
കൃത്രിമലോകത്ത് ജീവിക്കുക എന്നതാണ് ആധുനിക മനുഷ്യന്റെ പ്രലോഭനം. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലും വാഹനങ്ങളിലും ജീവിച്ച് പൊടിയും വെയിലും ഏല്ക്കാതെ ശരീരം കൂടുതല്‍ ദുര്‍ബലമാക്കി നാം കൂടുതല്‍ തൊലിവെളുപ്പുള്ള സുന്ദരമനുഷ്യരാകുന്നുണ്ട് ഇന്ന്. മൂത്രമൊഴിക്കാന്‍ കാറില്‍ പോകണം കുട്ടികള്‍ക്ക് പോലും. ഏളുപ്പത്തില്‍ അടുക്കളപ്പണി തീര്‍ക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് വീട്ടമ്മമാര്‍ക്ക്. എല്ലാം വളരെ കാര്യക്ഷമതയിലും വേഗത്തിലും ചെയ്യാം ഇന്ന് നമുക്ക്. കുറച്ച് ജോലിയും കൂടുതല്‍ വിശ്രമവുമാണല്ലോ ഫാഷന്‍. ബ്രോയിലര്‍ കോഴികളെപ്പോലെയാണ് മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത്. ചോദിക്കുന്നതെല്ലാം കൊടുത്ത് മനസ്സിനും ശരീരത്തിനും ആവശ്യത്തിലധികമായ തീറ്റയും കൊടുത്ത് കൊടുത്ത് ലോകത്തിന് മുന്‍പിലേയ്ക്ക് കൊലയ്ക്ക് വിട്ടുകൊടുക്കുന്നു. ആത്മീയതയില്‍ പോലും ഹൈടെക് മാര്‍ഗ്ഗങ്ങളാണ്. തിരിച്ചറിവ് നഷ്ടപ്പെടുന്ന നമ്മെക്കുറിച്ച് ആരായിരിക്കും ഇനി പരിതപിക്കുക?
ഇതെന്തൊരു ചൂട്, എന്തൊരു തണുപ്പ് എന്നൊക്കെ കാലാവസ്ഥയെക്കുറിച്ച് നമ്മള് പരിഭവപ്പെടാറുണ്ട്. കാലാവസ്ഥമാറിപ്പോയി എന്ന് നമ്മള് പത്രമാധ്യമങ്ങളിലെഴുതുകയും വായിക്കുകയും ചെയ്യുന്നു. മാറ്റാന്‍ പറ്റാത്ത കാലാവസ്ഥയെക്കുറിച്ച് ആകുലപ്പെട്ടാണ് കൃത്രിമസ്വാസ്ഥ്യം സൃഷ്ടിച്ച് നാം എല്ലാം മറക്കുന്നത്. സ്വാസ്ഥ്യം നിലനിര്‍ത്താന്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് അതിനെ പുരോഗമനമെന്ന് വിളിച്ച് നമ്മള് അഹങ്കരിക്കുന്നു. ഹൈബ്രിഡ് ശരീരവും ഹൈബ്രിഡ് മനസ്സുമാണ്പുത്തന് സംസ്കാരത്തിന്റെ സര്‍പ്പദംശനങ്ങള്‍. മനുഷ്യന് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ലോകം ചെറുതായിക്കൊണ്ടിരിക്കുന്നു. സങ്കീര്‍ണ്ണതയുടെ മിഥ്യാദര്‍ശനങ്ങളും നാഗരിഗതയുടെ പ്രലോഭനങ്ങളും മനുഷ്യന് പ്രിയങ്കരങ്ങളാകുന്നു എന്ന് മാധ്യമങ്ങള്‍.
ശരീരം ഒരു ജൈവവ്യവസ്ഥയാണ്. ചില്ലിട്ട് സൂക്ഷിക്കാനോ ആകാരവടിവിനുവേണ്ടിമാത്രം പരിഗണിക്കപ്പെടാനോ ഉള്ളതല്ല അത്. ശരീരം വിയര്‍ക്കണം. ആവശ്യത്തിന് വ്യായാമം വേണം. ഭൂമിയുടെ കാലാവസ്ഥാവ്യതിയാനങ്ങളോട് പൊരുത്തപ്പെടണം. സഹനമറിയണം. ക്ഷീണിക്കുകയും തളരുകയും വേണം. ഇതില്‍ നിന്ന് മാറിയൊരു ജീവിതശൈലി നാശമാണ്. കാരണം മാറുന്ന ഇന്നത്തെ മനോഭാവങ്ങളിലൂടെ നമുക്ക് നഷ്ടമാകുന്നത് ആരോഗ്യമാണ്. ജീവനാണ്. എന്നിട്ടും ജീവിക്കാന്‍ വേണ്ടി ഇതെല്ലാം നമ്മള് മറക്കുന്നു. പുതിയ തലമുറ കൂടുതല്‍ സൗന്ദര്യമുള്ളവരാകുന്നുണ്ട്. പഴക്കടകളില്‍ കാണുന്ന ഭംഗിയുള്ള ഓറഞ്ചും ആപ്പിളും പോലെ പുറം വളരെ സുന്ദരം.
ഉപരിപ്ലവമായവയാണ് യാഥര്‍ത്ഥ്യം എന്ന നിലയിലേയ്ക്കല്ലേ ഇന്ന് നമ്മുടെ ലോകം പൊയ്ക്കൊണ്ടിരിക്കുന്നത്? ലോകമെന്ന് പറയുമ്പോള്‍ ഞാനും നിങ്ങളും തന്നെ. ധനവാന് ദൈവരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമാണ് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഏറെ നാം ധ്യാനിക്കണം ഇക്കാലത്ത്. നിനക്ക് പുറത്തുള്ളതെല്ലാം നിനക്ക് പ്രിയപ്പെട്ടതാകുന്നതാണ് നിന്റെ ധനം. നിന്റെ ഉള്ളിലുള്ളതെല്ലാം നിനക്ക് പ്രിയപ്പെട്ടതാകുന്നതാണ് ദാരിദ്ര്യം. ദൈവം ദാരിദ്രമനുഷ്യനായി അവതരിക്കുന്നത് അതുകൊണ്ടാണ്. നിന്റെ ഉള്ളിലുള്ളതിന്റെ വിലനീ തിരിച്ചറിയുമ്പോള്‍ നിന്റെ ഭൗമിക ദാരിദ്ര്യത്തിന്റെ നടുവിലും നീ സമ്പന്നനായിരിക്കും. അധികാരമുള്ളവനായിരിക്കും. കാരണം നീ തിരിച്ചറിയുന്നത് നിന്റെ ഉള്ളിലുള്ളവനെയാണ്. നിന്റെ ഉള്ളിലുള്ളവന് ലോകത്തേക്കാള്‍ വലിയവനാണ്. ഒരു ചെങ്കോലിന്റെയോ രാജകൊട്ടാരത്തിന്റെയോ പരിവാരങ്ങളുടെയോ പടയാളികളുടെയോ പിന്‍ബലമില്ലാതെ ക്രിസ്തുവിന് ധൈര്യപൂര്‍വ്വം സംസാരിക്കാന്‍ കഴിഞ്ഞതും ‘അവന് അധികാരമുള്ളവനെപ്പോലെയാണ് പഠിപ്പിക്കുന്നത് എന്ന്’ യാഹുദജനം ആശ്ചര്യപ്പെട്ടതും അതുകൊണ്ടാണ്. നിന്റെ വാക്കിന്റെ ബലം നിന്റെ മനുഷ്യമഹത്വത്തിന്റെ ബലമാണ്. നിന്റെ നിലനില്പിന്റെ ബലമാണ്.
നീ എങ്ങനെയാണ് നിലനില്‍ക്കുന്നത്? ഒറ്റയ്ക്കൊരു തുരുത്തുണ്ടാക്കി അതിന്റെ നടുക്കുള്ള വീട്ടിലാണോ? തുരുത്ത് നിന്റെ ലോകത്തിന്റെയും വീട് നിന്റെ മനസ്സിന്റെയും പ്രതീകമാണ്. ഒറ്റയ്ക്ക് നില്‍ക്കുന്നതൊന്നും അധികനാള്‍ തുടരില്ല. അതുകൊണ്ടാണ് ചേര്‍ന്ന് നില്ക്കാനൊരു വിളി ക്രിസ്തുവില്‍ നിന്നും വരുന്നത്. തായ്ത്തണ്ടിനോട് ചേര്‍ന്ന് നില്ക്കുക. വളര്‍ച്ചയും ഫലമണിയലും നിനക്കുണ്ടാകും. ഓരോ കൃത്രിമലോകവും ഓരോ തുരുത്താണ്. മോശയോട് ദൈവം പറഞ്ഞതുപോലെ ചെരുപ്പൂരി ദൈവത്തെ ശ്രവിക്കാന്‍ ഭൂമിയെ തൊടുന്ന ചില നിമിഷങ്ങള്‍ നിന്റെ ജീവിതത്തിലുണ്ടാകണം. ഭൂമീസ്പര്ശം നിന്നെ അവബോധത്തിലേയ്ക്ക് കൊണ്ടുവരലാണ്. വല്ലപ്പോഴുമെങ്കിലും ചെരുപ്പിടാതെ നടക്കുന്നത് നിന്നെ നിന്റെ നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കാന്‍ പര്യാപ്തമാക്കും. അത് നിന്റെ ശരീരമെന്ന ദൈവാലയത്തെക്കുറിച്ചുള്ള വലിയ ചിന്തകള്‍ നിനക്ക് തരും. മറയില്ലാതെ ചിലനേരങ്ങളിലെങ്കിലും നീ ഭൂമിയെ ചവിട്ടണം. അത് ധ്യാനാത്മകമാവുകയും വേണം. നിനക്ക് ചുറ്റുമുള്ള പ്രകൃതിയിലേയ്ക്ക് മനസ്സ് പടരാന്‍ അത് സഹായിക്കും. നിന്നെ തൊട്ടു നില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് നിന്റെ കണ്ണും മനസ്സും തിരിയും.
മനുഷ്യശരീരത്തിന്റെ പരിമിതി തിരിച്ചറിയുന്നത് ദാരിദ്ര്യമെന്നതെന്തെന്ന് മനസ്സിലാക്കുവാന്‍ നിന്നെ സഹായിക്കും. നിരന്തരം മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന, പിന്നീട് മണ്ണോട് മണ്ണായിത്തീരേണ്ട ശരീരം ഉടഞ്ഞുപോകുന്ന മണ്‍പാത്രം പോലെയാണെന്ന് വി. പൗലോസ് പറയുന്നത് ഈ തിരിച്ചറിവിലാണ്. മണ്പാത്രങ്ങള്ക്കുള്ളില് നിധിയുണ്ടെന്ന തിരിച്ചറിവാണ് നിന്റെ നിലനില്‍പ്പിന്റെ ബലം. അത് കൊണ്ട് തന്നെ നിന്റെ ശരീരമാകുന്ന പാത്രം പൊട്ടാതെ സൂക്ഷിക്കേണ്ട ചുമതലകൂടി നിനക്കുണ്ട്. പീഡിപ്പിച്ച് മെരുക്കുന്ന പഴയ ആത്മീയ സമവാക്യങ്ങളല്ല ക്രിസ്തു ഉദ്ദേശിക്കുന്നത്. ആത്മ നിയന്ത്രണത്തിലൂടെയും വിട്ടുകൊടുക്കലിലൂടെയും ശരീരത്തെ മനസ്സിനോടും ആത്മാവിനോടും സമരസപ്പെടുത്തുന്ന ഉയര്‍ന്ന ചിന്തകളായിരുന്നു അവന് പകര്‍ന്ന് തന്നത്. നീ ഒരിക്കലും നിന്നെ പീഡിപ്പിക്കേണ്ട ആവശ്യമില്ല. തകര്ത്തുകളയാത്ത രീതിയില്‍ അനുവദിക്കപ്പെടുന്ന പീഡനങ്ങള്‍ എന്നും നിനക്കുണ്ടാവും, മരണം വരെ. അദ്ധ്വാനവും രോഗങ്ങളും ഉപവാസവും ത്യാഗങ്ങളും എല്ലാം നിന്നെ കൂടുതല്‍ ഗൗരവപ്രകൃതിയാക്കുകയല്ല ചെയ്യേണ്ടത്. പ്രസാദത്തിന്റെ മാലാഖാമാരാക്കുകയാവണം. ശരീരം അഴിയാനുള്ളതാണ്. പക്ഷേ അതിലേല്ക്കേണ്ടി വരുന്ന പീഡനങ്ങള്‍, അത് ഏതു തരത്തിലുള്ളതായാലും മറ്റുള്ളവര്‍ക്ക് ജീവന് നല്കാന് വേണ്ടിയുള്ളതാകുമ്പോള്‍ മാത്രമേ (ചുരുങ്ങിയ പക്ഷം സഹനങ്ങളില്‍ ആ നിയോഗമെങ്കിലും ചേര്ത്തുവെയ്ക്കപ്പെടുമ്പോള്) ഉത്ഥാനത്തില്‍ അത് മഹത്വീകൃതമായി കാണപ്പെടുകയുള്ളൂ. വിത്തിന്റെ പാഠം നോക്കുക. എല്ലാ വിത്തും ഭൂമിയില്‍ നിന്ന് മുളപൊട്ടി പുറത്ത് വരുന്നില്ല. ചിലത് അഴുകി മണ്ണായിത്തീരുന്നു. ശരീര സഹനങ്ങളില്‍ പ്രത്യാശ ചേര്‍ത്ത് വെയ്ക്കുന്നവര്‍ക്കു മാത്രമേ ഉത്ഥാനത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ.
ശരീരം കൊണ്ട് അദ്ധ്വാനിച്ച് വെയിലിന്റെ ചൂടേറ്റ് തളര്‍ന്ന് വന്ന് ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിയും കൃത്രിമമായി താപവ്യതിയാനങ്ങള് ക്രമീകരിച്ച ഓഫീസിലിരുന്ന് മാനസികമായി തളര്‍ന്ന് വന്ന് ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിയും ഒട്ടും അദ്ധ്വാനിക്കാതെ ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിയും വിരുന്നുണ്ണുന്ന ഒരു വ്യക്തിയും രോഗക്കിടക്കയില്‍ കിടന്ന് ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒരേ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ കൂടി സാഹചര്യങ്ങളുടെ വ്യത്യാസത്തില്‍ ശരീരം മനസ്സിനോട് പറയുന്ന ചിന്തകള്‍ എത്ര വ്യത്യസ്ഥമായിരിക്കും. ഭക്ഷണം കഴിക്കാതെ നിങ്ങളറിയാത്ത ഭക്ഷണം എനിക്കുണ്ടെന്ന് പറയുന്ന ക്രിസ്തു ശരീരത്തെയും ഭക്ഷണത്തെയും വ്യാഖ്യാനിക്കുന്നതെത്ര മനോഹരമായിട്ടാണ്. ഉടലിന് ഭൂമിയോടും ജീവിതകര്മ്മങ്ങളോടും പ്രതിബദ്ധതയുണ്ടെന്ന് ക്രിസ്തു സ്ഥാപിക്കുകയാണല്ലോ. മരുഭൂമിയിലെ പ്രലോഭനത്തിലും വാക്കുകൊണ്ട് അവനപ്പമുണ്ടാക്കാഞ്ഞത് അതുകൊണ്ടാണ്. വിയര്‍പ്പുകൊണ്ടപ്പം ഭക്ഷിക്കണമെന്നത് ശാപമാണോ അനുഗ്രഹമാണോ എന്നതിനേക്കഴിഞ്ഞും അത് ജീവിതത്തിന്റെ അലിഖിത സമവാക്യമാണ്, ശരീരത്തെയും ഭൂമിയേയും ബന്ധിപ്പിക്കുവാന്‍. സമവാക്യമെന്ന് പറയുമ്പോള്‍ സമചിഹ്നത്തിനിപ്പുറത്തൊ അപ്പുറത്തോ എന്തെങ്കിലും വ്യത്യാസമുണ്ടാകുമ്പോള്‍ അത് പരസ്പരം സ്വാധീനിക്കുന്നു എന്നതു തന്നെയാണ്. ഭൂമി കടഞ്ഞ് ശരീരവും ശരീരം കടഞ്ഞ് മനസ്സും മനസ്സ് കടഞ്ഞ് ആത്മാവും ദൈവം ഉണ്ടാക്കി എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. ആത്മാവില്‍ നിന്നും ഒരു ഗോവണി ദൈവത്തിലേയ്ക്ക് നീണ്ടു കിടക്കുന്നു.
എവിടെ തുടങ്ങണം. ഭൂമിയില്‍. അവിടെയാണ് നിന്റെ ആദ്യപാഠങ്ങള്‍. വെറുതെ ഭൂമിയേയോ ശരീരത്തെയോ മനസ്സിനെയോ ധ്യാനിച്ചാല്‍ പോരാ. പരസ്പരമുള്ള ബന്ധത്തെയാണ് ധ്യാനിക്കേണ്ടത്. സ്നേഹമെന്നു പറയുന്നതും പ്രണയമെന്ന് പറയുന്നതുമൊക്കെ ഈ ധ്യാനം തന്നെയാണ്. നിനക്കുള്ളിലും പുറത്തുമുള്ള ഏതൊന്നിനോടും നിനക്കുള്ള ബന്ധം കണ്ടെത്തുകയും അതെന്തിനെന്ന് തിരിച്ചറിയുകയും ചെയ്താല്‍ പിന്നെ നീ ദൈവത്തിന്റെ സഞ്ചാരിയായി. ഭൂമി മൂലകങ്ങളുടെ ബന്ധമാണ്. ശരീരം അവയങ്ങളുടെ ബന്ധമാണ്. മനസ്സ് അനുഭവങ്ങളുടെ ബന്ധമാണ്. അത്മാവ് നിത്യതയോടുള്ള ബന്ധവും.
ഈ നോമ്പുകാലത്ത് ഭൂമിയില്‍ തുടങ്ങി നമുക്ക് ധ്യാനിക്കാനാകണം. കുരിശിന്റെ വഴികളില്‍ ഭൂമിയുടെ ചൂടും പരുപരുപ്പും നിന്റെ പാദങ്ങളറിയട്ടെ. പാദം ഭൂമിയെക്കുറിച്ച് നിന്റെ ഹൃദയത്തോട് സംസാരിക്കും. വെയിലേറ്റ് അദ്ധ്വാനത്തില്‍ നിന്റെ ശരീരം വിയര്‍ക്കട്ടെ. വിയര്പ്പുതുള്ളികളടക്കാന് ശ്രമിക്കാതെ അതിനെ ശരീരത്തില്‍ നിന്നും സ്വതന്ത്രമാക്കി മണ്ണിലേയ്ക്കയക്കുക. അത് നിന്റെ ശരീരം ഭൂമിയോട് സംസാരിക്കുന്നതാണ്. സൂര്യനും കാറ്റും ഉഷ്ണവും ശൈത്യവും നിന്റെ ശരീരത്തോട് സംസാരിക്കട്ടെ. അദ്ധ്വാനത്തിന്റെ മടുപ്പിലൂടെ നീ നിന്റെജീവിതത്തോട് സംസാരിച്ച് നോക്ക്. ജീവന്റെ തുടിപ്പ് നിന്റെ ശരീരത്തില്‍ നിന്നും പുറപ്പെട്ട് ഒരുപാട് ജീവിതങ്ങളെ സന്തോഷിപ്പിക്കുന്നത് കാണാനാകും. നിന്റെ വീടിന്റെ സ്വാസ്ഥ്യം വിട്ട് ഇറങ്ങി നടക്കുക ഈ നോമ്പുകാലത്ത്. അപ്പോഴാണ് നീ കൃത്രിമത്വമില്ലാതെ ജീവിതത്തെ കാണാന്‍ പഠിക്കുക. അദ്ധ്വാനത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും നീ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
ക്രിസ്തു രണ്ടായിരം കൊല്ലം മുമ്പ്, വ്യവസായ വിപ്ലവത്തിനും, വലിയ കണ്ടുപിടുത്തങ്ങള്‍ക്കും മുമ്പ് ജനിച്ചത് വെറുതെയല്ല. അവന് ഭൂമിയിലൂടെ നടക്കാന്‍ കൊതിയായിരുന്നു. ജോലി ചെയ്ത് മടുക്കുന്നതില്‍ അവന് സന്തോഷവും സമാധാനവും കണ്ടെത്തിയിരുന്നു. പിന്നെ അവന് ആളുകളില്‍ നിന്നകലെയാവാതിരിക്കാന് എന്നും ശ്രദ്ധിച്ചിരുന്നു. ഓടിയെത്താന്‍ കഴിയുന്ന ദൂരങ്ങളില്‍ അവന് പഠിപ്പിക്കുന്നുണ്ടായിരുന്നു.
അദ്ധ്വാനിക്കുന്ന, ത്യാഗം സഹിക്കുന്ന, തകര്‍ക്കപ്പെടുന്ന ശരീരമാണ് ഉത്ഥാനത്തിലേയ്ക്കുള്ള വഴി, മുഖത്ത് ചിരിയും ശാന്തതയും ഹൃദയത്തില്‍ സമാധാനവുമുള്ളപ്പോള്‍.