കോട്ടയം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ഒാർമയ്ക്കായി പാവപ്പെട്ടവർക്കായി ഭവന നിർമാണ സഹായ പദ്ധതിയുമായി കേരളത്തിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹം. റാണി മരിയയുടെ സാമൂഹ്യദർശന പ്രകാരം സാമൂഹ്യ വെല്ലുവിളി നേരിടുന്ന, ഭവനരഹിതരായ സഹോദരങ്ങളെ സഹായിക്കാനുള്ള പദ്ധതിയാണിത്. റാണി മരിയയുടെ ശുശ്രൂഷകളിൽ പ്രഥമസ്ഥാനം നൽകിയിരുന്നത് ദളിത് സഹോദരങ്ങളുടെ ഉന്നമനത്തിനായിരുന്നു.
ജനറൽ ടീമിന്റെയും പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സിന്റെയും യോഗത്തിൽ ജനറൽ കൗണ്‍സിലർ സിസ്റ്റർ ഷെഫി പദ്ധതിയുടെ വിവരങ്ങൾ അവതരിപ്പിച്ചു. ഈ പദ്ധതിയിൽ രൂപതാ തലത്തിൽ അർഹരായവർക്കു ഭവനത്തിന് 1,75,000 രൂപ വീതം ലഭിക്കും. 2018 ൽ ഈ പദ്ധതി പൂർത്തീകരിക്കപ്പെടും. കേരളത്തിലെ കത്തോലിക്കാ രൂപതകളിലെ ഭവന രഹിതരായ ദലിത് കത്തോലിക്കർക്കാണ് ഈ പദ്ധതിയിൽനിന്നു സഹായം ലഭിക്കുന്നത്.
അതതു രൂപതാകേന്ദ്രങ്ങളിൽ നിന്നു കെസിബിസി കമ്മീഷൻ വഴി നൽകിയിരിക്കുന്ന ലിസ്റ്റുകളിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്നു ചെയർമാൻ ബിഷപ് മാർ ജേക്കബ് മുരിക്കൻ അറിയിച്ചു. കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന്റെ ഭവനരഹിതരായ ദലിത് കത്തോലിക്കർക്കായുള്ള ഭവനനിർമാണ പദ്ധതിയുമായി സഹകരിച്ചാണ് എഫ് സി സി സന്യാസിനീ സമൂഹം ഈ പദ്ധതി നടപ്പാക്കുന്നത്.