![News-2019-12-13-09_10_22](https://i0.wp.com/www.lifeday.in/wp-content/uploads/2019/12/News-2019-12-13-09_10_22-e1576289055627.jpg?resize=600%2C375&ssl=1)
ദൈവമാതാവിനോട് നന്ദി പ്രകാശിപ്പിച്ചും മാദ്ധ്യസ്ഥ്യം തേടിയും ലക്ഷങ്ങള്‍ എത്തിയതോടെ ഗ്വാഡലൂപ്പ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി. മെക്സിക്കോയുടെ മദ്ധ്യസ്ഥയും ദേശീയതയുടെ പ്രതീകവുമായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തീര്ത്ഥാടനകേന്ദ്രത്തിലെത്തിയവരുടെ എണ്ണം ഒരു കോടി കടന്നു.
ഇത് ചരിത്രമാണെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍. ഗ്വാഡലൂപ്പ മാതാവിന്റെ 488-ാമത് വാര്‍ഷികാഘോഷ ദിനത്തില്‍ ഇക്കൊല്ലം ഏതാണ്ട് 10.6 ദശലക്ഷം വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തിയെന്ന് മെക്സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയിന്‍ബോം ട്വിറ്ററില്‍ കുറിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒന്നുചേര്‍ന്ന് പങ്കെടുത്ത തീര്‍ത്ഥാടനമായാണ് ഇത്തവണത്തെ ഗ്വാഡലൂപ്പ തീര്‍ത്ഥാടനം വിലയിരുത്തപ്പെടുന്നത്.
കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ദൈവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. മാരിയാച്ചി സംഗീതവും (പ്രാദേശിക സംഗീതം) തനത് നൃത്തരൂപങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതിയിലായിരുന്നു ദൈവാലയ പരിസരം. വിവിധ വര്‍ണ്ണങ്ങളിലുള്ള ടെന്റുകള്‍ ഒരുക്കി, മാതാവിന്റെ ചിത്രങ്ങളുമേന്തി ദൈവമാതാവിനെ വണങ്ങാന്‍ കാത്തുനില്ക്കുന്ന വിശ്വാസികളുടെ നീണ്ടനിരയാണ് ഈ ദിവസങ്ങളില്‍ മെക്സിക്കോയില്‍ ദൃശ്യമായതെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രതീകമാണ് ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ ബസലിക്ക. 1531 ഡിസംബര്‍ 12-ന് ജുവാന്‍ ഡിയാഗോ എന്ന കര്ഷകന് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ അനുസ്മരണവും ആചരണവുമാണ് ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിലൂടെ ആഘോഷിക്കുന്നത്. ജനതയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയ മാതാവ്, താന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ദൈവാലയം നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.