എഫ്സിസി സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി ആയി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് പ്രാർഥനയോടെ ഒരുങ്ങുകയാണു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ സന്യാസിനികൾ. എഫ്സിസിയുടെ എല്ലാ മഠങ്ങളിലും സ്ഥാപനങ്ങളിലും പത്തു ദിവസത്തെ പൂർണദിന പ്രാർഥനാശുശ്രൂഷകൾ നേരത്തെ തുടങ്ങിയിരുന്നു.
ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കൃതജ്ഞതാ പ്രാർഥനകൾ തുടങ്ങിയ പ്രാർത്ഥനകളിലൂടെ നവംബർ നാലു വരെ എല്ലാ ഹൗസുകളിലും രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ പ്രത്യേക പ്രാർഥനാശുശ്രൂഷകൾ നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള ഹൗസുകളിൽ പ്രത്യേക പ്രാർഥനാശുശ്രൂഷകൾ നടത്തും.
24 പ്രോവിൻസുകളിലായി 834 ഹൗസുകൾ ആണ് എഫ്സിസി സന്യാസിനീ സമൂഹത്തിനുള്ളത്. 7025 സന്യാസിനികളും ഉണ്ട്. കേരളത്തിൽ മാത്രം 13 പ്രോവിൻസുകളും 422 ഹൗസുകളും. 11 പ്രോവിൻസുകളിലായി രണ്ടായിരത്തോളം എഫ്സിസി സന്യാസിനികൾ കേരളത്തിനു പുറത്തു മിഷൻ മേഖലകളിലും സേവനം ചെയ്യുന്നുണ്ട്. രാജ്യത്ത് ഗോവയും സിക്കിമും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും എഫ്സിസി സന്യാസിനീ സമൂഹാംഗങ്ങൾ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളിൽ എഫ്സിസിയുടെ മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നു. യൂറോപ്പിൽ ഇറ്റലി, ജർമനി, സ്പെയിൻ, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കയിൽ കെനിയ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, മലാവി, നമീബിയ എന്നീ രാജ്യങ്ങളിലും അമേരിക്കയിലും പാപ്പുവാ ന്യൂഗിനിയയിലും സഭാംഗങ്ങൾ ശുശ്രൂഷ ചെയ്യുന്നുണ്ട്.