
പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ (തുടര്‍ച്ച)
അറിവ്, ഭക്തി
‘അറിവ് എന്ന ദാനത്തോട് ഒപ്പിച്ചുനോക്കിയാല്‍ സ്വര്‍ണ്ണം, മണല്പ്പോലെയും വെള്ളി, ചെളി പോലെയുമാകുന്നു.’
ലോകത്തിന്റെ അബദ്ധ തത്വങ്ങള്‍ക്കും മായാപ്രപഞ്ചത്തിനും വശംവദനാകാതെ നിന്ദയുടെ മനുഷ്യനായ മിശിഹായെ പിഞ്ചെല്ലുവാനുള്ള വിശുദ്ധ ശാസ്ത്രം ലഭിപ്പാനായി പരിശുദ്ധാരൂപിയോട് പ്രാര്‍ത്ഥിക്കണം. അനുഗ്രഹം നിറഞ്ഞ പിതാവായി ദൈവത്തെയും, ദൈവമക്കളായി മനുഷ്യരെയും കരുതി പെരുമാറുവാന്‍ ഉത്സാഹിക്കണം. സെഹിയോന്റെ മാളികയില്‍ അരൂപിയാലെ പ്രവേശിച്ച് അറിവിന്റെയും ഭക്തിയുടെയും ദാനം തരുന്നതിനായി കന്യക അമ്മ മറിയവും ശ്ലീഹന്മാരും വഴിയായി പരിശുദ്ധാരൂപിയോട് പ്രാര്‍ത്ഥിക്കണം.
ജപം
സൃഷ്ടാവായ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക, അങ്ങേ അടിയാരുടെ ബോധങ്ങളെ സന്ദര്‍ശിക്ക. അങ്ങുന്ന് സൃഷ്ടിച്ച ഹൃദയങ്ങളെ അങ്ങേ ഉന്നതമായ വരപ്രസാദത്താല്‍ പൂരിക്കുക.
അങ്ങുന്ന് ആശ്വാസപ്രദനും ഉന്നതനായ ദൈവത്തിന്റെ ദാനവും ജീവനുള്ള ഉറവയും അഗ്നിയും സ്നേഹവും ആത്മികാഭിഷേകവുമാകുന്നു.
അങ്ങ് ഏഴുവിധ ദാനങ്ങളോടു കൂടിയവനും പിതാവിന്റെ വലതുകൈയ്യുടെ വിരലുമാകുന്നു. അങ്ങുന്ന് പിതാവിന്റെ ശരിയായ വാഗ്ദാനവും നാവിന് പ്രസാദവരം നല്‍കുന്നവനുമാകുന്നു.
ഇന്ദ്രിയങ്ങള്‍ക്ക് ജ്ഞാനപ്രകാശം കൊടുത്ത് ഹൃദയങ്ങളില്‍ സ്നേഹം ചിന്തി ഞങ്ങളുടെ ശരീരബലഹീനതയെ നിത്യശക്തിയാല്‍ ബലപ്പെടുത്തേണമെ.
ശത്രുവിനെ ദൂരെയകറ്റി സമാധാനം നല്കി ഞങ്ങള്‍ക്ക് വഴികാട്ടിയായിരുന്ന് സകല തിന്മയില് നിന്നും ഞങ്ങള്‍ ഒഴിവാന്‍ കൃപ ചെയ്യേണമെ.
അങ്ങുന്ന് വഴിയായി പിതാവനെയും പുത്രനെയും, ഇവരിരുവരുടെയും അരൂപിയായ അങ്ങയെയും അറിഞ്ഞ് എല്ലായ്പ്പോഴും വിശ്വസിക്കുന്നതിന് കൃപ ചെയ്യേണമെ.
ബാവായ്ക്കും മരിച്ചവരില്‍ നിന്നുയിര്‍ത്ത പുത്രനും ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവിനും എന്നേയ്ക്കും സ്തുതിയുണ്ടായിരിക്കട്ടെ. ആമ്മേന്‍.
നേതാവ്: സര്‍വ്വേശ്വരാ, നിന്റെ അരൂപിയെ നീ അയയ്ക്ക. അപ്പോള്‍ സകലവും സൃഷ്ടിക്കപ്പെടും.
സമൂ.: അപ്പോള്‍ ഭൂമിയുടെ മുഖത്തെ നീ പുതുതാക്കും.
പ്രാര്‍ത്ഥിക്കാം
പരിശുദ്ധാത്മാവിന്റെ വെളിവാല്‍ വിശ്വാസകളുടെ ഹൃദയങ്ങളെ പഠിപ്പിച്ച സര്‍വ്വേശ്വരാ! ഈ അരൂപിയുടെ സഹായത്താല്‍ ചൊവ്വുള്ളവയെ ഞങ്ങള്‍ ഗ്രഹിപ്പാനും അങ്ങേ ആശ്വാസത്താല്‍ ഏപ്പോഴും ആനന്ദിപ്പാനും കൃപ ചെയ്യേണമേയെന്ന് ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്. 1 ന. 7ത്രി.