![l 05](https://i0.wp.com/www.lifeday.in/wp-content/uploads/2020/01/l-05.jpg?resize=398%2C244&ssl=1)
നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു (മത്തായി 2:10).
പൂജരാജാക്കന്മാർ ദൈവത്തെ അന്വേഷിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധികളും നക്ഷത്രങ്ങൾ ദൈവാന്വേഷണ പാതയിൽ അവർ അനുഭവിക്കുന്ന ദൈവീകസംരക്ഷണയുടെയും പരിപാലനയുടെയും പ്രതീകവുമാണ്. ഹേറോദേസിന്റെ കൊട്ടാരവും അവിടെ നടക്കുന്ന സംഭവങ്ങളും ദൈവാന്വേഷണ പാതയിൽ അന്വേഷകൻ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുടെ പ്രതീകവുമാണ്.
സുവിശേഷ വിവരണപ്രകാരം ഹേറോദേസിന്റെ കൊട്ടാരവും അതിലെ ചുറ്റുപാടുകളും അവർക്ക് ദൈവദർശന പാതയിൽ പ്രതിബന്ധങ്ങളാകുന്നുണ്ട്. കൊട്ടാരം ക്ഷിപ്ര വശംവദത്വത്തിന്റെ സ്ഥലമാണ്. കൊട്ടാരനിവാസികളെ നയിക്കുന്നത് അധികാരം, ആർഭാടം, സുഖലോലുപത, പ്രഭുത്വം, ധാർഷ്ട്യം എന്നിവയാണ്. അതിന്റെ പ്രൗഢിയും ആർഭാടവും മനോഹാരിതയും അവരുടെ ശ്രദ്ധയെ അല്പമെങ്കിലും വ്യതിചലിപ്പിച്ചിട്ടുണ്ടാകാൻ സാധ്യതയുമുണ്ട്.
കൊട്ടാരത്തെയും കൊട്ടാരത്തിലെ അന്തരീക്ഷത്തെയും ആധുനികലോകം ഉയർത്തിക്കാട്ടുന്ന സുഖലോലുപതയുടെയും ഭൗതികതയുടെയും സംസ്കാരത്തിന്റെ പ്രതീകമായി എടുക്കാം. ഭൗതികതയും സുഖലോലുപതയും ആർഭാടവും ഇടംപിടിക്കുന്ന മനുഷ്യഹൃദയത്തിൽ നിന്നും ദൈവം പടിയിറക്കപ്പെടുന്നു. നിത്യനക്ഷത്രത്തിന്റെ അഥവാ ദൈവപരിപാലനയുടെ അനുഭവം അപ്രസക്തമാകുന്നു. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ