യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ചു ലുക്കാ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: “ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്‌ടിയില്‍നിന്നു മറച്ചു. അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവസ്‌ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: “അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും. അവര്‍ ഒലിവുമലയില്‍ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു സാബത്തു ദിവസത്തെ യാത്രാദൂരമാണുള്ളത്” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:9-12).
ഒലിവുമലയിൽ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലത്താണ് സ്വര്‍ഗ്ഗാരോഹണ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പാത്തര്‍ നോസ്തര്‍ ദേവാലയത്തിനു (സാന്ത എലയോന ദേവാലയം) തൊട്ടടുത്താണിത്. ഒലിവുമലക്കു ബൈബിളിൽ പല പ്രത്യേകതകളുണ്ട്. പഴയനിയമത്തിലെ ദാവീദ് രാജാവിന്റെ സമയത്തു അവിടെ ഒരു ആരാധനാ സ്ഥലമുണ്ടായിരുന്നു (൨ സാമുവൽ 15:30-32). ജെറുസലേം ദേവാലയം ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്ന യേശു ഒലിവുമലയിലേക്കാണ് പോകുന്നത് (മത്തായി 24:1). എസക്കിയേലിന്റെ പ്രവചനമനുസരിച്ചു യഹോവയുടെ മഹത്വം ജെറുസലേം ദേവാലയത്തില്‍ നിന്ന് വെളിയില്‍ പോയി അതിന് കിഴക്കുവശത്തുള്ള മലയില്‍ ചെന്ന് നിൽക്കും (എസക്കിയേല്‍ 10:19). ജെറുസലേം ദേവാലയത്തിന്റെ കിഴക്കുവശത്തുള്ള മലയാണ് ഒലിവുമല. വിശുദ്ധ മത്തായിയുടെ കാഴ്ചപ്പാടനുസരിച്ചു ഈശോ ജെറുസലേം ദേവാലയം ഉപേക്ഷിച്ച് ഒലിവുമലയുടെ മുകളിലേക്ക് വരുമ്പോൾ എസക്കിയേലിന്റെ പ്രവചനം അതിന്റെ പൂർണതയിൽ നിറവേറുന്നു. ഇതേ ഒലിവുമലയില്‍ വച്ചാണ് ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നത്. പ്രവചങ്ങളനുസരിച്ചു അന്ത്യവിധിയുടെ സമയത്തു ഇവിടെ തന്നെയാണ് കർത്താവു പ്രത്യക്ഷപ്പെടാൻ പോകുന്നത് (സഖറിയാസ് 14:1-5).
യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലത്തു നാലാം നൂറ്റാണ്ടിൽ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു. അഷ്ടഭുജങ്ങളുള്ള ഒരു ദേവാലയമായിരുന്നത്. അതിനുള്ളിൽ തുറന്ന മേൽകൂരയോടുകൂടിയ ഒരു നിർമ്മിതിയുണ്ടായിരുന്നു. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോൾ ചവിട്ടിനിന്ന പാറയുടെ മുകളിലായിരുന്നു അത് സ്ഥാപിക്കപ്പെട്ടത്. യേശു ആകാശത്തിലേക്കു പോകുന്നത് ശിഷ്യന്മാർ നോക്കിനിന്നത് സൂചിപ്പിക്കാനാണ് മേൽകൂരയിൽ തുറവി അവശേഷിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിൽ തകർക്കപ്പെട്ട ഈ ദേവാലയം പുനർ നിർമ്മിക്കപ്പെട്ടെങ്കിലും പത്താം നൂറ്റാണ്ടിലെ അറബ് ആക്രമണത്തെ അതിജീവിക്കാൻ അതിനായില്ല. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ നിർമ്മിച്ച ദേവാലയത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ളത്. നാലാം നൂറ്റാണ്ടിലെ ബൈസന്റൈൻ ദേവാലയത്തിന്റെ മാതൃകയിലാണ് അവരീ ദേവാലയം നിർമ്മിച്ചത്. പന്ത്രണ്ടു ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഒരു നിർമ്മിതിയായിരുന്നു അത്. ആദ്യ ദേവാലയം പോലെ അതിനും മേൽക്കൂരയിൽ ഉയർന്ന ഭാഗത്തു ഒരു തുറവിയുണ്ടായിരുന്നെകിലും പിന്നീട് സലാഹഡ്ഡിന് രാജാവ് പിടിച്ചെടുത്തപ്പോൾ (1187) ഇതൊരു മോസ്‌ക് ആക്കി മാറ്റുകയും മേൽക്കൂര അടക്കുകയും ചെയ്തു. പിന്നീട് കപ്പേളയോട് ചേർന്ന് ഒരു മോസ്‌ക് നിർമ്മിക്കപ്പെടുകയും കപ്പേള ക്രൈസ്തവരുടെ തീർത്ഥാടനത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു.
സ്വര്‍ഗ്ഗാരോഹണ ദേവാലയത്തിനുള്ളിൽ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോൾ ചവിട്ടിനിന്ന പാറയുടെ ഭാഗം കാണാവുന്ന രീതിൽ സജ്ജീകരിച്ചു വച്ചിട്ടുണ്ട്. ഇപ്പോൾ മുസ്ലിങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ കപ്പേളയിൽ സ്വര്‍ഗ്ഗാരോഹണ തിരുനാൾ ദിനം ക്രൈസ്തവർക്ക് വിശുദ്ധ കുർബാനയർപ്പിച്ചു പ്രാർത്ഥിക്കാനുള്ള അവകാശമുണ്ട്.
സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷികളായ ശിഷ്യരോട് ദൂതൻ ചോദിക്കുന്നു: “അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:11). ക്രൈസ്തവ ജീവിതം ക്രിസ്തുവിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പും ഒരുക്കവുമാണ്. യേശുവിനെപ്പോലെ സ്വർഗ്ഗത്തിലേക്കെടുക്കപ്പെടാനുള്ളവരാണ് നാമെന്ന ബോധ്യം വിശുദ്ധ ജീവിതം നയിക്കാൻ നമ്മെ സഹായിക്കും.
പ്രാർത്ഥന:
ദൈവത്തിൽ നിന്നും ദാനമായി ലഭിച്ച ഈ ജീവിതം ദൈവത്തിലെത്തിച്ചേരാനുള്ളതാണ് എന്ന ബോധ്യത്തോടെ ജീവിക്കാനുള്ള കൃപ നൽകണമേ. സ്വർഗോന്മുഖരാക്കി ഞങ്ങളെ മാറ്റണമേ. അനശ്വരതയെ സ്നേഹിക്കാനും അനുഗമിക്കാനും ശക്തി നൽകേണമേ, ആമ്മേൻ.
റവ. ഡോ. പോൾ കുഞ്ഞാനയിൽ