“സംഗതി ഒക്കെ കൊള്ളാം; പക്ഷേ ഇത്രയും പണമെവിടെ നിന്ന് കണ്ടെത്തും” കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചോദ്യത്തിന് ഉത്തരമായി വര്‍ഗീസ് കിഴക്കേക്കരയച്ചന്‍ (രെജു) മുറ്റത്തു കിടന്ന തന്റെ റെനോള്‍ട്ട് ഡസ്റ്റര്‍ കാറിലേയ്ക്ക് നോക്കി. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു. അതങ്ങ് വില്‍പ്പനയ്ക്ക് വെച്ചാലോ പിതാവേ? പിതാവ് ആ മറുപടിയും അതിന്റെ പിന്നിലെ സന്മനസിനെയും നിരുല്‍സാഹപ്പെടുത്തിയില്ല.
ഇത് ഫാദര്‍ വർഗീസ് തെക്കേക്കരയച്ചൻ. മലങ്കര എം. സി. വൈ. എം പ്രസ്ഥാനത്തിന്റെ ഡയറക്ടർ കൂടിയായ അച്ചൻ തന്റെ തീരുമാനത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ്…
മനസിനെ കൊയ്തുവലിച്ച ആ ചിത്രം
പ്രളയം അതിന്റെ താണ്ഡവമാടിയ സമയം. ഒട്ടുമിക്ക ആളുകളെയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിരുന്നു. ജീവൻ മാത്രം ബാക്കിയാക്കി മറ്റെല്ലാം തൂത്തെടുത്തു കടന്നുപോയ പ്രളയത്തെ നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്ന ആളുകളിലേയ്ക്ക് രെജു അച്ചനും യുവജനങ്ങളും ഓടിയെത്തി. തങ്ങളാല്‍ ആകുന്ന എല്ലാ വിധ സഹായവുമായി അവര്‍ വേദനിക്കുന്നവര്‍ക്ക് ഒപ്പമായി. ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലെയ്ക്ക് സഹായവുമായി ഓടുന്നതിനിടയിലാണ് ആ അച്ഛനും മകനും അദ്ദേഹത്തിന്‍റെ കണ്ണില്‍ പെടുന്നത്.
ഒരു അച്ഛന്‍. അദ്ദേഹത്തിന്റെ കയ്യില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. അതിനെ ചേര്‍ത്തു പിടിച്ചു ഫീഡിംഗ് ബോട്ടിലില്‍ പച്ചവെള്ളം കൊടുക്കുന്ന കാഴ്ച്ച. രെജു അച്ചന്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്ന് കാര്യം തിരക്കി. അപ്പോള്‍ അയാള്‍ വേദനയോടെ പറഞ്ഞു “കുഞ്ഞിനുള്ള പാല്‍ തീര്‍ന്നു പോയി. പാല്‍ ഇവിടെ കിട്ടാനില്ല. കാശുണ്ടെങ്കിലും എവിടെ നിന്ന് വാങ്ങാനാ” ആ അച്ഛന്റെ വാക്കുകള്‍ അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഒരു വിങ്ങലായി മാറി. ഒപ്പം എല്ലാം നഷ്ടപ്പെട്ടു ഇനി എന്ത് എന്ന ചോദ്യവുമായി മുന്നില്‍ നില്‍ക്കുന്ന ഒരു കൂട്ടം ജനത്തിന്റെ വേവലാതികളും.
ദുരിത ബാധിതര്‍ക്കായി തന്റെ പ്രിയ വാഹനം
വേദനിക്കുന്നവര്‍ക്കായി ഇനി എന്ത് നല്‍കും എന്ന ചോദ്യത്തിന് കണ്ടെത്തിയ ഉത്തരമാണ് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട വാഹനം. റെനോള്‍ട്ട് ഡസ്റ്റര്‍. 2015 – ല്‍ ഏറെ ആഗ്രഹിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു വാങ്ങിയ വണ്ടിയായിരുന്നു അത്. മാത്രവുമല്ല അദ്ദേഹത്തിന്‍റെ ജന്മ ദിനവുമായി ബന്ധപ്പെട്ട നമ്പരായിരുന്നു വണ്ടിയുടേത്. അതിനാല്‍ തന്നെ പൊന്നുപോലെ സൂക്ഷിക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
“വേദനിക്കുന്നവര്‍ക്ക് നല്‍കുമ്പോള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെയല്ലേ നല്‍കേണ്ടത്?” അച്ചന്‍ ചോദിക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ത്യാഗ പൂര്‍വം മറ്റുള്ളവര്‍ക്കായി നല്‍കുമ്പോള്‍ അതാണ് ഒരാള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്ന് വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. തന്നെയുമല്ല അത് ഒരു നിയോഗം ആണെന്ന് കരുതുകയാണ് അച്ചന്‍. കാരണം കഴിഞ്ഞ വര്‍ഷം എണ്‍പത്തി ഏഴാം റീയൂണിയന്‍ നടന്നപ്പോള്‍ സന്ദേശ വാഹക വാഹനമായി ഉപയോഗിച്ചിരുന്നത് ഈ വണ്ടിയായിരുന്നു. അത് വെറുമൊരു യാത്രയായിരുന്നില്ല എന്ന് അച്ചന്‍ പറയുന്നു. ഈ യാത്രക്കിടയില്‍ ഉള്ള എല്ലാ അനാഥ മന്ദിരങ്ങളിലേയ്ക്കും ഉള്ള ഭക്ഷണ സാധനങ്ങളും മറ്റും കയറ്റിയിരുന്നു യാത്ര. അങ്ങനെ ഒരു നല്ല കാര്യത്തിന് ഉപയോഗിച്ച വാഹനം തന്നെ വേദനിക്കുന്നവരുടെ കണ്ണീര്‍ ഒപ്പാനായി ഉപയോഗിക്കുവാനാവും ദൈവ നിയോഗം. എന്തായാലും ഈ വാഹനം വിറ്റു കിട്ടുന്ന തുക ജീവനം പദ്ധതിയിലേയ്ക്കു നിക്ഷേപിക്കുവാനാണ് അച്ചന്റെ തീരുമാനം.
അതിജീവനത്തിനായി ‘ജീവനം’
ഇനി ജീവനം പദ്ധതി എന്താണെന്നല്ലേ? പറയാം. ഇതു അതിജീവനത്തിന്റെ ഒരു ഭാഗമാണ്. പ്രളയത്തില്‍ എല്ലാം തകര്‍ന്ന കുട്ടനാടന്‍ ജനത്തിനായി അതിജീവനത്തിന്റെ കൈനീട്ടന്‍ മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനവും സഭയും ചേര്‍ന്നൊരുക്കിയ കരുതലിന്റെ സ്നേഹ തണലാണ് ജീവനം പദ്ധതി. കുട്ടനാട്ടില്‍ കിടപ്പാടവും തൊഴില്‍ മേഖലയും തകര്‍ന്ന ധാരാളം ആളുകള്‍ ഉണ്ട്. അവരില്‍ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്തു മാസം 2500 രൂപ വീതം നല്‍കുന്ന സഹായ പദ്ധതിയാണ് ഇതു. ഏകദേശം മുപ്പതു ലക്ഷത്തോളം രൂപ ചിലവിടുന്ന ഈ പദ്ധതിയിലേയ്ക്ക് ആദ്യ മൂലധനം എന്ന നിലയിലാണ് വര്‍ഗീസ് അച്ചന്റെ കാര്‍ വിറ്റു കിട്ടുന്ന തുക നിക്ഷേപിക്കുക.
ഈ സെപ്റ്റംബര്‍ മാസം മുതല്‍ അടുത്ത സെപ്റ്റംബര്‍ മാസം വരെയാണ് ആളുകള്‍ക്ക് സഹയം എത്തിക്കുക. “ഇതിനായി സന്മനസുള്ള ധാരാളം ആളുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇനിയും ആളുകള്‍ വരും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഞാന്‍ എന്റെ വാഹനം വേദനിക്കുന്നവര്‍ക്കായി നല്‍കി. ഇതു അനേകര്‍ക്ക് മാതൃക ആകുമെങ്കില്‍ നല്ലതല്ലേ ?” അച്ചന്‍ പറഞ്ഞു നിര്‍ത്തി.
ശരിയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവ പൂര്‍ണ്ണ ഹൃദയത്തോടെ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി വ്യത്യസ്തമായ ഒന്നാണ്. അത് പറഞ്ഞറിയിക്കുവാന്‍ കഴിയില്ല. ഇത്തരത്തില്‍ രെജു അച്ചനും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും അനേകര്‍ക്ക് മാതൃകയാവട്ടെ.
മരിയ ജോസ്