സന്യാസത്തെപ്പറ്റി ചാനലുകൾവഴിയും സോഷ്യൽ മീഡിയാവഴിയും ഏതാനും നാളുകൾക്കു മുമ്പ് തുടങ്ങിയ ചിലരുടെ വിഡ്ഢിത്തരങ്ങൾ കണ്ടും കേട്ടും മടുത്തതിനാൽ ഒരു സന്യാസിയായ ഞാൻ തന്നെ സന്യാസത്തെപ്പറ്റി ഒന്ന് എഴുതാം എന്ന് കരുതി. കാരണം പലപ്പോഴും സോഷ്യൽ മീഡിയാകൾക്കും ചാനലുകൾക്കും ചെന്നായ്ക്കളുടെ സ്വഭാവം ആണ്. അതായത് “ഇരയെ എങ്ങനെ എങ്കിലും കീഴ്പ്പെടുത്തണം എന്ന്”.
സന്യാസത്തിലേക്ക് കടന്നുവരുന്ന ഒരു പെൺകുട്ടി ഒരിക്കലും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സമർപ്പിത ആകുന്നില്ല. അവൾ കടന്നു പോകേണ്ട കുറെ കടമ്പകളുണ്ട്. പലപ്പോഴും വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഈ കാര്യങ്ങളെപ്പറ്റി അറിയൂ. അതിനാൽ സന്യാസത്തിലേക്ക് കടന്നു വരുന്ന ഒരു പെൺകുട്ടി കടന്നു പോകുന്ന വഴികൾ വി. യൗസേപ്പിതാവിന്റെ പുത്രിമാരുടെ സഭയിലെ പരിശീലന രീതികളുടെ അടിസ്ഥാനത്തിൽ ഞാനിവിടെ ഒന്ന് വിശദമായ് കുറിക്കുന്നു.
ആസ്പെരൻസി കാലഘട്ടം
ഒരു പെൺകുട്ടി സന്യാസം സ്വീകരിക്കുവാൻ ആഗ്രഹിച്ചു കൊണ്ട് സന്യാസ ഭവനത്തിലേയ്ക്ക് കടന്നുവരുമ്പോൾ ആദ്യത്തെ മൂന്നുമാസം ഒരു എക്സ്പീരിയൻസ് നടത്തുന്നു. അതിനുശേഷം ഒരു വർഷം ആസ്പെരൻസി എന്ന കാലഘട്ടത്തിലേക്ക് കടക്കുന്നു. പ്ലസ് റ്റൂ പാസാകാത്ത ഒരു പെൺകുട്ടി ആണെങ്കിൽ ആസ്പെരൻസി കാലഘട്ടം മൂന്നു വർഷം നീളുന്നു. കാരണം രണ്ടു വർഷം പ്ലസ് റ്റൂ പഠനത്തിനായി നീക്കിവയ്ക്കുന്നു. ആസ്പെരൻസി കാലഘട്ടത്തിൽ ഒരു ഗുരുനാഥയുടെ മേൽനോട്ടത്തിൽ ഈ അർത്ഥിനി സന്യാസത്തിന്റെ ആദ്യ പാഠങ്ങൾ എന്തെന്നും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രാധാന്യത്തെ കുറിച്ച് പഠിക്കുകയും ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ പലവിധ പ്രാർത്ഥനാ രീതികൾ (ധ്യാനം, ദൈവവചനം പങ്കുവയ്ക്കൽ…) അഭ്യസിക്കുകയും ജീവിതത്തിൽ അവ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ഒരു വർഷത്തിനുശേഷം ഈ അർത്ഥിനി തനിക്ക് ദൈവം ദാനമായി തന്നിരിക്കുന്ന ഈ ദൈവവിളിയിൽ മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സഭയിലെ അധികാരികളോട് അനുവാദം ചോദിച്ചു കൊണ്ട് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ സമർപ്പിയ്ക്കുന്നു. മദർ ജനറാളും, ജനറൽ കൗൺസിലും അടങ്ങുന്ന അധികാരികൾ ഈ അപേക്ഷകൾ വിലയിരുത്തുകയും, ഈ അർത്ഥിനിയുടെ ഗുരുനാഥയുടെ റിപ്പോർട്ട് കൂടി വിശകലനം ചെയ്തിട്ട് യോഗ്യതയുള്ള ഒരുവൾ ആണെന്നു ബോധ്യം ആയെങ്കിൽ ഈ അർത്ഥിനിയെ സന്ന്യാസത്തിന്റെ അടുത്ത പടിയായ പോസ്റ്റുലൻസി കാലഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ അനുവദിയ്ക്കുന്നു.
പോസ്റ്റുലൻസി കാലഘട്ടം
പോസ്റ്റുലൻസി കാലഘട്ടത്തിൽ പ്രവേശിച്ച ഒരു അർത്ഥിനി വീണ്ടും അല്പംകൂടി ആഴമായി സന്യാസ ജീവിതത്തെപറ്റി പഠിക്കുകയും, ഒപ്പം തിയോളജി കോളേജുകളിൽ പോയി വിശുദ്ധ ഗ്രന്ഥമായ ബൈബിളിൾ, വിശുദ്ധ കുർബാനയുടെ ആന്തരിക അർത്ഥങ്ങൾ, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ എന്നിവയെപ്പറ്റി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പരിശീലന കാലഘട്ടത്തിന്റെ ഈ നാളുകളിൽ ഒരു അർത്ഥിനിയിലെ മറഞ്ഞുകിടക്കുന്ന പലതരം കഴിവുകൾ പുറത്തു കൊണ്ടു വരുവാൻ ഗുരുനാഥയും സഹസഹോദരിമാരും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഒരു വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ സമയം പോസ്റ്റുലൻസി കാലഘട്ടം ജീവിച്ച ഒരു അർത്ഥിനി പൂർണബോധ്യത്തോടും സ്വതന്ത്രമായ മനസ്സോടും കൂടി തന്റെ ദൈവവിളിയിൽ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കുകയാണെങ്കിൽ ഏതാനും ദിവസങ്ങൾ ധ്യാനത്തിലും പ്രാർഥനയിലും ചെലവഴിച്ചതിനു ശേഷം തന്നെ സന്യാസജീവിതത്തിന്റെ അടുത്ത ഘട്ടമായ നൊവിഷ്യേറ്റിൽ പ്രവേശിക്കാൻ അനുവദിയ്ക്കാമോ എന്ന് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ അധികാരികൾക്ക് സമർപ്പിക്കുന്നു. സന്യാസ സഭയിലെ അധികാരികൾ അർത്ഥിനിയുടെ അപേക്ഷയും പോസ്റ്റുലൻസി കാലഘട്ടത്തിൽ അർത്ഥിനിയുടെ ഗുരുനാഥയായ സിസ്റ്ററിന്റെ റിപ്പോർട്ടും ഒരുമിച്ച് വിലയിരുത്തി സന്യാസത്തിനു യോഗ്യതയുള്ള അർത്ഥിനിയാണെന്ന് അധികാരികൾക്ക് ബോധ്യം ആയങ്കിൽ മാത്രം സമർപ്പിതജീവിതത്തിലെ ഏറ്റവും ആഴവും കഠിനവുമായ നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ അനുവാദം നൽകുന്നു.
നൊവിഷ്യേറ്റ് കാലഘട്ടം
നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പായി ആസ്പെരൻസിയിലെയും പോസ്റ്റുലൻസിയിലെയും പോലെ ഈ അർത്ഥിനിയെ10 അല്ലെങ്കിൽ 15 ദിവസത്തേയ്ക്ക് സ്വന്തം ഭവനത്തിലേയ്ക്ക് അവധിക്കാലം ചിലവഴിക്കാനായി തിരിച്ചയക്കുന്നു. പ്രിയപ്പെട്ടവരുടെയും സ്വന്തക്കാരുടെയും കൂടെ അവധിക്കാലം ചിലവഴിച്ചതിനു ശേഷം സന്യാസഭവനത്തിലേക്ക് തിരികെ എത്തുന്ന ഒരു അർത്ഥിനി ഒരാഴ്ച്ച ധ്യാനത്തിലും പ്രാർത്ഥിക്കുകയും ചില വഴിച്ചതിനു ശേഷം സന്യാസസഭയുടെ പാരമ്പര്യ ക്രമമനുസരിച്ച് ദിവ്യബലിയുടെ മദ്ധ്യത്തിലോ യാമപ്രാർത്ഥനയുടെ മദ്ധ്യത്തിലോ നൊവിഷ്യേറ്റിൽ പ്രവേശിക്കുന്നു. തിരുസഭയുടെ കാനൻ നിയമമനുസരിച്ച് നൊവിഷ്യേറ്റ് കാലഘട്ടം രണ്ടുവർഷം ദീർഘമള്ളതാണ്. ആദ്യത്തെ ഒരു വർഷം അർത്ഥിനി ലോകവുമായുള്ള ബന്ധം ഒരു പരിധി വരെ വിച്ഛേദിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാലഘട്ടം അല്പം കഠിനമായ ഒന്നാണ്. ഈ കാലഘട്ടത്തിൽ ഒരു ഗുരുനാഥയുടെ കീഴിൽ ഈ അർത്ഥിനി സന്യാസസഭയുടെ നിയമാവലികളെപ്പറ്റിയും അതിലുപരി സന്യാസ വ്രതങ്ങളായ കന്യാത്വം, അനുസരണം, ദാരിദ്രം, ഒപ്പം സമൂഹ ജീവിതം, ലോകവുമായുള്ള ബന്ധം എന്നിവയെപ്പറ്റിയും, സ്വന്തം സന്യാസസഭയും കത്തോലിക്കാസഭയും ഒരു സമർപ്പിതക്കു നൽകുന്ന അവകാശങ്ങളെപ്പറ്റിയും വ്യക്തമായി പഠിക്കുന്നു.
ഒരു വർഷത്തെ സ്ട്രിക്റ്റ് നൊവിഷ്യേറ്റ് കാലഘട്ടത്തിന് ശേഷം ആറുമാസത്തെ റീജൻസി കാലഘട്ടത്തിനായി സന്യാസസഭയുടെ കീഴിലുള്ള ഒരു കോൺവെന്റിലേയ്ക്ക് പോകുന്നു. ലോകവുമായി ബന്ധപ്പെട്ടുള്ള ഈ കാലഘട്ടത്തിലും ഒരു അർത്ഥിനി സ്വന്തം ദൈവവിളിയെ വിശകലനം ചെയ്യുകയും, ദൈവവിളി തുടരണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ റീജൻസിയ്ക്കു ശേഷം വീണ്ടും ആറുമാസത്തെ സ്ട്രിക്റ്റ് നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഈ കാലഘട്ടം പ്രാർത്ഥനയിലും വിചിന്തനത്തിലും സന്യാസ സമൂഹത്തിൽ തന്നെ ഏല്പിച്ചിരിക്കുന്ന ചെറിയ ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചു കൊണ്ടും ഈ അർത്ഥിനി സമർപ്പിത ജീവിതത്തിനായി ഏറ്റവുമടുത്ത ഒരുക്കം നടത്തുന്നു. ഈ കാലഘട്ടത്തിൽ ഒരു അർത്ഥിനിയ്ക്ക് തന്റെ ദൈവവിളിയിൽ സംശയം തോന്നുകയും സ്വന്തം ഭവനത്തിലേക്ക് തിരിച്ചുപോകണമെന്ന് തോന്നുകയുമാണെങ്കിൽ അധികാരികളോട് അക്കാര്യം തുറന്നു പറയുവാനും സ്വഭവനത്തിലേക്ക് തിരിച്ച് പോകുവാനുമുള്ള അവകാശം ഓരോ സന്യാസ സഭയും കത്തോലിക്കാസഭയും നൽകുന്നു.
എന്നാൽ ഒരു അർത്ഥിനി സ്വന്തം ദൈവ വിളിയിൽ സംതൃപ്തയും ക്രിസ്തുവിനും സഹോദരങ്ങൾക്കുമായി സ്വന്തം ജീവിതം മാറ്റിവച്ചുകൊണ്ട് ഒരു സമർപ്പിതയായിത്തീരണമെന്ന് ആഗ്രഹവും സ്വയ അവബോധവും ഉണ്ടെങ്കിൽ തന്നെ സഭാവസ്ത്രം സ്വീകരിക്കുവാനും സന്യാസ വ്രതങ്ങൾ ചെയ്യുവാനും അനുവദിയ്ക്കാമോ എന്ന് ചോദിച്ചു കൊണ്ട് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ അധികാരികൾക്ക് സമർപ്പിക്കണം. മദർ ജനറാളും ജനറൽ കൗൺസിലേഴ്സും അടങ്ങുന്ന അധികാരികൾ ഈ അർത്ഥിനിയുടെ അപേക്ഷയും, രണ്ട് വർഷക്കാലം ഫോർമേഷനു സഹായിച്ച ഗുരുനാഥയുടെ റിപ്പോർട്ടും, റീജൻസി നടത്തിയ സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ റിപ്പോർട്ടും എല്ലാംകൂടി വിലയിരുത്തി സമർപ്പിത ജീവിതത്തിന് യോഗ്യതയുള്ള ഒരുവൾ ആണെന്ന് അധികാരികൾക്ക് ബോധ്യമായാൽ ആ അപേക്ഷ സ്വീകരിക്കുകയും, ഓരോ സന്യാസ സഭയുടെയും നിയമാവലിയിൽ പറഞ്ഞിരിക്കുന്ന ക്രമത്തിൽ സഭാ വസ്ത്രം ധരിക്കുവാനും സന്യാസ വ്രതം ചെയ്യുവാനുമുള്ള തീയതിയും സ്ഥലവും അധികാരികൾ നിശ്ചയിക്കുകയും ചെയ്യുന്നു.
ഒരാഴ്ച്ചക്കാലത്തെ ഏറ്റവും അടുത്ത ഒരുക്കമായ ധ്യാനത്തിന് ശേഷം ആഘോഷമായ വിശുദ്ധ കുർബാനയ്ക്കിടയിലാണ് സഭാ വസ്ത്രം ധരിക്കുവാനും ആദ്യ വ്രതം ചെയ്യുവാനും സാധാരണയായി എല്ലാ സന്യാസ സഭയും തിരഞ്ഞെടുക്കുന്നത്. നാല് അല്ലെങ്കിൽ ആറുവർഷത്തെ രൂപീകരണ കാലഘട്ടത്തിൽ കൂടി കടന്നുപോയ ഒരു അർത്ഥിനി കത്തോലിക്കാസഭയുടെ പ്രതിനിധിയുടെയും സ്വന്തം സന്യാസിസഭയിലെ അധികാരികളുടെയും മറ്റ് അംഗങ്ങളുടെയും ദൈവജനത്തിന്റെയും അതിലുപരി തന്റെ പ്രിയപ്പെട്ടവരുടെയും മുമ്പാകെ കന്യാത്വം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങൾ ദൈവകൃപയാൽ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊള്ളാം എന്ന് വ്രതം ചെയ്യുന്നു. ഈ മൂന്ന് വ്രതങ്ങൾ ഒരു വർഷക്കാലത്തേയ്ക്കാണ് സാധാരണയായി ചെയ്യുന്നത്.
ജൂണിയറേറ്റ് കാലഘട്ടം
ആദ്യ വ്രതം ചെയ്ത ഒരു സമർപ്പിത ആ സന്യാസ സഭയിലെ ജൂണിയറേറ്റ് കാലഘട്ടത്തിലേക്ക് കടക്കുന്നു. (നിത്യവ്രതം ചെയ്തു കഴിഞ്ഞാൽ മാത്രമേ ഒരു സമർപ്പിത ഒരു സന്യാസ സഭയുടെ യഥാർത്ഥ അംഗമായി മാറുകയുള്ളൂ)
ജൂനിയറേറ്റ് കാലഘട്ടത്തിലേക്ക് പ്രവേശിച്ച ഒരു സമർപ്പിത തന്റെ അധികാരികൾ നിശ്ചയിച്ചിട്ടുള്ള സ്വന്തം സന്യാസ സഭയുടെ കീഴിലുള്ള ഏതെങ്കിലുമൊരു കോൺവെൻറിൽ ഒരു ഗുരുനാഥയുടെ മേൽനോട്ടത്തിൽ സമർപ്പിത ജീവിതത്തിന്റെ ആദ്യകാലഘട്ടം ചിലവഴിയ്ക്കുന്നു. പിന്നീട് കത്തോലിക്കാസഭയുടെ നിയമാവലി അനുസരിച്ച് ഒരു വർഷത്തിനു ശേഷമോ രണ്ടുവർഷത്തിനുശേഷമോ സ്വന്തം സന്യാസസഭയുടെ ചൈതന്യത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ആ സമർപ്പിതയുടെ താൽപര്യത്തിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നു. ജൂനിയറേറ്റ് കാലഘട്ടം സീറോ മലബാർ സഭയുടെ നിയമമനുസരിച്ച് 5 മുതൽ 7 വർഷക്കാലവും, ലാറ്റിൻ സഭയുടെ നിയമാവലിയനുസരിച്ച് 7 മുതൽ 9 വർഷകാലവും നീണ്ടതാകുന്നു.
ജൂനിയറേറ്റ് കാലഘട്ടത്തിൽ ഒരു സമർപ്പിത ഓരോ വർഷവും തന്റെ മൂന്നു വ്രതങ്ങളും നവീകരിക്കണം. അതായത് ഒരു സമർപ്പിത ദൈവജനത്തിനും തിരുസഭയ്ക്കും മുന്നിൽ തന്റെ ആദ്യം വ്രതം ചെയ്യുന്നത് ഒരു വർഷക്കാലത്തേയ്ക്കാണ്. ഈ ഒരു വർഷത്തിനിടയിൽ ഒരു സമർപ്പിതയ്ക്ക് തന്റെ ദൈവവിളിയിൽ സംതൃപ്തിയില്ലാതെ വരികയും, മറ്റൊരു ജീവിതാന്തസ്സ് ആഗ്രഹിക്കുകയും ചെയ്താൽ സന്യാസസഭയുടെ അധികാരികളോട് അക്കാര്യം തുറന്നു പറയുകയും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു അപേക്ഷ സമർപ്പിച്ച് അവരുടെ അനുവാദത്തോടെ സ്വന്തം ഭവനത്തിലേക്ക് തിരിച്ചു പോകാവുന്നതുമാണ്. തിരുസഭയുടെ കാനൻ നിയമവും കത്തോലിക്കാ സഭയുടെ കീഴിലുള്ള ഓരോ സന്യാസസഭയുടെ നിയമാവലിയും തന്റെ ദൈവവിളിയിൽ ചാഞ്ചല്യമുള്ള ഒരു സമർപ്പിത വ്യക്തിയ്ക്ക് നൽകുന്ന ഏറ്റവും വലിയ ഒരു സ്വാതന്ത്ര്യമാണിത്.
നിത്യവ്രതം
സീറോമലബാർസഭയിൽ 5 വർഷം വ്രതം നവീകരിച്ചിട്ടുള്ള (ലാറ്റിൻ സഭയിൽ ഏഴുവർഷം വ്രതം നവീകരിച്ചിട്ടുള്ള) ഒരു ജൂനിയർ സിസ്റ്ററിന് തന്റെ ദൈവവിളിയിൽ മുന്നോട്ടു പോകണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ തന്നെ നിത്യവ്രതം ചെയ്യുവാൻ അനുവദിക്കാമോ എന്ന് വീണ്ടും സ്വന്തം കൈപ്പടയിൽ അധികാരികളോട് ഒരു അപേക്ഷ എഴുതി ചോദിക്കണം. അധികാരികൾ ഈ അപേക്ഷയും ഈ സിസ്റ്ററിന്റെ മിസ്ട്രസിന്റെ റിപ്പോർട്ടും ഈ സിസ്റ്റർ ജീവിക്കുന്ന സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ റിപ്പോർട്ടും വിശകലനം ചെയ്തതിനുശേഷം യോഗ്യതയുള്ള ഒരുവൾ ആണെങ്കിൽ നിത്യവ്രതം ചെയ്യുവാൻ അനുവാദം നൽകുന്നു. നിത്യവ്രതം എന്നാൽ തന്റെ ജീവിതകാലം മുഴുവൻ അതായത് മരണംവരെ കന്യാത്വം, അനുസരണം, ദാരിദ്ര്യം എന്നി വ്രതങ്ങൾ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി കൊള്ളാമെന്ന് തിരുസഭയുടെയും സന്യാസസഭയുടെയും ദൈവജനത്തിന്റെയും മുമ്പിൽ ആഘോഷമായ വിശുദ്ധ കുർബാനയുടെ മദ്ധ്യത്തിൽ വ്രതം ചെയ്യുന്നതാണ്.
സന്യാസം ഉപേക്ഷിക്കൽ!
നിത്യവ്രതത്തിലൂടെ ഒരു സന്യാസസഭയുടെ അംഗമായ് തീർന്ന ഒരു സമർപ്പിത എന്നെങ്കിലും ഈ ജീവിതം ഉപേക്ഷിച്ച് പോകാൻ തോന്നുകയാണെങ്കിൽ അതിന് ചില നടപടികളിൽ കൂടി കടന്ന് പോകേണ്ടിയിരിയ്ക്കുന്നു. ലോകത്തിലുള്ള ഏതൊരു പ്രസ്ഥാനങ്ങൾക്കും, പാർട്ടികൾക്കും, സംഘടനകൾക്കും ഉള്ളതു പോലെ ചില അച്ചടക്കനിയമങ്ങൾ കത്തോലിക്കാസഭയുടെ കീഴിലുള്ള എല്ലാ സന്യാസസഭകൾക്കും ഉണ്ട്. ദൈവപുത്രനായ ക്രിസ്തു തിരഞ്ഞെടുത്ത തന്റെ പന്ത്രണ്ടുപേരടങ്ങുന്ന ശിഷ്യഗണത്തിൽ യൂദാസ് അവിശ്വസ്ഥത കാട്ടിയതുപോലെ പലപ്പോഴും സമർപ്പിതർക്കിടയിലും ബലഹീനരായ മാനുഷിക ജന്മങ്ങൾ മറഞ്ഞു കിടക്കുന്നു. അതുകൊണ്ട് തന്നെ നിത്യവ്രതം ചെയ്ത ഒരു സമർപ്പിത സ്വന്തം സഭയുടെ നിയമങ്ങൾ അനുസരിക്കാതെ തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചാൽ ആ വ്യക്തിയെ സന്യാസസഭയിൽ നിന്ന് പുറത്താക്കുവാനുള്ള അധികാരം കത്തോലിക്കാ സഭയുടെ കാനൻ നിയമത്തിൽ അധിഷ്ഠിതമായ ഓരോ സന്യാസസഭയുടെയും നിയമാവലിയിൽ എടുത്തു പറയുന്നുണ്ട്. ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരു സമർപ്പിത പിന്നിട് ആ സന്യാസസഭയുടെയോ അല്ലെങ്കിൽ മറ്റെതെങ്കിലും സന്യാസസഭയുടെയോ അംഗമായിരിക്കില്ല. എന്നിരുന്നലും പലപ്പോഴും ഒരു അമ്മ സ്വന്തം മക്കളോട് കരുണ കാട്ടുന്നതുപോലെ പല സന്യാസസഭകളും തന്റെ മക്കളുടെ ചെറിയ ബലഹീനതകളെയും തെറ്റുകളെയും ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. “വിശ്വസ്ഥത മറ്റെല്ലാ പുണ്യങ്ങളുടെയും കിരീടം” ആണെങ്കിലും നിത്യവ്രതം ചെയ്ത ഒരു സമർപ്പിതയ്ക്ക് തന്റെ സഭ ഉപേക്ഷിച്ചു പോകണം എന്ന് തോന്നുന്ന സാഹചര്യത്തിൽ അധികാരികളോട് അക്കാര്യം തുറന്ന് പറയാനും അവരുടെ സഹായത്തോടെ തിരുസ്സഭയുടെ അദ്ധ്യക്ഷനായ മാർപാപ്പയിൽ നിന്ന് അനുവാദം വാങ്ങി സഭ ഉപേക്ഷിച്ചു പോകുവാനും സാധിക്കും. അല്ലെങ്കിൽ മദർതെരേസയെ പോലെ ദൈവത്തിൽ നിന്നു ഉണ്ടായ മറ്റൊരു ഉൾവിളിക്ക് അനുസൃതമായി ജീവിക്കാൻ ആഗ്രഹം തോന്നുന്നു എങ്കിൽ തിരുസ്സഭയുടെയും തന്റെ സഭയിലെ അധികാരികളുടെ അനുവാദത്തോടെ താൻ ആയിരിക്കുന്ന സഭ ഉപേക്ഷിച്ചു പോകുവാനുള്ള നിയമം എല്ലാ സന്യാസസഭയുടെയും നിയമാവലിയുടെ അവസാന അദ്ധ്യായങ്ങളിൽ കോറിയിട്ടിരിക്കുന്നു.
സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ