ഒരു ഇരുട്ടിന്റെ മറവില്‍ ഇരുന്നു മൂന്നു പേർ ഗൂഢാലോചന നടത്തുകയായിരുന്നു. വാടക ഗുണ്ടയായ സമുന്ദർസിംഗ്, സ്ഥലത്തെ രാഷ്ട്രീയ നേതാവായ ജീവൻസിംഗ്, അയാളുടെ സുഹൃത്ത് ധർമേന്ദ്ര സിംഗ് എന്നിവര്‍ ആയിരുന്നു ആ മൂന്നു പേര്. അവരുടെ മുഖ്യ ശത്രുവായ സിസ്റ്റർ റാണി മരിയയെ ഇല്ലാതാകണം എന്ന പൈശാചിക താല്പര്യം ആയിരുന്നു ആ ഇരുളിൽ രൂപം കൊണ്ടത്. അവർ തീരുമാനിച്ചു, കേരളക്കാരിയായ ആ സിസ്റ്റർ ഇനി തിരിച്ചു ഈ നാട്ടിലേക്കു വരരുത്. ആ ഹീന കൃത്യം നിർവഹിക്കുന്നതിനു 25000 രൂപ പ്രതിഫലമായി നൽകാം എന്ന് ജീവൻസിംഗ് സമുന്ദർ സിങ്ങിന് വാഗ്ദാനം ചെയ്തു.
വാടകക്കൊലയാളിയും കേവലം നാലാം ക്ലാസ് വിദ്യാഭ്യാസവും മാത്രമുള്ള സമുന്ദർ സിങ്ങിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അവർ കാത്തിരുന്നു, മാസങ്ങളോളം. ഒരു വശത്ത് നികൃഷ്ട കർമ്മത്തിനുള്ള ഗൂഢാലോചന നടക്കുമ്പോൾ മറ്റൊരു വശത്ത് പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള തീവ്ര ശ്രമത്തിലായിരുന്നു സിസ്റ്റർ റാണി മരിയ. മുതലാളി വർഗ്ഗത്തിന്റെ അടിമത്വത്തിൽ നിന്ന് അകന്നു സ്വന്തം കാലിൽ നിൽക്കുവാൻ ഒരു സാധു ഗ്രാമത്തെ പ്രാപ്തമാക്കുകയായിരുന്നു സിസ്റ്റർ. വരുമാനത്തിന്റെ വിഹിതം ബാങ്കിൽ നിക്ഷേപിച്ച്, കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നിൽ ജീവിതം പണയം വയ്ക്കാതിരിക്കാനും ഗ്രാമവാസികളെ പഠിപ്പിക്കുകയായിരുന്നു ആ കന്യാസ്ത്രീ.
തിരക്ക് പിടിച്ച പ്രവർത്തനങ്ങൾക്കിടയിൽ അവധിക്കു സിസ്റ്റർ നാട്ടിൽ പോകുവാൻ തീരുമാനിച്ചു. സിസ്റ്റർ വളരെ നാളുകൾക്കു ശേഷം സ്വന്തം നാട്ടിൽ പോകുന്നതിന്റെ ആഹ്ളാദം. അങ്ങനെ 1995 ഫെബ്രുവരി 25ന് സിസ്റ്റർ നാട്ടിലേക്കു പോകുന്നതിനായി വണ്ടി കയറി. തക്ക അവസരം ലഭിച്ചിരിക്കുന്നു എന്ന തിരിച്ചറിൽ ജീവൻസിംഗും ധർമേന്ദ്രസിംഗും സമുന്ദർസിംഗും ആ ബസിൽ കയറി.
ദുർബുദ്ധിക്കാരായ മൂവരുടെയും സാന്നിധ്യത്തിൽ സംശയം തോന്നിയ കണ്ടക്ടർ സിസ്റ്ററിനായി പിൻഭാഗത്തെ സീറ്റ് തയ്യാറാക്കി കൊടുത്തു. ദുർഘട വനപാതയിലൂടെ ആയിരുന്നു യാത്ര. വിജനമായ മണ്‍റോഡുകളിലൂടെ ബസ് നീങ്ങി. സിറ്റീൽ ഇരുന്നയുടൻ സിസ്റ്റർ ജപമാല കൈയിലെടുത്തു ചൊല്ലിത്തുടങ്ങി. ബസ് മുന്നോട്ട് നീങ്ങി ഒരു മണിക്കൂറിനു ശേഷം സമുന്ദർസിംഗ് ഡ്രൈവറോട് ബസ് നിർത്തുവാൻ ആവശ്യപ്പെട്ടു. ഒരു കല്ലമ്പലത്തിനു മുന്നിൽ നിറുത്തിയ ബസിൽനിന്ന് അയാൾ ഒരു നാളികേരവുമായി ചാടിയിറങ്ങി, നാളികേരം കല്ലിൽ എറിഞ്ഞുടച്ചു. തുടർന്ന് അത് ബസ്സിലുള്ള യാത്രക്കാർക്ക് വിതരണം ചെയ്തു .
സാധാരണ നരബലിക്ക് ഒരുക്കമായുള്ള ആഭിചാരക്രിയയായിരുന്നു തേങ്ങയുടയ്ക്കല്‍. ക്രൂരഭാവത്തോടെ റാണി മരിയയ്ക്കു മുന്നിലുമെത്തി. സമുന്ദറിനോട് “എന്താണ് തേങ്ങ ഉടയ്ക്കാൻ വിശേഷം” എന്ന് ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു “നിന്നെ കൊല്ലാനുള്ള ഒരുക്കമാണെന്ന്”. സിസ്റ്റർ ആശങ്കയോടെ പ്രാർത്ഥനയിൽ മുഴുകി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അയാൾ തിരികയെത്തി കത്തി കൊണ്ട് സിസ്റ്ററിന്റെ മുഖത്തു തോണ്ടി. തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെ സമുന്ദർ കത്തി കൊണ്ട് സിസ്റ്ററിന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി. ബസ്സിലാകെ ചോര ഒഴുകാൻ തുടങ്ങി. പരിഭ്രാന്തരായ ആളുകൾ ബസിൽ നിന്നും നിലവിളിച്ചുകൊണ്ട് ഓടി രക്ഷപെട്ടു. സിസ്റ്ററിന്റെ നെഞ്ചിലും മുഖത്തും അയാള്‍ തുടര്‍ച്ചയായി കുത്തി .
ഓരോ തവണ കത്തി ശരീരം തുളച്ചു കയറുമ്പോഴും ഈശോയെ… ഈശോയെ… എന്ന നിലവിളി ഉയരുകയായിരുന്നു. കുത്തുകൊണ്ട് നിലത്തു വീണ സിസ്റ്റർ റാണി മരിയയെ വലിച്ചിഴച്ചു അയാള്‍ വെളിയിൽ കൊണ്ടിട്ടു. മരണവേദനയിൽ റാണി മരിയ ബസിന്റെ കമ്പിയിൽ പിടിമുറുക്കിയപ്പോൾ ആ കൈകളിൽ സമുന്ദർ കത്തി കൊണ്ടുവെട്ടി പിടിവിടുവിച്ചു. സിസ്റ്ററിനെ ബസിനു മുന്നിൽ കൊണ്ടിട്ടു. അയാൾ സിസ്റ്ററിന്റെ കണ്ണിലും കവിളിലും മുതുകിലും നെറ്റിയിലും മാറി മാറി കുത്തി. ഓരോ കുത്തിനും സിസ്റ്റർ വേദനയോടെ യേശുനാമം ഏറ്റുപറയുകയായിരുന്നു.
ആഴത്തിൽ 54 കുത്തുകളുണ്ടായിരുന്നു 41 കാരിയായ ആ കന്യാസ്ത്രീയുടെ ശരീരത്തിൽ. കഴുത്തിലെ ഞരമ്പു മുറിച്ച് മരണം ഉറപ്പാക്കിയതിനു ശേഷം ആണ് കൊലയാളി പിൻവാങ്ങിയത്. ആ രക്തസാക്ഷിത്വം വനഗ്രാമത്തിൽ അങ്ങനെ പൂർത്തിയായി. പോലീസും ഇൻഡോറിൽ നിന്നുള്ള സഭാധികൃതരും എത്തുമ്പോൾ ചോരയിൽ കുളിച്ച മൃതദേഹം വഴിയോരത്ത് കിടക്കുകയായിരുന്നു. പാവങ്ങൾക്കായി പ്രവർത്തിച്ച തന്റെ പ്രിയ പുത്രിയെ ദൈവം തന്റെ രക്ത സാക്ഷിത്വത്തിന്റെ ചുമന്ന കിരീടം സമ്മാനിക്കുന്നതിനായി വിളിച്ചു. ചാട്ടവാറടികളേൽക്കുമ്പോഴും തന്റെ പിതാവിന്റെ ഇഷ്ടത്തിന് എല്ലാം സമർപ്പിച്ച ഈശോയെപ്പോലെ ആക്രമിയുടെ കത്തികൊണ്ടുള്ള കുത്തുകളാൽ ശരീരത്തിൽ നിന്ന് മാംസ കഷ്ണങ്ങൾ വേർപെടുമ്പോഴും ദൈവത്തിനായി എല്ലാം സമർപ്പിക്കുകയായിരുന്നു സിസ്റ്റർ റാണി മരിയ.
ഈശോയുടെ വിശ്വാസത്തെ പ്രതി സിസ്റ്റർ കുത്തുകളേറ്റു മരണമടഞ്ഞു. ആ മരണം അനേകരുടെ മാനസാന്തരത്തിനു കാരണമായി. ആ രക്തസാക്ഷിത്വത്തെ അംഗീകരിച്ചു കൊണ്ട് സഭ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയയായി പ്രഖ്യാപിച്ചു. അനേകരുടെ വിശ്വാസത്തിനു പ്രചോദനമേകുവാൻ…