
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയം ഈജിപ്തിലെ കെയ്‌റോയില്‍ തുറന്നതിന് ആശംസകളറിയിച്ച് ഫ്രാന്‍സിസ് പാപ്പ. വീഡിയോയിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശം കൈമാറിയത്. സന്ദേശത്തിന്റെ തുടക്കത്തില്‍ കോപ്റ്റിക് സഭാ വിശ്വാസികള്‍ക്ക് പാപ്പ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേര്‍ന്നു.
സമാധാനത്തിന്റെ രാജകുമാരനായ ഈശോ ഈജിപ്തിലും പശ്ചിമേഷ്യയിലും ലോകം മുഴുവനിലും സമാധാനം കൊണ്ടുവരട്ടെ എന്ന് പാപ്പ പ്രാര്‍ത്ഥിച്ചു. കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന കോപ്റ്റിക് സഭയെ വിശ്വാസത്തിന്റെ സാക്ഷികള്‍ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. അവരുടെ ജീവിത മാതൃകയ്ക്ക് നന്ദി അര്‍പ്പിക്കുന്നതായും പാപ്പ പറഞ്ഞു.