ഫാത്തിമ മാതാവിനോടുള്ള അത്ഭുത നൊവേന: ഒൻപതാം ദിനം

പ്രാർത്ഥന

ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.

ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.

ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

സംഭവം: പരിശുദ്ധമറിയത്തിന്റെ ആറാം വെളിപ്പെടുത്തൽ
സ്ഥലം: കോവ ദാ ഇറിയ, പോർട്ടുഗൽ (13 ഒക്ടോബർ 1917)

അന്നു കുട്ടികളോടൊപ്പം 70000 -ഓളം പേരും സ്വർഗ്ഗത്തിൽ നിന്നുള്ള അടയാളം കാണുവാൻ അവിടെ തടിച്ചു കൂടിയിരുന്നു. കുട്ടികൾ സ്ത്രീയോട് ചോദിച്ചു: “ഞങ്ങളിൽ നിന്നു നീ എന്താണ് ആഗ്രഹിക്കുന്നത്?”

സ്ത്രീ മറുപടി പറഞ്ഞു: “എനിക്ക് വേണ്ടി നിങ്ങൾ ഇവിടെ ഒരു ദേവാലയം പണിയണം. ഞാൻ ജപമാല റാണിയാണ്. ദിവസവും ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരുക. യുദ്ധങ്ങൾ അവസാനിക്കാൻ പോകുന്നു, സൈനീകർ ഭവനങ്ങളിലേക്കു മടങ്ങാൻ പോകുന്നു.”

ലൂസിയ ചോദിച്ചു: ” ഞാൻ നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കുവാൻ ആഗ്രഹിക്കുന്നു. കുറച്ചു രോഗികളുടെ സൗഖ്യവും, പാപികളുടെ മാനസാന്തരവും, പിന്നെ മറ്റു ചില ആവശ്യങ്ങളും… ”

മറിയം പറഞ്ഞു: ” കുറച്ചുപേർക്ക് അത് ലഭിക്കും, എന്നാൽ ബാക്കിയുള്ളവർ തങ്ങളുടെ ജീവിതം ദൈവത്തിനായി സമർപ്പിച്ചു പാപങ്ങൾ വെറുത്തുപേക്ഷിക്കണം”
വളരെ ദുഃഖത്തോടെ അമ്മ തുടർന്നു: ” ഇനിയും നിങ്ങൾ നമ്മുടെ ദൈവമായ കർത്താവിനെ അവഹേളിക്കരുത്. അവിടുന്ന് കുറെ അവഹേളനങ്ങൾ ഇതിനകം സഹിച്ചിരിക്കുന്നു. ഇനി മനുഷ്യർ മനസ്സു ദൈവത്തിലേക്ക് തിരിച്ചാൽ യുദ്ധങ്ങൾ അവസാനിക്കും, ഇനി അവർ തങ്ങളുടെ ദുഷ്ടവഴികളിൽ നിന്നു പിന്തിരിഞ്ഞില്ലെങ്കിൽ അതു ലോകാവസാനത്തിന്റെ സൂചനയായിരിക്കും.”

ലൂസിയ ചോദിച്ചു: ” കൂടുതലായി ഇനി ഞങ്ങൾ അങ്ങേക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ?”

അമ്മ പറഞ്ഞു: “ഇല്ല, ഇത്രമാത്രം മതി” അതിനുശേഷം അമ്മ കൈകൾ തുറന്നു, അപ്പോൾ കൈകളിൽനിന്നു പ്രകാശ രശ്മികൾ പുറപ്പെടുകയും അതു ആകാശത്തിലേക്കു ഉയർന്നു. അമ്മ സ്വർഗത്തിലേക്ക് ഉയർന്നു പൊങ്ങുന്നതായി അവർ കണ്ടു.

അമ്മ സ്വർഗത്തിലേക്ക് കരേറിയതിനു ശേഷം വിശുദ്ധ യൗസേപ്പ് ഉണ്ണിയെശുവിനെ കൈകളിൽ ഏന്തി ആകാശവിതാനത്തിൽ പ്രത്യക്ഷപ്പെട്ടു. അവർ ഭൂമിക്കു നേരെ കുരിശടയാളം വരച്ചു അതിനെ അനുഗ്രഹിച്ചു. ഈ പ്രത്യക്ഷീകരണം അവസാനിച്ചപ്പോൾ മാതാവും കർത്താവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു അതു വ്യാകുല മാതാവായിരുന്നു. വിശുദ്ധ യൗസേപ്പ് ചെയ്തതുപോലെ കർത്താവും ഭൂമിയെ ആശീർവദിച്ചു. ഇതിനു ശേഷം അമ്മ ഒരിക്കൽക്കൂടി പ്രത്യക്ഷയായി ഇത്തവണ മറിയം കർമല മാതാവായാണ് പ്രത്യക്ഷയായത്. ഈ ദൃശ്യങ്ങളെല്ലാം കുട്ടികൾ മാത്രമാണ് കണ്ടത്.

തുടർന്നു ഒരു വലിയ മഴ പെയ്യുകയും അതിന്റെ അവസാനത്തിൽ കാർമേഖങ്ങളെ തുളച്ചു സൂര്യൻ എല്ലാവർക്കും ദൃശ്യമായി. സൂര്യന്റെ പ്രതലം ഒരു ചില്ലുപാത്രം പോലെ സുതാര്യമായി. സൂര്യൻ ഒരു ചക്രം പോലെ കറങ്ങുവാൻ തുടങ്ങി. സൂര്യനിൽനിന്നു വിവിധ നിറങ്ങളിൽ പ്രകാശം പുറപ്പെടുകയും അത് മേഘങ്ങളിൽ തട്ടി പ്രതിഫലിക്കുകയും ചെയ്‌തു. സൂര്യൻ അതിന്റെ സ്ഥാനത്തിന് ആധാരമായി നൃത്തം ചെയ്യുന്നതായി ജനം കണ്ടു. മഴയിൽ കുതിർന്ന വസ്ത്രങ്ങളും ഭൂമിയും എല്ലാം തനിയെ ഉണങ്ങി. ഈ അത്ഭുതം 10 മിനുട്ടോളം നീണ്ടു നിന്നു. 70000ഓളം പേരു സാക്ഷിയായ ഈ സംഭവങ്ങൾ ലോകത്തിൽ ഫാത്തിമയിൽ മാത്രമേ ദൃശ്യമായുള്ളു എന്നുള്ളതും വലിയ സത്യമാണ്. അനേകം പേരു അവർക്കുണ്ടായ ഈ വെളിപാടിനെ ലോകത്തിനുമുൻപിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പത്ര മാധ്യമങ്ങളിൽ വരെ വളരെ ശ്രദ്ധ ആകർഷിച്ച ഈ സംഭവം ലോകത്തിനു വലിയ മരിയ ഭക്തിയാണ് സമ്മാനിച്ചത്. ശാസ്ത്രലോകത്തിന് ഇതുവരെയും ഇതിനുള്ള ഉത്തരം നൽകാൻ സാധിച്ചിട്ടില്ല എന്നുള്ളതും ദൈവത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു.

സുകൃത ജപം

വ്യാകുലമാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.