ഹാഗിയാ സോഫിയ വിഷയം ചർച്ച ചെയ്ത് റഷ്യൻ പ്രസിഡന്റും ഗ്രീക്ക് പ്രധാനമന്ത്രിയും

പുരാതന ബൈസന്റൈന്‍ കത്തീഡ്രലായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കിയുടെ നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസും ടെലിഫോണില്‍ ചര്‍ച്ച നടത്തി. നാളെ കത്തീഡ്രല്‍ ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്കു തുറന്നു കൊടുക്കുവാനിരിക്കെയാണ് ഇരുനേതാക്കളും അടിയന്തര ചര്‍ച്ച നടത്തിയത്.

ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഹാഗിയ സോഫിയയുടെ സാംസ്കാരികവും, ചരിത്രപരവും, മതപരവുമായ പ്രാധാന്യവും ഊന്നി പറഞ്ഞുകൊണ്ട് ലോക പൈതൃക സ്മാരകമായി അതിനെ നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് സൂചന. സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സംയുക്ത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ചർച്ചാവിഷയങ്ങൾ ആയിരുന്നു എങ്കിലും ഹാഗിയ സോഫിയ തന്നെയായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം.

ഹാഗിയാ സോഫിയയിൽ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ ഉയരുന്ന നാളെ വിലാപദിനമായി ആചരിക്കുവാനാണ് അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും കത്തോലിക്ക സഭയും ആഹ്വാനം നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.