
ഫാത്തിമായിൽ പരിശുദ്ധ മറിയത്തിന്റെ ദർശനം ലഭിച്ച വാഴ്ത്തപ്പെട്ടവരായ ഫ്രാൻസെസ്കോ മാർതോയെയും ജസീന്താ മാർതോയെയും വിശുദ്ധരായി നാമകരണം ചെയ്യുന്നതിനു വ്യാഴാഴ്ച അംഗീകാരം നൽകും. അന്നു കർദിനാൾമാരുടെ കൺസിസ്റ്ററി ഫ്രാൻസിസ് മാർപാപ്പ വിളിച്ചിട്ടുണ്ട്. നാമകരണ തീയതിയും അന്നു പ്രഖ്യാപിച്ചേക്കും.
പത്തും ഒന്‍പതും വയസ് വരെ മാത്രം ജീവിച്ചവരാണിവർ. ഈ സഹോദരങ്ങൾക്കും ഇവരുടെ ബന്ധു ലൂസിയ സാന്റോസിനും (പിന്നീടു സിസ്റ്റർ ലൂസിയ) ആണ് 1917-മേയ് 13-നു പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. പിന്നീടു പലവട്ടം മാതാവ് അവർക്കു പ്രത്യക്ഷപ്പെട്ടു. ഫാത്തിമാദർശനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പ മേയ് 13-ന് പോർച്ചുഗലിൽ എത്തുന്നുണ്ട്.
ഫ്രാൻസെസ്കോ 1919 ഏപ്രിലിലും ജസിന്താ 1920 ഫെബ്രുവരിയിലും രോഗങ്ങൾമൂലം മരണമടഞ്ഞു. ലൂസിയ മഠത്തിൽ ചേർന്നു. 2005 ലാണ് സിസ്റ്റർ ലൂസിയയുടെ മരണം.ഇറ്റലിക്കാരനായ കപ്പൂച്ചിൻ വൈദികൻ ആഞ്ചലോ ഡ അക്രി, സ്പാനിഷ് വൈദികൻ ഫൗസ്റ്റീനോ മിഹ്വേസ്, മെക്സിക്കോയിലെ മൂന്നു രക്തസാക്ഷികൾ, ബ്രസീലിലെ 30 രക്തസാക്ഷികൾ എന്നിവരുടെ നാമകരണ കാര്യവും വ്യാഴാഴ്ച അംഗീകരിക്കും.
കടപ്പാട്: ദീപിക