

ഭർത്താവിനെ സയനൈഡ് കൊടുത്ത് മന:സാക്ഷിയില്ലാതെ കൊല്ലുന്ന ഒരു ഭാര്യ-എന്നാൽ, എല്ലാ ഭാര്യമാരും സയനൈഡ് കൊലപാതകികളല്ല. ഭർത്താവിനെ ദൈവത്തിനു തുല്യം സ്നേഹിക്കുന്ന, സ്ത്രീത്വത്തിനു മാതൃകകളായ എത്രയോ ഭാര്യമാർ നമുക്കു ചുറ്റുമുണ്ട്.!
കുഞ്ഞിനെ കല്ലിലടിച്ചു കൊല്ലുന്ന അലിവില്ലാത്ത ഒരമ്മ – എന്നാൽ, എല്ലാ അമ്മമാരും ഇത്തരക്കാരല്ല. തന്റെ കുഞ്ഞിനെ തന്റെ പ്രാണനോടു ചേർത്ത് പൊതിഞ്ഞു കൊണ്ടുനടക്കുന്ന… ‘അമ്മ’ എന്ന വാക്കിനെ അനശ്വരമാക്കുന്ന മാതൃത്വങ്ങളല്ലേ നമുക്കു ചുറ്റുമുള്ളത്?
ഭർത്താവിനേയും മക്കളേയുമുപേക്ഷിച്ച് കാണുന്നവരുടെ കൂടെ ഇറങ്ങിപ്പോകുന്ന കുടുംബിനികളുണ്ട്. എന്നാൽ, എല്ലാ കുടുംബിനികളും ആ സ്ത്രീകളെപ്പോലെ കാമത്തില് ആണ്ടുകിടക്കുന്നവരല്ല. മാതൃത്വത്തിന്റെ മഹത്വവും ദാമ്പത്യത്തിന്റെ പവിത്രതയും കാത്തുസൂക്ഷിച്ചു ജീവിക്കുന്നവരല്ലേ നമ്മുടെ സമൂഹത്തിലെ സിംഹഭാഗം കുടുംബിനികളും?
തന്റെ പെണ്ണിനെ വിറ്റു ജീവിക്കുന്ന പുരുഷന്മാരുണ്ട്. എന്നാൽ, എല്ലാ പുരുഷന്മാരും സ്ത്രീകളെ വിൽപ്പനചരക്കായി മാത്രം കാണുന്നവരല്ല. തന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായതിനാൽ ജീവൻ കൊടുത്തും കെട്ടിയ പെണ്ണിന്റെ മാനം സംരക്ഷിക്കുന്ന പുരുഷന്മാരാണ് നമ്മൾ കാണുന്നവരിലേറെയും!
കുടുംബത്തെ ഉപേക്ഷിച്ച് പരസ്ത്രീകളൊടൊപ്പം കഴിയുന്ന ഭർത്താക്കന്മാരുണ്ട്. എന്നാൽ, എല്ലാ ഭർത്താക്കന്മാരും അതുപോലെയല്ല. എല്ലുമുറിയെ പണി ചെയ്തും കൊല്ലങ്ങളോളം പ്രവാസിയായും തന്റെ ഭാര്യയേയും മക്കളേയും മാത്രം നെഞ്ചിലേറ്റി ഓരോ ശ്വാസത്തിലും അവരെയോർത്ത് തന്റെ സ്വാർത്ഥമായ സന്തോഷങ്ങളേക്കാൾ ഭാര്യയുടേയും മക്കളുടേയും സന്തോഷം മാത്രം കണക്കിലെടുത്തു ജീവിക്കുന്ന ഭർത്താക്കന്മാർ എണ്ണിയാലൊടുങ്ങാത്തത്രയുമില്ലേ?
ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന, പണമോഹികളായ അത്യാഗ്രഹികളായ കെട്ടിയോന്മാരുമുണ്ട്. എന്നാൽ, എല്ലാ കെട്ടിയോന്മാരും ഇതുപോലെ അത്യാഗ്രഹികളല്ല. തന്റെ ശരീരത്തിന് ആരോഗ്യമുള്ളിടത്തോളം കാലം നെറ്റിയിലെ വിയർപ്പുകൊണ്ട് കുടുംബം പോറ്റുന്ന, സ്ത്രീയെ ധനമായും കുടുംബത്തിന്റെ വിളക്കായും മാത്രം കാണുന്ന അഭിമാനമുള്ള ഭർത്താക്കന്മാരാണ് നാം കാണുന്നവരിലധികവും.
സന്യാസനീയമങ്ങളുടെ കുറ്റിയും പറിച്ച് കുപ്രസിദ്ധിക്കു വേണ്ടിയും സ്വാർത്ഥലാഭങ്ങൾക്കു വേണ്ടിയും ഓടിനടക്കുന്ന സന്യാസിനികളും സമർപ്പിതരുമുണ്ട്. എന്നാൽ, എല്ലാ സന്യാസിനികളും സമർപ്പിതരും നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്നവരല്ല. പരിപൂർണ്ണ ബോധ്യത്തോടെ എടുത്ത സന്യാസനീയമങ്ങളെ അതിന്റെ ചൈതന്യത്തിൽ ജീവിക്കുവാൻ ആത്മസമർപ്പണം ചെയ്ത് ആഴമായ പ്രാർത്ഥനയിലും പരസ്നേഹപ്രവൃത്തികളിലും അധികാരികളോടുള്ള വിധേയത്വത്തിലും സന്യാസത്തെ അർത്ഥവത്തായി ജീവിക്കുന്നവരാണ് നാം കാണുന്നവരിൽ മഹാഭൂരിപക്ഷവും.
പൗരോഹിത്യവിളിയുടെ അന്തസ് മറന്ന് പെണ്ണിന്റെയും പണത്തിന്റെയും മറ്റു ലൗകീകതകളുടേയും മടിയിലേയ്ക്ക് കാലിടറിവീണ പുരോഹിതരുണ്ട്. എന്നാൽ, എല്ലാ പുരോഹിതരും അങ്ങനെ ജീവിക്കുന്നവരല്ല. സ്വന്തമായതെല്ലാം ഉപേക്ഷിച്ച് ഈ സമൂഹത്തിനും ലോകത്തിനുംവേണ്ടി തന്റെ ജീവിതവും അറിവും കഴിവുമെല്ലാം സമർപ്പിച്ച, ഈ ലോകത്തിലായിരുന്നിട്ടും ഈ ലോകത്തിന്റെ മാസ്മരീകതകളിൽ നിന്നെല്ലാം അകന്ന് തികഞ്ഞ സാത്വികരായി എല്ലാവരുടേയും സ്നേഹിതരായി സാന്ത്വനമായി ജീവിക്കുന്ന ആയിരക്കണക്കിന് വൈദീകർ നിശബ്ദരായി നമുക്കിടയിലൂടെ കടന്നുപോകുന്നുണ്ട്.!!!
ഫാ. ക്ലീറ്റസ് കാരക്കാടൻ