
ഇന്നു ഫാദർ ജാക്വസ് ഹാമലിന്റെ നാലാം രക്തസാക്ഷിത്വ ദിനം. 2016 ജൂലൈ 26 നു രണ്ട് ജിഹാദി തീവ്രവാദികള്‍ ഫ്രാന്‍സിലെ ഒരു ദേവാലയം അക്രമിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരുന്ന ഫാദര്‍ ഹാമലിനെ വധിക്കുകയും ചെയ്തിരുന്നു. അന്നു കത്തോലിക്കാ സഭയിൽ ചേർന്ന ഇസ്ലാം മതത്തില്‍ ജനിച്ച ലോക പ്രശസ്ത പത്രപ്രവര്ത്തകന് സൊഹ്റാബ് അഹ്മാരിയുടെ കഥയാണിത്.
ഇസ്ലാം മതത്തില്‍ ജനിച്ച ലോക പ്രശസ്ത പത്രപ്രവര്ത്തകന് സൊഹ്റാബ് അഹ്മാരി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വ ദിനമായ 2016 ജൂലൈ 26 നാണ് സൊറാബ് തന്റെ വിശ്വാസപ്രഖ്യാപനം നടത്തിയത്. തന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം മനസ്സു തുറക്കുന്നു.
ഇസ്ലാം മതത്തില്‍ ജനിച്ച ഞാന്‍ ആദ്യം ദൈവത്തെ സംശയിച്ചു. പിന്നെ നീഷേയുടെയും മാര്‍ക്സിന്റെയും ഒപ്പം വിലസി. പക്ഷേ വിശുദ്ധ കുര്‍ബാനയ്ക്കു പോകാന്‍ മനസാക്ഷി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.
അങ്ങനെ 2016 ജൂലൈ 26ന് കത്തോലിക്കാ സഭയില്‍ ചേരാനുള്ള എന്റെ തീരുമാനം ഞാന്‍ പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പ് രണ്ട് ജിഹാദി തീവ്രവാദികള്‍ ഫ്രാന്‍സിലെ ഒരു ദേവാലയം അക്രമിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരുന്ന ഫാദര്‍ ഹാമലിനെ വധിക്കുകയും ചെയ്തിരുന്നു.
രണ്ട് മാസങ്ങളായി ലണ്ടനിലുള്ള ഒരു വൈദികനൊപ്പം കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ ഓരോന്നായി പഠിക്കുന്ന, കത്തോലിക്കാ പുസ്തകങ്ങള്‍ വായിച്ച് ബോധ്യങ്ങളില്‍ ആഴപ്പെടുന്ന ഒരു വേദപാഠ പഠനക്കളരിയില്‍ (catechumen’s life) ആയിരുന്നു ഞാന്‍. കത്തോലിക്കാ സഭ എന്നെ സ്വീകരിക്കുന്നത് വരെ എന്റെ മതപരിവര്‍ത്തനം പ്രസിദ്ധമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
എന്നാല്‍ ഫാദര്‍ ഹാമലിന്റെ വധത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍, എണ്പതു കഴിഞ്ഞ ആ വന്ദ്യ പുരോഹിതന്റെ ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ കണ്ടപ്പോള്‍ അത് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഐ എസ് തീവ്രവാദികള്‍ ഒരു വൈദികനെ കഴുത്തറുത്തു കൊന്ന നീചപ്രവര്‍ത്തി ഒരു പ്രത്യുത്തരം ആവശ്യപ്പെട്ടു. അതിനാല്‍ ഏതൊരു മനുഷ്യസ്നേഹിയേയും പോലെ ഞാനും എന്റെ ട്വീറ്റര്‍ പേജില്‍ എഴുതി: ” ഞാന്‍ ജാക്വസ് ഹാമല്‍, സത്യത്തില്‍ ഇതാണ് റോമന്‍ കത്തോലിക്കാ സഭയിലേക്ക് ഞാന്‍ പരിവര്‍ത്തനം ചെയ്യാന്‍ പോകുന്നു’ എന്ന് പ്രഖ്യാപിക്കാന്‍ പറ്റിയ ശരിയായ നിമിഷം.” ‘സര്‍പ്പങ്ങളെപ്പോലെ വിവേകികളായിരിക്കണം’ എന്ന നമ്മുടെ കര്‍ത്താവിന്റെ പഠനത്തെ കൃത്യമായി നിറവേറ്റാതെ എന്റെ തീരുമാനം പെട്ടെന്നു പരസ്യമാക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ സംഭവമായിരുന്നു.
അതിനു ശേഷമുള്ള 48 മണിക്കൂറില്‍ ആയിരക്കണക്കിനു ആളുകള്‍ എനിക്ക് റീട്വീറ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ നൂറുകണക്കിനാളുകള്‍ എന്നോടു ബന്ധപ്പെട്ടു. പിന്നീട് എന്റെ തീരുമാനം ക്രിസ്തീയ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പല മാധ്യമ പ്രവര്‍ത്തകരും എന്നെ വിക്കിപീഡിയയില്‍ തിരഞ്ഞു, അതിനു ശേഷം ഇങ്ങനെ എഴുതി, സൊഹ്റാബ് അഹ്മാരി ഇറാനില്‍ ജനിച്ചു വളര്‍ന്നു. ഫാദര്‍ ജാക്വസ് ഹാമലിന്റെ അവസാന പ്രവര്‍ത്തി ഒരു മുസ്ലിമിന്റെ മതപരിപര്‍ത്തനം ആയിരുന്നു.
തെര്‍ത്തുല്യന്റെ പ്രസിദ്ധമായ ‘രക്തസാക്ഷികളുടെ ചുടുനിണം സഭാ തരുവിനെ വളര്‍ത്തും’ എന്ന അടിക്കുറിപ്പോടെ ആയിരക്കണക്കിനാളുകള്‍ എന്റെ കഥ ട്വിറ്ററിലും ഫെയ്സ് ബുക്കിലും പങ്കുവച്ചു.
‘ഒരു വൈദികന്റെ രക്തസാക്ഷിത്വം ഒരു മുസ്ലിം എഴുത്തുകാരനെ കത്തോലിക്കനാക്കി’ എന്ന് പലരും എഴുതിയതു പോലെ, എന്റെ മതപരിവര്‍ത്തനം എളുപ്പമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ യഥാര്‍ത്ഥ കഥ അതിലും സങ്കീര്‍ണ്ണമാണ്.
കുട്ടിക്കാലവും നിരീശ്വരവാദ ആരംഭവും
പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ദൈവമില്ല എന്നു ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി. സാഹചര്യങ്ങള്‍ വ്യക്തമായി എന്റെ ഓര്‍മ്മയില്‍ വരുന്നില്ല. 1997-ലാണ് അത് സംഭവിച്ചതെന്ന് എനിക്ക് തോന്നുന്നു.
എന്റെ മാതാപിതാക്കള്‍ക്കൊപ്പം വടക്കേ ഇറാനിലെ കാസ്പിയന്‍ കടല്‍ത്തീരത്ത് ഞങ്ങള്‍ അവധിക്കാലം ആഘോഷിക്കുമായിരുന്നു. ടെഹ്റാനില്‍ നിന്നുള്ള മധ്യവര്‍ഗ്ഗ ഇറാന്‍കാര്‍ക്ക് കാസ്പിയന്‍ തീരത്ത് വില്ലകള്‍ സ്വന്തമുണ്ടായിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കള്‍ക്ക് വില്ല സ്വന്തമായി ഇല്ലായിരുന്നെങ്കിലും അവരുടെ സുഹൃത്തുക്കളുടെ വില്ലയില്‍ ഞങ്ങള്‍ അവധിക്കാലം ആഘോഷിക്കുന്നത് പതിവാക്കിയിരുന്നു.
ഈ യാത്രകളില്‍ നിന്നുള്ള സന്തോഷകരമായ ഓര്‍മ്മകള്‍ ഇപ്പോഴും എന്നെ തേടി വരാറുണ്ട്. മാതാപിതാക്കളുടെ ഏക സന്താനമായ എനിക്ക് മറ്റു കുട്ടികളെ കാണുന്നത് വലിയ സന്തോഷമായിരുന്നു. പകല്‍ സമയം മുഴവന്‍ ഞങ്ങള്‍ ബീച്ചില്‍ ചെലവഴിച്ചു. ഷരിയാ നിയമപ്രകാരം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ബീച്ചുകള്‍ ഉണ്ടാക്കിയിരുന്നു.
എല്ലായിടത്തും ‘എന്റെ സഹോദരി നിന്റെ തലമുണ്ട് ശ്രദ്ധിക്കുക, എന്റെ സഹോദര നിന്റെ കണ്ണുകള്‍ നിയന്ത്രിക്കുക’ എന്ന് എഴുതിവച്ചിരുന്ന ബോര്‍ഡുകള്‍ കാണാമായിരുന്നു.
എന്നാല്‍ എന്റെ മാതാപിതാക്കളും അവരുടെ കൂട്ടുകാരും ഇസ്ലാമിക് ധാര്‍മിക കണ്ണുകളെ വെട്ടിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുമിച്ച് ഉപയോഗിക്കാവുന്ന രഹസ്യ സങ്കേതങ്ങള്‍ കടല്‍ത്തീരത്ത് ഒരുക്കുന്നത് പതിവായിരുന്നു. വീട്ടില്‍ ഉണ്ടാക്കിയിരുന്ന മദ്യമാണ് ഈ ബീച്ച് ആഘോഷങ്ങളില്‍ വിളമ്പിയിരുന്നത്. പോലീസ് വരുകയാണങ്കില്‍ കൈക്കൂലി നല്കി അവരെ വശത്താക്കും.
ഇങ്ങനെയുള്ള 1997-ലെ ഒരു വേനല്‍ക്കാല രാത്രി, ഞാന്‍ കുട്ടിക്കാലം കടന്ന് യൗവ്വനത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പുന്ന കാലം. ബീച്ചില്‍ നിന്നു ഞങ്ങള്‍ വില്ലയിലേക്ക് മടങ്ങി വരുന്ന സമയം. വൈകുന്നേരങ്ങളില്‍ പതിവാക്കിയ ചീട്ടുകളിയില്‍ എല്ലാവരും മുഴുകി, എന്തോ അന്ന് കളിക്കാന്‍ എനിക്ക് വലിയ താല്പര്യം തോന്നിയില്ല. മുകളിലത്തെ നിലയിലുള്ള ചാരുകസേരയിലേക്ക് പിന്‍വാങ്ങി എല്ലാത്തിനെയും ശപിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു പൊതു കാപട്യ ആചാരമായാണ് മതത്തെ അന്നു ഞാന്‍ വിലയിരുത്തിയത്. ഞങ്ങളുടെ ‘റോഷന് ഫെക്കേര്’ (നഗരവാസികള്‍, ബുദ്ധിജീവികള്‍) ചുറ്റുപാടില്‍ ഭക്തി പിന്തിരിപ്പന്മാര്ക്കുള്ളതായിരുന്നു. എന്നിരുന്നാലും ഇസ്ലാമിക് റിപ്പബ്ലിക്കില്‍ ഞങ്ങളുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഭക്തി നടിക്കുക ഞങ്ങള്‍ പതിവാക്കി.
ഇതിനോടകം സ്കൂളില്‍ ഖുറാന് അധ്യാപകനുമായി ഞാന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അമേരിക്കന്‍ വിരുദ്ധതയും യഹൂദ വെറുപ്പും ഷിയകളുടെ അതിരുകടന്ന വര്‍ഗ്ഗ സ്നേഹവും കുട്ടികളുടെ ഇളംമനസ്സില്‍ കുത്തി വയ്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യജോലി. അവധിക്കു ശേഷം സ്കൂളില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു യുദ്ധം തന്നെ ഞാന്‍ നടത്തിയെന്നു പറയാം. എനിക്ക് കുറച്ചു കൂടെ പ്രായം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ജയിലില്‍ ആയേനെ. എനിക്കും അമ്മയ്ക്കും അമേരിക്കയ്ക്ക് കുടിയേറാന്‍ പേപ്പറുകള്‍ ശരിയായി എന്ന അറിവ് എനിക്ക് കൂടുതല്‍ ധൈര്യം നല്കി.
എയര്‍ ഡ്രം അടിച്ചും പിതാവിന്റെ പുസ്തങ്ങള്‍ വായിച്ചും വീട്ടില്‍ ഞാന്‍ ജീവിതം ആഘോഷിച്ചു. എന്റെ മാതാപിതാക്കള്‍ 1991- വിവാഹമോചിതരായെങ്കിലും എനിക്കു വേണ്ടി അവര്‍ ഒരു കൂരയ്ക്കു കീഴേ അഭിനയിച്ചു. ഇപ്പോള്‍ വിവാഹ നാടകം അവസാനിച്ചു. ഇറാനില്‍ നിന്നു ഞാനും അമ്മയും മടങ്ങിപ്പോരും മുമ്പ് കുറേ പുസ്തകങ്ങള്‍ എന്റെ പിതാവ് എനിക്ക് സമ്മാനമായി നല്കി.
അമ്മയോടൊപ്പം അമേരിക്കയിലേക്ക്
അമ്മയോടൊപ്പം അമേരിക്കയിലേക്കു കുടിയേറിയപ്പോള്‍ ആദ്യം എത്തിയത് സാള്‍ട്ട് ലെയ്ക്ക് സിറ്റിക്ക് വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന യൂട്ടായിലെ ഈഡനിലാണ് (Eden, Utah). 1979-ലെ ഇറാനിലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷം എന്റെ അമ്മയുടെ സഹോദരന് അവിടെയാണ് താമസിച്ചിരുന്നത്. അങ്ങനെ ബീഹൈവ് സംസ്ഥാനം എന്നറിയപ്പെടുന്ന യൂട്ടാ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഞങ്ങളുടെയും ഭവനമായി.
പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായിരുന്നു യൂട്ടാ. ഇവര്‍ മതനിലപാടുകളില്‍ തികഞ്ഞ കാര്‍ക്കശ്യം പ്രകടിപ്പിച്ചിരുന്നു. ബിയറിലുള്ള ആല്‍ക്കഹോളിന്റെ അനുപാതം മൂന്നു ശതമാനത്തിന് താഴെയായി നിയമം മൂലം നിശ്ചയിച്ചു. കാപ്പി കുടിക്കുന്നത് അവര്‍ക്ക് പാപമായിരുന്നു. പബ്ലിക് സ്കൂളുകള്‍ക്ക് സമീപം ‘ദ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്ഡേ സെയിന്റസി’ന്റെ (The Church of Jesus Christ of Latter-day Saints) സെമിനാരികള്‍ ഉണ്ടായിരുന്നു. പുരാതന കാലത്ത് ഇസ്രായേല്‍ക്കാര്‍ അമേരിക്കയില്‍ വരികയും അവിടെയുള്ള സ്വദേശവാസികളെ മതപരിവര്‍ത്തനം നടത്താന്‍ പരിശ്രമിക്കുകയും അവരുടെ പരീക്ഷണങ്ങള്‍ എടുത്തു പറയുകയും ചെയ്തു. കൂടാതെ ബൈബിളിന്റെ ഒരു തുടര്‍ച്ചയെന്നോണം സുവര്‍ണ്ണ പലകകളില്‍ പുതിയ ലോകവെളിപാടുകള് നല്‍കുകയും ചെയ്തിരുന്നു.
യൂട്ടായില്‍, ആരംഭകാലത്ത് അങ്കിളിന്റെ അടുത്തു നിന്ന് മാറിയ ശേഷം കോളേജ് പട്ടണമായ ലോഗാനിലെ ഒരു ചെറിയ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചത്. വര്‍ഷങ്ങളോളം ഇസ്ലാമിക് റിപ്പബ്ലിക്കില്‍ അമേരിക്കന്‍ സിനിമകള്‍ കണ്ടും പ്രൈവറ്റ് ട്യൂഷനെടുത്തും അവിടെയെത്തുന്നതിനു മുമ്പുതന്നെ ഇംഗ്ലീഷ് ഭാഷ ഞാന്‍ വശത്താക്കിയിരുന്നു. പക്ഷേ അമേരിക്കന്‍ നാട്ടുനടപ്പുകള്‍ പഠിക്കുക ശ്രമകരമായ ജോലി ആയിരുന്നു. സെക്യുലര്‍ ചിന്താഗതിയോടെയാണ് ഇറാനില്‍ സ്കൂളില്‍ ചെലവഴിച്ചത്. പെണ്‍കുട്ടികളുമായി സ്വതന്ത്രമായി അടുത്ത് ഇടപഴകിയുള്ള കോളേജ് വിദ്യാഭ്യാസം ഇവിടെ ലഭിച്ച വ്യത്യസ്തമായ അനുഭവമായിരുന്നു.
ഇതെല്ലാം ഞാന്‍ പഴയ രാജ്യത്ത് തുടക്കം കുറിച്ച വിപ്ലവത്തിനു എണ്ണ പകര്‍ന്നു. ഷിയാ ഇസ്ലാം അതിന്റെ സമ്പന്നമായ ദൈവശാസ്ത്രത്തിലും ഐക്കണോഗ്രഫിയിലും കാപട്യമായിരുന്നു. എന്നാല്‍ മോര്മോനിസവും അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് ധാര്‍മ്മികതയും പച്ചയായ വാണിജ്യവല്‍ക്കരണവും കുറച്ചു കൂടെ ഹീനവും അവരവരുടെ വഴിയില്‍ തുല്യ നിലയില്‍ അടിച്ചമര്‍ത്തുന്നതുമായിരുന്നു. ഒരു മതാധിഷ്ഠിത ഭരണത്തില്‍ (theocracy) നിന്ന് മറ്റൊന്നിലേക്ക് മാറിയതു പോലെ എനിക്കനുഭവപ്പെട്ടു.
വായനാശീലം
കറുത്ത വസ്ത്രങ്ങളാണ് ദിവസവും ഞാന്‍ അണിഞ്ഞിരുന്നത്. അന്തര്‍മുഖത്വം മറയ്ക്കുന്ന ഈ നിറം ഒരു തരത്തില്‍ എന്റെ പരന്ന വായനാശീലം നഷ്ടപ്പെടുത്താതെ കാത്തു. യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുന്നതിനു മുമ്പേ ഫെഡറിക് നീഷേയുടെ ‘Thus Spoke Zarathustra’ എന്ന ഗ്രന്ഥം സാള്‍ട്ട് ലെയ്ക്ക് സിറ്റിയിലെ ബുക്ക് സ്റ്റോറില്‍ കണ്ടെത്തി. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ബൗദ്ധിക ആത്മീയ വഴികളില്‍ അപ്രതീക്ഷിതമായ ഒരു ലക്ഷ്യത്തില്‍ -റോമന്‍ കത്തോലിക്കാ സഭയില്‍- എത്തിച്ചേരാനുള്ള യാത്ര ആരംഭിക്കുന്നത് ഈ പുസ്തകത്തില്‍ നിന്നാണ്.
പ്രധാനപ്പെട്ട പുസ്തകങ്ങള്‍ കൗമാരപ്രായത്തിന്റെ അവസാന കാലഘട്ടത്തില്‍ വായിക്കുമ്പോള്‍ അത് ലഹരി പിടിപ്പിക്കുന്ന അനുഭവമാണ് സമ്മാനിക്കുക. ഈ പ്രായത്തില്‍ നമ്മുടെ നിരൂപണപരമായ കഴിവുകള്‍ പകുതി രൂപപ്പെടുകയേ ഉള്ളു. അതു കൊണ്ട് എഴുത്തുകാരന് ചിന്തിക്കുന്നതു പോലെ നിങ്ങള്‍ വായിക്കുന്നു, ‘ഇവിടെ അത് ശരിയാണ്’ ‘നീതി പൂര്‍വ്വമായ കാര്യം അതു തന്നെയല്ല’ വ്യത്യസ്ത എഴുത്തുകാര്‍ പറയുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിക്കാന്‍ ഇടവേള പോലും നല്‍കാതെ, നിങ്ങളുടെ സംശയങ്ങളും എതിര്‍പ്പുകളുമായി ജീവിക്കുന്നു.
എന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. എനിക്ക് പിന്നിലേക്ക് പോകാന്‍ സാധിച്ചിരുന്നെങ്കില്‍, മഹത്തായ പുസ്തകങ്ങള്‍ ചില ഉചിതമായ ക്രമത്തില്‍, സൂക്ഷ്മമായി, വിമര്‍ശനാത്മകതയോടെ, ഉത്തമമായി ഒരു നല്ല അധ്യാപകന്റെ ഒപ്പം വായിക്കാന്‍ ശ്രമിക്കുമായിരുന്നു. എനിക്ക് അതിനുള്ള അവസരങ്ങള്‍ ഇല്ലാതിരുന്നതല്ല. എങ്ങനെ വായിക്കണം എന്നു ആരെങ്കിലും പറഞ്ഞു തരാന്‍ എന്നിലെ അഹങ്കാരം അന്ന് അനുവദിച്ചില്ല. ഞാനും ഒരു പകുതി നീഷേയെപ്പോലെ ആയി. ദൈവം മരിച്ചെന്നും യഹൂദ – ക്രിസ്ത്യന്‍ ധാര്‍മികത അടിമത്ത മനോഭാവത്തിന്റെ ഉല്പന്നമാണന്നും അവന് പ്രഘോഷിച്ചു.
അനുസരണയുള്ള അപരിഷ്കൃതരായ അമേരിക്കന്‍ മോര്മോന്സും ഇതു തന്നെയല്ലേ ചെയ്യുന്നത് ? സരാസൂത്രാ എന്റെ ആത്മാവിനോട് ചോദിച്ചു. നീഷേയുടെ ബൈബിള്‍ ഉദാഹരണങ്ങളുടെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല, ഞാന്‍ അത് കാര്യമാക്കിയില്ല. ദൈവത്തെയും നന്മയെയും തിന്മയെയും കവച്ചുവയ്ക്കുന്ന ഒരു പുതിയ ധാര്‍മ്മികതയില്‍ എത്തുകയായിരുന്നു ലക്ഷ്യം.
അസ്തിത്വവാദ ചിന്തകളുടെ സ്വാധീനം
നീഷേയുടെ അസ്തിത്വവാദ തത്വചിന്തയും (existentialist philosophy) അതുപോലെ തന്നെ സാര്‍ത്രിന്റെയും കാമൂസിന്റെയും രചനകളും അസ്തിത്വവാദ നോവലുകളും (Bataille, Dostoevsky, Hesse and Kafka) എന്റെ താത്വിക ജീവിതത്തിനു വാതില്‍ തുറന്നു കൊടുത്തു. ഫിലോസഫി മുഖ്യവിഷയമായി എടുത്ത് ബിരുദം സാമാന്യം നല്ല രീതിയില്‍ ഞാന്‍ പൂര്‍ത്തിയാക്കി.
എനിക്ക് ശരിയായ ധാരണയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഞാന്‍ എഴുതുന്നതെന്ന ബോധം എനിക്ക് ആത്മവിശ്വാസം നല്കി. ഞാന്‍ എന്റെ ബുദ്ധിയിലാണ് പൂര്‍ണ്ണമായും ജീവിച്ചിരുന്നത്. അവിടെ ലോകം അര്‍ത്ഥശൂന്യമായിരുന്നു: ദൈവത്തിന്റെ അസാന്നിധ്യത്തിന്റെ വിദൂരങ്ങളായ വശങ്ങളില് മാത്രമാണ് ജീവിതത്തില്‍ എവിടെയെങ്കിലും അത് നേടാന്‍ കഴിയു.
എന്റെ അസ്തിത്വവാദ ഹീറോകള്‍ ആയിരുന്ന കാമൂസിനും സാര്‍ത്രിനും അര്‍ത്ഥശൂന്യമായ ലോകത്തില്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ യോജിപ്പ് ഉണ്ടായിരുന്നില്ല. വലിയ രാഷ്ട്രീയ പദ്ധതികളേക്കാള്‍ വ്യക്തിപരമായ, സാഹചര്യപരമായ ധാര്‍മ്മികതയാണ് കാമൂസിന് ഇഷ്ടപ്പെട്ടത്.
മനുഷ്യന്റെ ദുരിതം നിറഞ്ഞ വിധിയില്‍ അവന്റെ ജീവിതത്തിന്റെ ക്ഷണികതയിലും യുക്തിരാഹിത്യത്തിലും അവന് നിശ്ചയമായ മഹത്വം നല്‍കുക, ചുരുക്കത്തില്‍ മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുക അതായിരുന്നു കാമൂസിന്റെ ലക്ഷ്യം. ഒരു കമ്യൂണിസ്റ്റ് ആയ സാര്‍ത്ര് വര്‍ഗ്ഗസമരമാണ് മനുഷ്യന്റെ ശരിയായ സ്വാതന്ത്യത്തിനും സമര്‍പ്പണത്തിനും വഴി ഒരുക്കുന്നത് എന്ന പക്ഷക്കാരനായിരുന്നു. ഞാന്‍ സാര്ത്രറിന്റെ വഴികളിലുടെ മുന്നോട്ടു നീങ്ങി.
മാര്‍ക്സിയന്‍ സ്വാധീനം
തന്റെ അടുത്ത സ്റ്റോപ്പ് മാര്‍ക്സിസം ആയിരുന്നു. പ്രത്യേകമായി സര്‍വ്വാധിപത്യ തത്വചിന്തയുടെ കാല്പനിക തീരമായ ട്രോറ്റ്സ്കീയിസം (Trotskyism). തിരിഞ്ഞു നോക്കുമ്പോള്‍ മാര്‍ക്സിസം എന്തുകൊണ്ട് എന്നെ സ്വാധീനിച്ചു എന്നതു വ്യക്തമാണ്: ഇറാന് മനസ്സുകളില്‍ കുത്തിനിറച്ചിരുന്ന അമേരിക്കന്‍ വിരുദ്ധത എന്നിലും സ്വാധീനം ചെലുത്തി. മാര്‍ക്സിസത്തിന്റെ സഹായത്തോടെ അമേരിക്ക നായകത്വം വഹിക്കുന്ന മുതലാളിത്ത വ്യവസ്ഥയെ എതിര്‍ക്കാമെന്നും ഞാന്‍ വിചാരിച്ചു. ഇത് എന്റെ തന്നെ വര്ഗ്ഗത്തെപ്പറ്റിയുള്ള ഉത്കണ്ഠയ്ക്കു ശമനം നല്കി. ഞാന്‍ ട്രോറ്റ്സ്കീയറ്റ് ഗ്രൂപ്പായ സോഷ്യലിസ്റ്റ് ആള്ട്ടനേറ്റീവുമായി (Socialist Alternative) ബന്ധം സ്ഥാപിച്ചു. എന്റെ ഫ്രീ സമയത്ത് പ്രസ്ഥാനത്തിന്റെ ലഘുലേഖകള്‍ കൊണ്ടു നടന്നു വില്‍ക്കാനും തൊഴില്‍സമരങ്ങളില്‍ പങ്കെടുക്കാനും പോയി. ട്രോറ്റ്സ്കീയെ കുറിച്ച് ഐസക് ഡോയിഷ്യര് എഴുതിയ പ്രവാചകന് എന്ന മൂന്നു വാല്യങ്ങളുള്ള ജീവചരിത്രം വായിച്ചപ്പോള്‍ എന്റെ കണ്ണുകളില്‍ നിന്ന് ആ സോവിയറ്റ് ലീഡറിനു വേണ്ടി കണ്ണീര്തുള്ളികള് പെയ്തിറങ്ങി.
ആന്തരീക സംഘര്‍ഷങ്ങള്‍ പിടിമുറുക്കിയപ്പോള്‍
പക്ഷേ മാര്‍ക്സിസത്തിന് എന്റെ ആന്തരിക ജീവിതത്തെ ബാധിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിഞ്ഞില്ല. എന്നിലെ സ്വകാര്യമായ സാത്താനെ നശിപ്പിക്കാന്‍ അതിനു കഴിഞ്ഞില്ല. അല്ലങ്കില്‍ ഇന്നു ഞാന്‍ വിളിക്കുന്നതു എന്റെയോ മറ്റുള്ളവരുടെയോ വീഴ്ചയ്ക്ക് തൃപ്തികരമായ ഒരു ഉത്തരം നല്കാന് കഴിഞ്ഞില്ല. എന്റെ ആന്തരിക ദാഹം ശമിപ്പിക്കാന്‍ ലാകാനിയന്‍ സൈക്കോ അനാലിസിസിനോ ഫ്രാങ്ക്ഫുര്‍ട്ട് സ്കൂളിലെ പോസ്റ്റ് സ്ട്രകച്ചറിലിസത്തിനോ ക്യൂര്‍ തിയറിക്കോ അല്ലെങ്കില്‍ പ്രസിദ്ധമായ മറ്റു ചിന്താധാരകള്‍ക്കോ കഴിഞ്ഞില്ല.
മുതലാളിത്തത്തിന്റെ ക്രൂരമായ പഴയ സാമൂഹിക രൂപങ്ങളുടെ നശിപ്പിക്കല്‍, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, ഫ്രോയിഡിന്റെ അബോധ മനസ്സിന്റെ കീഴടക്കല്‍, ഇരുപതാം നൂറ്റാണ്ടിലെ രാഷ്ടീയ ഭീകരതകള്‍ – ഇവയെല്ലാം മാനവരാശിയെക്കുറിച്ചുള്ള നിത്യമായതും സ്ഥായിയായതുമായ സത്യത്തെ ആശ്ലേഷിക്കല്‍ അസാധ്യമാക്കി. പുരാതന പ്രവാചകന്മാരും തത്വചിന്തകന്മാരും തങ്ങളെത്തന്നെ കബളിപ്പിച്ചു. മനുഷ്യരെക്കുറിച്ചുണ്ടായിരുന്നതെല്ലാം ചരിത്രപരമായ വ്യവസ്ഥകളുടെയും സാമൂഹികമായ അധികാര വടംവലിയുടെയും ഉല്പന്നമാക്കി. അതിനാല്‍ ജനങ്ങളെല്ലാം അനന്തമായി അവരുടെ സ്വാധീന വലയത്തിലായി.
രണ്ട് പ്രശ്നങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്ന് ഈ ആശയങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തെ സൂക്ഷ്മപരിശോധന നടത്തുന്നതില്‍ പ്രതിരോധിച്ചില്ല. പാശ്ചാത്യര്‍ക്ക് എവിടെ നിന്നാണ് ഫറവോയുടെ ചാപല്യത്തെ കടത്തിവെട്ടുന്ന മനുഷ്യ വ്യക്തികള്‍ക്ക് അന്തര്‍ലീനമായ ഒരു മഹത്വം ഉണ്ടെന്ന ജിജ്ഞാസയുള്ള ആശയം ലഭിച്ചത്? പടിഞ്ഞാറിന്റെ യഹൂദ – ക്രിസ്ത്യന്‍ അടിസ്ഥാനങ്ങള്‍ അംഗീകരിച്ചതല്ല എന്നെ ക്രിസ്ത്യാനിയാക്കിയത്. അത് സഹായിച്ചിട്ടുണ്ട് എന്നത് സത്യമാണ്.
എന്റെ ചുറ്റുമുള്ള സൗന്ദര്യവും ക്രമമുള്ള സ്വാതന്ത്ര്യവും ഞാന്‍ ആസ്വദിക്കുന്നുണ്ടങ്കില്, അതിന്റെ കീര്‍ത്തി അതിനു ജന്മം നല്കിയ ഈ നാടിനവകാശപ്പെട്ടതാണ്. ഒന്നില്ലാതെ മറ്റൊന്ന് ഉണ്ടാവില്ല. സൗന്ദര്യവും ക്രമവും അത് അന്തര്‍ഭവിച്ചിരിക്കുന്ന സത്യത്തെ പ്രതിബിംബിപ്പിക്കുന്നു. അത് എന്റെ സത്യമായിരുന്നില്ല, പക്ഷേ ലഘുവായി ഞാന്‍ അതിനെ തള്ളിക്കളഞ്ഞു.
എന്നെ നിര്ബന്ധിക്കുകയാണങ്കില് ഞാന്‍ പറയും ‘എനിക്ക് വിശ്വസമെന്ന ദാനമില്ല, പക്ഷേ വിശ്വാസമുള്ള വ്യക്തികളെയും അവരുടെ സംഭാവനകളെയും അഗാധമായി ഞാന്‍ ബഹുമാനിക്കും.’ അത് ആ സാചര്യത്തിന് അനുകൂലമായിരുന്ന ഒരു തിളയ്ക്കുന്ന പാത്രം പോലെയായിരുന്നു.അതു ശരിയായിരുന്നില്ല. ഇത് എന്നെ എന്റെ രണ്ടാമത്തെ പ്രശ്നമായിരുന്ന ഭൗതികവാദത്തിലേക്ക് തള്ളിവിട്ടു.
ഈ കാലയളവിലെല്ലാം, പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ നിരീശ്വരവാദത്തിലും എനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അല്ലങ്കില്‍, എന്തെങ്കിലും പ്രശ്നത്തിലാകുമ്പോള്‍ എനിക്കറിയാമായിരുന്ന ഖുറാനിലെ ചില വചനങ്ങള്‍ ഞാന്‍ ഉരുവിടുമായിരുന്നു. മിക്കപ്പോഴും ഒരു വിഭാഗത്തിന്റെയും കുത്തകയല്ലാത്ത ഉന്നതങ്ങളിലെ സര്‍വ്വശക്തനോട് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്റെ ആഗ്രഹം നിറവേറിക്കഴിയുമ്പോള്‍ അല്ലങ്കില്‍ പ്രശ്നങ്ങള്‍ തീര്‍ന്നു കഴിയുമ്പോള്‍ വീണ്ടും എന്റെ ഭൗതീകതയിലേക്ക് മടങ്ങുമായിരുന്നു.
തീവ്രമായ വലിയ നാണക്കേടിന്റെ നിമിഷങ്ങള്‍ വേദന സമ്മാനിച്ചുവെങ്കിലും ദൈവത്തിനു വേണ്ടിയുള്ള വിശപ്പ് എന്നില്‍ സ്ഥിരമായി നിലനിന്നു. എന്റെ ജീവിതത്തിന്റെ ആകെ കൂടിയുള്ള സഞ്ചാരപഥം മുകളിലോട്ടായിരുന്നെങ്കിലും ക്ഷിപ്രകോപവും സ്വയനശീകരണ പെരുമാറ്റങ്ങളും പല പൊട്ടിത്തെറികള്‍ക്കും നിമിത്തമായി. ഭൗതിക നേട്ടങ്ങള്‍ ഒന്നൊന്നായി എന്നെ തേടിയെത്തിയപ്പോഴും ലജ്ഞ വിണ്ടും ലജ്ഞയെ ജനിപ്പിക്കുന്ന ചക്രവ്യൂഹം എന്നില്‍ നിന്നു മാറിയില്ല. ആരെങ്കിലും എന്നെങ്കിലും ഈ ചക്രഗതി പൊട്ടിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.
രണ്ടു തവണ എന്റെ ഇരുപതുകളില്‍ മദ്യപിച്ച് സംഘര്‍ഷം ഉണ്ടാക്കിയ ശേഷം കത്തോലിക്കരുടെ വിശുദ്ധ കുര്‍ബാനയ്ക്ക് സ്വമേധയാ ഞാന്‍ പോയി. എന്തുകൊണ്ട് ഞാന്‍ പോയി എന്ന യാഥാര്ത്യം നിങ്ങളോട് പറയാന്‍ എനിക്കാവില്ല, പക്ഷേ പള്ളിയിലെ പുറകിലത്തെ ബെഞ്ചില്‍ ഞാന്‍ ഇരുന്നു. സമാധാനത്തിന്റെ ഓളങ്ങള്‍ എന്നെ തഴുകുന്നതു ഞാനനുഭവിച്ചു – അവിടെ നടക്കുന്നത് എന്താണന്ന് ഒരു ധാരണയും ഇല്ലാതെ തന്നെ.
ഈ വര്‍ഷാരംഭത്തില്‍ ഒരു പുരോഹിതന്റെ വാതിലില്‍ മുട്ടി കത്തോലിക്കാ വിശ്വാസം എന്നെ പഠിപ്പിക്കണമെന്നു ചേദിക്കുന്നുവരെ, കുര്‍ബാനയില്‍ നിന്നുള്ള ഈ ആദ്യ അനുഭവങ്ങളല്ലാതെ മറ്റൊരു നിര്‍ണായക നിമിഷവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ദര്‍ശനങ്ങളോ പെട്ടെന്നുള്ള വെളിപാടുകളോ എനിക്ക് ഉണ്ടായിട്ടില്ല.
ബനഡിക്ട് പതിനാറാമന്‍ പാപ്പ
ജീവിതയാത്രയില്‍ എവിടെയോ ഒരിടത്ത് എന്നോടു തന്നെ സത്യസന്ധനാകാന്‍ ഞാന്‍ തീരുമാനിച്ചു, സര്‍വ്വശക്തനായ ദൈവത്തിനു വേണ്ടിയുള്ള എന്റെ ആവശ്യം തീവ്രമായിക്കൊണ്ടിരുന്നു. ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ 2008- ലെ അമേരിക്കന്‍ സന്ദര്‍ശനം എന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അദ്ദേഹത്തിന്റെ ശുശ്രൂഷ എന്നെ ആഴത്തില്‍ സ്വാധീനിച്ചു. എന്റെ ചിന്തയില്‍ ബനഡിക്ട് പാപ്പ വിശുദ്ധനായ മനുഷ്യനാണ്. പാപ്പയുടെ ‘നസ്രത്തിലെ ഈശോ ‘ എന്ന പുസ്തകം ഞാന്‍ വായിക്കാനായി തിരഞ്ഞെടുത്തു. എന്റെ ബുദ്ധിക്ക് മനസ്സിലാകുന്നതിലും അപ്പുറമായിരുന്നു അത്. വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള തന്റെ ഗ്രാഹ്യം പരിമിതമായതാണ് പ്രധാന കാരണം. ബൈബിളറിയാതെ ‘നസ്രത്തിലെ ഈശോ’ യെ മനസ്സിലാക്കാനാവില്ല.
ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഒരു സുവിശേഷത്തിലെ പീഡാനുഭവ കഥയും കോളേജ് പഠനത്തിനു ശേഷം റോബര്‍ട്ട് ആള്‍ട്ടറിന്റെ പഞ്ചഗ്രന്ഥി വിവര്‍ത്തനവും ഞാന്‍ വായിച്ചിട്ടുണ്ട്. ബനഡിക്ട് പതിനാറാമന്റെ പുസ്തകം വായിച്ച ശേഷം എന്നോടൊപ്പം സ്ഥായിയായി നിലനിന്ന ഒരു കാര്യം പാപ്പയുടെ ക്രൈസ്തവ മതത്തിന്റെ കേന്ദ്ര രഹസ്യത്തെപ്പറ്റിയുള്ള -സര്‍വ്വശക്തനായ ദൈവം മനുഷ്യനായതും ചരിത്രത്തില്‍ പ്രവേശിച്ചതും – ആഴമായ ധ്യാന വിചിന്തനമായിരുന്നു.
കരാവാജിയോയുടെ വിശുദ്ധ പത്രോസിന്റെ നിഷേധം
കരാവാജിയോയുടെ വിശുദ്ധ പത്രോസിന്റെ നിഷേധം (Caravaggio’s The Denial of St Peter) എന്ന ചിത്രം എനിക്ക് പ്രിയപ്പെട്ടതാണ്, അത് എന്നെ പലപ്പോഴും കണ്ണീരണിയിച്ചിട്ടുണ്ട്. കരാവാജിയോയുടെ പ്രക്ഷുബ്ദ്ധമായ ജീവിതത്തെക്കുറിച്ച്, ഈ ചിത്രം എന്തുകൊണ്ട് അമൂല്യമായ കലാസൃഷ്ടി ആയി എന്നു സുദീര്‍ഘമായി സംസാരിക്കാന്‍, അത് ചിത്രീകരിക്കുന്ന സമയത്തെ അടിസ്ഥാന സംഭവങ്ങള്‍ വര്‍ണ്ണിക്കാന്‍ എനിക്ക് പറയാന്‍ കഴിയുമായിരുന്നു. പക്ഷേ പിന്നീട് ഇതൊക്കെ എന്തിനു പറയുന്നു എന്ന് ഞാന്‍ തന്നെ ചോദിച്ചു. പത്രോസ് നിഷേധിക്കുന്ന വ്യക്തി മഹാനായ ഗുരുവോ സുഹൃത്തോ മാത്രമല്ല, ദൈവം തന്നെയാണ്. വീണുപോയ നമ്മുടെ ലോകത്തിലേക്ക് പ്രവേശിച്ച ദൈവത്തില്‍ നിന്നുള്ള ദൈവം. അവന്റെ ഏറ്റവും വലിയ പ്രവര്‍ത്തി അപമാനം സഹിക്കലായിരുന്നു. സുഹൃത്തുക്കളാല്‍ പോലും അവന് നിഷേധിക്കപ്പെട്ടു. അവനെ മനുഷ്യര്‍ അടിക്കുകയും ക്രൂശിക്കുകയും ചെയ്തു. അന്തര്‍ലീനമായി കിടന്ന സത്യത്തിലേക്കുള്ള ഒരു ചൂണ്ടടയാളമായിരുന്നു എനിക്ക് ഈ ചിത്രത്തിന്റെ മനോഹാരിത. മൂന്നു നിഷേധങ്ങളുടെ കഥ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അതൊരിക്കലും എനിക്ക് ഹൃദയസ്പര്‍ശിയായ വെറുമൊരു വിവരണം മാത്രമായിരുന്നില്ല, മറിച്ച് പ്രാപഞ്ചിക ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായ ഒരു സംഭവത്തിന്റെ ഭാഗമായിരുന്നു. അതിനുപരി എന്റെ ഹൃദയത്തെ ഇളക്കി മറിച്ച സംഭവവും ആശയവുമായിരുന്നു.
എന്നിട്ടും ഞാന്‍ എന്റെ ആത്മീയതയുടെ നിരീശ്വരവല്ക്കരിക്കല് തുടര്‍ന്നു. സുഹൃത്തുക്കളുമായുള്ള സംസാരത്തില്‍ ചിലപ്പോഴോക്കെ ക്രിസ്തീയ ആശയങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ പരിശ്രമിച്ചിരുന്നു. ഞാന്‍ ഒരു ദിവസം അവനെ നിഷേധിക്കുന്നതു നിര്‍ത്തിയതു മുതല്‍ വി. പത്രോസിന്റെ നിഷേധ കഥയ്ക്ക് എന്നില്‍ സ്ഥാനമില്ലാതായി.
എന്തുകൊണ്ട് കത്തോലിക്കാ സഭ?
നിങ്ങള്‍ പിന്നെയും ചോദിച്ചേക്കാം: എന്തുകൊണ്ട് കത്തോലിക്കാ സഭ? ഇവാന്‍ഞ്ചെലിക്കല്‍ സഭയുമായി കുറെ വര്‍ഷങ്ങള്‍ ഞാന്‍ ചങ്ങാത്തത്തിലായിരുന്നു. കത്തോലിക്കര്‍, ഇവാന്‍ഞ്ചെലിക്കല്‍ വിശ്വാസികളെപ്പോലെ: ‘താങ്കളും താങ്കളുടെ ഭാര്യയും ഞായറാഴ്ചയില്‍ പള്ളിയില്‍ വരുകയില്ലേ?’ എന്ന സന്ദേശങ്ങള്‍ അയച്ചിട്ടില്ല.
എന്റെ അമ്മ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വീണ്ടും ജനനത്തിലൂടെ (Born Again) ക്രിസ്ത്യാനി ആയിരുന്നു. ഒരു പത്രപ്രവര്ത്തകന് എന്ന നിലയില്‍ ഇറാനിലും അറബ് ലോകത്തിലും ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്. പീഡിത സഭയ്ക്കു വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചിരുന്ന യാഥാസ്തിതികനായ ഒരു ഇവാന്‍ഞ്ചെലിക്കല്‍ വിശ്വാസി, എന്റെ ക്രൈസ്തവ യാത്രയില്‍ പ്രോത്സാഹനത്തിന്റെ വലിയ ഉറവിടമായിരുന്നു. ഇവാന്‍ഞ്ചെലിക്കല്‍ സഭയില്‍ ചേര്‍ന്ന് ഒന്നും ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ അവരെ ബഹുമാനിക്കുന്നു. പക്ഷേ അവരുടെ ദൈവശാസ്ത്രം എനിക്ക് സംതൃപ്തി നല്‍കിയില്ല. ‘ഞാന്‍ രക്ഷിക്കപ്പെട്ടവനാണ്’ എന്ന് കണ്ണടച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
ജീവിതാനുഭവങ്ങള്‍, മനഷ്യന്റെ വീഴ്ചയെക്കുറിച്ചുള്ള ക്രിസ്തീയ തത്വത്തിലേക്ക് എന്നെ നയിച്ചു. നമ്മുടെ ദൈവത്തിന്റെ പൂര്‍ണ്ണ അനുതാപം എന്ന ദാനം എന്റെ ചുറ്റുമുള്ള തകര്‍ച്ചകള്‍ക്ക് ഏറ്റവും ബോധ്യമായ പരിഹാരമായി എനിക്ക് അനുഭവപ്പെട്ടു. അത്രയും എനിക്ക് വ്യക്തമായിരുന്നു. എന്നാല്‍ രണ്ട് സഹസ്രാബ്ദമായി, തുടര്‍ച്ചയായി, ആധികാരിമായി നിലനില്‍ക്കുന്ന കത്തോലിക്കാ സഭയില്‍ കൂടുതലായുള്ള ഒരു ഉറപ്പ് ഞാന്‍ കണ്ടെത്തി. കത്തോലിക്കാ സഭയുടെ ഹയരാര്‍ക്കിക്കല്‍ സ്വഭാവം -എന്റെ ഇവാന്‍ഞ്ചെലിക്കല്‍ സുഹൃത്തുക്കള്‍ക്ക് അരുചികരമായ – ഈ സഭയിലേക്ക് എന്നെ കൂടുതല്‍ ആകര്ഷിപ്പിച്ചു. ആയിരക്കണക്കിനു പാഷണ്ഡതകള്‍ക്ക് യാത്രയപ്പു നല്കിയ റോം നമ്മുടെ കാലത്തിന്റെ വിചിത്രമായ ആശയങ്ങളുടെ കുത്തൊഴുക്കിലകപ്പെട്ട് ക്രിസ്തീയ മൂല്യങ്ങളെ വികൃതമാക്കാനോ നിറം മങ്ങിപ്പിക്കാനോ അനുവദിക്കുകയില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
അവിടെ ഒരു ആരാധനാ ക്രമം ഉണ്ട്. ക്രിസ്തീയ വിശ്വാസത്തിന്റെ രഹസ്യങ്ങള്‍ക്ക് മുഴുവന്‍ പ്രകാശം നല്കുന്ന ആരാധനയ്ക്കു വേണ്ടിയാണ് ഞാന്‍ ആഗ്രഹിച്ചത്. കുരിശ് അവിടെ വേണം, നമ്മുടെ രക്ഷകന്റെ ക്രൂശിത ശരീരവും – ഇരുവശങ്ങളും തുറക്കപ്പെട്ട, രക്തം ചിന്തിയ, ചമ്മട്ടിയടിയേറ്റ, ശിരസ്സില്‍ മുള്‍മുടിയണിഞ്ഞ ക്രൂശിതന്. ആ ബലി പുനരവതരിപ്പിക്കണം, അവന്റെ അമ്മയും അവിടെ വേണം. കാരണം അവന്റെ ദൈവത്വത്തിലേക്കുള്ള, മനുഷ്യശരീരമെടുക്കാനുള്ള ചങ്ങലക്കണ്ണി അവളാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വിശുദ്ധ കുര്‍ബാനക്കു വേണ്ടി ഞാന്‍ ആഗ്രഹിച്ചു.
അങ്ങനെ ഞാന്‍ കുര്‍ബാനയിലേക്ക് മടങ്ങി. ക്രമേണ ഒരു വൈദികന്റെ വാതിലില്‍ മുട്ടി ഞാന്‍ അവനോടു പറഞ്ഞു: ‘എനിക്ക് ഒരു കത്തോലിക്കനാവണം.’ ”ശരി, ഞാന്‍ നിന്നെ പഠിപ്പിക്കാം.” പുരോഹിതന് എന്നോടു പറഞ്ഞു. ഇപ്പോള്‍ എനിക്ക് കാപട്യത്തിന്റെ യാതൊരു അംശവുമില്ലാതെ എനിക്ക് നന്മ നിറഞ്ഞ മറിയമേ…” എന്നു പ്രാര്‍ത്ഥിക്കാന്‍ കഴിയും,’ ആത്മവിശ്വാസത്തോടെ ഞാന്‍ പറയും: ‘ഫാ. ഹാമല്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.”
സൊഹ്റാബ് അഹ്മാരി (Sohrab Ahmari) The Wall Street Journal എന്ന ദിനപത്രത്തിന്റെ എഡിറ്ററാണ്. 2016 സെപ്റ്റംബര്‍ 30 ന് ദ കാത്തലിക് ഹെരാള്‍ഡ് മാഗസനില്‍ വന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.
ജെയ്സൺ കുന്നേൽ