തെരുവിന്റെ മക്കളിൽ ഈശോയുടെ മുഖം ദർശിച്ച ഫാ. ജോർജ് കുറ്റിക്കൽ എം.സി. ബി. എസ് -ന്റെ ഓര്‍മ്മദിനം

പാവപ്പെട്ടവരെയും ഭിക്ഷാടകരെയും സ്നേഹിച്ച, മഹാനായ മനുഷ്യസ്നേഹിയും ദിവ്യകാരുണ്യപ്രഘോഷകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ഫാ. ജോർജ് കുറ്റിക്കൽ MCBS മരണമടഞ്ഞത് 2017 ഡിസംബർ 20 ബുധനാഴ്‌ചയായിരുന്നു. ജോർജ്  കുറ്റിക്കലച്ചന്റെ ഒപ്പം നിരവധി വർഷങ്ങള്‍ പ്രവര്‍ത്തിക്കുകയും അദ്ദേഹത്തിൻറെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്ത ഫാ. മാത്യു തുണ്ടത്തിൽ എം.സി. ബി. എസ് എഴുതുന്നു.  

“എന്റെ ക്രിസ്തുമസ് ആഘോഷം സ്വർഗ്ഗത്തിലായിരിക്കും,” തന്റെ അവസാന നിമിഷങ്ങളിൽ സന്ദർശിക്കാൻ എത്തിയ ഒരു വ്യക്തിയോട് ഫാ. ജോർജ് കുറ്റിക്കൽ പറഞ്ഞു. ഭൂമിയിലെ തന്റെ കർത്തവ്യങ്ങൾ പൂർത്തിയാക്കി കൊണ്ട് സ്വർഗ്ഗത്തിലെ ക്രിസ്തുമസ് ആഘോഷത്തിനായി ഈ വൈദികൻ യാത്രയാകുമ്പോൾ സഭയ്ക്ക് നഷ്ടപ്പെടുന്നത് പകരം വയ്ക്കാനില്ലാത്ത സേവനത്തിന്റെ, സ്നേഹത്തിന്റെ ഉദാത്ത മാതൃക.

മുൻകൂട്ടി കണ്ട അവസാന നിമിഷങ്ങൾ 

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അച്ചനെ ഒരാഴ്ച മുൻപാണ് മലയാറ്റൂരിലുള്ള മാർവലാഹ് ആശ്രമത്തിലേയ്ക്ക് കൊണ്ട് വരുന്നത്. തന്റെ അസ്വസ്ഥതകൾക്കിടയിലും ദൈവത്തോട് കൂടുതൽ അടുത്തിരിക്കുവാനും പ്രാർത്ഥിക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. അവസാനനാളുകളില്‍ അദ്ദേഹത്തെ കാണുവാനും സംസാരിക്കുന്നതിനുമായി നിരവധി ആളുകളാണ് എത്തിയിരുന്നത്. അവരോടൊക്കെ അച്ചന് ഒരു കാര്യമേ പറയാനുണ്ടായിരുന്നുള്ളു; “എനിക്കുവേണ്ടി പ്രാർത്ഥിക്കണം.” തന്നെ കാണാനെത്തിയ വൈദികരുടെ പക്കൽ നിന്നും ആശീർവാദം സ്വീകരിക്കുവാനും പ്രാർത്ഥിക്കുവാനും അദ്ദേഹം താൽപര്യം കാണിച്ചിരുന്നു. ഒരിക്കല്‍ തന്നെ കാണാനെത്തിയ ഒരാളോട് ഈ വർഷം ഞാൻ ക്രിസ്തുമസ് ആഘോഷിക്കുക സ്വർഗ്ഗത്തിൽ ആയിരിക്കും എന്ന് പറഞ്ഞിരുന്നു. പ്രാർത്ഥിച്ചു ഒരുങ്ങിയുള്ള ഒരു മരണമായിരുന്നു കുറ്റിക്കലച്ചന്റേത്. അല്ലെങ്കിൽ അദ്ദേഹം തന്റെ മരണത്തിനായി പ്രാർത്ഥിച്ചു ഒരുങ്ങുകയായിരുന്നു.

വിശുദ്ധ കുർബാനയെ ആഘോഷപൂർവ്വം കൊണ്ടാടിയ വൈദികൻ 

അച്ചന്റെ ജീവിതത്തിലെ പ്രത്യേകതകളെ കുറിച്ച് ചോദിച്ചാൽ ആദ്യം എല്ലാവരും പറയുക, വിശുദ്ധ കുർബാനയോടുള്ള അച്ചന്റെ ഭക്തിയാണ്. തന്റെ കർത്താവിന്റെ ബലി ഏറ്റവും ആദരപൂര്‍വ്വവും ആഘോഷപൂര്‍വ്വവും വേണം കൊണ്ടാടുവാൻ എന്ന ബോധ്യമുണ്ടായിരുന്നു അദേഹത്തിന്.  അച്ചൻ വിശുദ്ധ കുർബാന  ആഘോഷപൂർവമാണ് അർപ്പിച്ചിരുന്നത്. അതിനാൽ തന്നെ മണിക്കൂറുകൾ ദൈർഘ്യം ഉണ്ടായിരുന്നു അദ്ദേഹം അർപ്പിച്ചിരുന്ന ഓരോ കുർബാനയ്ക്കും. ജീവിതത്തിൽ എന്തൊക്കെ തിരക്കുകൾ ഉണ്ടായാലും അതിനൊക്കെ കുർബാന കഴിഞ്ഞേ അച്ചന്റെ ജീവിതത്തില്‍ സ്ഥാനം ഉണ്ടായിരുന്നുള്ളു.

ഒരിക്കൽ ഒരു മെത്രാന്‍ അദ്ദേഹത്തെ കാണുവാനായി വന്നു. ഈ സമയം അച്ചൻ വിശുദ്ധ കുബാന അർപ്പിക്കുകയായിരുന്നു. പിതാവ് കാണാൻ വന്നിരിക്കുന്നു എന്ന സന്ദേശം അച്ചന് കുർബാന മദ്ധ്യേ ലഭിക്കുകയുണ്ടായി എങ്കിലും അദ്ദേഹം ആഘോഷപൂർവം വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷമാണു എത്തിയത്. അവസാന നിമിഷങ്ങളിലും അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. വയ്യാത്തതിനാൽ കുർബാനയ്‌ക്കുശേഷം ദിവ്യകാരുണ്യം സ്വീകരിക്കുവാൻ സൗകര്യം ഉണ്ടാക്കാം എന്ന് പറഞ്ഞാലും അച്ചൻ സമ്മതിക്കുകയില്ലായിരുന്നു. അച്ചൻ കിടക്കുന്ന  മുറിയിൽ വെച്ച് ബലിയർപ്പിക്കുവാൻ നിർബന്ധം പിടിച്ചിരുന്നു. തീരെ വയ്യാതിരുന്ന സമയത്തും തന്നെ കൊണ്ട് ആവുന്നരീതിയിൽ ബലിയർപ്പണ സമയത്തു എഴുന്നേറ്റിരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.   വിശുദ്ധ കുർബാനയെ ഇത്രത്തോളം സ്നേഹിച്ചിരുന്ന, അതിന്റെ ആഴവും അർത്ഥവും ശക്തിയും മനസിലാക്കിയിരുന്ന ഒരു വൈദികൻ ആയിരുന്നു കുറ്റിക്കലച്ചന്‍.

ഈശോയെ പോലെ ആകുക 

ബഹുമാനപ്പെട്ട കുറ്റിക്കലച്ചൻ തന്റെ ജീവിതം കൊണ്ട് നൽകിയ സന്ദേശം ഇതാണ് ഈശോയെ പോലെ ആകുക. പാവപ്പെട്ട രോഗികളെയും തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും സഹായിക്കുമ്പോൾ അവർക്കായി പ്രവർത്തിക്കുമ്പോൾ ഒരു സഹായം അല്ലെങ്കിൽ സേവനം എന്ന നിലയിൽ ആകാതെ ഈശോ എങ്ങനെയാണോ പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നത് അതെ മനോഭാവത്തോടെ ഇറങ്ങി ചെല്ലണം എന്നാണ് അച്ചൻ പഠിപ്പിച്ചത്. പലപ്പോഴും അച്ചൻ തെരുവുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അവർക്ക് ഈശോ അടുത്തു വരുന്നത് പോലെയാണ് തോന്നിയിരുന്നത്. അത്രക്ക് ആർദ്രമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.

തന്നെ കൊണ്ട് കഴിയുന്നത് മറ്റുള്ളവർക്ക് ചെയ്യുക എന്നതിലുപരി അവരിൽ ഒരാളായിക്കൊണ്ട് അവരെ ശുശ്രൂഷിക്കുവാന്‍ കഴിയണം എന്നും അച്ചൻ ഓർമ്മിപ്പിച്ചിരുന്നു. നമ്മുടെ ജീവിതത്തിലെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞിട്ടുള്ള ഒരു സ്ഥാനമാണ് സാമൂഹ്യ പ്രവർത്തനത്തിന് നൽകുന്നതെങ്കിൽ അതിന്റെ ആവശ്യമില്ല എന്ന് കുറ്റിക്കലച്ചൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞിരുന്നു. ഒരാളുടെ പ്രശ്നങ്ങൾ കേട്ടാൽ അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയും അതിനായി പല ആളുകളെയും ഒരുമിച്ചു കൂട്ടുന്നതിനും അച്ചൻ ശ്രമിച്ചിരുന്നു. മറ്റുള്ളവരിലേക്ക് ഈശോയെ നൽകുക – അതായിരുന്നു അച്ചന്റെ ലക്ഷ്യം തന്നെ.

ഒന്നും ഇല്ലാത്തവർക്കും പങ്കുവയ്ക്കാനാകും എന്ന സന്ദേശം 

എന്തെങ്കിലും കയ്യിൽ ഉണ്ടായിട്ടു സാമൂഹ്യപ്രവർത്തനത്തിനായി ഇറങ്ങി തിരിച്ച വ്യക്തിയായിരുന്നില്ല കുറ്റിക്കലച്ചൻ. തന്റെ സേവന മേഖലയിലേയ്ക്ക് ഇറങ്ങി തിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ കൈയ്യിൽ പണമോ ബാങ്ക് ബാലൻസോ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഒന്ന് മാത്രം – ദൈവം തരും എന്ന ഉറപ്പ്. ചെന്നായ്പ്പാറയിൽ ആദ്യ ഭവനത്തിനുള്ള സ്ഥലം വാങ്ങുവാൻ പോയപ്പോൾ അഡ്വാൻസായി അച്ചൻ നൽകിയത് ഒരു മാതാവിന്റെ രൂപമായിരുന്നു. എല്ലാം ദൈവം തരും എന്ന വിശ്വാസത്തിനപ്പുറം അപ്പോൾ അദ്ദേഹത്തിന്‍റെ കയ്യിൽ ആ ചിത്രം  മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ഒരു സത്യം. ഇതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിൻറെ മുന്നോട്ടുള്ള ജീവിതവും. ഓരോ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴും കൈയിൽ ചില്ലി പണമില്ലാതെയാണ് ആരംഭിക്കുക. തുടർന്നുള്ള വഴികളിൽ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൂടെ നിൽക്കുന്ന ദൈവത്തെയാണ് കാണാൻ കഴിഞ്ഞത്. ഒന്നും കരുതി വയ്ക്കാതെ അനേകർക്ക്‌ ജീവനും ജീവിതവും നൽകിയ അച്ചൻ തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ച ഒരു പാഠമുണ്ട്: ‘ ഒന്നും ഇല്ലാത്തവനും പങ്കുവയ്ക്കുവാനാകും’.

ആകാശപറവകളുടെ കൂട്ടുകാരൻ 

1982 ൽ രാജസ്ഥാനിലെ ഭരത്പൂരിൽ കുട്ടികളെ ധ്യാനിപ്പിക്കുവാനെത്തിയ അച്ചനെയും കൂട്ടി സഹോദരി അടുത്തുള്ള പക്ഷി സങ്കേതം സന്ദർശിക്കുവാൻ പോയി. ദേശാടന പക്ഷികളെ വലയിട്ടു പിടിച്ചു അവയ്ക്കു ആവശ്യമായ പരിചരണം നൽകി വിടുന്ന വളരെ സിസ്റ്റമാറ്റിക്കായ സംവിധാനം കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ പുതിയൊരു ആശയം ജനിക്കുകയായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയ  അദ്ദേഹം തെരുവിൽ അലഞ്ഞു തിരിയുന്നവർക്കായി ക്യാമ്പുകൾ സംഘടിപ്പിച്ചു. 1992 ‘ആകാശപ്പറവകളുടെ കൂട്ടുകാരന്‍’ എന്ന സംഘടന ആരംഭിച്ചു.  ഒരിക്കൽ വെട്ടികാട്ടെ ക്യാമ്പു കഴിഞ്ഞു കുറച്ചു യാചകർ അച്ചന്റെടുത്തു പറഞ്ഞു; “ഞങ്ങൾക്ക് ഇനി തെരുവിലേയ്ക്ക് പോകുവാൻ താല്പര്യം ഇല്ല. ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാക്കി തരുകയാണെങ്കില്‍ ഞങ്ങളെ കൊണ്ട് ആകുന്ന പണികൾ ഒക്കെ ചെയ്തു, ബാക്കി സമയം പ്രാർത്ഥിച്ചു കൊണ്ട് അവിടെ കഴിഞ്ഞോളം”. ഇത് അച്ചനെ ചിന്തിപ്പിച്ചു.

അതുവരെ സെന്ററുകൾ തുടങ്ങാൻ പോലും ആലോചിച്ചിരുന്നില്ലാത്ത അച്ചനും പ്രവർത്തകരും പുതിയ പദ്ധതി ആലോചിക്കുകയും 1994 ജനുവരി മാസത്തിൽ തൃശൂരിലെ ചെന്നായ് പാറയിൽ ആദ്യ ഭവനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് 12  സംസ്ഥാനങ്ങളിലായി 150 ൽ അധികം സെന്ററുകൾ തുടങ്ങുവാൻ കഴിഞ്ഞു. വിവിധ കേന്ദ്രങ്ങളിലൂടെ നിരവധി ആളുകളിലേയ്ക്ക്‌ സഹായം എത്തിക്കുവാനും പ്രതീക്ഷയറ്റവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വരുവാനും അച്ചന് കഴിഞ്ഞു. കൂടാതെ ചുവന്ന തെരുവുകളിലെ സ്ത്രീകളെ തെറ്റിന്റെ പാതയിൽ നിന്ന് വിടുവിക്കുവാനും ശരിയായ മാതൃക നൽകുവാനായി മരിയൻ വൈറ്റ് ഏയ്ഞ്ചൽസ് എന്ന സംഘടനയും അച്ചൻ തുടങ്ങിയിരുന്നു.

തെരുവിലെ അഗതികൾക്കും അനാഥർക്കുമായി അച്ചൻ തന്റെ പ്രവർത്തങ്ങൾ നീക്കി വെച്ചിട്ടു  ഇരുപത്തഞ്ച് വർഷങ്ങൾ പൂർത്തിയാകുന്നു.  ഇരുപത്തഞ്ച് വർഷങ്ങളിലെ പ്രവർത്തനത്തിലൂടെ അനേകം ആളുകളെ നന്മയിലേക്കും നല്ല ജീവിതത്തിലേക്കും കൊണ്ട് വരുവാൻ ഒരു ധ്യാനഗുരു കൂടിയായ അച്ചന് കഴിഞ്ഞിരുന്നു. ഭൂമിയിലെ തന്റെ കർത്തവ്യങ്ങൾ  പൂർത്തിയാക്കി അച്ചൻ കടന്നു പോകുമ്പോൾ താൻ തുടങ്ങിവെച്ച ദൌത്യം പിന്തുടരുവാനുള്ള വലിയ ഒരു കർത്തവ്യമാണ് അച്ചന്‍ നമ്മെ ഏൽപ്പിച്ചിരിക്കുന്നത്.

ഫാ. മാത്യു തുണ്ടത്തിൽ എം.സി. ബി. എസ് 

(തയാറാക്കിയത്: മരിയ ജോസ്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.