
‘ദൂതന്മാർ അവരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോയപ്പോള്‍ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു നമുക്കു ബേത്ലെഹം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്ത്തൊട്ടിയില് കിടക്കുന്ന ശിശുവിനെയും കണ്ടു (ലൂക്കാ 2:15-16).
ബേത്ലഹേമിലെ ബസ് പാര്‍ക്കിങില്‍ ബസിറങ്ങി തിരുപ്പിറവി ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന ചെറിയ മല കയറുമ്പോള്‍ മാലാഖമാര്‍ ആട്ടിടയന്മാര്ക്കു കൊടുത്ത സന്ദേശമായിരുന്നു മനസു നിറയെ. അഞ്ചിമിനിറ്റോളം നടന്നപ്പോള്‍ തിരുപ്പിറവി ദേവാലയം സ്ഥിതി ചെയ്യുന്ന പുല്‍ക്കൂട് ചത്വരത്തിലെത്തി (Manager Squre). ഇടതുവശത്ത് വിശുദ്ധനാട്ടിലെ ഏറ്റവും പഴക്കമുള്ളതും ഒരിക്കല്‍പ്പോലും തകര്‍ക്കപ്പെടാത്തതുമായ ദേവാലയം. ഇപ്പോഴുള്ള 6-ാം നൂറ്റാണ്ടിൽ (a. 530 AD) ബൈസന്റയില്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയൻ പുതുക്കി പണിത ഈ ദേവാലയം വളെരെയേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയാണ്.
ബെത്ലേഹമില്‍ യേശു ജനിച്ച ഗ്രോട്ടോ ആദിമ ക്രൈസ്തവരുടെ തീര്‍ത്ഥാടനത്തിന്റെയും പ്രാര്‍ത്ഥനയുടെയും സ്ഥലമായി മാറി. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഹദ്രിയാന്‍ റോമന്‍ ചക്രവര്‍ത്തിയായപ്പോള്‍ ക്രിസതുമതത്തെ അവഹേളിക്കാനും ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടയാനുമായി ആ ഗ്രോട്ടോയുടെ മുകളില്‍ വിജാതീയ ദേവന്മാര്ക്കുള്ള ഒരു അമ്പലം നിര്‍മ്മിച്ചു.
AD 326 -ല്‍ കോൺസ്റ്റന്റയിൻ ചക്രവര്‍ത്തി (ജറുസലേം മെത്രാനായിരുന്ന വി. മക്കാരിയൂസിന്റെ നിര്‍ദ്ദേശപ്രകാരം) ആ അമ്പലം തകര്‍ത്ത് തിരുപ്പിറവിയുടെ ആദ്യ ദേവാലയം ആരംഭിക്കുന്നതുവരെ ഏതാണ്ട് 180 വര്‍ഷത്തോളം ഈ അവസ്ഥ തുടര്‍ന്നുവെന്ന് എ.ഡി. 395 ല്‍ വി. ജറോം സാക്ഷ്യപ്പെടുത്തയിരിക്കുന്നു. യേശു ജനിച്ച ഗ്രോട്ടോ അള്‍ത്താരയുടെ കീഴെ നിലനിര്‍ത്തിക്കൊണ്ടാണ് കോണ്സ്റ്റന്റയിൻ ചക്രവര്‍ത്തി ഈ ദേവാലയം നിര്‍മ്മിച്ചത്. വിശുദ്ധനാടിലെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നായിരുന്നു ഇതെന്ന് 4, 5 നൂറ്റാണ്ടുകളിലെ ക്രൈസ്തവ എഴുത്താകാര്‍ സാക്ഷിക്കുന്നു. എ.ഡി. 527 ല്‍ ഭരണമേറ്റ ജസ്റ്റീനിയൻ ചക്രവര്‍ത്തി പുതുക്കിപ്പണിത ഈ ദേവാലയത്തിന്റെ മേല്‍ക്കൂരമാത്രം പല തവണ നന്നാക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ യുനെസ്കോയുടെ കീഴില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പട്ടാളക്കാര്‍ കുതിരകളെയും കൊണ്ട് പള്ളിക്കകത്ത് വരുന്നത് തടയുന്നതിനായി 16-ാം നൂറ്റാണ്ടില്‍ ചെറുതാക്കിയ വാതായനത്തിലൂടെ തിരുപ്പിറവി ദേവാലയത്തിലേക്കു പ്രവേശിച്ചു. അരണ്ട വെളിച്ചത്തില്‍ പഴമയുടെ തുടിപ്പുള്ള ദേവാലയം യേശുവിന്റെ തിരുപ്പിറവിയുടെ സ്മരണകളുയര്‍ത്തുന്നു. ദേവാലയത്തിന്റെ പ്രവേശന കവാടത്തിനടുത്ത് വലതുവശത്ത് ഗ്രീക്ക്, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭകളുടെ ആശ്രമങ്ങളിലേക്കുള്ള വാതായനങ്ങള്‍ കാണാം. 1500 വര്‍ഷത്തോളം പഴക്കമുള്ള ദേവാലയത്തിന്റെ ഇരുഭിത്തികളിലും മുഴുവന്‍ 8-ാം നൂറ്റാണ്ടുവരെ സഭയുടെ വിവിധ സൂനഹദോസുകളില്‍ ഉരുത്തിരിഞ്ഞ ക്രിസ്തുവിനേക്കുറിച്ചുള്ള പഠനങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇന്നത് കാലപ്പഴക്കം വന്ന് കുറെയൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. പള്ളിയുടെ പരുക്കന്‍ ടൈലുകള്‍ പാകിയ പള്ളിയുടെ തറ തുര്‍ക്കികള്‍ 16-ാം നൂറ്റാണ്ടില്‍ നടത്തിയ മാര്‍ബിള്‍ മോഷണത്തിന്റെ ബാക്കി പത്രങ്ങളാണ്. അല്പം കൂടി മുന്നോട്ടു നടക്കുമ്പോള്‍ ഇടതുവശത്ത് തറയുടെ തുറന്ന ഭാഗത്ത് നിലവിലെ തറനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ താഴെയായി ആദ്യദേവാലയത്തിന്റെ മനോഹരമായ മൊസൈക് അവശിഷ്ടങ്ങള്‍ കാണാം.
നിരവധി എണ്ണ വിളക്കുകള്‍ തൂങ്ങിക്കിടക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് അള്‍ത്താരയുടെ മുന്നില്‍ അല്പസമയം പ്രാര്‍ത്ഥിച്ചശേഷം അള്‍ത്താരയുടെ വലതുവശത്തേക്ക് പോയി പടികളിറങ്ങി അള്‍ത്താരയുടെ കീഴിലുള്ള തിരുപ്പിറവി ഗ്രോട്ടോയിലെത്തി. വലതുവശത്ത് ബലിപീഠത്തിന് കീഴെ ഒരു വെള്ളി നക്ഷത്രം പതിപ്പിച്ചു വച്ചിരിക്കുന്നു. അതിനു ചുറ്റും ലത്തീന്‍ ഭാഷയില്‍ Hic de virgine Maria Jesus Christus Natus est (ഇവിടെ കന്യാമറിയത്തില്‍നിന്നും യേശുക്രിസ്തു പിറന്നു) എന്ന് ആലേഖനം ചെയ്തിരിക്കുന്നു. ‘ക്രിസ്തു പിറന്ന സ്ഥലം!’ അവിടെ ചുംബിച്ചു പ്രാര്‍ത്ഥിച്ചതിനുശേഷം നേരെ അഭിമുഖമായുള്ള ബലിപീഠത്തിനടുത്തേക്കിറങ്ങി. ഇവിടെയാണ് യൗസേപ്പും മറിയവും യേശുവിനെ കിടത്തിയ പൂല്ക്കൂടുണ്ടായിരുന്നത്. തിരുപ്പിറവി ഗ്രോട്ടോയില്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ബലിപീഠമാണിത്.
അല്പസമയത്തെ പ്രാര്‍ത്ഥനക്കുശേഷം അള്‍ത്താരയുടെ ഇടതുവശത്തുള്ള പടികള്‍ കയറി ദേവാലയത്തിലേക്ക് വീണ്ടും പ്രവേശിച്ച് അവിടെ നിന്ന് കത്തോലിക്കരുടെ അവകാശത്തിലുള്ള ഈജിപ്തിലെ വിശുദ്ധ കത്രീനയുടെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന ദേവാലയത്തിലേക്കു പ്രവേശിച്ചു. എല്ലാ വര്‍ഷവും ക്രിസ്മസ് രാത്രിയില്‍ ജറുസലേം പാത്രിയര്‍ക്കീസ്, പാലസ്തീന് പ്രസിഡന്റിന്റെയും ലോകമെങ്ങും നിന്നുള്ള തീര്‍ത്ഥാടകരുടെയും സാന്നിധ്യത്തില്‍ ക്രിസ്തുമസ് കുര്‍ബാനയര്‍പ്പിക്കുന്ന ദേവാലയമാണിത്. ദേവാലയത്തിന് പിറകിലായി വലതുവശത്ത് തിരുപ്പിറവി ദേവാലയത്തിന്റെ കീഴിലുള്ള ഗ്രോട്ടോകളിലേക്കുള്ള പ്രവേശനകവാടമുണ്ട്. സഭാപിതാവായ വി. ജറോം അനേകവര്‍ഷങ്ങള്‍ താമസിച്ച് വി. ഗ്രന്ഥം ഹീബ്രുവില്‍ നിന്നും, ഗ്രീക്കില്‍ നിന്നും ലത്തീനിലേക്കു തര്‍ജമചെയ്ത ഗ്രോട്ടോകളാണിത്. ഇന്ന് ഈ ഗ്രോട്ടോകളില്‍ വി. യൗസേപ്പിതാവിനും, കുഞ്ഞിപ്പൈതങ്ങള്‍ക്കും, വി. ജറോമിനും സമര്‍പ്പിച്ചിരിക്കുന്ന അള്‍ത്താരകളുണ്ട്. ഇവിടെനിന്നും തിരുപ്പിറവി ഗ്രോട്ടോയിലേക്ക് ഒരു വാതിലുണ്ടെങ്കിലും സ്റ്റാറ്റസ് ക്വോ അനുസരിച്ചുള്ള കത്തോലിക്കരുടെ പ്രദക്ഷിണങ്ങള്ക്കുവേണ്ടി മാത്രമേ അതു തുറക്കാറുള്ളൂ.
തിരിച്ച് വി. കത്രീനയുടെ ദേവാലയത്തിലെത്തി അല്പസമയം പ്രാര്‍ത്ഥിച്ചതിനുശേഷം ദേവാലയത്തിന്റെ മുന്‍ഭാഗത്തേക്കിറങ്ങി. നടുക്ക് വി. ജറോമിന്റെ മനോഹരമായ ഒരു ശില്പം. വലതു വശത്ത് തീര്‍ത്ഥാടകര്‍ക്കുള്ള ഫ്രാന്‍സിസ്ക്കന്‍ ഭവനമായ ‘കാസ നോവ’ യുടെ പ്രവേശന കവാടം. മുറ്റത്തേക്കിറങ്ങി തിരുപ്പിറവിപ്പള്ളിയുടെ മുന്നിലേക്കുവന്നു. ബത്ലഹേം പട്ടണത്തിന്റെ കുറേ ഭാഗങ്ങള്‍ അവിടെ നിന്നുകൊണ്ട് കാണാം.
യേശുവിന്റെ ജനനസമയത്ത് ആയിരത്തില്‍ താഴെമാത്രം ജനവാസമുണ്ടായിരുന്ന ഈ കുഞ്ഞു ഗ്രാമം ഇന്ന് 35000 ല്‍ അധികം ആളുകള്‍ വസിക്കുന്ന പട്ടണമാണ്. യൂദായിലെ മലമ്പ്രെദേശത്തിന്റെ ഭാഗമായിരുന്ന ഈ സ്ഥലം എഫ്രാത്ത എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടെയാണ് റാഹേല്‍ മരിച്ചടക്കപ്പെട്ടത് (ഉത്പ 35:16-19; 48:7). മിക്കാ പ്രവാചകന് ബത്ലഹേമിലെ രക്ഷകന്റെ പിറവി നേരത്തെ പ്രവചിച്ചിരുന്നു (മിക്കാ 5:2). ബൈബിളില്‍ റൂത്തിന്റെ പുസ്തകത്തിലെ സംഭവങ്ങള്‍ ഇവിടെയാണ് നടക്കുന്നത് (റൂത്ത് 1:6-4:22). ദാവിദ് രാജാവ് ബത്ലഹേംകാരനായിരുന്നു (1 സാമു 17:12). ദാവിദിന്റെ പട്ടണം എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത് (ലൂക്കാ 2:4). ദാവീദ് രാജാവുമായി അഭിഷേകം ചെയ്യപ്പെട്ടു കഴിഞ്ഞ് ബേത്ലഹേമില് നിന്ന് ബലിയര്‍പ്പിച്ചു (1 സാമു 16:4-13). ദാവീദിന്റെ വീരയോദ്ധാക്കള്‍ ജീവന് പണയപ്പെടുത്തി ഇവിടെ നിന്ന് വെള്ളം കൊണ്ടുവന്നിട്ടുണ്ട് (2 സാമു 23:13-17).
എന്നാല്‍ യേശുവിന്റെ ജനനമാണ് ബേത്ലഹെമിന്റെ യഥാര്‍ത്ഥ ഔന്നത്യം. ”അപ്പത്തിന്റെ ഭവനമായ” (ബേത്ലഹെം എന്നവാക്കിന്റെ അര്‍ത്ഥം) ബേത്ലഹെമില്‍ ‘ജീവന്റെ അപ്പമായവന്‍’ വന്നുപിറന്നു. ഓരോ ക്രിസ്ത്യാനിയും അതുകൊണ്ടാണ് ബത്ലഹേം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. ഏതൊരു സ്ഥലത്തിനും സമൂഹത്തിനും ഭവനത്തിനും വ്യക്തിക്കും അസ്ഥിത്വത്തിന്റെ അര്‍ത്ഥം നല്‍കുന്നത് രക്ഷകനായ യേശുവിന്റെ സാന്നിധ്യമാണ്.
പ്രാര്‍ത്ഥന:
എന്റെ രക്ഷകനായ യേശുവേ, നീ ബേത്ലഹെമില്‍ മനുഷ്യനായി വന്നുപിറന്നപ്പോള്‍ എന്റെ മനുഷ്യജീവിതത്തിന് അര്‍ത്ഥം കൈവന്നു. ദൈവമായ നീ മനുഷ്യനായിക്കൊണ്ട് മനുഷ്യനായ എനിക്ക് ദൈവികതയിലേക്കു വളരാന്‍ കഴിയുമെന്ന് നീ തെളിയിച്ചു. എന്റെ ജീവിതത്തില്‍ നീ വന്നു പിറക്കണമേ. ജീവന്റെ അപ്പമായ നിന്നെ സ്വീകരിക്കുന്ന എന്നെ മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്ക് പോഷണവും സംരക്ഷണവുമേകുന്ന ‘ബേത്ലഹെം- അപ്പത്തിന്റെ ഭവനമായി’ എന്നെ രൂപാന്തരപ്പെടുത്തണമേ. ആമ്മേന്‍.
ഡോ. പോൾ കുഞ്ഞാനയിൽ