
ഒരു വലിയ ജനക്കൂട്ടത്തിനു മുന്നില്‍ നഗ്നനാക്കപ്പെടുന്ന ഒരുവന്റെ മാനസികാവസ്ഥയെപ്പറ്റി നമ്മള് എന്നെങ്കിലും കാര്യമായി ചിന്തിച്ചിട്ടുണ്ടോ? സമൂഹത്തിനു മുമ്പില്‍ തൊലിയുരിയപ്പെടുന്നവരുടെ വേദനയും കണ്ണീരും ഒപ്പിയെടുക്കാനാണ് അവിടുന്ന് ഈ അനുഭവത്തിലൂടെ കടന്നുപോയത്. യേശുവിനോട് കാട്ടിയ ഈ ക്രൂരത ഇന്നത്തെ സമൂഹം ഏറ്റെടുത്തിരിക്കയാണ്. ഒരു അശുഭവാര്‍ത്ത ആരെപ്പറ്റിയെങ്കിലും കേട്ടാല്‍ മതി കാട്ടുതീ പോലെ അത് പടരാന്‍. പിന്നെ ചാനലുകാര് അത് ഏറ്റെടുത്ത് ചര്‍ച്ചയിലൂടെ ആ വ്യക്തിയെ പൂര്‍ണ്ണമായും നഗ്നനാക്കുകയും ചെയ്യും. അതിനുള്ള ലൈസന്‍സ് അവര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് അവരുടെ വിചാരം.
യേശുവിനെ നഗ്നനാക്കിയവരുടെ മനസ്സിന്റെ കാഠിന്യം ധ്യാനിക്കുന്ന നമുക്ക് നമ്മോട് തന്നെ ചോദിക്കാം. ഞാന്‍ എന്താണ് ചെയ്യുന്നത്? ആരെപ്പറ്റിയെങ്കിലും ഒരു ‘ക്ലൂ’ കിട്ടിയാല്‍ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് കൊട്ടിഘോഷിക്കാന്‍ നമ്മളും ഇറങ്ങുമോ?
പണ്ട് കേട്ട ഒരു കാര്യം. ഒരു പെണ്‍കുട്ടി തടിപ്പാലത്തില്ക്കൂടി നടന്നുപോയപ്പോള്‍ അതിന്റെ വിടവിലൂടെ കാല് താഴേയ്ക്കു പോയി. അവള് ഉറക്കെ കരഞ്ഞു. ആ സമയം എതിരേ വന്ന ഒരു യുവാവ് അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടുപേരും വെള്ളത്തില്‍ വീണു. അതിലെ ഒരു വഞ്ചിയില്‍ വന്നവര്‍ അവരെ രക്ഷിച്ചു. എന്നാല്‍ ഈ വാര്‍ത്ത നാട്ടില്‍ പരന്നത് മറ്റൊരു തരത്തിലായിരുന്നു. അവര്‍ രണ്ടുപേരും കമിതാക്കള്‍ ആയിരുന്നെന്നും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരുന്നെന്നുമാണ്. ഏതായാലും നിരപരാധിയായ ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ ഒന്നടങ്കം അധിക്ഷേപിച്ച് മാനസികരോഗിയാക്കി മാറ്റി.
ദാനിയേലിന്റെ പുസ്തകം പതിമൂന്നാം അധ്യായത്തില്‍ സൂസന്ന എന്ന ഒരു സ്ത്രീയുടെ അനുഭവം നമ്മള് വായിക്കുന്നുണ്ടല്ലോ. ന്യായാധിപന്മാരുടെ വ്യാജമായ കുറ്റാരോപണത്തിനും വിധിക്കും ശേഷം അവളെ കൊലക്കളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അവളുടെ ഹൃദയം തകര്‍ന്ന നിലവിളി കര്‍ത്താവിന്റെ സന്നിധിയില്‍ എത്തുന്നു. അവിടുന്ന് ദാനിയേലിലൂടെ സംസാരിച്ച് സത്യം പുറത്തു കൊണ്ടുവന്നു. മാത്രമല്ല, നുണ പറഞ്ഞ് ഈ നിഷ്കളങ്കയെ വധശിക്ഷയ്ക്ക് വിധിച്ച അവര്‍ക്ക് തന്നെ ആ വിധി ലഭിക്കുകയും ചെയ്തു.
അതിനാല്‍ ഓര്‍മ്മയിലിരിക്കണം ആരെയെങ്കിലും വാക്കു കൊണ്ടോ, പ്രവൃത്തികള്‍ കൊണ്ടോ നഗ്നരാക്കിയാല് നമുക്കും ഒരു വിധി കാത്തിരിപ്പുണ്ടെന്ന്. ഇങ്ങനെ നഗ്നരാക്കപ്പെട്ട ആരുടെയോ നിലവിളിയാണ് പ്രഭാ. 51-ല്‍ രേഖപ്പെടുത്തിയിരിക്കു
ന്നത് ”എന്നെ വിഴുങ്ങാന്‍ പകയോടെ കാത്തിരുന്നവരില്‍ നിന്ന്, എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളില്‍ നിന്ന്, ഞാന്‍ സഹിച്ച നിരവധി പീഡനങ്ങളില്‍ നിന്ന്,
അങ്ങയുടെ കാരുണ്യാതിരേകവുമായ നാമത്തിന്റെ മഹത്വം എന്നെ മോചിപ്പിച്ചു.
ഞാന്‍ കൊളുത്താതെ എനിക്കു ചുറ്റും എരിഞ്ഞ അഗ്നിയില്‍ നന്ന് അവിടുന്ന്
എന്നെ എന്നെ രക്ഷിച്ചു (പ്രഭാ 51:3-4).
ഇനിയും ചിലരുടെ ഹോബി, ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നും പറഞ്ഞ് സഭയെ അവഹേളിച്ച് അവളെ നഗ്നയാക്കുയെന്നതാണ്. സഭ അപമാനിതയാകുമ്പോഴും സഭാമക്കള്‍ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുമ്പോഴും നമ്മുടെ മനോഭാവം എന്താണ്? തന്റെ ജനത്തിന് വന്നുഭവിച്ച കഷ്ടതകളെപ്പറ്റി കേട്ടപ്പോള്‍ എസ്തേര്‍ രാജ്ഞി ചെയ്തത് എന്താണെന്നോ? മരണതുല്യമായ ഉത്കണ്ഠയോടെ അവള് കര്‍ത്താവിങ്കലേയ്ക്ക് ഓടി. അവളുടെ ചങ്ക് പിളര്‍ന്നുള്ള പ്രാര്‍ത്ഥന (എസ്തേര്‍ 14:119) വായിച്ചിരിക്കുന്നത് നല്ലതാണ്. മൂന്നു ദിവസത്തെ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം അവള് തന്റെ ഭര്‍ത്താവായ അഹസേരൂസ് രാജാവിനോട് പറയുന്നവിധം ശ്രദ്ധിക്കുക. ”എങ്ങനെയാണ് ഞാന്‍ എന്റെ ജനത്തിന്റെ നാശം കണ്ടിരിക്കുക? ബന്ധുജനങ്ങളുടെ നാശം ഞാന്‍ എങ്ങനെ സഹിക്കും?” (എസ്തേര്‍ 8:6).
എത്രമാത്രം അവള് തന്റെ ജനത്തെ സ്നേഹിച്ചിരുന്നു. ഇങ്ങനെയൊരു സ്നേഹം നമ്മുടെ അമ്മയായ തിരുസഭയോട് നമുക്കുണ്ടോ? ലോകത്തില്‍ എവിടെയായാലും സഭാമക്കള്‍ പീഡിപ്പിക്കപ്പെടുന്നു എന്നു കേള്‍ക്കുമ്പോള്‍ എസ്തേര്‍ രാജ്ഞിയെപ്പോലെ കര്‍ത്താവിന്റെ സന്നിധിയില്‍ കണ്ണീരും പ്രാര്‍ത്ഥനയുമായി കടന്നുവരാന്‍ കഴിയുന്നുണ്ടോ? അതോ നിര്‍വികാരതയില്‍ മുഖം പൂഴ്ത്തിയിരിക്കുകയാണോ? യേശുവിന്റെ പീഡാനുഭവധ്യാനങ്ങള്‍ വെറും ചടങ്ങുകള്‍ മാത്രമായി മാറാതിരിക്കട്ടെ.
സി. സോസിമ, എം.എസ്.ജെ.