പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി

പ്രാര്‍ത്ഥന
ദൈവജനനീ, അങ്ങ് ഞങ്ങളുടെ ആദ്ധ്യാത്മിക മാതാവാണെന്ന് ഞങ്ങള്‍ക്കറിയാം. അവിടുന്ന് ദൈവമാതാവ് എന്നുള്ള നിലയില്‍ സര്‍വ്വസൃഷ്ടികളുടെയും നാഥയും മാതവുമാണ്. എന്നാല്‍ അതിലുപരി അങ്ങ് ഞങ്ങളുടെ അമ്മയാണ്. അങ്ങു വഴിയാണ് ഞങ്ങള്‍ ആദ്ധ്യാത്മികജീവന്‍ പ്രാപിക്കുന്നത്. കാല്‍വരിഗിരിയില്‍ അങ്ങേ ദിവ്യകുമാരന്റെ മരണശയ്യയായ കുരിശിനു സമീപം അങ്ങ് കദനക്കടലില്‍ നിമഗ്നയായിക്കൊണ്ട് ഞങ്ങള്‍ക്ക് ആദ്ധ്യാത്മികജീവന്‍ പ്രാപിച്ചുതന്നതു കൂടാതെ അനുദിനം ഞങ്ങള്‍ ദൈവികജീവന്‍ പ്രാപിക്കാനും അങ്ങ് ഞങ്ങളെ സഹായിക്കുന്നു. ദിവ്യാംബികേ, ഞങ്ങള്‍ അങ്ങേ മക്കള്‍ എന്നുള്ള അഭിമാനത്തോടു കൂടി അനുദിന ജീവിതം നയിച്ച് അങ്ങേ ദിവ്യകുമാരനെ അനുകരിക്കാന്‍ വേണ്ട അനുഗ്രഹം നല്‍കണമെ. ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുകൃതജപം:
കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമെ.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കുവേണ്ടി നിന്റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക).

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.

പാപികളുടെ സങ്കേതമേ! വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.

വിശുദ്ധ ബര്‍ണാഡിന്റെ പ്രാര്‍ത്ഥന:
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന് ‌‌നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ‍ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കല്‍ ‍ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട്‌ നിന്റെ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍

മാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ                  കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായെ, അനുഗ്രഹിക്കണമേ                 മിശിഹായെ, അനുഗ്രഹിക്കണമേ
കര്‍ത്താവേ, അനുഗ്രഹിക്കണമേ                  കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ           ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധത്രിത്വമേ

പരിശുദ്ധ മറിയമേ                                        ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്റെ പരിശുദ്ധ ജനനീ
കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ
മിശിഹായുടെ മാതാവേ
ദൈവവരപ്രസാദത്തിന്റെ മാതാവേ
ഏറ്റം നിര്‍മ്മലയായ മാതാവേ
അത്യന്തവിരക്തയായ മാതാവേ
കളങ്കമറ്റ കന്യകയായ മാതാവേ
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ
സ്‌നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
അത്ഭുതത്തിന് വിഷയമായ മാതാവേ
സദുപദേശത്തിന്റെ മാതാവേ
സ്രഷ്ടാവിന്റെ മാതാവേ
രക്ഷകന്റെ മാതാവേ
ഏറ്റം വിവേകമതിയായ കന്യകേ
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ
സ്തുതിക്കു യോഗ്യയായ കന്യകേ
മഹാ വല്ലഭയായ കന്യകേ
കനിവുള്ള കന്യകേ
ഏറ്റം വിശ്വസ്തയായ കന്യകേ
നീതിയുടെ ദര്‍പ്പണമേ
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ
ആത്മജ്ഞാനപൂരിത പാത്രമേ
ബഹുമാനത്തിന്റെ പാത്രമേ
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ
ദാവീദിന്റെ കോട്ടയേ
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ
സ്വര്‍ണാലയമേ
വാഗ്ദാനത്തിന്റെ പെടകമേ
സ്വര്‍ഗത്തിന്റെ വാതിലേ
ഉഷ:കാല നക്ഷത്രമേ
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ
പീഡിതരുടെ ആശ്വാസമേ
ക്രിസ്ത്യാനികളുടെ സഹായമേ
മാലാഖമാരുടെ രാജ്ഞി
പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞി
ദീര്‍ഘദര്‍ശികളുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
കന്യകളുടെ രാജ്ഞി
സകല വിശുദ്ധരുടേയും രാജ്ഞി
അമലോത്ഭാവയായ രാജ്ഞി
സ്വര്‍ഗ്ഗാരോപിത രാജ്ഞി
പരിശുദ്ധ ജപമാലയുടെ രാജ്ഞി
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്റെ രാജ്ഞി

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ

സര്‍വ്വേശ്വരന്റെ പുണ്യപൂര്‍ണ്ണമായ മാതാവേ, ഇതാ, ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സര്‍വ്വേശ്വരന്റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം,
കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടു കൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ, ആമ്മേന്‍.

ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍

സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ .

പ്രാര്‍ത്ഥിക്കാം,
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ, ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.