യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത സ്ഥലം

ഗത്സമേൻ തോട്ടത്തിലെ ഗ്രോട്ടോ

യേശു സെഹിയോൻ മാളികയില്‍ അന്ത്യാത്താഴസമയത്ത് ശിഷ്യന്മാര്‍ക്ക് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു നൽകിയതിന് ശേഷം ഗത്സമേൻ തോട്ടത്തില്‍ വന്നു പ്രാര്‍ത്ഥിക്കുന്നു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ പോയെങ്കിലും ബാക്കി പതിനൊന്നു ശിഷ്യന്മാരും യേശുവിനൊപ്പമുണ്ടായിരുന്നു. അതിൽ പത്രോസിനേയും യാക്കോബിനെയും യോഹന്നാനെയും കൂടെ കൂട്ടി, മറ്റു ശിഷ്യന്മാരെ ഒരു സ്ഥലത്തിരുത്തി ഈശോ പ്രാര്‍ത്ഥിക്കുവനായി പോയി (മത്താ. 26: 36-37).

ഗത്സമെനിയിലെ ഒലിവു തോട്ടങ്ങൾക്കിടയിൽ യേശു രക്തം വിയർത്തു പ്രാർത്ഥിച്ച സ്ഥലത്തു അവന്റെ സഹനത്തിന്റെ സ്മരണകളാണുർത്തുന്ന അതിമനോഹരമായ ഒരു ദേവാലയം (സകല രാജ്യങ്ങളുടെയും ദേവാലയം – The Church of All the Nations) ഇന്നുണ്ട്. യേശു ഗത്സമേൻ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ബാക്കി എട്ടു ശിഷ്യന്മാര്‍ ഇരുന്ന സ്ഥലമാണ് ഗത്സമേൻ തോട്ടത്തിലെ ഗ്രോട്ടോ. കെദ്രോൻ താഴ്വരയിൽ, കെദ്രോൻ അരുവിയുടെ തീരത്താണ് ഗ്രോട്ടോ ഉള്ളത് (യോഹ. 18:1).

പ്രാര്‍ത്ഥനയ്ക്കു ശേഷം ശിഷ്യന്മാര്‍ ഇരുന്ന ഈ ഗ്രോട്ടോയിലേക്ക് യേശു തിരിച്ചുവരുന്നു. അപ്പോഴേക്കും യൂദാസ് പ്രധാന പുരോഹിതന്മാരുടെയും നിയമജ്ഞമാരുടെയും സേവകരെ കൂട്ടിക്കൊണ്ട് യേശുവിനെ പിടിക്കുവാന്‍ വന്നിരുന്നു. ഗുരോ സ്വസ്തി എന്നുപറഞ്ഞ് യേശുവിനെ ചുംബിച്ച് യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തത് ഈ ഗ്രോട്ടോയില്‍ വച്ചാണ്. പ്രധാന പുരോഹിതന്മാരുടെയും നിയമജ്ഞന്മാരുടെയും സേവകന്മാര്‍ ഇവിടെ നിന്നാണ് യേശുവിനെ ബന്ധിച്ചു സിയോന്‍മലയിലുള്ള കയ്യാഫാസിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നത്.

പരിശുദ്ധ കന്യാകമറിയത്തിന്റെ കല്ലറ ഉള്‍ക്കൊള്ളുന്ന ദേവാലയം ഈ ഗ്രോട്ടോയുടെ തൊട്ടടുത്ത് ഇടതുവശത്തു സ്ഥിതിചെയ്യുന്നു.

ഒലിവുമല ഒലിവുതോട്ടങ്ങളാല്‍ സമൃദ്ധമായിരുന്നു. ഇവിടെ ഒലിവുങ്കായ ആട്ടി എണ്ണ ഉണ്ടാക്കുന്നതിനുവേണ്ടി ചക്കുകള്‍ സ്ഥാപിച്ചിരുന്നു. അങ്ങനെ ഒലിവുചക്കുകള്‍ വച്ചിരുന്ന ഒരു സ്ഥലമായിരുന്നു ഈ ഗ്രോട്ടോ. യേശുവിന്റെ ഒറ്റിക്കൊടുക്കലിന്റെ വേദിയായതിനാല്‍ പിന്നീട് അത് തീര്‍ത്ഥാടന സ്ഥലമായി മാറി. അങ്ങനെയാണ് നാലാം നൂറ്റാണ്ടില്‍ ഈ ഗ്രോട്ടോ ഒരു ദേവാലയമായി ഉപയോഗിക്കാൻ തുടങ്ങിയത്. ദേവാലയത്തിലെ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി വെള്ളം സംഭരിക്കുന്നതിനുവേണ്ടി അൾത്താരയുടെ ഇടതുവശത്തായി ഒരു ജലസംഭരണി നിര്‍മ്മിക്കപ്പെട്ടിരുന്നു.

കുരിശുയുദ്ധക്കാർക്കുശേഷം 1361 – ല്‍ ഈ ഗ്രോട്ടോയുടെ സംരക്ഷണം ഫ്രാൻസിസ്കൻ സന്യാസിമാർ ഏറ്റെടുത്തു. 1955-ല്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിനു ശേഷം ഈ ഗ്രോട്ടോയിൽ പുരാവസ്തു പഠനം നടത്തുകയും ഗ്രോട്ടോയെപ്പറ്റി അറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്തു. ഗ്രോട്ടോയുടെ ആദ്യത്തെ പ്രവേശന കവാടം ഇപ്പോഴുള്ള പ്രവേശന കവാടത്തിന്റെ അല്‍പ്പവും കൂടി മുന്നോട്ടുമാറി അള്‍ത്താരയോടു ചേര്‍ന്നായിരുന്നു. അവിടെതന്നെയായിരുന്നു ജലസംഭരണിയുടെ പ്രവേശന കവാടവും ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വാതിലിന്റെ വലതുവശത്ത് ആദ്യ ദേവാലയത്തില്‍ ഉപയോഗിച്ചിരുന്ന മൊസേക്കിന്റെ അവശിഷ്ടങ്ങള്‍ കാണാം. മേല്‍ക്കൂരയില്‍ കുരിശുയുദ്ധക്കാരുടെ സമയത്ത് വരച്ച ചിത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം. 2000-മാണ്ടില്‍ മഹാജൂബിലിയോടനുബന്ധിച്ചു ഈ ഗ്രോട്ടോ മോടിപിടിപ്പിച്ചപ്പോള്‍ ചിത്രങ്ങൾ കേടുപാടുകൾ നീക്കി പരിപാലിക്കാൻ ശ്രമിച്ചു. അതിനാൽ കുറേഭാഗങ്ങൾ ഇപ്പോഴും മനോഹരമായി കാണാന്‍ സാധിക്കും.

ഗ്രോട്ടോയുടെ അള്‍ത്താരയുടെ പിന്നിലെ ഭിത്തിയിൽ “അത് ഞാന്‍ തന്നെ” എന്ന് പറയുന്ന ഈശോയും അതുകേട്ട് സാഷ്ടാംഗപ്രണാമം ചെയ്യുന്ന ശിഷ്യന്മാരെയും സേവകരെയും ചിത്രികരിച്ചു വച്ചിരിക്കുന്നു.

മറ്റു രണ്ടു ചിത്രങ്ങളിൽ ഗത്സമെനിയില്‍ പ്രാര്‍ത്ഥിക്കുന്ന യേശുവിനെയും സ്വർഗ്ഗാരോഹണം ചെയ്യുന്ന പരിശുദ്ധ കന്യാകാമറിയത്തെയും കാണാം.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ഈ ഗ്രോട്ടോയില്‍ പ്രാര്‍ത്ഥിക്കുക വലിയൊരു ആത്മീയ അനുഭവമാണ്. മനുഷ്യരക്ഷയ്ക്കുവേണ്ടി കുരിശില്‍ ബലിയര്‍പ്പിക്കപ്പെടുന്നതിന്റെ ഒരുക്കമായി ഈശോ സ്വയം നിന്നു കൊടുക്കുന്ന സ്ഥലമാണ് ഇത്. ഈശോയെ സേവകന്മാര്‍ പിടിച്ചുകൊണ്ടുപോകുമ്പോള്‍ ശിഷ്യന്മാര്‍ എല്ലാം ഓടിരക്ഷപ്പെടുകയാണ്. ഈ ഗ്രോട്ടോയില്‍ നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ യേശു ചോദിക്കുന്ന ചോദ്യമിതാണ്. നീ മറ്റു ശിഷ്യന്മാരെപ്പോലെ അവസരവാദിയായി ഓടിപ്പോകുമോ? അതോ എന്റെ സഹനത്തില്‍ പങ്കാളിയായികൊണ്ട് കുരിശിന്റെ വഴിയില്‍ നടക്കുമോ?

നമുക്കു പ്രാര്‍ത്ഥിക്കാം:
യേശുവേ, സന്തോഷത്തോടു കൂടി സഹനത്തിലേക്ക് കടന്നുപോയ അവിടുന്ന് എന്റെ ജീവിതത്തിലെ വേദനകളിലും ദുഃഖങ്ങളിലും ശക്തിയായി കടന്നുവരണമെ. ഒരിക്കലും നിന്നെ ഉപേക്ഷിച്ച് ഓടിപ്പോകുവാന്‍ എനിക്ക് ഇട വരുത്തരുതെ. അന്യായമായും അകാരണമായും പീഡിപ്പിക്കപ്പെടുന്ന എല്ലാവര്‍ക്കും അങ്ങയുടെ സഹനം ശക്തിയും ബലവും നല്‍കട്ടെ. ആമ്മേൻ.

റവ. ഡോ. പോൾ കുഞ്ഞാനയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.