
ഗത്സമെന്‍ – ഏകാന്തതയുടെയും മൗനത്തിന്റെയും ഏകാഗ്രതയുടെയും ഭീതിയുടെയും സ്ഥലം. അവിടെയിരുന്നുകൊണ്ട് യേശു തന്റെ പിതാവിനോട് ഇങ്ങനെ പ്രാര്‍ഥിക്കുന്നു; ”എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഹിതം പോലെയാവട്ടെ!” (മത്തായി 26:39).
ഒരേസമയം മനുഷ്യപുത്രനും ദൈവപുത്രനുമായി ഈ ലോകത്ത് ജീവിച്ച ഈശോമിശിഹായെ നമുക്ക് ധ്യാനിക്കാം. മനുഷ്യപുത്രന് എന്ന നിലയില്‍ ഈശോ, നമ്മെയെല്ലാം പോലെ ഒരു മനുഷ്യനാണ്. മരണത്തെ ഒഴിവാക്കാന്‍ ആഗ്രഹിക്കുക എന്നത് എല്ലാ ജീവികള്‍ക്കും സഹജമാണ്. അത് യേശു എന്ന മനുഷ്യനിലും കാണുന്നു. മനുഷ്യപുത്രന് എന്ന നിലയിലാണ് ”സാധിക്കുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് നീങ്ങിപ്പോകണമേ” എന്ന് പ്രാര്‍ഥിക്കുന്നത്. ജനനമരണങ്ങളെ സത്യമായി അംഗീകരിക്കേണ്ടവരാണ് നാം എന്ന സത്യം മറക്കാതിരിക്കുക. ദൈവരഹസ്യം അറിഞ്ഞ് ദൈവപുത്രന് എന്ന നിലയിലാണ് യേശു പറയുന്നത്; ”എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ” എന്ന്.
മനുഷ്യപുത്രനും ദൈവപുത്രനുമെന്ന ഈ രണ്ടുവശങ്ങള്‍ രണ്ടാകാതെ ഏകമായി സന്ധിക്കുന്ന ഒരു തലമുണ്ട്. അവിടെയാണ് ഒരു ക്രൈസ്തവന് യേശുക്രിസ്തുവിനെ ദര്‍ശിക്കേണ്ടത്. ഈ ഒരു ദര്‍ശനഭാഗ്യം ഉണര്ന്നുകിട്ടേണ്ട അവസരം വന്നപ്പോഴാണ് ശിഷ്യന്മാര് ഉറങ്ങിപ്പോയത്. നമ്മുടെയും അവസ്ഥ ഇത് തന്നെയല്ലേ. അലസനിദ്രയിലാണ് നമ്മള്. ആയതിനാല്‍ ക്രിസ്തുവിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. ഈ തിരിച്ചറിവ് ഇല്ലാതെ പോകുന്നതുകൊണ്ടല്ലേ ക്രൈസ്തവരായ നാമും സഭയും ചിലപ്പോഴെങ്കിലും ക്രിസ്തുചൈതന്യം നഷ്ടപ്പെട്ട വെറും ജഡപ്രിയരായി അധഃപതിക്കുന്നത്. മാനുഷികതയില്‍ നിന്നും ദൈവീകതയിലേക്ക് ഉയരാന്‍ എന്തേ നമുക്കു കഴിയാതെ പോകുന്നത്?
നമ്മളൊക്കെ ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ ”ദൈവമേ, അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്നുപറയാന്‍ മറന്നുപോകും. മാത്രമല്ല സ്വന്തം ഇഷ്ടം നടത്തിക്കിട്ടാന്‍ വേണ്ടി ദൈവത്തിന് പണവും കൊടുക്കും. പണം എന്താണ് എന്ന് ദൈവത്തിന് അറിയാമോ എന്നറിഞ്ഞുകൂടാ. കാരണം, പണം എന്ന സാധനം മനുഷ്യന് അവന്റെ സൗകര്യസുഖത്തിനു വേണ്ടി ഉണ്ടാക്കിയതാണ്. അരിയും ഗോതമ്പും ചക്കയും മാങ്ങയുമൊക്കെ ദൈവനിര്‍മ്മിതമാണ്. ആയതിനാല്‍ അനുകൂലമായ കാലാവസ്ഥയ്ക്കും സമൃദ്ധമായ വിളവുകള്‍ക്കും സുഭിഷമായ വത്സരത്തിനും ലോകം മുഴുവന്റെയും ഐശ്വര്യത്തിനും വേണ്ടിയാണ് നാം പ്രാര്‍ഥിക്കേണ്ടത്. പണം ആവശ്യപ്പെട്ടാല്‍ ഈശോ പറയാന്‍ ഇടയുണ്ട്: ”അതെന്താണെന്ന് എനിക്ക് അറിഞ്ഞുകൂടല്ലോ” എന്ന്.
മാനുഷികതയില്‍ നിന്ന് ദൈവീകതയിലേക്ക് വളരാത്തിടത്തോളം കാലം, ദുര്‍ബലവും അനിത്യവും അസ്ഥിരവുമായ ശരീരത്തിന്റെ വശത്തേയ്ക്ക് നമ്മള് വിധേയരായിപ്പോകും. അങ്ങനെയൊന്ന് നിങ്ങള്‍ക്ക് സംഭവിക്കാതിരിക്കട്ടെ എന്ന് ഈശോ ശിഷ്യന്മാരോട് പറയുന്നു. പ്രലോഭനങ്ങള്‍ ഉണ്ടാകുന്ന ശരീരം ദുര്‍ബലമാണെങ്കിലും പ്രലോഭനങ്ങള്‍ക്ക് അതീതമായ ആത്മാവ് സന്നദ്ധമാണ് എന്ന് ഈശോ അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അതായത്, മാനുഷികതയും ദൈവികതയും നിന്നിലുണ്ടെന്ന സത്യം.
ഫാ. സൈജു തുരുത്തിയില്‍