നമ്മുടെ മറഞ്ഞിരിക്കുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും ഈശോ കാണുന്നു: മാർപാപ്പ

അപ്പസ്തോലന്മാർ തങ്ങളുടെ ആദ്യഘട്ട ദൗത്യം കഴിഞ്ഞ് ക്ഷീണിച്ച് വരുന്നതും യേശു അവരോട് വിശ്രമിക്കാൻ ആവശ്യപ്പെടുന്നതും വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യേശുവും ശിഷ്യന്മാരും എത്തുന്നതിന് മുമ്പ് അവിടം ജനക്കൂട്ടത്താൽ നിറഞ്ഞു. അതോടെ അവരുടെ കാര്യം ശ്രദ്ധിക്കാൻ അവർ നിർബന്ധിതരായി.

മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സ്വയം സമർപ്പിക്കുക

ചിലപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കേണ്ടിയും സ്വന്തം ദൗത്യം നിർവഹിക്കാനാവാതെ വരികയുമൊക്കെ ചെയ്യാം. ആ സമയത്ത് യേശുവിനെ അനുകരിക്കുകയാണ് ചെയ്യേണ്ടത്. കടൽത്തീരത്ത് കണ്ട ജനക്കൂട്ടത്തോട് യേശുവിന് അനുകമ്പ തോന്നി എന്നാണ് വിശുദ്ധ ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നത്.

കണ്ടു, അലിവു തോന്നി, പഠിപ്പിച്ചു

ഈയൊരു സംഭവം വിവരിക്കാനായി ഉപയോഗിച്ചിരിക്കുന്ന മൂന്ന് ക്രിയകളെക്കുറിച്ച് പാപ്പാ സംസാരിക്കുകയുണ്ടായി. കണ്ടു, അലിവു തോന്നി, പഠിപ്പിച്ചു. നല്ലിടയന്റെ ക്രിയകൾ എന്ന് ഈ മൂന്ന് ക്രിയകളെ വിളിക്കാം. യേശു എപ്പോഴും നോക്കുന്നത് ഹൃദയത്തിന്റെ കണ്ണുകൾ ഉപയോഗിച്ചാണ്. കരുണയും കരുതലും കൊണ്ട് നിറഞ്ഞതാണ് അവിടുത്തെ ഹൃദയം. അതുകൊണ്ടുതന്നെ ഏതൊരു വ്യക്തിയുടെയും മറച്ചുവച്ചിരിക്കുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും പോലും ഈശോ മനസിലാക്കുന്നു. മാർപാപ്പ പറഞ്ഞു.

സ്നേഹത്തിന്റെയും സേവനത്തിന്റെയും മാതൃക

ആദ്യം അത്ഭുതം പ്രവർത്തിക്കുന്നതിന് മുമ്പ് ജനക്കൂട്ടത്തെ പഠിപ്പിക്കുകയാണ് യേശു ചെയ്തത്. തിരുവചനമാകുന്ന അപ്പമാണ് അവർക്ക് നൽകിയത്. സത്യത്തിന്റെ വചനം. സത്യമായ യേശുവിനെക്കൂടാതെ ജീവിതത്തിൽ മുന്നോട്ടുപോകാൻ ആർക്കും സാധിക്കുകയുമില്ല. അതുകൊണ്ടാണ് യേശുവിൽ നിന്ന് അകന്നു കഴിയുന്നവർക്ക് വഴിതെറ്റുന്നതും നിരാശയിലേക്ക് അവർ വീണു പോവുന്നതും. യേശു തന്നെത്തന്നെ ഒരു സമ്മാനമായി ആളുകൾക്ക് നൽകുകയാണുണ്ടായത്. അങ്ങനെ സ്നേഹത്തിന്റെയും സേവനത്തിന്റെയും മാതൃക നമുക്ക് കാണിച്ചു തരികയും ചെയ്തു. മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.