

ദാവീദ് രാജാവിന്റെ കാലം മുതല്‍ ഇസ്രായേലിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ സ്ഥലമാണ് ജറുസലെം. ഒട്ടേറെ യുദ്ധങ്ങളിലൂടെയും കലാപങ്ങളിലൂടെയും കടന്നുപോയ നഗരം. എങ്കിലും ദൈവത്തിന്റെ സംരക്ഷണത്തിന്റെ കവചം ജറുസലെമിനെ ചൂഴ്ന്നുനിന്നു. അതുകൊണ്ടാണ് ക്രൈസ്തവരെപ്പോലെ യഹൂദര്‍ക്കും മുസ്ലീങ്ങള്ക്കുമെല്ലാം ഇവിടം പവിത്രദേശമാകുന്നത്.
ഇസ്രായേലിന്റെ തലസ്ഥാനമാണ് ജറുസെലം. സമുദ്രനിരപ്പില്‍ നിന്ന് 1400-1500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജറുസലെം കിഴക്ക് കെദ്രോന്‍ തോടും പടിഞ്ഞാറ് ഗെഹനാ (ഗീ- ഹിന്നോം) താഴ്വരയും അതിര് കുറിക്കുന്ന രണ്ടു കുന്നുകളിലായി സ്ഥിതിചെയ്യുന്നു. കെദ്രോന്‍ താഴ്വരയാണ് ജറുസലെമിനെ വടക്കും കിഴക്കും ഭാഗങ്ങളില്‍ ഒലിവുമലയില്‍ നിന്നും വേര്‍തിരിക്കുന്നത്. തെക്കും കിഴക്കും ഭാഗങ്ങളില്‍ ഹിന്നോം താഴ്വരയും സ്ഥിതിചെയ്യുന്നു. ജറുസലെം നഗരത്തെ സൗകര്യാര്‍ത്ഥം പഴയത്, പുതിയത് എന്നിങ്ങനെ രണ്ടായി തരം തിരിക്കാറുണ്ട്. ഇതില്‍ പഴയ ജറുസലെമിന് 40 അടി ഉയരത്തിലായി മൂന്ന് കിലോമീറ്ററോളം നീളമുള്ള മതിലുണ്ട്.
ബൈസന്റയിന്‍ കാലഘട്ടത്തില്‍ 250-ഓളം ദേവാലയങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. തുടര്‍ച്ചയായി ഇതരമതങ്ങളില്‍ നിന്നും നേരിട്ട അക്രമങ്ങളും യുദ്ധങ്ങളും മൂലം ഒടുവില്‍ ക്രൈസ്തവര്‍ ജറുസലെം വിട്ടുപോവുകയായിരുന്നുവത്രേ.
ഓഫേല്‍ മലയിലാണ് ജറുസലെമില്‍ കണ്ടെത്തിയ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രം. മോറിയാ മല ഓഫേല്‍ മലയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്നു. അബ്രാഹം ഇസഹാക്കിനെ ബലി കഴിക്കുവാന്‍ കൊണ്ടുപോയത് ഈ മലയിലാണ്. ജറുസലെമിന്റെ പ്രാധാന്യത്തിന് അടിസ്ഥാനമിട്ടത് ദാവീദാണെങ്കിലും അതിന്മേല് കീര്‍ത്തിമുദ്ര സ്ഥാപിച്ചത് സോളമനാണ് (965- 922 ബി.സി.). ജറുസലെം ദൈവാലയം പണികഴിപ്പിച്ചതും സോളമനായിരുന്നല്ലോ. വിജ്ഞാനിയായിരുന്ന സോളമന് ധാരാളം വിദേശബന്ധങ്ങളുണ്ടായിരുന്നു. സോളമന്റെ കാലഘട്ടത്തില്‍ ജറുസലെം വിവിധ സംസ്കാരങ്ങളുടെ സമ്മേളനസ്ഥലമായിരുന്നു. പുറജാതികളുടെ ആരാധനാ കേന്ദ്രങ്ങളും പിറവിയെടുത്തു (1 രാജാ. 11:7).
ബി.സി. 722-ല്‍ ഹെസക്കിയാ ജറുസലെമിന്റെ കോട്ടമതിലുകള്‍ ശക്തിപ്പെടുത്തി. തുടര്‍ന്നുള്ള കാലം യഹോവയെ മറന്നുജീവിച്ച ജനത്തിന്റെ പാപം പെരുകി. ബി.സി. 587-ല്‍ ജറുസലെം ബാബിലോണ്‍ പ്രവാസത്തിലേക്കും വഴുതിവീണു.
ബി.സി. 332-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ജറുസലെം കീഴടക്കി. ബി.സി.168-ല്‍ അന്തിയോക്കസ് എപ്പിഫാനസ് നഗരത്തിന്റെ മതിലുകള്‍ ഉയര്‍ത്തിപ്പണിതു. ബി.സി. 63-ല്‍ ജറുസലെം റോമന്‍ ആധിപത്യത്തിന് കീഴിലായി. ബി.സി. 73-ല്‍ ഹെറോദ് രാജാവ് റോമിന്റെ സാമന്തരാജാവായി നിയമിക്കപ്പെട്ടു. ഒരു വലിയ നിര്‍മ്മാണ പ്രക്രിയയ്ക്ക് ഹേറോദ് രാജാവ് നേതൃത്വം നല്കി. ജറുസലെം ദേവാലയം, അന്റോണിയോ കോട്ട, കുളങ്ങള്‍, ജലവാഹിനികള്‍ ഇങ്ങനെ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഹെറോദ് പുതുക്കിപ്പണിതു. ഏ.ഡി. 66-ആയപ്പോഴേക്കും യഹൂദര്‍ റോമിനെതിരെ കലാപവും തുടങ്ങി.
70-ല്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം ജറുസലെം അക്രമിച്ച് കീഴടക്കി. തുടര്‍ന്ന് റോമാക്കാര്‍ മനോഹരമായ ഈ ദൈവാലയം അഗ്നിക്കിരയാക്കിയാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. കല്ലിന്മേല് കല്ല് ശേഷിക്കാത്ത വിധം ജറുസലെം അവര്‍ തകര്‍ത്തുകളഞ്ഞു. അന്നു നടന്ന യുദ്ധത്തില്‍ പതിമൂന്നുലക്ഷത്തി അറുപതിനായിരം യഹൂദര്‍ വധിക്കപ്പെടുകയും ലക്ഷക്കണക്കിന് ആള്ക്കാര് അടിമകളായി അടിമച്ചന്തകളിലെത്തുകയും ചെയ്തുവെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
തുടര്‍ന്ന് അഡ്രിയാന്‍ ചക്രവര്‍ത്തിയാണ് അധികാരമേറ്റെടുത്തത്. അദ്ദേഹം ഒരു വിജാതീയ നഗരമെന്ന നിലയിലാണ് ജറുസലെമിനെ പുനരുത്ഥരിച്ചത്. കോണ്‍സ്റ്റന്റയിന്റെ മതപരിവര്‍ത്തന കാലഘട്ടം വരെ ഇവിടം ഒരു റോമന്‍ പട്ടാളക്യാമ്പ് മാത്രമായിരുന്നു.
ജറുസലെമിന് ഒരു പ്രത്യേക വേദശാസ്ത്രമാനം ഉണ്ട്. ദൈവജനത്തിന്റെ പ്രതീകമാണ് ജറുസലെം. ദൈവത്തിന്റെ നഗരമായി ഉയര്‍ത്തപ്പെടുകയും അവിടുത്തെ കാരുണ്യം അവഗണിച്ചതു വഴി തകര്‍ച്ചയിലേക്കു വഴുതിവീഴുകയും ചെയ്ത നഗരം; അല്പസമയത്തേക്ക് കൈവെടിഞ്ഞാലും വീണ്ടും നിത്യദയയോടെ സ്വീകരിക്കുന്ന ദൈവത്തിന്റെ അനന്തവാത്സല്യത്തിനു നിദാനം. ബൈബിളില്‍ പറയുന്ന സ്വര്‍ഗ്ഗത്തിലെ ജറുസലെം നിത്യസ്വാതന്ത്ര്യം അനുഭവിക്കുന്നു. ദൈവജനത്തിന്റെ അമ്മയും (ഗലാ. 4:26) തീര്‍ത്ഥാടകസഭയുടെ യുഗാന്ത്യോന്മുഖലക്ഷ്യവും ആ ‘സ്വര്‍ഗ്ഗീയ ജറുസലെം’ തന്നെ.
ജറുസലെമിന് അടുത്തു തന്നെയാണ് പശ്ചിമ മതില് സ്ഥിതിചെയ്യുന്നത്. മതിലിന് 45 മീറ്ററോളം ഉയരവും ഭൂമിക്കടിയില്‍ 18 നിര കല്ലുകെട്ടുകളുമുണ്ട്. എ.ഡി 70-ല്‍ റോമാക്കാര്‍ ജറുസലെം നശിപ്പിച്ചപ്പോള്‍ ദേവാലയാങ്കണത്തിന്റെ പടിഞ്ഞാറുഭാഗം പൂര്‍ണ്ണമായി നഷ്ടമായിരുന്നില്ല. പക്ഷേ, ദേവാലയത്തിന്റെ നാശമോര്‍ത്ത് യഹൂദര്‍ ഈ മതിലിനു സമീപം നിന്ന് ഇന്നും വിലപിക്കുന്നു. അതുകൊണ്ടാണ് ‘വിലാപമതില്‍’ (Wailing Wall) എന്ന് ഇത് അറിയപ്പെടുന്നത്. പ്രാര്ത്ഥനാവശ്യങ്ങള് എഴുതി മതിലിനിടയില്‍ വച്ച്, ഇന്നും യഹൂദജനത മതിലില്‍ തലയിടിച്ച് നിലവിളിക്കുന്നതു കാണാം.
ഹേറോദേസ് രാജാവ് നിര്‍മ്മിച്ച അങ്കണത്തിന്റെ പടിഞ്ഞാറുവശത്തുള്ള താങ്ങുഭിത്തിയാണിത്. ദേവാലയത്തോട് ബന്ധമുള്ളതായി ഇനി ഈ മതില് മാത്രമേ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ടാണ് യഹൂദര്‍ ഇത് പൂജ്യമായി സംരക്ഷിക്കുന്നത്. ദൈവികസാന്നിധ്യം ഇവിടെയുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. യഹൂദരുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രവും പ്രാര്‍ത്ഥനാലയവും ഇതുതന്നെ.
പക്ഷി, തന്റെ ചിറകിനോട് ചേര്‍ത്തുപിടിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതു പോലെ ദൈവം ജറുസലെമിനെ സംരക്ഷിക്കുന്നുവെന്നാണ് വിശുദ്ധ ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നത് (സങ്കീ. 91:4; നിയമ. 32:11). പക്ഷേ, ദൈവം നല്കിയ മഹാദാനങ്ങളൊന്നും ഇസ്രായേല്‍ കണ്ടതായി നടിച്ചില്ല. അകൃത്യങ്ങളില്‍ മുഴുകി ജീവിച്ചു. എന്നിട്ടും അവിടുന്ന് പാപത്തില്‍ നിന്നും അനുതപിക്കാന്‍ ജനത്തിന് അവസരം നല്കി. അതുകൊണ്ടാണ് ”കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് അനുഗൃഹീതനാണ് എന്ന് നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല” (ലൂക്കാ 13: 35) എന്ന് ജറുസലേമിനെ നോക്കി അവിടുന്ന് പറയുന്നത്. ഇതിനര്‍ത്ഥം ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷ പ്രാപിക്കും എന്ന ഉറപ്പാണെന്ന് ബൈബിള്‍ പണ്ഡിതര്‍ വ്യക്തമാക്കുന്നു.
ജറുസലെം നമ്മുടെ ജീവിതത്തിലും ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ സമയവും സാഹചര്യവും നല്‍കാതെ, പ്രശ്നപരിഹാരത്തിന് സ്വയം മുന്നിട്ടിറങ്ങുമ്പോഴെല്ലാം നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. നമുക്കുവേണ്ടി വാദിക്കാന്‍ അവിടുത്തെ അനുവദിക്കണം. അപ്പോഴാണ് ദൈവത്തിന്റെ മഹത്വം ലോകത്തില്‍ വെളിപ്പെടുന്നത്. അതിനാല്‍ ഏതു പ്രതിസന്ധിയിലും ദൈവത്തില്‍ ആശ്രയിച്ച് മുന്നേറാന്‍ നമുക്ക് സാധിക്കട്ടെ.
ശ്രീ. ജയ്മോന് കുമരകം