

“നമ്മുടെ പള്ളിക്ക് ഒരു മതബോധന കേന്ദ്രം ഇല്ലല്ലോ. ഈ ബാര്‍, പള്ളിക്ക് കിട്ടിയിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു.” പള്ളിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ബാറിനെ നോക്കി ആ വൈദികന് പറഞ്ഞു. അത് കേട്ട് സമീപത്തു നിന്ന ചേച്ചി പറഞ്ഞു: “അത് ഒരിക്കലും നടക്കില്ല അച്ചാ.” ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അച്ചന് പറഞ്ഞു: “നമുക്ക് പ്രാര്‍ത്ഥിക്കാം.”
പ്രാര്‍ത്ഥനയുടെ ഫലമായി ബാറിനെ മതബോധനകേന്ദ്രമാക്കി മാറ്റിയ സംഭവം വിവരിച്ചുകൊണ്ട് ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ബ്രസീലില്‍ കഴിഞ്ഞ ആറു വര്‍ഷമായി മിഷന് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫാ. നോബി എം.സി.ബി.എസ്.
ക്രിസ്തുവിനെ പകരാന്‍ തീക്ഷ്ണതയോടെ ബ്രസീലിലേയ്ക്ക്
എം.സി.ബി.എസ്. സഭയുടെ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഫെബ്രുവരി 28-നാണ് നോബിയച്ചന്‍ ബ്രസീലിലെ ഫോര്ത്തലെസ എന്ന സ്ഥലത്ത് എത്തുന്നത്. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ ആളുകളെ ഒരുമിച്ചുകൂട്ടുവാനും കൂദാശകളും മറ്റും നിര്‍വ്വഹിക്കുവാനും അച്ചന്മാര് ഇല്ലാത്ത അവസ്ഥ. അതിനാല്‍ത്തന്നെ അവിടുത്തുകാര്‍ പ്രോട്ടസ്റ്റന്റ് വിഭാഗക്കാരുടെ പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും മറ്റും ആണ് പൊയ്ക്കൊണ്ടിരുന്നത്.
ഈ ഒരു സാഹചര്യത്തിലാണ് ചിതറിക്കപ്പെട്ടു കിടക്കുന്ന വിശ്വാസികളെ ഒരു കൂരയ്ക്കുകീഴില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി നോബിയച്ചന്‍ അവിടേയ്ക്ക് കടന്നു ചെല്ലുന്നത്. അച്ചന് അവിടെ എത്തി, പതിയെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആളുകളെ പള്ളിയിലേയ്ക്ക് വിളിക്കുവാനും കൂദാശകള്‍ നല്കുവാനും ഒക്കെ അദ്ദേഹം വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തു. അവര്‍ക്കായി അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ അവരെ പള്ളിയിലേയ്ക്കും വിശ്വാസജീവിതത്തിലേയ്ക്കും അടുപ്പിച്ചു തുടങ്ങി. പ്രധാനദിവസങ്ങളിലും മറ്റും പള്ളിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ആളുകള്‍ എത്തി തുടങ്ങി.
മതബോധന കേന്ദ്രമായി മാറിയ ബാര്‍
പള്ളിയില്‍ എത്തുന്ന വിശ്വാസികളില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ് അച്ചനെയും ഒപ്പം വിശ്വാസികളെയും ഒരുപോലെ പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു. അതിനാല്‍ ത്തന്നെ അവര്‍ക്കായി നിരന്തരം ഓരോ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ ഈ പരിപാടികള്‍ എല്ലാം പള്ളിയുടെ ഉള്ളില്‍ തന്നെയായിരുന്നു നടത്തിയിരുന്നത്. അതിന് ഒരു മാറ്റം വരണം എന്ന് അച്ചന് ആഗ്രഹിച്ചു.
അതിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന സമയത്താണ് സമീപത്തുള്ള ഒരു ബാര്‍ അച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അവിടെ ഇടയ്ക്കിടെ ഓരോ പരിപാടികള്‍ നടത്തും എന്നല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പള്ളിക്ക് ഈ ബാര്‍ ലഭിക്കുകയാണെങ്കില്‍ പാരീഷ് ഹാളായും മതബോധന കേന്ദ്രമായും ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നി. ആ തോന്നല്‍ സമീപത്തു നിന്ന ചേച്ചിയോട് പങ്കുവയ്ക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു, അത് ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്ന്. എന്തായാലും ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞ്, അച്ചന് ആ സംസാരം അവസാനിപ്പിച്ചു. എങ്കിലും അച്ചന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ അച്ചന് തന്റെ ആവശ്യം ബാര്‍ ഉടമകളോട് പങ്കുവെച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതമായിരുന്നു എന്ന് നോബിയച്ചന്‍ പറയുന്നു. കാരണം രണ്ടുകോടി വിലമതിക്കുന്ന ആ ബാര്‍ അവര്‍ പള്ളിക്ക് നല്കി, അതും സൗജന്യമായി.
ഒപ്പം നിന്ന ഇടവക ജനങ്ങള്‍
ബാര്‍ ഏറ്റെടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും ആദ്യം എതിര്‍പ്പാണ് ഉണ്ടായത്. കാരണം, അത്രയും തുക എങ്ങനെ കണ്ടെത്തും എന്നതായിരുന്നു അവരുടെ ആശങ്ക. എന്നാല്‍ അതെല്ലാം പതിയെ നീങ്ങി. ബാര്‍ പള്ളി ഏറ്റെടുത്ത് കഴിഞ്ഞ് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് മതബോധന കേന്ദ്രമാക്കി മാറ്റിയത്. ഇതില്‍ 12 ലക്ഷം രൂപ മാത്രമാണ് പള്ളിയില്‍ നിന്ന് ചിലവിട്ടത്. അതും സാധനങ്ങള്‍ വാങ്ങാന്‍ മാത്രം. ബാക്കി പണികള്‍ എല്ലാം ചെയ്തത് ഇടവകയിലെ ആളുകള്‍ തന്നെയാണ്.
ഒരു ശ്രമദാനം പോലെ അവര്‍ തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ചെയ്തു. പെയിന്റ് അടിക്കുകയും ഓട് ഇടുകയും തേക്കുകയും വൃത്തിയാക്കുകയും ചെയ്തതൊക്കെ ഇടവക ജനങ്ങള്‍ തന്നെയായിരുന്നു. അങ്ങനെ നാലുമാസം കൊണ്ട് അവര്‍ തങ്ങളുടെ മതബോധനകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. കഴിഞ്ഞ നവംബര്‍ 25-ന്, മതബോധനകേന്ദ്രത്തിന്റെ ഉദ്ഘാടനകര്‍മ്മവും ആശീര്‍വാദവും നടന്നു.
സ്നേഹിച്ചാല്‍ തിരിച്ചു സ്നേഹിക്കുന്ന ആളുകളാണ് ബ്രസീലുകാര്‍. ഉള്ളതുകൊണ്ട് സന്തോഷിച്ചു ജീവിക്കുന്നവര്‍. അവര്‍ക്ക് എന്ത് കൊടുത്താലും അവര്‍ സ്വീകരിക്കും. അതിനാല്‍ തന്നെ അവരുടെ ആത്മീയജീവിതത്തിന് സഹായകമാകുന്ന കാര്യങ്ങള്‍ ഓരോ ദിവസവും അവര്‍ക്ക് നല്കിക്കൊണ്ടിരിക്കും. അതിന് സാമൂഹ്യമാധ്യമങ്ങളും സഹായകമാകുന്നു. അച്ചന് പറഞ്ഞുനിര്‍ത്തി. ഈശോയിലേയ്ക്ക് അനേകരെ വളര്‍ത്തുവാന്‍ പരിശ്രമിക്കുന്ന അച്ചന്റെ പ്രവര്‍ത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.
മരിയ ജോസ്