കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ചുള്ള അന്തർദേശീയ കോൺഫറൻസ് ‘സമന്വയ’യ്ക്ക് കോട്ടയം ബി. സി. എം. കോളേജിൽ തുടക്കമായി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജിലെ സാമൂഹികപ്രവർത്തന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. നേപ്പാൾ കാദംബരി കോളേജ്, കേരളാ അസോസിയേഷൻ ഓഫ് പ്രെഫഷണൽ സോഷ്യൽ വർക്കേഴ്‌സ്, അസോസിയേഷൻ ഓഫ് സ്കൂൾസ് ഓഫ് സോഷ്യൽ വർക്കേഴ്‌സ് ഇൻ കേരള, യൂണിവേഴ്‌സിറ്റി ഓഫ് ജോഹനാസ്ബർഗ് സൗത്ത് ആഫ്രിക്ക, എന്നിവയുടെ സഹകരണത്തോടെ ‘കുട്ടികളുടെ അവകാശങ്ങളും സാമൂഹികമായ ഉൾപ്പെടുത്തലും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോൺഫറസിൽ നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
മാനേജർ ഫാ. അബ്രാഹം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. കേരള തുറമുഖ വകുപ്പുമന്ത്രി വി. എൻ. വാസവൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ. കെ. വി. തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്തറ, ഡോ. ഐപ്പ് വർഗീസ്, പ്രദിപ്ത കാദംബരി (നേപ്പാൾ), ഡോ. വിർജിൽ ഡി. സാമി, അൻസൺ അലക്സാണ്ടർ, ഫാ. ജെഫിൻ ഒഴുങ്ങാലിൽ, സേവ്യർകുട്ടി ഫ്രാൻസിസ്, മനു എം. മാത്യു എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സാമൂഹ്യസേവന പരിശീലന കോളേജുകളിൽ നിന്നായി അഞ്ഞൂറോളം പേർ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച കലാവിരുന്ന് സിനിമാസംവിധായകനും നടനുമായ സിദ്ധാർഥ ശിവ ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രതിബദ്ധതയിലൂന്നിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന 22-ാമത് സമന്വയ നാളെ (ഫെബ്രുവരി 5) സമാപിക്കും.
ഫാ. ജെഫിൻ ഒഴുങ്ങാലിൽ, പ്രോഗ്രാം കോർഡിനേറ്റർ