
ഫാ. ബോബി ജോസ് കട്ടിക്കാട് അഭിനയിച്ച ക്രിസ്മസ് ഷോർട് ഫിലിം: ഫെലിസ് നേവിഡാഡ്; ഡയറക്ടർ ഫാ. ജിജി കലവനാൽ.
ഡാനിയും ഡോറയും ക്രിസ്മസിനായി ഒരുങ്ങുകയാണ്. ഒപ്പം അവരുടെ അമ്മ ജെമ്മയുമുണ്ട്. പുത്തനുടുപ്പും വൈനും കേക്കും എല്ലാം ജെമ്മ തന്റെ കുഞ്ഞുങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. പഴയ പെട്ടിയില്‍ നിന്ന് പൊടിതട്ടിയെടുത്ത, നിറം മങ്ങിയ നക്ഷത്രം അവര്‍ തങ്ങളുടെ കൊച്ചുവീടിന്റെ മുന്നില്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ തൂക്കുന്നു.
ഡോറയ്ക്ക് പേടിയുണ്ട്, ചുവന്ന നക്ഷത്രം തൂക്കാതിരുന്നാല് ക്രിസ്മസ് പപ്പയ്ക്ക് തങ്ങളുടെ വീട് മിസ്സാകുമോ എന്ന്. പക്ഷേ അമ്മ അവളെ ആശ്വസിപ്പിക്കുന്നു. ”ഈ ഭൂമിയിലെ എല്ലാ വീടുകളും അവിടുത്തെ കുഞ്ഞുങ്ങളെയും അറിയാവുന്ന ആളാണ് സാന്താക്ലോസ്. അതുകൊണ്ട് ഒരിക്കലും സാന്താക്ലോസിന് നമ്മുടെ വീട് മിസ്സാകില്ല.” നിത്യം ആഹാരത്തിന് പോലും ബുദ്ധിമുട്ടുന്ന, അച്ഛനില്ലാത്ത ആ വീട്ടിലേക്ക് ആ ക്രിസ്മസ് കൊണ്ടുവരുന്നത് അവിശ്വസനീയമായ കാഴ്ചകളാണ്, സമ്മാനങ്ങളാണ്.
‘ഫെലിസ് നേവിഡാഡ്’ ഒരു സ്പാനിഷ് വാക്കാണ്. അതിന്റെ അര്‍ത്ഥം ഹാപ്പി ക്രിസ്മസ് എന്നും. ക്രിസ്മസിന്റെ പങ്കിടലും സന്തോഷവും നമ്മിലെക്കെത്തിക്കുന്ന ഒരു കൊച്ചുസിനിമയുടെ പേരും ഇത് തന്നെയാണ്; ‘ഫെലിസ് നേവിഡാഡ്.’ ക്രിസ്മസ് ഒരു ആഘോഷമെന്നതിലുപരി അനുഭവമാകണമെന്ന സന്ദേശമാണ് ഈ ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത്. ഡോണ്‍ ബോസ്കോ സഭാ പുരോഹിതനായ ഫാദര്‍ ജിജി കലവനാല്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും.
ഫെലിസ് നേവിഡാഡ് അഥവാ ഹാപ്പി ക്രിസ്മസ്
”ബംഗാളി ഭാഷയിലാണ് ഈ സിനിമ ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം അത് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഷോര്‍ട്ട് ഫിലിം വെള്ളിത്തിരയിലെത്തിയത്.
ക്രിസ്മസ് എന്ന വാക്കിന് നമ്മള് ഒറ്റദിവസത്തെ ആഘോഷമെന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതായത് ഡിസംബര്‍ 24 -ാം തീയതി രാത്രിയിലെ ഭക്ഷണവും പള്ളിയില്‍ പോക്കും ക്രിസ്മസ് എന്ന മഹാ ആഘോഷത്തെ ഒറ്റ ദിനത്തിലേക്കൊതുക്കുന്നു. പ്രത്യാശയുടെ ഉത്സവമാണ് ക്രിസ്മസ്. ഒരു പുതിയ രക്ഷകന് നമുക്കായി ഭൂമിയില്‍ പിറവി കൊണ്ടിരിക്കുന്നു എന്ന പ്രഘോഷണം കൂടിയാണ് ക്രിസ്മസ്. ക്രിസ്മസിന്റെ അന്ന് മാത്രമല്ല അതിന് മുമ്പുള്ള ദിവസങ്ങളിലാകണം യഥാര്‍ത്ഥ ക്രിസ്മസിന്റെ ആഘോഷങ്ങള്‍ നടക്കേണ്ടത്.” ക്രിസ്മസ് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ലൈഫ്ഡേയോട് ഈ യുവവൈദികന് വാചാലനാകുന്നു.
ബോബിയച്ചന്
ഫാ. ബോബി ജോസ് കട്ടിക്കാട് ആണ് ഈ ചിത്രത്തിലെ മറ്റൊരു ആകര്‍ഷണം. പൗരോഹിത്യത്തിന്റെ വിശുദ്ധിയെ അതിന്റെ എല്ലാ അര്‍ത്ഥത്തോടും കൂടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ബോബിയച്ചന് ഈ ഷോര്‍ട്ട് ഫിലിമില്‍ വൈദികനായി തന്നെ അഭിനയിച്ചിരിക്കുന്നു. ”ഈ കഥ തയ്യാറായപ്പോള്‍ അതിന്റെ വൈദികന്റെ മുഖത്തിന് ഏറ്റവും യോജിക്കുന്ന മുഖമായി മനസ്സിലേക്കൊടിയെത്തിയത് ബോബിയച്ചനായിരുന്നു. ഈ സിനിമ ഇപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന് പകരം ഒരാളെ സങ്കല്പിക്കാന് പോലും സാധിക്കുന്നില്ല” ഫാദര്‍ ജിജി കലവനാലിന്റെ വാക്കുകള്‍.

ക്രിസ്മസ് പ്രത്യാശയാണ്
”ഓരോ കുടുംബത്തെയും അച്ഛനും അമ്മയും കൂടാതെ മൂന്നാമതൊരാള്‍ വീക്ഷിക്കുന്നുണ്ട്. ആ മൂന്നാമന് ദൈവമാണ്. മക്കള്‍ക്ക് എന്താണ് ആവശ്യമെന്ന് തിരിച്ചറിയുന്ന നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവ്. കൃത്യസമയത്ത് അവിടുന്ന് നമ്മുടെ ആവശ്യങ്ങള്‍ സാധിച്ചു തരും” സംവിധായകനായ ഫാദര്‍ ജിജി ലൈഫ്ഡേയോട് പറയുന്നു. ഈ കൊച്ചുസിനിമ അവസാനിക്കുന്നത് മുമ്പെങ്ങും ഒരിടത്തും കാണാത്ത ഒരു കാഴ്ചയിലാണ്. പരിശുദ്ധ കന്യാമറിയവും കയ്യിലിരിക്കുന്ന ഉണ്ണിയേശുവും പരസ്പരം നോക്കി പുഞ്ചിരിക്കുന്ന കാഴ്ചയില്‍! ഒരു കുടുംബത്തിന്റെ സന്തോഷത്തില്‍ ദൈവവും സന്തോഷിക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ക്രിസ്മസ് മാസത്തിന്റെ പടിവാതില്ക്കല് നില്ക്കുമ്പോള് ഈ ഷോര്‍ട്ട് ഫിലിം നല്ലൊരു കാഴ്ചാനുഭവമാണ്. അതിലുപരി ക്രിസ്തുവിന്റെ ജനനാനുഭവുമായി മാറുന്നുണ്ട്. ഗ്രാഫിക് ഡിസൈനിംഗ് മേഖലയില്‍ നിന്നുമാണ് ഫാദര്‍ ജിജി ഷോര്‍ട്ട് ഫിലിമിലേക്കെത്തുന്നത്. പ്രധാനമായും ഡോക്യുമെന്ററികളാണ് ഫാദര്‍ ജിജി ചെയ്തിരിക്കുന്നത്. ഒരു തമിഴ്സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങളിലാണ് ഫാദര്‍ ജിജിയും സഹപ്രവര്‍ത്തകരും ഇപ്പോള്‍. വാണിജ്യപരമായി എടുക്കാനുദ്ദേശിക്കുന്ന ഈ സിനിമയ്ക്ക് ഒരു നിര്‍മ്മാതാവിനെക്കൂടി ആവശ്യമാണെന്നും ഫാദര്‍ ജിജി പറയുന്നു ”ഈ ഷോര്‍ട്ട് ഫിലിം കണ്ടതിന് ശേഷം നിങ്ങള്‍ അതില്‍ നിന്ന് സന്ദേശമുള്ക്കൊള്ളൂ. എന്ത് സന്ദേശമാണ് സ്വീകരിക്കേണ്ടതെന്ന വസ്തുത തീരുമാനിക്കേണ്ടത് കാഴ്ചക്കാരാണ്” ഫാദര്‍ ജിജിയുടെ വാക്കുകള്‍.
ലൈഫ്ഡേയും ഇതു തന്നെ പറയുന്നു. നല്ലൊരു ക്രിസ്മസ് അനുഭവമായിരിക്കും ഈ ഷോര്‍ട്ട് ഫിലിം. ഫെലിസ് നേവിഡാഡ്; ഹാപ്പി ക്രിസ്മസ്!
youtube – ല്‍ ഈ സിനിമ കാണാവുന്നതാണ്.