
വെഞ്ചരിച്ച വെള്ളം എല്ലാ വീടുകളിലും സൂക്ഷിക്കുന്ന ഒരു വിശുദ്ധവസ്തുവാണ്. വൈദികന്റെ ആശീർവാദത്തോടെ അനുഗ്രഹീതമായ ഈ വെള്ളം, തിന്മ നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നും പാപത്തിന്റെ അന്ധകാരത്തിൽ നിന്നും നമ്മെ രക്ഷിക്കുന്ന ശക്തമായ ആത്മീയായുധമാണ്. പലപ്പോഴും ഏതൊക്കെ അവസരങ്ങളിൽ ഉപയോഗിക്കണം എന്ന് പലർക്കും അറിയില്ല. വിശുദ്ധജലം ഉപയോഗിക്കാവുന്ന ഏതാനും സാഹചര്യങ്ങൾ ഇതാ:
1. നിങ്ങളെത്തന്നെ അനുഗ്രഹിക്കും
വിശുദ്ധജലം ഉപയോഗിച്ച് സ്വയം അനുഗ്രഹിക്കപ്പെടാം. അത് നമ്മെ തിന്മ നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും സംരക്ഷിക്കും. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് വിശുദ്ധജലം ഉപയോഗിച്ച് നെറ്റിയിൽ കുരിശടയാളം വരയ്ക്കുന്നതും കുടിക്കുന്നതും ആത്മീയമായ സംരക്ഷണം നൽകും.
2. കുടുംബങ്ങളെ അനുഗ്രഹിക്കാം
നാം താമസിക്കുന്ന ഭവനത്തെ വിശുദ്ധജലത്താൽ അനുഗ്രഹീതമാക്കുവാൻ സാധിക്കും. അതിന് പ്രത്യേകസമയം ഒന്നുമില്ല. വിശുദ്ധജലം വിശ്വാസത്തോടെ തളിച്ച് പ്രാർത്ഥിക്കുന്നത് തിന്മയുടെ സ്വാധീനങ്ങൾ കുടുംബത്തിൽ നിന്നും അതിന്റെ ചുറ്റുപാടുകളിൽ നിന്നും അകന്നുപോകുവാൻ കാരണമാകും. വീട്ടിലും പൂന്തോട്ടങ്ങളിലും വിശുദ്ധജലം തളിച്ചു പ്രാർത്ഥിക്കാം.
3. ജോലിസ്ഥലത്തെ വിശുദ്ധീകരിക്കാം
നാം ജോലി ചെയ്യുന്ന സ്ഥലത്തെ വിശുദ്ധീകരിക്കുവാൻ വെഞ്ചരിച്ച വെള്ളം ഉപയോഗിക്കാം. അത് നാം ചെയ്യുന്ന ജോലികളെ ദൈവമഹത്വത്തിനായും അതിലൂടെ മറ്റുള്ളവർക്ക് സാക്ഷ്യമായി മാറുന്നതിനും സഹായിക്കും. ഒപ്പംതന്നെ പ്രയാസങ്ങളിൽ, പ്രതിസന്ധികളിൽ വിശുദ്ധജലം ഉപയോഗിക്കുന്നത് ദൈവാശ്രയ ബോധം വർദ്ധിപ്പിക്കുന്നതിനും കാരണമാകും.
4. വാഹനങ്ങൾ വിശുദ്ധീകരിക്കാം
അനുദിനം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് നമ്മൾ. അതിനാൽ ദിവസവും വെഞ്ചരിച്ച വെള്ളം തളിച്ച് പ്രാർത്ഥിക്കുന്നത് അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകും. തന്നെയുമല്ല അപകടകരമായ വഴികളിൽ നിന്ന് അകന്നിരിക്കുവാനും ഇത് സഹായകമാകും.
5. രോഗികൾക്ക് നൽകാം
വിശുദ്ധജലം നമ്മുടെ വീട്ടിലോ, ബന്ധുക്കളില്‍ രോഗികളായിട്ടുള്ള ആളുകൾക്ക് മേലോ തളിച്ചാൽ അത് സൗഖ്യകാരണമായി തീരും. വിശ്വാസത്തോടെയുള്ള പ്രാർത്ഥനയും പ്രധാനമായ ഒന്നാണ്. ശാരീരികമായ പീഡകളിലും ദൈവത്തോടൊപ്പം ചേർന്നുനിൽക്കുവാനും ആത്മധൈര്യത്തോടെ പിടിച്ചുനിൽക്കുവാനും വിശുദ്ധജലത്തിന്റെ ഉപയോഗം സഹായിക്കും.