കോട്ടയം അതിരൂപതാ അസംബ്ലി ഔദ്യോഗികരേഖ പ്രകാശനം ചെയ്തു

കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലിയുടെ ഔദ്യോഗികരേഖ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ  പ്രകാശനം ചെയ്തു. സുദീര്‍ഘമായ തയ്യാറെടുപ്പുകളോടെയും വിപുലമായ ചര്‍ച്ചകള്‍ നടത്തിയും തയ്യാറാക്കിയ വിഷയാവതരണരേഖ മൂന്നു ദിവസങ്ങള്‍ നീണ്ടുനിന്ന അതിരൂപതാ അസംബ്ലിയില്‍ അവതരിപ്പിച്ച് വിശദമായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചാണ് അസംബ്ലിയെ തുടര്‍ന്നുള്ള പ്രവര്‍ത്തനരേഖ തയ്യാറാക്കിയിരിക്കുന്നത്. അസംബ്ലിയുടെ   ഔദ്യോഗികരേഖ ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ അതിരൂപതയുടെ സുഗമമായ ഭാവി രൂപപ്പെടുത്തുന്നതിനും വിശ്വാസത്തിന്റെ സാക്ഷികളായി സഭാജീവിതം തുടരുന്നതിനും ഉപകരിക്കട്ടെയെന്ന് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടു പറഞ്ഞു. അതിരൂപതയിലെ എല്ലാ സമിതികളിലും കൂടാരയോഗങ്ങളിലും രേഖ പഠനവിഷയമാക്കി അതിന്റെ ചൈതന്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോണ്‍ ചേന്നാകുഴി, ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍, തമ്പി എരുമേലിക്കര, ബാബു പറമ്പടത്തുമലയില്‍, ബിനോയി ഇടയാടിയില്‍, ജോണി തെരുവത്ത്, ലിബിന്‍ ജോസ് പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

2023-24 വര്‍ഷങ്ങളില്‍ റോമില്‍ നടക്കുന്ന 16-ാമത് മെത്രാന്‍സിനഡിന്റെ പഠനവിഷയത്തെ അധികരിച്ച് ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിതദൗത്യം’ എന്ന ആപ്തവാക്യത്തോടെയാണ് അതിരൂപതയില്‍ അസംബ്ലി നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.