
ലോകപ്രശസ്ത സുവിശേഷകപ്രഘോഷകനായിരുന്നു ബില്ലി ഗ്രഹാം. സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി, മിക്ക അമേരിക്കന്‍ പ്രസിഡന്റുമാരുടെയും ഉപദേശകനായിരുന്നു. വചന വായനയിലേയ്ക്ക് അനേകരെ ആകര്‍ഷിക്കുന്നതായിരുന്നു അദേഹത്തിന്റെ വാക്കുകള്‍. വിശുദ്ധ ഗ്രന്ഥം എങ്ങനെ വായിക്കണം എന്നതിനും അദ്ദേഹത്തിന് സ്വന്തമായ വിശദീകരണം ഉണ്ടായിരുന്നു. ബൈബിള്‍ വായിക്കേണ്ടത് എപ്രകാരമാണ്, പ്രത്യേകിച്ച് തുടക്കക്കാരായവര്‍ എപ്രകാരമാണ് ബൈബിള്‍ വായനയെ സമീപിക്കേണ്ടത് എന്നതിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം.
‘തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ബൈബിള്‍ വായന അത്ര എളുപ്പമാകില്ല. അതിനാല്‍ ചില ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുക്കണം. സങ്കീര്‍ത്തനങ്ങളില്‍ നിന്നോ വി. യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നോ വായന തുടങ്ങിയാല്‍ കൂടുതല്‍ ആസ്വാദ്യകരമാകും. വിശുദ്ധ ഗ്രന്ഥം വായിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താതിരിക്കുക. വചനം വായിക്കുന്നത് ക്രിസ്തീയജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഗുണപരമായ വ്യതിയാനം വരുത്തുമെന്നും അദേഹം ഓര്‍മ്മിപ്പിക്കുന്നു.
വലിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്ത ബൈബിള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നായിരുന്നു അദേഹത്തിന്റെ മറ്റൊരു അഭിപ്രായം. വിശുദ്ധ ഗ്രന്ഥം വായിക്കുന്നതോ ധ്യാനിക്കുന്നതോ ഇഷ്ടമില്ലാത്തത് സാത്താനാണ്. ചെറിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്തിറക്കുന്ന ബൈബിള്‍ വായിക്കാന്‍ നമുക്ക് ഇഷ്ടം ഉണ്ടാകണമെന്നില്ല. കാരണം, ചെറിയ അക്ഷരം നിങ്ങളുടെ വായനക്ക് തടസ്സം ഉണ്ടാക്കുകയും വചനം വായിക്കുന്നതില്‍ നിന്നും നിങ്ങളടെ മനസിനെ പിന്തിരിപ്പിക്കുകയും ചെയ്യാം. അതുകൊണ്ട് നല്ലത് എപ്പോഴും വലിയ അക്ഷരങ്ങളില്‍ അച്ചടിച്ച വിശുദ്ധ ഗ്രന്ഥമാണെന്നും അദേഹം സൂചിപ്പിക്കുന്നു.
അതുപോലെ തന്നെ, വചനം വായിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു അധ്യായമോ ചെറിയൊരു ഭാഗമോ മാത്രം വായിച്ചുതുടങ്ങുക. വായിക്കുന്നതിനു മുമ്പേ ആ ഭാഗം മനസ്സിലാക്കുന്നതിനുള്ള കൃപയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. തുടര്‍ന്ന് ശാന്തമായും ശ്രദ്ധയോടെയും വായിക്കുക. ഓരോ ഭാഗത്തുനിന്നും ദൈവം നമ്മെ എന്ത് പഠിപ്പിക്കുന്നു എന്ന് ചിന്തിക്കുക. ഇന്ന് വായിച്ച ഭാഗം എന്റെ ജീവിതത്തില്‍ എപ്രകാരമുള്ള വ്യത്യാസമാണ് ആവശ്യപ്പെടുന്നത് എന്ന് ചിന്തിക്കുക. അതിനായി ശ്രമിക്കുക. ബൈബിള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കുക.’