ദുഃഖവെള്ളി

1. പൗരസ്ത്യ സുറിയാനി ക്രമമനുസരിച്ച് സായാഹ്നപ്രാര്‍ത്ഥനയും (റംശ) സ്ലീവാ വന്ദനവുമാണ് പീഡാനുഭവ വെള്ളിയാഴ്ചയുടെ പ്രധാന തിരുക്കര്‍മ്മങ്ങള്‍. എന്നാല്‍ സീറോ മലബാര്‍ സഭയില്‍ കാലോചിതമായ ചില ഘടകങ്ങളും ഭക്തകൃത്യങ്ങളും ഇതിനോട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

2. ഈശോമിശിഹായുടെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും വാര്‍ഷികാനുസ്മരണമാണ് ദുഃഖവെള്ളി. ക്രൈസ്തവര്‍ അന്നേദിനം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചിലവഴിക്കുന്നതാണ് പാരമ്പര്യം.

3. പീഡാനുഭവ ചരിത്രത്തിന്‍റെ വായനയാണ് ദുഃഖവെള്ളിയാഴ്ചയിലെ കര്‍മ്മങ്ങളുടെ പ്രധാനഭാഗം. വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും ഇടകലര്‍ത്തി അവതരിപ്പിച്ചിരിക്കുന്ന പീഡാനുഭവചരിത്രം പലര്‍ ചേര്‍ന്നാണ് വായിക്കുക.

4. പരമ്പരാഗതമായി വി. കുര്‍ബാനയോ വി. കുര്‍ബാനയുടെ സ്വീകരണമോ ഇല്ലാത്ത ദിവസമാണ് പീഡാനുഭവവെള്ളി. എന്നാല്‍ ഇന്ന് വി. കുര്‍ബാനസ്വീകരണം ഒരു പതിവായിത്തീര്‍ന്നിട്ടുണ്ട്.

5. യേശുവിന്‍റെ പീഡാനുഭവം അനുസ്മരിച്ചുകൊണ്ട് വിശ്വാസികള്‍ രുചിക്കുന്ന കയ്പുനീര്‍ ദുഃഖവെള്ളിയാഴ്ചയിലെ ഒരു ഭക്താനുഷ്ഠാനമാണ്.

6. വലിയ തീക്ഷ്ണതയോടെ ക്രൂശിതന്‍റെ രൂപം വഹിച്ചുകൊണ്ടു നടത്തുന്ന കുരിശിന്‍റെ വഴിയും ഈ ദിനത്തിന്‍റെ സവിശേഷചൈതന്യത്തിന്‍റെ ഭാഗമാണ്. ക്രൂശിതന്‍റെ രൂപം വഹിച്ചുകൊണ്ടുള്ള ‘നഗരി കാണിക്കല്‍’ അല്ലെങ്കില്‍ ‘വിലാപയാത്ര’ ആയിട്ടാണ് കുരിശിന്‍റെ വഴി കരുതപ്പെടുന്നത്.

7. ദുഃഖവെള്ളിയാഴ്ച ഒരു വിശ്വാസി സ്വന്തം ഇടവകയില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍:

– പീഡാനുഭവചരിത്രവായനയില്‍ പങ്കെടുക്കുക
– വചനസന്ദേശം ശ്രവിക്കുക
– വി. കുരിശിന്‍റെ വാഴ്വ് സ്വീകരിക്കുക
– ക്രൂശിതരൂപം ചുംബിക്കുക
– കയ്പുനീര് കുടിക്കുക
– കുരിശിന്‍റെ വഴി നടത്തുക
തന്‍റെ ഇടവകാംഗങ്ങള്‍ ഇവ പൂര്‍ത്തിയാക്കിയെന്ന് ഇടവകവികാരി ഉറപ്പാക്കേണ്ടതാണ്.

8. ദുഃഖവെള്ളിയാഴ്ചദിനം ദേവാലയത്തിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം എല്ലാവരും ശാന്തരായി ഭവനങ്ങളില്‍ത്തന്നെ കഴിയേണ്ടതാണ്. അന്നേദിനം യാതൊരു വിധത്തിലുള്ള ജോലികളും നിര്‍മ്മാണ പ്രവൃത്തികളും നമ്മുടെ പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നില്ല. ഉപവാസത്തിന്‍റെയും ഒരു നേരത്തിന്‍റെയും ദിവസം കൂടിയാണത്. ടെലിവിഷന്‍ കാണുക, കളിക്കുക, ഷോപ്പിംഗ്, സിനിമ എന്നിവയൊന്നും ഈ ദിവസം അഭിലഷണീയമല്ല. ടെലിവിഷനില്‍ ആത്മീയപരിപാടികള്‍ കാണുന്നതില്‍ അപാകതയില്ല.

9. വിശുദ്ധഗ്രന്ഥ വായനയ്ക്കും പുത്തന്‍പാനയുടെ പാരായണത്തിനും സ്ലീവാപ്പാത എത്തിക്കുന്നതിനും ഈ ദിവസം കൂടുതല്‍ സമയം നീക്കിവക്കുന്നത് ഉചിതമാണ്.

കര്‍മ്മക്രമം

1. തിരുവസ്ത്രങ്ങളണിഞ്ഞ് അള്‍ത്താരയില്‍ പ്രവേശിക്കുന്ന കാര്‍മ്മികനും ശുശ്രൂഷികളും ബലിപീഠത്തിനു മുമ്പില്‍ മുട്ടുകുത്തി നില്ക്കുന്നു. ഗായകസംഘം “വീണു താതനോടര്‍ത്ഥിച്ചു” എന്നു പാടുമ്പോള്‍ കാര്‍മ്മികന്‍ കുനിഞ്ഞ് നിലം മുത്തുന്നു. മൂന്നു പ്രാവശ്യം ഇത് ആവര്‍ത്തിക്കും. അതിനുശേഷം എല്ലാവരും എഴുന്നേറ്റു നില്ക്കുന്നു.

2. സാമാന്യം ദൈര്‍ഘ്യമുള്ള സങ്കീര്‍ത്തനഭാഗമാണ് ആലപിക്കുവാനുള്ളത്. ജനത്തിന്‍റെ പങ്കാളിത്തത്തോടെ അത് മുഴുവനും ആലപിക്കുന്നത് ഉചിതമാണ്.

3. സുവിശേഷവായനയ്ക്ക് പകരമാണ് പീഡാനുഭവചരിത്രം നല്കിയിരിക്കുന്നത്. പീഡാനുഭവചരിത്രം വായിക്കുന്നുണ്ടെങ്കില്‍ പിന്നെ സുവിശേഷം ആവര്‍ത്തിക്കേണ്ടതില്ല. പീഡാനുഭവചരിത്രത്തിന്‍റെ ഓരോ ഭാഗവും വ്യത്യസ്ത ആളുകള്‍ വായിക്കുന്നത് കൂടുതല്‍ ശ്രദ്ധയോടെ അതില്‍ പങ്കുചേരുവാന്‍ ജനങ്ങളെ സഹായിക്കുന്നു.

4. ഈശോയെ കുരിശില്‍ തറച്ചതിനെക്കുറിച്ച് വായിച്ച് നിര്‍ത്തിയിട്ട് കാര്‍മ്മികന്‍ ഗാഗുല്‍ത്താ/കുരിശുരൂപം വിരിയിട്ട് മൂടിയിട്ടുണ്ടെങ്കില്‍ അതു മാറ്റുന്നു. മരമണി അടിക്കുന്നു. തുടര്‍ന്ന് സങ്കീര്‍ത്തനം ആലപിച്ചതിന് ശേഷം വായന തുടരുന്നു.

5. ഈശോ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു എന്ന ഭാഗം വായിച്ചു കഴിഞ്ഞതിനുശേഷം മരമണിയടിക്കുമ്പോഴാണ് കാര്‍മ്മികനടക്കം എല്ലാവരും കുരിശുരൂപത്തിനു മുമ്പില്‍ മുട്ടുകുത്തി നിന്നുകൊണ്ട് ആരാധിക്കുന്നത്. കാര്‍മ്മികന്‍ ഈ സമയം ക്രൂശിതരൂപത്തെ ധൂപിക്കുകയും ചെയ്യുന്നു.

6. തുടര്‍ന്ന് ദുഃഖവെള്ളിയുടെ പ്രധാനഭാഗമായ വചനപ്രഘോഷണം നടത്തുന്നു. അതിനുശേഷം കാറോസൂസ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു.

7. കാറോസൂസാ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷയാണ്. ഇത് ഐച്ഛികമാണ്.

8. ദിവ്യകാരുണ്യസ്വീകരണത്തിനു ശേഷം ഈശോയെ കുരിശില്‍ നിന്നിറക്കി സംസ്കരിക്കുന്ന വചനഭാഗം യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നു വായിക്കുന്നു.

9. തുടര്‍ന്ന് പ്രദക്ഷിണമാണ്. പ്രദക്ഷിണസമയത്ത് സ്ലീവ/ക്രൂശിതരൂപം വെള്ളക്കച്ചകൊണ്ട് ആവരണം ചെയ്തോ അല്ലാതെയോ സംവഹിക്കാവുന്നതാണ്. പ്രദക്ഷിണം ദേവാലയം ചുറ്റിയോ പള്ളിമുറ്റത്തുള്ള കുരിശടി ചുറ്റിയോ ഒക്കെ നടത്താം.

10. പ്രദക്ഷിണത്തില്‍ ശുശ്രൂഷികളിലൊരാള്‍ സുവിശേഷഗ്രന്ഥവും കയ്യില്‍ പിടിച്ച് കത്തിച്ച തിരികളുടെ അകമ്പടിയോടെ മുമ്പില്‍ നീങ്ങുന്നു. സ്ലീവ/ക്രൂശിതരൂപം വഹിക്കുന്ന കാര്‍മ്മികന്‍ ധൂപം, കത്തിച്ച തിരികള്‍ എന്നിവയുടെ അകമ്പടിയോടെ പ്രദക്ഷിണത്തിന്‍റെ പിന്നില്‍ നടക്കുന്നു.

11. പ്രദക്ഷിണം തിരിച്ച് ദേവാലയത്തില്‍ എത്തി സമാപനപ്രാര്‍ത്ഥനകളും സമാപനാശീര്‍വ്വാദവും നല്കിയതിനു ശേഷമാണ്, ക്രൂശിതരൂപം, പ്രത്യേകം തയ്യാറാക്കിയ പീഠത്തിലേക്ക് ജനങ്ങള്‍ക്ക് ചുംബിക്കാനായി കൊണ്ടുപോകുന്നത്.

12. ക്രൂശിതരൂപം ജനങ്ങള്‍ ചുംബിച്ചു കഴിയുമ്പോള്‍ ബലിപീഠത്തില്‍ കൊണ്ടുവന്നു കിടത്തി ധൂപിച്ച് വെള്ളവിരി പുതപ്പിക്കുന്നതോടെയാണ് ദുഃഖവെള്ളിയുടെ കര്‍മ്മങ്ങള്‍ അവസാനിക്കുന്നത്.

ദേവാലയത്തിലെ ഒരുക്കങ്ങള്‍

1. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മ്മങ്ങള്‍ക്കു മുഴുവന്‍ മരമണിയാണ് ഉപയോഗിക്കുക. മരമണിയും ധൂപക്കുറ്റിയും കരുതിവയ്ക്കണം.

2. ലളിതമായ രീതിയില്‍ ഗാഗുല്‍ത്താ നിര്‍മ്മിക്കണം. ഗാഗുല്‍ത്താ പ്രത്യേകമായി നിര്‍മ്മിക്കുന്നില്ലെങ്കില്‍ ബലിപീഠത്തിലാണ് സ്ലീവാ/കുരിശുരൂപം തയ്യാറാക്കേണ്ടത്.

3. തിരുക്കര്‍മ്മങ്ങളുടെയും ഗാനങ്ങളുടെയും വായനകളുടെയും പരിശീലനം മുന്‍കൂട്ടി നടത്തുന്നത് യുക്തമാണ്.

4. സങ്കീര്‍ത്തനങ്ങള്‍ ജനങ്ങളും ചേര്‍ന്ന് ആലപിക്കുന്നതിനായി സങ്കീര്‍ത്തനഭാഗങ്ങള്‍ മാത്രം പകര്‍ത്തിനല്കുന്നത് നല്ലതാണ്.

5. പീഡാനുഭവചരിത്രം വായിക്കുന്നതിനുള്ള ആളുകളെ തയ്യാറാക്കി പരിശീലനം നല്കണം.

6. കര്‍മ്മക്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ഒരു വിവരണം നല്കുന്നത് കൂടുതല്‍ ആത്മാര്‍ത്ഥമായ പങ്കുചേരലിന് സഹായിക്കും.

7. ദിവ്യകാരുണ്യ സ്വീകരണത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കങ്ങളും നടത്തുക. തലേദിവസം മൂടിപ്പൊതിഞ്ഞ് ആഘോഷമായി പ്രതിഷ്ഠിച്ച വി. കുര്‍ബാന തിരികളുടെയും ധൂപത്തിന്‍റെയും അകമ്പടിയോടെ തന്നെയാണ് ബലിപീഠത്തിലേക്ക് കൊണ്ടുവരേണ്ടത്.

8. സ്ലീവ/ കുരിശുരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് ആവശ്യമായവ എല്ലാം കരുതി വയ്ക്കുക. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുക.

9. ജനങ്ങള്‍ക്ക് ചുംബിക്കാനായി സ്ലീവ/കുരിശുരൂപം കിടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുക.

10. ചുംബിച്ച് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചു പുറത്തേക്കു വരുന്നവര്‍ക്ക് നല്കാനായുള്ള കയ്പുനീര്‍ തയ്യാറാക്കി വയ്ക്കുക.

നോബിൾ തോമസ് പാറക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.