ഉസ്താദും വിശ്വാസികളും പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന സമയം. ഉസ്താദിന്റെ വാക്കുകള്‍ക്കായി എല്ലാവരും കാതോര്‍ത്തിരിക്കുകയായിരുന്നു. പ്രസംഗം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉസ്താദ് തന്റെ പ്രസംഗത്തിനു വിരാമമിട്ടു. പാതിവഴിയില്‍ പ്രസംഗം നിര്‍ത്തിയത് എന്തിന് എന്ന സംശയത്തില്‍ വിശ്വാസികള്‍ പരസ്പരം നോക്കി. ഉസ്താദിന്റെ കണ്ണ് തറഞ്ഞ ഭാഗത്തേക്കായി എല്ലാ കണ്ണുകളും. അതാ വെള്ള ളോഹ ധരിച്ച് ഒരു കത്തോലിക വൈദികന് അവിടേക്ക് നടന്നു വരുന്നു!
പ്രളയം കാണിച്ചു തന്ന നന്മകളില്, ഏറ്റവും വ്യത്യസ്തമായ ഒരു അനുഭവം. ചരിത്രം തിരുത്തി കുറിക്കുന്ന ബന്ധമാണ് കത്തോലിക വൈദികനായ ഫാദര്‍ ജോസഫ്(സനു) പുതുശ്ശേരിയും വെച്ചൂര്‍ ജുമാ മസ്ജിദ് ഉസ്താദും തമ്മിലുള്ളത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ആവശ്യപ്പെട്ട വെച്ചൂര്‍ സെന്റ് ആന്റണിസ് ദേവാലയം വികാരി ഫാദര്‍ ജോസഫ് പുതുശ്ശേരിയുടെ അനുഭവത്തിലൂടെ.
വിഷമിക്കേണ്ട, നമുക്ക് ശരിയാക്കാം
പ്രളയം കനത്തതോടെ കോട്ടയവും ഭീതിയുടെ നിഴലിലായി. കുമരകത്തിന് അടുത്ത് വെച്ചൂര്‍ എന്ന പഞ്ചായത്തില്‍ ക്യാമ്പ് തുടങ്ങാനുള്ള സജ്ജീകരണം ശരിപ്പെടുത്തണമെന്ന് വില്ലജ് ഓഫീസര്‍ നിര്‍ദേശം നല്കി. ക്യാമ്പ് നടത്താനുള്ള സൗകര്യം ഉള്ളത്, അച്ചിനകം സെന്റ് ആന്റണിസ് പള്ളിയിലാണ്. പള്ളി വികാരിയായ ഫാദര്‍ ജോസഫ് പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ക്യാമ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ആദ്യ ദിവസം വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ 580 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു വസ്തുക്കളും അടുത്ത ദിവസത്തേക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ആവശ്യം പല സന്നദ്ധസംഘടനകളെയും വ്യക്തികളെയും ചെറുപ്പക്കാരെയും ഒക്കെ അറിയിച്ചു. അപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ്മ വന്നത്. അവിടെ അടുത്ത് ഒരു മുസ്ലീം പള്ളി ഉണ്ട്. പിന്നെ വൈകിയില്ല. ഫാ. ജോസഫ് തന്നെ നേരിട്ട് മസ്ജിദിലേക്ക് ചെന്നു. പള്ളിയുടെ ക്യാമ്പില്‍ 2000-ത്തോളം അന്തേവാസികള്‍ ഉണ്ട്. അവര്‍ക്ക് അടുത്ത ദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും മറ്റും നല്കാന് ഉറപ്പായ മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നു ഉസ്താദിനോട് പറഞ്ഞു.
“വിഷമിക്കണ്ട, നമുക്ക് ശരിയാക്കാം. ഞാന്‍ അധികൃതരുമായി ഒന്ന് സംസാരിക്കട്ടെ,” ഉസ്താദ് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
നെയ്യ്ച്ചോറിന്റെ മണമുള്ള സ്നേഹം
വെച്ചൂര്‍ ജുമാ മസ്ജിദില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ സെന്റ് ആന്റണി ദേവാലയത്തില്‍ എത്തി. ക്യാമ്പിലെ ആളുകളെ സന്ദര്‍ശിച്ചു. അവരുടെ ആവശ്യങ്ങള്‍ പഠിച്ചു. ഉച്ചയ്ക്ക് ആളുകള്‍ക്ക് നല്കാന് കൊണ്ട് വന്ന നെയ്യ്ച്ചോറും വിളമ്പി. ആ ഓരോ തരി ചോറിലും അവരുടെ സ്നേഹം ഉണ്ടായിരുന്നു. ക്യാമ്പില്‍ ഇസ്ലാം വിശ്വാസികളുടെ എണ്ണം പൊതുവേ കുറവായിരുന്നു. തങ്ങള്‍ക്കായി സഹായവുമായി എത്തിയ ഇസ്ലാം സഹോദരങ്ങളെ അവര്‍ കരഘോഷങ്ങളോടെ സ്വീകരിച്ചു. ക്യാമ്പിലേക്ക് ആവശ്യമായ അരിയും പച്ചകറികളും മറ്റു വസ്തുക്കളും നല്കിയ ശേഷം അവര്‍ മടങ്ങി. 10 ദിവസത്തോളം നീണ്ടു നിന്ന ക്യാമ്പില്‍ ഇടയ്ക്കിടെ മസ്ജിദില്‍ നിന്ന് ആളുകള്‍ സന്ദര്‍ശിച്ചിരുന്നു. കാര്യ വിവരം തിരക്കാന്‍. എന്തൊക്കെ സാധനങ്ങളാണ് ഇനി ആവശ്യമെന്ന് അറിയാന്‍.
ക്യാമ്പിലെ ആവശ്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, സെന്റ് ആന്റണി ദേവാലയത്തിലെ കെ. സി. വൈ. എം യുവാക്കള്‍ക്കൊപ്പം മസ്ജിദില്‍ നിന്നുള്ള യുവജനങ്ങളും എത്തി. ആളുകള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും ഒക്കെയായി മുന്‍പന്തിയില്‍ തന്നെ ഇരുകൂട്ടരും നിന്നു. ഒരേ മനസ്സോടെ.
നന്ദി പറയാന്‍ മസ്ജിദിലേക്ക്
വെള്ള ളോഹ ധരിച്ച് മസ്ജിദിലേക്ക് ജോസഫച്ചൻ ഒരിക്കൽ കൂടി കടന്നു ചെന്നു . മസ്ജിദില്‍ സംസാരിച്ചുകൊണ്ടിരുന്ന ഉസ്താദ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. “ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയാനാണ് വന്നത്” ഫാ. ജോസഫ് പറഞ്ഞു. ജുമാ പ്രസംഗം നടന്നുകൊണ്ടിരുന്ന അതേ പീഠത്തില്‍ വെച്ചു അദ്ദേഹം തന്റെ കൃതജ്ഞത അറിയിച്ചു. “ഈ പ്രളയം വലിയ മതിലുകളെയാണ് തകര്‍ത്തത്. നമ്മള് പടുത്തുയര്‍ത്തിയ ആ മതിലുകളുടെ സംസ്കാരത്തെ പറിച്ച് എറിയണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ജീവന് ലഭിക്കുന്നത് നമ്മള് മനുഷ്യര്‍ക്ക് നന്മ പകര്‍ന്നു നല്‍കുമ്പോഴാണ്” അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. ദൈവത്തിനും ആ പച്ചയായ മനുഷ്യര്‍ക്കും നന്ദി പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്ന ആളുകളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു.
മനുഷ്യ ബന്ധങ്ങൾക്ക് കുറുകെ തീര്‍ത്ത മതിലുകള്‍ പൊളിച്ചെറിഞ്ഞ പ്രളയത്തില്‍ തിളങ്ങിയ ഈ നന്മകളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കാം. മാതൃകയാക്കാം. ഈ നന്മകൾ അവസാനിക്കാതെ തുടരട്ടെ എന്ന് പ്രാർത്ഥിക്കാം.
ശില്പ രാജന്