കപ്പെടുന്നവന്റെ ദയനീയതയാണോ? ഏതാണെങ്കിലും അവന്റെ വചനം കൂടി കേള്‍ക്കുക; ”നിങ്ങളില്‍ പാപം ചെയ്യാത്തവന് കല്ലെറിയട്ടെ” എന്ന വചനം. ആദ്യം എന്റെ കയ്യിലെ കല്ല് ഞാന്‍ താഴെയിടുകയാണ്. കാരണം, എനിക്കു മുമ്പില്‍ അവന് ഏകനായി നിശബ്ദനായി കണ്ണീരുമായി തലകുനിച്ചു നില്ക്കുന്നു. എന്റെ വിധിവാചകത്തിനായി. സത്യവും നീതിയും ഇരുളില്‍ മറയുന്ന കാലത്ത്, ക്രിസ്തുവിന്റെമേല്‍ ചുമത്തപ്പെട്ട അന്യായവിധി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഞാന്‍ വിധി പറയുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.
വിധിക്കപ്പെടുന്നവന്റെ വിഹ്വലത മനസ്സിലാക്കി, കഴിഞ്ഞ വര്‍ഷം ദ്രുപത് ഗൗതം എന്ന ഒരു കുഞ്ഞുബാലന് കുറിച്ച കവിത ശ്രദ്ധേയമായിരുന്നു. ‘ഭയം’ എന്ന തലക്കെട്ടില്‍ അവന് എഴുതിയ കവിതയിലെ വരികള്‍ ഈ ധ്യാനത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.
മരമെന്ന ക്ലാസ്സിലെ/ ഒരില പോലും അനങ്ങുന്നില്ല/
നിശബ്ദതയെന്ന പട്ടിക്കൂട്/ വ്യവസ്ഥിതി
ആരുടെയോ പേരെഴുതി വയ്ക്കുന്നു/
വിയര്‍ത്ത് ഓടിവന്ന കാറ്റിനെ/
ചുണ്ടില്‍ ഒരു വിരല്‍ ഒട്ടിച്ച്/
നിര്‍ത്തിയിട്ടുണ്ട് വരാന്തയില്‍.
ഒരു മിണ്ടല്/ ചുണ്ടോളം വന്ന്/ വറ്റിപ്പോകുന്നു.
വാതില്‍ വരെ എത്തിയ/ ഒരു ചിരി തിരിഞ്ഞോടുന്നു.
ചുമരും ചാരിയിരുന്ന് ഉറങ്ങിപ്പോയി/
അനാഥമായൊരക്ഷരം.
ഭയം ഒരു രാജ്യമാണ്/
അവിടെ നിശബ്ദത ഒരു (ആ) ഭരണമാണ്.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍